Image

കൂടംകുളം എന്ന അപായഭീഷിണി

Published on 27 December, 2011
കൂടംകുളം എന്ന അപായഭീഷിണി
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കടുംപിടുത്തവുമായി നില്‍ക്കുന്ന തമിഴ്‌നാടിനോട്‌ കേന്ദ്രസര്‍ക്കാര്‍ നിശബ്‌ദമായി നില്‍ക്കുന്നതിനു പിന്നില്‍ കൂടുംകുളം പദ്ധതി എതിര്‍പ്പുകളില്ലാതെ കമ്മീഷന്‍ ചെയ്യാനുള്ള താത്‌പര്യങ്ങളാണ്‌ എന്നത്‌ പകല്‍പോലെ വ്യക്തമാണ്‌. കേരളം മുല്ലപ്പെരിയാറില്‍ സമരം ചെയ്യുന്നതിനേക്കാള്‍ എത്രയോ മടങ്ങ്‌ ശക്തമായി സാധാരണക്കാരായ തമിഴ്‌ജനത സമരം ചെയ്യുന്ന പ്രശ്‌നമാണ്‌ കൂടംകുളം ആണവപദ്ധതി. തലമുറകളെ പോലും ഗൗരവമായി ബാധിക്കുന്ന ഈ ആണവ പദ്ധതിക്കെതിരെ കൂടംകുളത്തെയും സമീപപ്രദേശങ്ങളിലെയും ജനത ഊണും ഉറക്കവും ഉപേക്ഷിച്ച്‌ സമരം ചെയ്യാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളാകുന്നു. എന്നിട്ടും ഈ സമരങ്ങളെ മുല്ലപ്പെരിയാര്‍ സമരത്തെപ്പോലെ തന്നെ അവഗണിച്ചുകൊണ്ട്‌ ആണവപദ്ധതി പ്രാവര്‍ത്തികമാക്കിയെടുക്കാന്‍ ശ്രമിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. തമിഴ്‌നാട്‌ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നു.

എന്നാല്‍ ജനവികാരം മാനിച്ച്‌ കുടംകുളം പദ്ധതി ജനങ്ങളുടെ ആശങ്കയകറ്റാതെ നടപ്പാക്കാന്‍ പാടില്ലെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസിക്കിയിട്ടുണ്ട്‌. ഇതിനെ മറികടന്ന്‌ പദ്ധതി കമ്മീഷന്‍ ചെയ്യുക കേന്ദ്രത്തിന്‌ എളുപ്പമല്ല. എങ്കിലും കൂടംകുളം നടപ്പാക്കിയെടുക്കാന്‍ എല്ലാ അടവുനയങ്ങളും പരീക്ഷിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ഇതിനു പിന്നിലെ രാഷ്‌ട്രീയ ലക്ഷ്യങ്ങളിലേക്ക്‌ തത്‌കാലം പോകുന്നില്ലെങ്കിലും കൂടംകുളം ഉയര്‍ത്തുന്ന ഭീഷിണികളെ വിശകലം ചെയ്യേണ്ടതുണ്ട്‌. കൂടംകുളം ഒരിക്കലും തമിഴ്‌നാട്ടിലെ ഒരു പ്രാദേശിക വിഷയമായി കേരള സമൂഹവും കാണാന്‍ പാടില്ല. മുല്ലപ്പെരിയാറിനേപ്പോലെ ഒരു പക്ഷെ അതിനേക്കാള്‍ ഭീഷിണി ഉയര്‍ത്തുന്ന മറ്റൊരു വിപത്താണ്‌ കേരളത്തിനു പോലും കുടംകുളം ആണവപദ്ധതി.

എന്താണ്‌ കൂടംകുളം ആണവ പദ്ധതി

1988 ല്‍ രാജീവ്‌്‌ ഗാന്ധിയും സോവിയറ്റ്‌ യൂണിയന്‍ പ്രസിഡന്റ്‌ മിഖായേല്‍ ഗോര്‍ബച്ചേവും ചേര്‍ന്ന്‌ ഒപ്പവെച്ച ആണവകരാര്‍ പദ്ധതിയില്‍ തുടങ്ങുന്നതാണ്‌ കൂടംകുളം ആണവപദ്ധതി. ആണവ മുങ്ങിക്കപ്പല്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിനു വേണ്ടിയുള്ള കരാറായിരുന്നു ഇതെങ്കിലും ആണവ റിയാക്ടര്‍ കച്ചവടത്തിനു വേണ്ടിയുള്ള തീരുമാനങ്ങളും ഈ കരാറിലുള്‍പ്പെട്ടിരുന്നു. പിന്നീട്‌ വര്‍ഷങ്ങളോളും ഫയലില്‍ ഉറങ്ങിക്കിടന്ന കൂടംകുളം ആണവ പദ്ധതി 1997ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ദേവഗൗഡയും റഷ്യന്‍ പ്രസിഡന്റ്‌ ബോറിസ്‌ യെല്‍സിനും ചേര്‍ന്ന്‌ ഒരു തുടര്‍ ഉടമ്പടയില്‍ ഒപ്പുവെച്ചതോടെ സജീവമായി. ഈ ഉടമ്പടിയെ തുടര്‍ന്നാണ്‌ കൂടംകുളം ആണവപദ്ധതിയുടെ വിശദമായ പ്രോജക്ട്‌ തയാറാക്കപ്പെടുന്നതും ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നതും.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള കൂടംകുളത്ത്‌ ആണവവൈദ്യുതോല്‍പാദനകേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയാണ്‌ കൂടംകുളം പ്രോജക്ട്‌. കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിക്കപ്പെട്ടത്‌. കോതമംഗലത്ത്‌ ഭൂതത്താന്‍കെട്ടിലും പിന്നെ കാസര്‍കോട്ടും അതിനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ശക്തമായ സമരങ്ങള്‍ കാരണം തുരത്തിയോടിക്കപ്പെട്ടു. കേരളം പുറംതള്ളിയ ഈ ആണവ പദ്ധതിയാണ്‌ പിന്നീട്‌ കുടംകുളത്ത്‌ ചേക്കേറിയത്‌. 1000 മെഗാവാട്ട്‌ ശേഷിയുള്ള രണ്ട്‌ റിയാക്ടറുകളാണ്‌ കൂടുംകുളത്ത്‌ കമ്മീഷന്‍ ചെയ്യാന്‍ തായാറായി കഴിഞ്ഞിരിക്കുന്നത്‌. ഇന്ന്‌ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതോല്‍പാദന ശേഷിയുള്ള പ്രോജക്ടായിരിക്കുമിത്‌. പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ്‌ ഈ രണ്ടു റിയാക്ടറുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌.

ദിവസങ്ങള്‍ക്ക്‌ മുമ്പു നടന്ന റഷ്യ - ഇന്ത്യ ഉച്ചകോടിക്ക്‌ ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ കൂടംകുളം പ്രോജക്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന്‌ പറഞ്ഞിരുന്നു.

നാല്‌ ഘട്ടങ്ങളായി പൂര്‍ത്തികരിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ മൊത്തം 9200 മെഗാവാട്ട്‌ ഉത്‌പാദന ശേഷിയുള്ള ആറ്‌ റിയാക്ടറുകളാണ്‌ ഉണ്ടാവുക. 9200 മെഗാവാട്ട്‌ ഉത്‌പാദന ശേഷിയുള്ള ഒരു വൈദ്യുതോല്‍പാദന പദ്ധതി രാജ്യത്തിനെ സമഗ്ര വികസനത്തിലേക്ക്‌ കൊണ്ടെത്തിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും കേന്ദ്രസര്‍ക്കാരും, കോണ്‍ഗ്രസ്‌ നേതൃത്വവും ഒരേ സ്വരത്തില്‍ പറയുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്‌ത്രജ്ഞനുമായ ഡോക്ടര്‍ എ.പി.ജെ അബ്ദുള്‍കലാമും ഇതേ അ?ിപ്രായക്കാരനാണ്‌. കൂടംകുളം പദ്ധതിക്ക്‌ വേണ്ടി വാദിക്കുന്നവരില്‍ പ്രധാനിയാണ്‌ അദ്ദേഹം.

എല്ലാം നല്ലത്‌ പക്ഷെ...

സര്‍ക്കാര്‍ പറയുന്നതൊക്കെ ശരി തന്നെ. വന്‍ വികസന ലക്ഷ്യങ്ങള്‍ നല്ലത്‌ തന്നെ പക്ഷെ...കൂടംകുളം ഇതിനെല്ലാം ഉപരിയായി ചില ?ഭീതികള്‍ നിലനിര്‍ത്തുന്നു എന്നതാണ്‌ ഇപ്പോഴുള്ള പ്രശ്‌നം. ഈ ?ഭീതികളുടെ എല്ലാം വലിയ ഉദാഹരണമായി ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തം ലോകജനതയുടെ മനസില്‍ ഇപ്പോഴും മറക്കാനാവാതെ നില്‍ക്കുന്നു. ഏറെ സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നു ഫുക്കുഷിമ ആണവനിലയം സുനാമിയെതുടര്‍ന്നാണ്‌ തകര്‍ന്നത്‌. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഇനിയും ഒരു ധാരണയിലെത്താന്‍ ശാസ്‌ത്രജ്ഞന്‍മാര്‍ക്ക്‌ കഴിഞ്ഞിട്ടില്ല. ശാസ്‌ത്രം പറയുന്നത്‌ ഒരു ആണവനിലയം അടച്ചുപൂട്ടിയാല്‍ പോലും അതില്‍ നിന്നുള്ള അണുവികരണ ഭീഷണി നാല്‍പതിനായിരം വര്‍ഷം നിലനില്‍ക്കുമെന്നാണ്‌. അപ്പോള്‍ പിന്നെ തര്‍ന്നുപോയ ഫുക്കുഷിമ ആണവനിലയം ഉയര്‍ത്തുന്ന ഭീഷണി എത്രത്തോളമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

കുടുംകുളം സമരം ശക്തിപ്പെട്ടതും ഫുക്കുഷിമ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌. കുടുംകുളത്തും മറ്റൊരു ഫുക്കുഷിമ ആവര്‍ത്തിക്കപ്പെട്ടാല്‍ എന്താണ്‌ സംഭവിക്കുക എന്ന ചോദ്യമാണ്‌ സമരക്കാര്‍ ഉയര്‍ത്തുന്നത്‌. അതിനുള്ള സാധ്യതകളെന്തൊക്കെയാണെന്നതിന്‌ വ്യക്തമായ ഉത്തരങ്ങളുമുണ്ട്‌.

ഏറെ പഠനങ്ങള്‍ക്ക്‌ ശേഷമാണ്‌ കുടുംകുളത്ത്‌ ആണവനിലയം സ്ഥാപിക്കപ്പെട്ടത്‌ എന്നത്‌ ശരി തന്നെ. പക്ഷെ ഈ പ്രദേശത്ത്‌ ഭൂമിക്കകത്തു നിന്നും പാറ ഉരുകി പുറത്തേക്ക്‌ വരുന്ന റോക്ക്‌ മെല്‍റ്റ്‌ എക്‌സ്‌ട്രൂഷന്‍ എന്ന പ്രതിഭാസം പലപ്പോഴും സംഭവിച്ചിട്ടുണ്ട്‌. ഇതിനെക്കുറിച്ചുള്ള പഠനം നടന്നത്‌ ആണവ നിലയ നിര്‍മ്മാണത്തിന്‌ ശേഷമാണ്‌. അതുകൊണ്ടു തന്നെ ഈ പ്രശ്‌നം നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളൊന്നും ആണവ നിലയത്തില്‍ സ്വീകരിച്ചിരുന്നില്ല. അതുപോലെ തന്നെ നിലയം നിര്‍മ്മിച്ച സമയത്ത്‌ സുനാമി സാധ്യതയെക്കുറിച്ചും പഠനം നടന്നിരുന്നില്ല. ആണവനിലയിര്‍മ്മാണം ആരംഭിച്ചതിനു ശേഷമാണ്‌ 2004ല്‍ തമിഴ്‌നാടിന്റെ തീരങ്ങളിലടക്കം സുനാമി ആഘാതമുണ്ടായത്‌. കടലിനു സമീപമുള്ള കുടംകുളത്ത്‌ സുനാമി സാധ്യത എന്നും ഒരു ഭീതിയായി നിലനില്‍ക്കുമ്പോള്‍ മറ്റൊരു ഫുക്കുഷിമ ഇവിടെ ആവര്‍ത്തിക്കുമോ എന്ന്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ജനത ഭയക്കുന്നത്‌ സ്വാഭാവികം. സുനാമി ഭീഷിണി തന്നെയാണ്‌ കുടംകുളം ആണവപദ്ധതി ഭയക്കേണ്ട പ്രധാന പ്രശ്‌നം. ഇതിനെല്ലാം പുറമേ കൂടംകുളത്തിന്‌ 130 കിലോമീറ്റര്‍ മാത്രം ദുരത്ത്‌ മാന്നാര്‍ കടലിടുക്കില്‍ ഉറങ്ങികിടക്കുന്ന ഒരു അഗ്നിപര്‍വ്വതവുമുണ്ട്‌. ഇതാണ്‌ കൂടംകുളത്ത്‌ അപായ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പ്രശ്‌നം. മാത്രമല്ല പലപ്പോഴും ഭൂകമ്പങ്ങള്‍ സംഭവിച്ചിട്ടുള്ള സ്ഥലം കൂടിയാണ്‌ കൂടംകുളം എന്ന്‌ വരുമ്പോള്‍ അപകട ഭീഷണി ഒരിക്കലും മാറ്റനിര്‍ത്താവുന്ന ഒന്നല്ല. ഇങ്ങനെ വരുമ്പോള്‍ കൂടംകുളം ആണവ നിലയം മറ്റൊരു അഗ്നിപര്‍വ്വതം തന്നെ എന്ന അവസ്ഥയാണ്‌ നിലവിലിരിക്കുന്നത്‌.

അപകടമുണ്ടായില്ലെങ്കിലും വലിയ ഭീഷിണി തന്നെയാണ്‌ ആണവനിലയങ്ങള്‍. അണവ വികിരണങ്ങള്‍ എന്നും മനുഷ്യരാശിയുടെ ആപത്ത്‌ തന്നെയാണ്‌. നിലയങ്ങളില്‍ നിന്നും പുറത്തു വരുന്ന വികിരണം നമ്മുടെ ?ഭക്ഷ്യ വസ്‌തുക്കളിലേക്ക്‌ വ്യാപിക്കാനും ജനങ്ങളുടെ ശരീരത്തിലേക്ക്‌ കയറാനും സാധ്യത വളരെയേറെയാണ്‌. ആണവനിലയം പ്രവര്‍ത്തിക്കുമ്പോള്‍ പുറന്തള്ളുന്ന ട്രിഷിയം വികരണം വമിക്കുന്ന വാതകമാണ്‌. ഇത്‌ ജലസ്രോതസുകളിലേക്ക്‌ വ്യാപിക്കുമെന്നതില്‍ സംശയവുമില്ല.

അതിശക്തമായ സുരക്ഷാ സംവിധാനങ്ങളില്ലെങ്കില്‍ കാസര്‍ഗോഡ്‌ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഉണ്ടായതിന്റെ ലക്ഷം ഇരട്ടിയായിരിക്കും കൂടംകുളം പദ്ധതിമൂലം സംഭവിക്കാന്‍ പോകുന്നത്‌. ജനിതക വൈകല്യങ്ങളാണ്‌ ആണവ വികരണത്തിന്റെ ഏറ്റവും വലിയ ഭീഷണി, ബുദ്ധിമാന്ദ്യവും, ക്യാന്‍സറും ജനിച്ചു വീഴുന്ന കുട്ടികള്‍ക്ക്‌ വരെയുണ്ടാകും. സസ്യജാലങ്ങളെയും ഈ വികരണം നശിപ്പിക്കുമെന്നറപ്പ്‌.

ഒരു പക്ഷെ ആണവദുരന്തമുണ്ടായാല്‍ ആളുകളെ വേഗം തന്നെ ഒഴിപ്പിക്കാനുള്ള എല്ലാ സജ്ജീകരണവും ഫുക്കുഷുമയില്‍ ഉണ്ടായിരുന്നു എന്നാണ്‌ അറിയാന്‍ കഴിയുന്നത്‌. ദുരന്തമുണ്ടായി മണിക്കുൂറുകള്‍ക്കുള്ളില്‍ മുപ്പത്‌ കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന്‌ അധികൃതകര്‍ ഫുക്കുഷിമയില്‍ ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു. കുടംകുളത്ത്‌ ഇത്തരമൊരു അപകടമുണ്ടായാല്‍ തമിഴ്‌നാട്ടിലെ മാത്രമല്ല സമീപത്തുള്ള കേരളത്തില്‍ നിന്നുപോലും ആളുകളെ നീക്കം ചെയ്യേണ്ടി വരും. ഇതിനൊന്നുമുള്ള യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഇതുവരെയും അധികൃതര്‍ സജ്ജമാക്കിയിട്ടില്ല. ഇതിനെല്ലാം ഉപരിയായി സമുദ്രാതിര്‍ത്തിയോട്‌ അടുത്തു നില്‍ക്കുന്ന കുടംകുളത്തിന്‌ മേല്‍ വിദേശ അക്രമണങ്ങളും ഭയക്കണം എന്നതും ഒഴിവാക്കാന്‍ കഴിയാത്ത വസ്‌തുത തന്നെ.

കേരളവും ഭയക്കണം

കുടംകുളം ഒരിക്കലും തമിഴ്‌നാട്ടിലെ ഒരു പ്രദേശിക പ്രശെനമല്ല. തമിഴ്‌നാട്‌ സര്‍ക്കാര്‍ പോലും ഈ വിഷയത്തിന്റെ ഗൗരവം പൂര്‍ണ്ണമായും മനസിലാക്കിയിട്ടില്ല. കേരളത്തിലെ തിരുവനന്തപുരത്തിന്റെ ഭാഗങ്ങള്‍ കൂടംകുളത്തിന്റെ നൂറു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വരും എന്നത്‌ ഓര്‍മ്മിക്കുമ്പോള്‍ കേരളവും ഈ ഭീഷിണിക്കുള്ളിലാണ്‌ എന്നത്‌ വസ്‌തുതയാകുന്നു. ഫുക്കുഷിമയില്‍ ദുരന്തമുണ്ടായപ്പോള്‍ ആണവ വികരണത്തിന്റെ ആഘാതങ്ങള്‍ 200കിലോമീറ്റര്‍ ചുറ്റളവിലേക്ക്‌ എത്തിയിരുന്നു എന്നത്‌ ഓര്‍മ്മിക്കുക. അപ്പോള്‍ പിന്നെ കേരളത്തിലെ നല്ലൊരു ഭാഗം പ്രദേശങ്ങളും കുടുംകുളം പദ്ധതിയുടെ ഭീതിയില്‍ തന്നെയാണ്‌. മാത്രമല്ല നിലയത്തില്‍ നിന്നും ദിവസേന കടലിലേക്ക്‌ ഒഴിക്കിവിടുന്ന ചൂടുവെള്ളം കേരളത്തിന്റെ തീരപ്രദേശങ്ങളിലെ മത്സ്യബന്ധനത്തെ പൂര്‍ണ്ണമായും തകര്‍ക്കും. കടലിലേക്ക്‌ ഒഴുക്കുന്ന ആണവമാലിന്യങ്ങ്‌ള്‍ പിന്നീട്‌ കായലിലേക്കും നദികളിലേക്കും വ്യാപിക്കും.

ലോകമെങ്ങും ആണവ പദ്ധതികള്‍ ഉപേക്ഷിക്കപ്പെടുന്നു എന്ന യാഥാര്‍ഥ്യം ഇന്ത്യന്‍ ഭരണകൂടം മനസിലാക്കുന്നില്ല എന്നതാണ്‌ ഇവിടെ ആശങ്കയുണര്‍ത്തുന്നത്‌. അമേരിക്കയിലും, ജര്‍മ്മനിയിലും റഷ്യയിലും അടക്കം 40 രാജ്യങ്ങളില്‍ സുരക്ഷാ കാരണങ്ങളാലും വികരണ ഭീഷിണികള്‍ ഭയന്നും ആണവനിലയങ്ങള്‍ അടച്ചു പൂട്ടുകയാണ്‌. അപ്പോഴാണ്‌ ഇന്ത്യയില്‍ റഷ്യ ഉപേക്ഷിച്ച റിയാക്‌ടറുകള്‍ സ്ഥാപിക്കാന്‍ വലിയ പദ്ധതി നടത്തുന്നത്‌. രാജ്യത്തിന്റെ പ്രധാന കര്‍മ്മ പരിപാടിയായി ഇത്‌ മാറിയിരിക്കുന്നു എന്നതാണ്‌ ഇതിലും കഷ്‌ടം.

എന്തായാലും കുടുംകുളം ഉയര്‍ത്തുന്ന ഭീഷണികള്‍ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. ലോകമെങ്ങും ആണവപദ്ധതികള്‍ക്കെതിരെ രാഷ്‌ട്രങ്ങള്‍ നിലപാട്‌ എടുക്കുമ്പോള്‍ ഇന്ത്യയില്‍ ഇത്‌ വേണോ എന്നത്‌ ആലോചിക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ അപകടത്തിലാണെന്ന്‌ പകല്‍ പോലെ വ്യക്തമായിട്ടും അധികൃതര്‍ കാട്ടുന്ന അനാസ്ഥ നമുക്ക്‌ മുമ്പില്‍ പകല്‍വെളിച്ചം പോലെ യാഥാര്‍ഥ്യമായി കാണുന്നതല്ലേ. അപ്പോള്‍ പിന്നെ കുടുംകുളം ആണവ നിലയത്തിന്റെ അവസ്ഥ എന്തായിരിക്കും.
കൂടംകുളം എന്ന അപായഭീഷിണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക