Image

ജാഗ്രതൈ! പത്രപ്രവര്‍ത്തന സംഘടനയുടെ ഉദ്ദേശശുദ്ധി

രാജു മൈലപ്രാ-അശ്വമേധം ചീഫ് എഡിറ്റര്‍ Published on 26 December, 2011
ജാഗ്രതൈ! പത്രപ്രവര്‍ത്തന സംഘടനയുടെ ഉദ്ദേശശുദ്ധി
അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂയോര്‍ക്കിലെ ചില പത്രപ്രവര്‍ത്തകര്‍ ചേര്‍ന്ന് 'കേരളാ പ്രസ് ക്ലബ്' എന്നൊരു സംഘടനക്കു രൂപം കൊടുത്തു. മാസത്തിലൊരിക്കല്‍ വലിയ തിരക്കില്ലാത്ത ഏതെങ്കിലും ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ കൂടി അല്പസ്വല്പം 'ഖാനാ പീനാ' കഴിച്ച് കുറച്ചു കൊച്ചുവര്‍ത്തമാനവും പറഞ്ഞു പോവുക എന്നതില്‍ കവിഞ്ഞൊരു ലക്ഷ്യവുമില്ല എന്നാണ് അക്കാലത്ത് അതിന്റെ പ്രാരംഭ പ്രവര്‍ത്തകന്‍ എന്നോടു പറഞ്ഞത്. വാര്‍ത്തകള്‍ക്ക് ഒരു ഏകീകൃത രൂപം കൊടുക്കുക, പല സംഘടനകളുടെ ഒരേ വാര്‍ത്തകള്‍ പല രൂപത്തില്‍ പല പത്രങ്ങളില്‍ വരാതിരിക്കുക, പത്രസമ്മേളനങ്ങള്‍ ഒരുമിച്ചു നടത്തുക-തുടങ്ങിയ ചില ചെറിയ കാര്യങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക തുടങ്ങിയവയായിരുന്നു ഉദ്ദേശം.

പ്രസ്‌ക്ലബിന്റെ വാര്‍ത്തകള്‍ മാദ്ധ്യമങ്ങളില്‍ വരുവാന്‍ തുടങ്ങിയതോടെ പത്രലോകവുമായി പുലബന്ധം പോലും ഇല്ലാത്തവര്‍ ഇതിന്റെ അംഗങ്ങളാകുവാന്‍ താല്പര്യം പ്രകടിപ്പിച്ചു. അങ്ങനെ ആരുമറിയാതെ അംഗബലത്തില്‍ പ്രസ് ക്ലബ് വളര്‍ന്നു. കുറച്ചു കൂടി വിശാലമായ ഒരു ശ്രദ്ധ കിട്ടുവാന്‍ വേണ്ടി 'കേരളാ പ്രസ്‌ക്ലബ്' 'ഇന്‍ഡ്യന്‍ പ്രസ്‌ക്ലബാ'യി രൂപാന്തരം പ്രാപിച്ചു. ഇന്‍ഡ്യന്‍ പ്രസ്‌ക്ലബിന്റെ ചാപ്റ്റര്‍ വിവിധ സംസ്ഥാനങ്ങളില്‍ ജന്മമെടുത്തു. പ്രസ്‌ക്ലബിന്റെ ആദ്യനാഷണല്‍ വര്‍ക്ക് ഷോപ്പ് വെസ്റ്റ് ചെസ്റ്ററില്‍ (N.Y) വെച്ചാണ് നടത്തപ്പെട്ടത്. ശ്രീമാന്‍ ജോര്‍ജ് ജോസഫായിരുന്നു പ്രസിഡന്റ് . എഴുത്തുകാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും വളരെ ഉപകാരപ്രദമായിരന്നു ആ വര്‍ക്ക്‌ഷോപ്പ് നാട്ടില്‍ നിന്നു എത്തിയവരുടേയും, ഇവിടെയുള്ള പരിചയ സമ്പന്നരുടേയും സ്റ്റഡി ക്ലാസ്സുകള്‍ വളരെ വിജ്ഞാനപ്രദവും ഉപകാരപ്രദവുമായിരുന്നു.

ബഹുമാനപ്പെട്ട ജോസഫ് കണിയാലി പ്രസിഡന്റായപ്പോള്‍ ഇന്‍ഡ്യാ പ്രസ്‌ക്ലബ് ഒരു നാഷണല്‍ കോണ്‍ഫ്രന്‍സ് ചിക്കാഗോയില്‍ വെച്ചു നടത്തി. ആ കോണ്‍ഫ്രന്‍സോടു കൂടി പ്രസ്‌ക്ലബിന് ഒരു താരപരിവേഷം കൈവന്നു.

പിന്നീടു നടന്ന നാഷ്ണല്‍ കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ വെച്ചായിരുന്നു. ചിട്ടയോടും ഭംഗിയോടും കണ്‍വന്‍ഷന്‍ നടന്നെങ്കിലും പ്രസ്‌ക്ലബിന്റെ ലക്ഷ്യങ്ങളില്‍ നിന്നും അതല്പം വ്യതിചലിച്ചോ എന്നൊരു സംശയം. നാട്ടില്‍ നിന്നുമെത്തിയ മന്ത്രിമാരും, എം.പി.മാരും, എം.എല്‍.എ മാരും നര്‍മ്മരൂപത്തിലാണെങ്കില്‍ തന്നെയും പൊതുവേദികളില്‍ വെച്ച് പരസ്പരം പാര പണിയുന്നതില്‍ പിശുക്കൊന്നും കാണിച്ചില്ല. ഫൊക്കാന, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനയുടെ ഭാരവാഹികള്‍ ആ സമ്മേളനം 'ഹൈജാക്ക്' ചെയ്തു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല-കിട്ടിയ അവസരങ്ങളിലെല്ലാം നേതാക്കന്മാരോടൊപ്പം നിന്ന് ഫോട്ടോയെടുത്ത്, വളച്ചൊടിച്ച ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിച്ച പത്രത്താളുകളില്‍ ഇടം നേടുന്നതില്‍ അവര്‍ വിജയിച്ചു.
 
ഇത്തവണയും കണ്‍വന്‍ഷന്‍ ന്യൂജേഴ്‌സിയില്‍ വെച്ചാണ് നടത്തപ്പെടുന്നത്- ബഹുമാനപ്പെട്ട റെജി ജോര്‍ജാണ് പ്രസിഡന്റ്- നല്ലൊരു ടീമും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. പത്രപ്രവര്‍ത്തന സംഘടനയുടെ ഉദ്ദേശശുദ്ധിയില്‍ നിന്നും പരിപാടികള്‍ വഴുതിപ്പോവില്ല എന്നു കരുതട്ടെ-

'ഇന്‍ഡ്യാ പ്രസ് ക്ലബി'ന്റെ വളര്‍ച്ച വളരെ വേഗത്തിലാണ്. സാധാരണ മലയാളി സംഘടനകള്‍ ഒരു പരിധിക്കപ്പുറം വളര്‍ന്നു കഴിഞ്ഞാല്‍ പിളരുകയാണ് പതിവ്. ഇന്‍ഡ്യാ പ്രസ് ക്ലബിന് ആ ദുര്‍ഗ്ഗതി ഉണ്ടാകാതിരിക്കട്ടെ എന്ന് ആശംസിക്കു
ന്നു- 'വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും' എന്നുള്ള മാണിസൂക്തം അമേരിക്കന്‍ മലയാള സംഘടനകള്‍ക്കു ബാധകമാവണമെന്നു നിര്‍ബന്ധമില്ല- ജാഗ്രതൈ!

ന്യൂജേഴ്‌സിയില്‍ നടക്കുന്ന 'ഇന്ത്യ പ്രസ്‌ക്ലബ് നാഷണല്‍ കോണ്‍ഫറന്‍സി'ന് എല്ലാ ഭാവുകങ്ങളും നേരുന്നു
ജാഗ്രതൈ! പത്രപ്രവര്‍ത്തന സംഘടനയുടെ ഉദ്ദേശശുദ്ധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക