Image

ചിദംബര മൊഴികളില്‍ ഞെട്ടുന്ന കോണ്‍ഗ്രസ്‌

ജി.കെ. Published on 26 December, 2011
ചിദംബര മൊഴികളില്‍ ഞെട്ടുന്ന കോണ്‍ഗ്രസ്‌
പ്രധാനമന്ത്രിയുടെ തലയാട്ടലില്‍ സംതൃപ്‌തരായി കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം മുല്ലപ്പെരിയാര്‍ വിഷയം പാര്‍ട്ടി ഓഫീസുകളുടെ ഫ്രീസറില്‍ എടുത്തുവെച്ച്‌ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ തയാറാടെക്കുവെയാണ്‌ കേന്ദ്രത്തിലെ ആഭ്യന്തര മൂപ്പനായ പളനിയപ്പന്‍ ചിദംബരമെന്ന ചിദംബരം ചെട്ടിയാര്‍ ആ ബോംബ്‌ പൊട്ടിച്ചത്‌. കേന്ദ്രസര്‍ക്കാരിലെ രണ്‌ടാമനോ മൂന്നാമനോ എന്ന്‌ ഇതുവരെ ഉറപ്പിച്ചിട്ടില്ലാത്ത ചെട്ടിയാര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെന്തമിഴില്‍ മൊഴിഞ്ഞ ഭാഷണങ്ങള്‍ കേട്ട്‌ നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാര്‍ക്ക്‌ ഹാലിളകിയില്ലെങ്കില്ലല്ലേ അത്ഭുതമുള്ളൂ. പ്രത്യേകിച്ച്‌ കോണ്‍ഗ്രസിന്‌.

പിറവം ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്‌ടാണ്‌ കേരളത്തിലെ രാഷ്‌ട്രീയ നേതൃത്വം മുല്ലപ്പെരിയാര്‍ വിഷയം ഊതിപെരുപ്പിക്കുന്നതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പിറവത്തെ ഉപതെരഞ്ഞെടുപ്പൊന്നു പെട്ടെന്ന്‌ നടത്തിയാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിലെ കേരളത്തിന്റെ ആശങ്ക അവസാനിക്കുമെന്നും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുകൂടിയായ ചിദംബരം പറഞ്ഞുവെച്ചത്‌ ശരിക്കും കോണ്‍ഗ്രസിന്റെ കരണത്തേറ്റ അടിയായിപ്പോയി. ഇതിലുംഭേദം മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകരുന്നതായിരുന്നു എന്നാണ്‌ ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നത്‌.

പിറവം ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പ്രഖ്യാപിക്കാത്തതിനാലും മുല്ലപ്പെരിറിലും ഇടുക്കിയിലും അടുത്തിടെ ഭൂകമ്പങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാത്തതിനാലും പ്രശ്‌നത്തില്‍ ഇടപെടാമെന്ന്‌ പ്രധാനമന്ത്രി തലയാട്ടി സമ്മതിച്ചതിനാലും തല്‍ക്കാലം സമരമൊന്നും വേണ്‌ടെന്ന്‌ മാണി സാര്‍ പോലും തീരുമാനിച്ചപ്പോഴാണ്‌ ചിദംബരം കോണ്‍ഗ്രസിനോട്‌ ഈ കൊലച്ചതി ചെയ്‌ത്‌.

ഇനി പിറവത്തെ കാര്യം സ്വാഹ എന്നാണ്‌ കോണ്‍ഗ്രസുകാര്‍ പോലും ഇപ്പോള്‍ അടക്കം പറയുന്നത്‌. ചിദംബരം പറഞ്ഞതില്‍ സത്യമുണ്‌ടെങ്കിലും ഇല്ലെങ്കിലും മുല്ലപ്പെരിയാറിനെ സംബന്ധിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്‌താവന ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ആയുധമാക്കുമെന്ന കാര്യത്തില്‍ രണ്‌ടുപക്ഷമില്ല. പണ്‌ട്‌ ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വക്കാലത്ത്‌ പറയാന്‍ കോണ്‍ഗ്രസ്‌ വക്താവ്‌ സിംഗ്‌വി വന്നതിനെക്കാള്‍ വലിയ ചതിയാണ്‌ ചിദംബരം ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളോട്‌ ചെയ്‌തിരിക്കുന്നത്‌.

ഗജപോക്കിരികളായ ആറു കേന്ദ്രമന്ത്രിമാര്‍ നമുക്കുണ്‌ടെന്ന്‌ പറഞ്ഞിട്ട്‌ എന്താ കാര്യം. ചിദംബരം ചെട്ടിയാരെപ്പോലെ ഒരാള്‍ പോലുമില്ലലോ എന്നാണ്‌ ഇപ്പോള്‍ മലയാളികള്‍ ചോദിക്കുന്നത്‌. ടു ജി സ്‌പെക്‌ട്രം കേസില്‍ ഒഴിയാ ബാധപോലെ സുബ്‌ഹഹ്മണ്യം സ്വാമി പിന്തുടരുന്നതിനാലും ക്രിമിനല്‍ കേസ്‌ പ്രതിയായ തന്റെ മുന്‍ കക്ഷിയെ കേസുകളില്‍ നിന്നൊഴിവാക്കണമെന്ന്‌ ഡല്‍ഹി പോലീസിന്‌ നിര്‍ദേശം നല്‍കിതത്‌ മാധ്യമങ്ങള്‍ വലിച്ച്‌ പുറത്തിട്ടതിനാലും ഉറക്കം നഷ്‌ടപ്പെട്ടിരിക്കുമ്പോഴാണ്‌ മുല്ലപ്പെരിയാര്‍ വിഷയം ചിദംബരം ചെട്ടിയാരുടെ തലയിലുദിച്ചത്‌.

പാപ്പരായ അമേരിക്കന്‍ ഊര്‍ജ കമ്പനി എന്റോണിനും ബ്രിട്ടീഷ്‌ ഖനന ഭീമനായ വേദാന്ത റിസോഴ്‌സിനു വേണ്‌ടിയുമെല്ലാം വാദിക്കാന്‍ വക്കീല്‍ കോട്ടിട്ട ചരിത്രമുള്ളതിനാല്‍ പളനിയപ്പന്‍ ചിദംബരം വാദിക്കാന്‍ പണേ്‌ട മിടുക്കനാണ്‌. അതുകൊണ്‌ടുതന്നെയാണ്‌ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി ഉന്നതാധികാരസമിതിയുടെ തീരുമാനം വരുന്നതിനു മുമ്പ്‌ തന്നെ തീരുമാനം തമിഴ്‌നാടിന്‌ അനുകൂലമാകുമെന്ന്‌ ചെന്തമിഴില്‍ വാദിച്ചത്‌.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രത്ത ഇനി എങ്ങനെ വിശ്വസിച്ച്‌ മധ്യസ്ഥനാക്കുമെന്ന്‌ ചോദിച്ചാല്‍ കേരളത്തിന്റെ കേന്ദ്രമന്ത്രിമാരെല്ലാം മുല്ലപ്പെരിയാറില്‍ മുങ്ങിത്താഴേണ്‌ട അവസ്ഥയാണ്‌. റഷ്യന്‍ സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തുന്ന പ്രധാനമന്ത്രിക്ക്‌ മുന്നില്‍ ചിദംബരം ചെട്ടിയാരുടെ ക്രൂരകൃത്യത്തെക്കുറിച്ച്‌ വിശദീകരിക്കാന്‍ ഒരു സര്‍വകക്ഷി സംഘത്തെ അയക്കുന്ന കാര്യം മാത്രമാണ്‌ ഇനി കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും ചെയ്യാനുള്ളത്‌. പരാതി പറഞ്ഞാലും പ്രധാനമന്ത്രിക്ക്‌ പ്രത്യേകിച്ച്‌ ഭാവഭേദമൊന്നും ഉണ്‌ടാവാനിടയില്ല. കാരണം ഇതിനേക്കാള്‍ വലിയ ആരോപണം നേരിട്ടപ്പോള്‍ ആണ്‌ടിമുത്തു രാജയോട്‌ രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പിന്നല്ലെ ഒരു പ്രസ്‌താവനയുടെ പേരില്‍ ചിദംബരത്തോട്‌ രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുന്നത്‌. അല്ലെങ്കില്‍ തന്നെ രാജിവെയ്‌ക്കാന്‍ നിരവധി കാരണങ്ങള്‍ ചിദംബരത്തിന്‌ മുന്നില്‍ നൂറെണ്ണമുണ്‌ട്‌.

ഇനി മന്‍മോഹന്‍ജി എങ്ങാനും രാജി ആവശ്യപ്പെട്ടാലോ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന അറ്റ കൈ പഴുതുകൂടി ചെട്ടിയാരുടെ ആവനാഴിയില്‍ ബാക്കിയുണ്‌ട്‌. ചെന്തമിഴിലെ തന്റെ പ്രസംഗം മലയാളികള്‍ക്ക്‌ മനസ്സിലാവാത്തതാണെന്ന്‌ പറഞ്ഞാല്‍ മന്‍മോഹന്‍ജിയും തലയാട്ടി സമ്മതിക്കും. എന്തായാലും ചിദംബരം പറഞ്ഞതുപോലെ പിറവത്തെ ഉപതെരഞ്ഞെടുപ്പ്‌ ഉടനൊന്നും സംഭവിക്കരുതേ എന്ന പ്രാര്‍ഥനയിലാണ്‌ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതൃത്വമിപ്പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക