Image

രാജ്യാന്തര വിമാനത്താവളങ്ങള്‍ ഐ.ബി നിയന്ത്രണത്തിലേക്ക്

Published on 27 December, 2011
രാജ്യാന്തര വിമാനത്താവളങ്ങള്‍ ഐ.ബി നിയന്ത്രണത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗം ജനവരിമുതല്‍ കേന്ദ്രഇന്‍റലിജന്‍റ്‌സ് ബ്യൂറോയുടെ നിയന്ത്രണത്തിലാകും.

രാജ്യസുരക്ഷയുടെ ഭാഗമായാണ് തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളങ്ങളുടെ നിയന്ത്രണം ഐ.ബി. ഏറ്റെടുക്കുന്നത്. ഡിസംബര്‍ 31നകം ഐ.ബി. ഏറ്റെടുക്കണമെന്നായിരുന്നു ഔദ്യോഗിക നിലപാട്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിക്കാത്തതാണ് നടപടികള്‍ വൈകാന്‍ കാരണമെന്നറിയുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ വിജ്ഞാപനത്തിനുശേഷമായിരിക്കും ഐ.ബി. പ്രവര്‍ത്തിക്കുക.

സംസ്ഥാന പോലീസിലെ ഇന്‍റലിജന്‍റ്‌സ് വിഭാഗത്തിനാണ് നിലവില്‍ എമിഗ്രേഷന്റെ ചുമതല. ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് നിലവില്‍ പ്രവര്‍ത്തനം. ഐ.ബി. ഏറ്റെടുക്കുന്നതോടെ എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും എമിഗ്രേഷന്‍ വിഭാഗത്തിന്റെ തലവനാകുക. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഐ.ബി. ഏറ്റെടുത്താലും ഉദ്യോഗസ്ഥ ക്ഷാമമുള്ളതിനാല്‍ സംസ്ഥാന പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും ഐ.ബി. തീരുമാനിച്ചിട്ടുണ്ട്.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്‍റുമാരും തമ്മിലുള്ള ഒത്തുകളിയിലൂടെ നടത്തുന്ന അനധികൃത 'ചവിട്ടിക്കയറ്റ്' തടയാന്‍ ഐ.ബി. ശക്തമായ നിയന്ത്രണം കൊണ്ടുവരും. ഇതിലേക്കായി പ്രവര്‍ത്തനമികവുള്ള ഉദ്യോഗസ്ഥരെയായിരിക്കും സംസ്ഥാന പോലീസില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിക്കുക. ഐ.ബിയുടെ നിയന്ത്രണത്തിലാകുന്നതോടെ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങളുടെയും എമിഗ്രേഷനിലെ അഴിമതി തടയാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. കേരള പോലീസിലെതന്നെ ഉദ്യോഗസ്ഥരെ നിലനിര്‍ത്തിക്കൊണ്ടുള്ള എമിഗ്രേഷന്‍ പ്രവര്‍ത്തനം എത്രത്തോളം ഫലവത്താവുമെന്ന സംശയവും ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക