Image

കേരളത്തെ കൂകി വിളിച്ച്‌ മോഡിയും പരിവാരങ്ങളും (അനില്‍ പെണ്ണുക്കര)

Published on 26 February, 2015
കേരളത്തെ കൂകി വിളിച്ച്‌ മോഡിയും പരിവാരങ്ങളും (അനില്‍ പെണ്ണുക്കര)
കേരളത്തില്‍ നിന്ന്‌ ഒരു ബി.ജെ.പി എം പി യെ കൊടുക്കാതിരുന്നതുകൊണ്ട്‌ ഇങ്ങനെയും പണി കിട്ടുമൊ. യു.പി എ ഇരുന്നപ്പോഴും ഇത്‌ തന്നെ ആയിരുന്നു ഗതി.

പറഞ്ഞു വരുന്നത്‌ കേന്ദ്ര റെയില്‍ ബജറ്റിനെ കുറിച്ചാണ്‌ കേട്ടോ ..ഇത്തവണയും ഒരു ചുക്കും ചുണ്ണാമ്പും ഇല്ല.കൊടിക്കുന്നില്‍ സുരേഷ്‌ മുന്‍ റെയില്‍ മന്ത്രി ആയിരുന്നതുകൊണ്ട്‌ ചെങ്ങന്നൂര്‍കാര്‍ക്ക്‌ ഏതാണ്ട്‌ അല്‌പം കാശ്‌ കിട്ടി.ബാക്കിയെല്ലാം വെടിയും പുകയും ..ശരിക്കും പറഞ്ഞാല്‍ നരേന്ദ്രമോഡിയും സംഘവും നമ്മെ പറ്റിച്ചു .കുകി വിളിച്ചു ....പ്രത്യക്ഷത്തില്‍ ജനപ്രിയമെന്ന്‌ തോന്നിപ്പിക്കുന്ന ബജറ്റാണ്‌ റെയില്‍വേ മന്ത്രി സുരേഷ്‌ പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചത്‌. സുരക്ഷക്കും നവീകരണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ബജറ്റ്‌ സ്വാഗതം ചെയ്യപ്പെട്ടിട്ടില്ലെങ്കിലും എതിര്‍ക്കപ്പെട്ടില്ല. കേരളം അമിത പ്രതീക്ഷകളുമായിട്ടാണ്‌ കാത്തിരുന്നത്‌.പക്ഷെ കാത്തിരുപ്പ്‌ മാത്രം മിച്ചം.

വരന്‍ വന്നത്‌ നാലുകാലില്‍ ...

നേരത്തെ ഇടക്കാല ബജറ്റ്‌ അവതരിപ്പിക്കുന്നതിനു മുമ്പ്‌ തന്നെ റെയില്‍വേ യാത്രാകൂലിയില്‍ വമ്പിച്ച നിരക്ക്‌ വര്‍ധന ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഇപ്രാവശ്യം അത്തരമൊരു കടുംകൈയ്‌ക്ക്‌ സര്‍ക്കാര്‍ മുതിര്‍ന്നില്ല എന്നത്‌ ആശ്വാസകരം തന്നെ. ഡീസല്‍ വിലയിലെ കുറവ്‌ ഇപ്പോഴത്തെ നിരക്കില്‍ നിന്നും കുറക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. പരിഷ്‌കരണ അജന്‍ഡ മുന്‍ നിര്‍ത്തിയുള്ളതാണു പ്രധാനമായും ബജറ്റ്‌. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സുരക്ഷിതത്വത്തിനും ട്രെയിനുകളുടെയും സ്‌റ്റേഷനുകളുടെയും ആധുനീകരണത്തിനുമാണ്‌ പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നാല്‌ പ്രധാന ലക്ഷ്യങ്ങള്‍ നേടുക എന്നതാണ്‌ ബജറ്റിന്റെ മൊത്തത്തിലുള്ള ഉള്ളടക്കം. യാത്രക്കാരുടെ സുരക്ഷിതത്വം, യാത്രാസൗകര്യം, വണ്ടികളുടെ ആധുനികവല്‍ക്കരണം, സാമ്പത്തിക സ്വയംപര്യാപ്‌തത ഇത്രയുമാണ്‌ പദ്ധതികള്‍. പദ്ധതികളൊക്കെയും സുരേഷ്‌ പ്രഭുവിന്റെ ഭാവനയിലുദിച്ചതാണ്‌ എന്നാണു പറയുന്നത്‌. .

സാധാരണ ഗതിയില്‍ വരവ്‌ ഇത്ര, ചെലവ്‌ ഇത്ര എന്ന കണക്കുകളാണ്‌ ബജറ്റില്‍ പറയാറുള്ളത്‌. ഇവിടെ അതു രണ്ടുമുണ്ടായില്ല. സ്‌പീക്കറുടെ മേശപ്പുറത്ത്‌ വെച്ച ധവളപത്രത്തില്‍ അക്കാര്യം ഉണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക്‌ ഫണ്ട്‌ പ്രതീക്ഷിക്കുന്നതത്രയും വിദേശ നിക്ഷേപകരില്‍ നിന്നും കോര്‍പ്പറേറ്റ്‌ സ്ഥാപന ങ്ങളില്‍ നിന്നും സ്വകാര്യ സംരംഭകരില്‍ നിന്നുമാണ്‌. ഇത്‌ എത്രത്തോളം വിജയിക്കുമെന്ന്‌ കണ്ടറിയുക തന്നെ വേണം. കാരണം കഴിഞ്ഞ ഇടക്കാല ബജറ്റില്‍ നൂറു ശതമാനം വിദേശ നിക്ഷേപം പ്രഖ്യാപിച്ചുവെങ്കിലും നിക്ഷേപവുമായി ആരും വന്നില്ല. 1.8 ലക്ഷം കോടി രൂപ ഇപ്പോള്‍ പ്രഖ്യാപിച്ച റെയില്‍വെ വികസനത്തിനായി വേണ്ടിവരും. പുതിയ വികസന സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സ്വകാര്യ പങ്കാളിത്തം അനിവാര്യമാണെന്നാണ്‌ ഈ കാലഘട്ടത്തിന്റെ സവിശേഷത. സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപവും ആകുമ്പോള്‍ പദ്ധതികളുടെ പൂര്‍ത്തീകരണവും നിയന്ത്രണവും സ്വകാര്യ വല്‍ക്കരണമായിത്തീരുമെന്ന്‌ ഉറപ്പ്‌..

അപ്പോഴായിരിക്കും പൊതുജനം അതിന്റെ കെടുതികള്‍ അനുഭവിക്കുക. ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നു പണം വാങ്ങുമെന്ന്‌ ബജറ്റില്‍ പറയുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം 1200 കോടി റെയില്‍വേ ലാഭമുണ്ടാക്കിയിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ നവീകരണത്തിനും വികസനത്തിനും അല്‍പമെങ്കിലും ചെലവഴിക്കാമായിരുന്നു. റെയില്‍വേ ഇതുവരെ നഷ്ടത്തിലോടിയിട്ടില്ല എന്നതും വസ്‌തുതയാണ്‌. 8.5 ലക്ഷം കോടിയുടെ നിക്ഷേപമാണ്‌ ബജറ്റ്‌ പ്രതീക്ഷിക്കുന്നത്‌. അടുത്ത അഞ്ചു വര്‍ഷത്തിനകം നിക്ഷേപം കൂട്ടുകയും ചെയ്യുമെന്ന്‌ പറയപ്പെടുന്നു. പുതിയ വണ്ടികളും പാതകളും ഇല്ലെങ്കിലും ഉള്ളവയുടെ നവീകരണത്തിനും പാത ഇരട്ടിപ്പിക്കുന്നതിനും മുന്‍ഗണന നല്‍കിയിട്ടുണ്ട്‌.

റെയില്‍വെ വികസനത്തില്‍ സംസ്ഥാനങ്ങള്‍ക്ക്‌ മുന്‍ഗണന എന്നു പറയുമ്പോള്‍ സംസ്ഥാനവിഹിതം കൂടുമെന്നതിന്‌ സംശയമില്ല. മാത്രവുമല്ല എം.പിമാരുടെ ഫണ്ടുകളില്‍ നിന്നും മുനിസിപ്പല്‍, കോര്‍പ്പറേഷനുകളില്‍ നിന്നും വിഹിതം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്‌. അതിനര്‍ഥം ഇവരുടെ മണ്ഡലം വികസന ഫണ്ടുകളില്‍ ചോര്‍ച്ച ഉണ്ടാകുമെന്നാണ്‌. സ്‌ത്രീ സുരക്ഷക്കായി കോച്ചുകളില്‍ കാമറകള്‍, കൂടുതല്‍ ജനറല്‍ കോച്ചുകള്‍, ശുചിത്വം ഉറപ്പാക്കാന്‍ പ്രത്യേക വിഭാഗം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വൃദ്ധര്‍ക്കും ലോവര്‍ ബര്‍ത്തുകള്‍ തുടങ്ങി ഒട്ടേറെ നല്ല നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. റെയില്‍വെ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ആധുനിക വല്‍ക്കരണത്തിന്‌ പ്രാധാന്യം നല്‍കിയിട്ടുമുണ്ട്‌.

കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക്‌ പത്തു ലക്ഷം അനുവദിച്ചതൊഴിച്ചാല്‍ ഈ പ്രാവശ്യവും കേരളത്തെ കൂവിക്കൊണ്ടാണ്‌ റെയില്‍വെ ബജറ്റ്‌ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. നേരത്തെ പ്രഖ്യാപിച്ച സബര്‍മന്‍ പദ്ധതി, പ്രത്യേക സോണ്‍, നിലമ്പൂര്‍നഞ്ചന്‍കോട്‌ പാത, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ചെറിയ യാത്രക്കുള്ള പാസഞ്ചര്‍ വണ്ടികളുടെ വര്‍ധന, മലബാറിന്റെ പരാധീനതക്ക്‌ പരിഹാരം, ശബരി, പിറവം ഭാഗങ്ങളിലെ പാത ഇരട്ടിപ്പിക്കലിന്റെ മെല്ലെപ്പോക്ക്‌, തലശ്ശേരിമൈസൂര്‍ റെയില്‍വെ പദ്ധതി തുടങ്ങി കേരളം 2007 മുതല്‍ ഉന്നയിച്ചു വരുന്ന പദ്ധതികള്‍ക്കൊന്നും ബജറ്റില്‍ ഒരക്ഷരം പറഞ്ഞട്ടില്ല.. മറ്റു സംസ്ഥാനങ്ങള്‍ക്കും പുതുതായി ഒന്നുമില്ലാ എന്നതാണ്‌ ന്യായീകരണമെങ്കില്‍ ആ സംസ്ഥാനങ്ങളെല്ലാം റെയില്‍വെയുടെ കാര്യത്തില്‍ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെന്നതാണ്‌ യാഥാര്‍ഥ്യം.

കൂടുതല്‍ ട്രെയിനുകള്‍ ആവശ്യപ്പെടുന്നതില്‍ വലിയ കഴമ്പൊന്നും ഇല്ല. കൂടുതല്‍ ട്രെയിനുകള്‍ വേണമെങ്കില്‍ കൂടുതല്‍ പാതകള്‍ വേണം. അതിനായി സ്ഥലം കണ്ടെത്താന്‍ കേരളത്തില്‍ പ്രയാസവുമാണ്‌. എപ്പോഴും ഒരു കൂട്ടം ആവശ്യങ്ങളാണ്‌ കേരളം ഉന്നയിക്കാറ്‌. അതുകൊണ്ട്‌ തന്നെ അവ കൂട്ടത്തോടെ നിരാകരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക്‌ പലപ്പോഴും ഏകോപനമുണ്ടാവാറില്ല. ആവശ്യങ്ങള്‍ സ്വരൂപിച്ച്‌ അതില്‍ മുന്‍ഗണന അര്‍ഹിക്കുന്നവ മാത്രം ആവശ്യപ്പെടുകയും അത്‌ ഉറപ്പുവരുത്താന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ ഒരു ഉന്നതോദ്യോഗസ്ഥനെ ചുമതല ഏല്‍പിക്കുകയും ചെയ്‌തിരുന്നുവെങ്കില്‍ കുറേയൊക്കെ കേരളത്തിന്‌ നേടിയെടുക്കുവാന്‍ കഴിയുമായിരുന്നു.
റെയില്‍ ബജറ്റില്‍ കേന്ദ്ര ഉദ്യോഗസ്ഥന്മാര്‍ക്ക്‌ നല്ലൊരു പങ്കുണ്ട്‌.അത്‌ വേണ്ട വിധത്തില്‍ കേരളം ഉപയോഗിക്കുന്നില്ല.റെയില്‍വേ യുടെ കാര്യത്തില്‍ ഉധ്യോഗസ്ഥരുടെ ഹോം വര്‍ക്ക്‌ വളരെ സ്രെധിക്കെണ്ടതാണ്‌ ...അത്തരത്തില്‍ ഒരു സ്വാധീനം നടന്നെങ്കില്‍ മാത്രമേ ഇതെല്ലാം നടക്കുകയുള്ളു...

വിദഗ്‌ധരുടെ പാനല്‍ നമ്മുടെ റെയില്‍ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ നമുക്ക്‌ ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇല്ലങ്കില്‍ അടുത്ത 4 വര്‍ഷവും ഇത്‌ തന്നെ ആകും ഗതി. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ നമ്മെ നോക്കി കൂവിക്കൊണ്ടെയിരിക്കും ...
കു ..കു ......
കേരളത്തെ കൂകി വിളിച്ച്‌ മോഡിയും പരിവാരങ്ങളും (അനില്‍ പെണ്ണുക്കര)
Join WhatsApp News
A.C.George 2015-02-26 19:58:53
Ku...Ku... Kuuki...Payum Theevandi... (Old Song)
Vandee.. Vandee.. Nennna.. Polai.. Varillanikkum... Theyya..  ane...  (Another Malayalam song) 
What to do? Lety us sing?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക