Image

ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും പാര്‍പ്പിട സമുച്ചയങ്ങളും ശിലാസ്ഥാപനം ഇന്ന് തിരുവനന്തപുരത്ത്

Published on 26 December, 2011
ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും പാര്‍പ്പിട സമുച്ചയങ്ങളും ശിലാസ്ഥാപനം ഇന്ന് തിരുവനന്തപുരത്ത്


തിരുവനന്തപുരം: സീറോ മലബാര്‍ സഭ അല്മായ സംരംഭമായ കുര്യാക്കോസ് ഏലിയാസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തിനടുത്ത് നെടുമങ്ങാട് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട്, ഹോസ്പിറ്റല്‍, പാലിയേറ്റീവ് കെയര്‍ സെന്റര്‍, പാപ്പനംകോട് ആരംഭിക്കുന്ന കമ്യൂണിറ്റി ലിവിംഗ് പ്രൊജക്ട്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനം ഇന്ന് നടക്കും.

പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിംഗ് കോളജിന് എതിര്‍വശമുള്ള എമ്മാനുവേല്‍ നഗറില്‍ ഉച്ചകഴിഞ്ഞ് 1.30ന് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പന്തലില്‍ ചടങ്ങുകള്‍ ആരംഭിക്കും. താലപ്പൊലിയോടും വാദ്യമേളങ്ങളോടുംകൂടി അശ്വാരൂഢ അകമ്പടിയോടെ വിശിഷ്ടാതിഥികളെ എമ്മാനുവേല്‍ നഗര്‍ കവാടത്തിങ്കല്‍നിന്നും സമ്മേളനപന്തലിലേയ്ക്ക് ആനയിക്കുന്നതാണ്. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ലോകസഭാ സ്പീക്കര്‍ ശ്രീമതി മീരാകുമാര്‍ ശിലാസ്ഥാപനം നടത്തുന്നതാണ്. സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കെ.ഇ.ട്രസ്റ്റ് പേട്രനുമായ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ആമുഖപ്രഭാഷണം നടത്തും.

2012 മെയ് മാസം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന 'ഓങ്കോളജി 2012' അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഔദ്യോഗികമായി പ്രഖ്യാപിക്കും.

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന കാന്‍സര്‍രോഗികളായവരുടെ മക്കളുടെ വിദ്യാഭ്യാസ സഹായപദ്ധതിയും കാന്‍സര്‍ രോഗികളായ കുട്ടികളെ ദത്തെടുക്കുന്നതുമായ 'ഹെല്‍ത്തി ചൈല്‍ഡ് വെല്‍ത്തി നേഷന്‍-ആരോഗ്യമുള്ള കുട്ടി സമ്പന്ന രാഷ്ട്രം' പദ്ധതി ധനകാര്യ മന്ത്രി കെ.എം.മാണി പ്രഖ്യാപിക്കും. വിവിധ രൂപതകള്‍, ഇടവകകള്‍, അല്മായ പ്രസ്ഥാനങ്ങള്‍, യുവജന വനിതാ സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കുടുംബക്കൂട്ടായ്മകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണ പരിപാടിയായ കാന്‍സറിനെതിരെ പോരാട്ടം' വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. ഐസിസിആര്‍ഐ പ്രസിദ്ധീകരണമായ 'കാന്‍സര്‍ കെയര്‍' മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പ്രകാശനം ചെയ്യും.

പാര്‍പ്പിടസമുച്ചയമായ 'കമ്യൂണിറ്റി ലിവിംഗ്' പ്രൊജക്ടിന് കെപിസിസി പ്രസിഡന്റ് ശ്രീ രമേശ് ചെന്നിത്തല എംഎല്‍എ തുടക്കം കുറിക്കും.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മോറന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് മോസ്റ്റ് റവ.ഡോ.എം.സൂസാ പാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. എംഎല്‍എമാരായ ശ്രീ എം.എ. ബേബി, ശ്രീ.വി.ശിവന്‍കുട്ടി, ശ്രീ കൊലിയക്കോട് കൃഷ്ണന്‍ നായര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീമതി കെ.ചന്ദ്രിക, തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീമതി ഒ.ബീന, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ വെരി.റവ.ഡോ.ജോണ്‍ വി.തടത്തില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെ.ഇ.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രഹാം എന്നിവര്‍ സംസാരിക്കും. തിരുവനന്തപുരം ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍ കൃതജ്ഞത രേഖപ്പെടുത്തും. സമ്മേളനത്തോടനുബന്ധിച്ച് 1 മണി മുതല്‍ കാന്‍സര്‍ ബോധവല്‍ക്കരണസെമിനാര്‍ പ്രമുഖ ഓങ്കോളജിസ്റ്റ് പ്രെഫ.ഡോ.സി.എസ്.മധുവിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നടത്തുന്നതാണ്.
ഇന്റര്‍നാഷണല്‍ ചാവറ കാന്‍സര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റ ശിലാശീര്‍വ്വാദം ക്രിസ്മസ് ദിനത്തില്‍ സീറോ മലബാര്‍ സഭാ ആസ്ഥാനമായ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മൗണ്ട് സെന്റ് തോമസ് ചാപ്പലില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ശിലാശീര്‍വ്വാദം നടത്തി. സി.എം.ഐ. സുപ്പീരിയര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍, മാത്യു കുഞ്ചെറിയ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എ.എബ്രാഹം
എക്‌സിക്യൂട്ടീവ് സെക്രട്ടറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക