Image

പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങള്‍

Published on 26 December, 2011
പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങള്‍
``അയാള്‍ക്ക്‌ വധശിക്ഷ കിട്ടണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിരുന്നു. അയാള്‍ അത്‌ അര്‍ഹിക്കുന്നു. അര്‍ഹിക്കുന്നത്‌ അയാള്‍ക്ക്‌ ലഭിക്കുകയും ചെയ്‌തു''. സൗമ്യാ വധക്കേസ്‌ പ്രതി ഗോവിന്ദച്ചാമിക്ക്‌ വധശിക്ഷ വധിക്കപ്പെട്ടതിനു ശേഷം ഫേസ്‌ബുക്കില്‍ ഒരു കോളജ്‌ വിദ്യാര്‍ഥിനി നല്‍കിയ കുറിപ്പാണിത്‌. ഇതിനേക്കാള്‍ വലിയ വികാരങ്ങായിരുന്നു കോടതി പരിസരത്തില്‍ ഗോവിന്ദച്ചാമിയുടെ ശിക്ഷാവിധി കാത്തു നിന്നവരും പിന്നെ കേരളമൊട്ടാകെ ഈ ദിവസത്തിനായി കാത്തിരുന്ന നിരവധിയായ ജനങ്ങളും പങ്കുവെച്ചത്‌. കേരളം ഇതുപോലെ ഉറ്റുനോക്കിയ ഒരു കേസ്‌ അടുത്ത കാലത്തെങ്ങുമുണ്ടായിട്ടുമില്ല.

എന്നാല്‍ സൗമ്യാ വധക്കേസിനും ഗോവിന്ദച്ചാമിയുടെ ശിക്ഷാവിധിക്കും അപ്പുറം കേരളീയ സമൂഹം ശ്രദ്ധിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്‌. അത്‌ കേരളത്തിലെ പെണ്‍കുട്ടികളുടെ അരക്ഷിതാവസ്ഥ തന്നെയാണ്‌. എവിടെയും തുറിച്ചു നോട്ടങ്ങള്‍ നേരിടേണ്ടി വരുന്നവര്‍, ലൈംഗീക അതിക്രമങ്ങളും പീഡനശ്രമങ്ങളും ഭയത്തോടെ മനസില്‍പേറുന്നവര്‍ - ഇവര്‍ കേരളത്തിലെ സ്‌ത്രീസമൂഹമാണ്‌. ഇവിടെ സൗമ്യ എന്ന പെണ്‍കുട്ടി മൊത്തം കേരളീയ സ്‌ത്രീസമൂഹത്തിന്റെ പ്രീതീകമാകുകയാണ്‌. കാരണം സൗമ്യ സംഭവം വടക്കേ ഇന്ത്യയിലെ അരാജകത്വം നിറഞ്ഞ ഏതെങ്കിലും ജന്മവാഴ്‌ചയുള്ള ഗ്രാമങ്ങളില്‍ നടന്നതല്ല. സാക്ഷര കേരളം എന്ന്‌ അഭിമാനിക്കുന്ന, സംസ്‌കാര സമ്പന്നരെന്ന്‌ അഭിമാനിക്കുന്ന ഒരു സമൂഹത്തിന്റെ മധ്യത്തിലാണ്‌ സൗമ്യ തന്റെ ദുര്‍വിധിയോട്‌ മല്ലടിച്ച്‌ മരണമടഞ്ഞത്‌. സൗമ്യയെയും ശാരിയെയുമൊക്കെ പോലെ എത്രയോ പെണ്‍കുട്ടികള്‍. പുറത്തറിഞ്ഞതും അറിയാത്തതുമായ എത്രയോ സംഭവങ്ങള്‍.

റ്റിസി മറിയം തോമസ്‌ എഡിറ്റ്‌ ചെയ്‌ത്‌ ഡി.സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ``പെണ്ണിര'' എന്ന പുസ്‌തകം വെളിപ്പെടുത്തുന്നതും പേടിപെടുത്തുന്ന ചില പെണ്ണനുഭവങ്ങളാണ്‌. കേരളത്തില്‍ സമീപകാലത്ത്‌ ഏറ്റവും കാലിക പ്രസക്തി പേറുന്ന പുസ്‌തകമായി തോന്നിച്ച ഒന്നാണ്‌ പെണ്ണിര. പുസ്‌തകത്തിന്റെ തുടകത്തില്‍ പ്രമുഖ സാഹിത്യകാരി സാറാ ജോസഫ്‌ ഇങ്ങനെ എഴുതിയിരിക്കുന്നു - ``ഒരു തുറിച്ചുനോട്ടമുണ്ടാക്കുന്ന അസ്വസ്ഥത മുതല്‍ ബലാല്‍സംഗത്തിലേക്കും കൊലയിലേക്കും നയിക്കാവുന്ന സാഹചര്യങ്ങള്‍ വരെ നിലനില്‍ക്കുന്നുണ്ട്‌ എന്ന ഭയത്തോടെയാണ്‌ കേരളത്തില്‍ സ്‌ത്രീകള്‍ യാത്ര ചെയ്യുന്നത്‌. പെണ്ണിര എന്ന പുസ്‌തകത്തില്‍ സ്വന്തമായ പേരും മേല്‍വിലാസവും രേഖപ്പെടുത്തിക്കൊണ്ട്‌ കുറച്ചുപേര്‍ എഴുതിയ അനുഭവങ്ങള്‍ കേരളത്തിലെ 97 ശതമാനം സ്‌ത്രീകളുടെ അനുഭവങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഇനി എന്തു വേണം? കേരള സമൂഹം, ആണും പെണ്ണും ഉറക്കെ ചിന്തിക്കട്ടെ''

സാറാ ജോസഫ്‌ പറഞ്ഞുവെക്കുന്ന വാക്കുകള്‍ കേരളത്തിലെ പെണ്‍അനുഭവങ്ങളുടെ നേര്‍കാഴ്‌ചകള്‍ തന്നെയാണ്‌. വീട്ടിനുള്ളില്‍ നിന്നും തുടങ്ങുന്ന പെണ്‍ജീവിതങ്ങളുടെ ദുരിതങ്ങള്‍. അവിടെ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ബസിനുള്ളിലും വഴിനിരത്തിലും ജോലിസ്ഥലത്തും നേരിടേണ്ടി വരുന്ന ഒരു നൂറ്‌ അനുഭവങ്ങള്‍. ചിലപ്പോഴൊക്കെ സൗമ്യക്ക്‌ സംഭവിച്ചതുപോലെ ജീവനെടുക്കുന്ന ക്രൂരതകള്‍. ഇത്തരം അനുഭവങ്ങള്‍ ചിലരെങ്കിലും തുറന്നെഴുതുമ്പോള്‍ പെണ്ണിര എന്ന പുസ്‌തകം കേരളീയ മനസാക്ഷിക്കു മുമ്പില്‍ ഒരു ചോദ്യ ചിഹ്നം ആകുകയാണ്‌.

പെണ്ണിര എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ എഡിറ്റര്‍ റ്റിസി മറിയം തോമസ്‌ പറയുന്ന വാക്കുകളോരോന്നും ആശങ്കകള്‍ മുന്നോട്ടുവെക്കുന്നത്‌ തന്നെ. അതിലുപരി ഇതൊരു സത്യവാങ്‌മൂലമാണ്‌. പുസ്‌കതത്തിലൂടെ അവര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്‌. അതിങ്ങനെയാണ്‌...

``ഒരു സ്‌ത്രീയെ പുരുഷന്‍ (പുരുഷന്‍മാര്‍) പരസ്യമായി പീഡിപ്പിച്ചാല്‍ അതു തികച്ചും പെണ്‍വിഷയമായി മാറുന്നു. പീഡനം എന്നത്‌ ഇരയായവളുടെ മാത്രം വിഷയമാണ്‌. നിസ്സഹായായ ഇരയാണ്‌ ഇവിടെ കുറ്റക്കാരി. അല്ലാതെ അവളെ ഇരയാക്കുന്ന വ്യവസ്ഥിതിയല്ല. അതുകൊണ്ട്‌ ഇരയെ വീണ്ടും പഴിചാരുക വഴി സമൂഹത്തിന്‌ അനാസ്ഥ തുടരാന്‍ കഴിയും. കാലങ്ങളായി തുടരുന്ന ഈ കുറ്റപ്പെടുത്തലുകളുടെ അലയടികള്‍ സൗമ്യയുടെ കൊലപാതത്തിലും നാം കണ്ടതല്ലേ?''

സത്യസന്ധമായ ഒരു നീരീക്ഷണം തന്നെയാണ്‌ ഇവിടെ റ്റിസി മറിയം തോമസ്‌ മുന്നോട്ടുവെക്കുന്നത്‌. തനിക്കെതിരെ നേരിടുന്ന പീഡനങ്ങളോട്‌ പ്രതികരിച്ചു പോയാല്‍ പിന്നെ അവളെ അഥവാ ഇരയെ കുറ്റപ്പെടുത്താനായിരിക്കും സമൂഹത്തിന്‌ തിടുക്കം. കേരളീയ സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഇതൊരു പതിവായി മാറിയിരിക്കുന്നു. അവള്‍ അഹങ്കാരിയാണ്‌ അല്ലെങ്കില്‍ ഈ പെണ്ണിന്‌ ഇത്‌ എന്തിന്റെ കുഴപ്പമാണ്‌ എന്നൊക്കെ ചോദിക്കുന്നവര്‍ ഏതോ കാടന്‍ സംസ്‌കാരത്തെ തന്നെയാണ്‌ ഇപ്പോഴും പിന്‍തുടരുന്നത്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമോന്നത പദവിയില്‍ ഒരു വനിത ഇരിക്കുമ്പോഴും സ്‌ത്രീയെ അര്‍ഹമായ പരിഗണനയോടെ കാണാന്‍ സമൂഹം മടിക്കുന്നു. പിന്നീട്‌ അവളെ തേടി ഏതെങ്കിലും ദുര്‍വിധി എത്തുമ്പോള്‍, സൗമ്യയുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ, പിന്നെ പ്രതികരണങ്ങളും പ്രതിഷേധങ്ങളുമായി.

യഥാര്‍ഥത്തില്‍ ഈ പ്രതിഷേധങ്ങള്‍ കുറ്റബോധം പേറുന്ന ഒരു മനസില്‍ നിന്നുമാണ്‌ ഉണ്ടാകുന്നത്‌. ഇവളെ ഇങ്ങനെയാക്കി തീര്‍ത്തത്‌, ഇവളെ ഇരയാക്കി തീര്‍ത്തത്‌, താന്‍ ഉള്‍പ്പെടുന്ന സമൂഹം കൂടിയാണല്ലോ എന്ന കുറ്റബോധം. ഇവിടെ തീര്‍ച്ചയായും വേണ്ടത്‌ കുറ്റബോധമല്ല , ആവേശം നിറഞ്ഞ നൈമിഷിക പ്രതിഷേധങ്ങളുമല്ല. മറിച്ച്‌ സത്യസന്ധമായി കേരളത്തിലെ പൊതുരീതികളെ കുറച്ചെങ്കിലും മാറ്റിയെടുക്കാനുള്ള ഉള്‍ക്കരുത്താണ്‌. ഇത്‌ ഓരോ മലയാളിയുടെയും കടമയുമാണ്‌.

ഒന്ന്‌ ആലോചിച്ചു നോക്കു, ചോരയോടുന്ന സ്വന്തം ശരീരം മറ്റൊരാള്‍ നോട്ടം കൊണ്ടുമുതല്‍ ബാലാല്‍കാരം കൊണ്ടുവരെ ഉപഭോഗവസ്‌തുവാക്കി മാറ്റുമ്പോള്‍ ഒരു പെണ്ണിനുണ്ടാകുന്ന മാനസികാവസ്ഥ എന്തായിരിക്കും. തന്റെ പെണ്‍ശരീരത്തെയോര്‍ത്ത്‌ അവള്‍ പരിതപിച്ചില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളു.

പെണ്ണിര എന്ന പുസ്‌തകത്തില്‍ നമുക്കിടയില്‍ ജീവിക്കുന്ന കുറച്ച്‌ സഹോദരിമാരുടെ സുഹൃത്തുക്കളുടെ അനുഭവങ്ങളുണ്ട്‌. നമുക്കിടയില്‍ ഇങ്ങനെയും പുരുഷന്‍മാരുണ്ടോ എന്ന്‌ തോന്നിപ്പോകുന്ന അനുഭവക്കുറിപ്പുകള്‍. പേരും മേല്‍വിലാസവും തുറന്നു പറഞ്ഞുകൊണ്ട്‌ അവരെഴുതിയ അനുഭവങ്ങള്‍. പൊതുനിരത്തില്‍ തന്നെക്കയറിപ്പിടിക്കാന്‍ ശ്രമിച്ച പുരുഷനെ എല്ലാ എതിര്‍പ്പുകള്‍ക്കിടയിലും പിടിച്ച്‌ പോലീസില്‍ ഏല്‍പ്പിക്കാന്‍ ചങ്കുറ്റം കാണിച്ച സറീന എന്ന യുവതിയും, ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിച്ചതിന്‌ സദാചാര പോലീസിന്റെ പീഡനം ഏല്‍ക്കേണ്ടി വന്ന കനിയും. നിയമം സരക്ഷിക്കേണ്ട പോലീസില്‍ നിന്നു തന്നെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്ന ജോളി ചിറയത്തും മൊക്കെ തങ്ങളുടെ അനുഭവങ്ങള്‍ ഇവിടെ കുറിച്ചു വെക്കുന്നു. നാളെ മറ്റൊരു പെണ്‍കുട്ടിക്ക്‌ ഈ അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ഉണ്ടായാല്‍ തന്നെ പ്രതികരിക്കാന്‍ സമൂഹത്തിന്‌ തോന്നലുണ്ടാകാന്‍.

എന്തായാലും ഒന്നുണ്ട്‌, നമ്മുടെ പെണ്‍കുട്ടികള്‍ നിശബ്‌ദമായി ആഗ്രഹിക്കുന്നു... സൗമ്യമാര്‍ ഇനിയിവിടെ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെയെന്ന്‌. അതിനുവേണ്ടത്‌ കേരളീയ സമൂഹം തങ്ങളുടെ പകല്‍മാന്യതയുടെ മുഖംമൂടി ഉപേക്ഷിക്കുകയാണ്‌.
പേടിപ്പെടുത്തുന്ന പെണ്ണനുഭവങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക