Image

ഡോ. ഇ.സി. ഏബ്രഹാമിന്‌ കമാന്‍ഡര്‍ പദവി

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്‌ Published on 29 December, 2011
ഡോ. ഇ.സി. ഏബ്രഹാമിന്‌ കമാന്‍ഡര്‍ പദവി
ജോര്‍ജിയ: അമേരിക്കന്‍ വൈദ്യശാസ്‌ത്ര രംഗത്തെ പ്രമുഖ മലയാളി സാന്നിധ്യവും, സെന്റ്‌ എഫ്രയിം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ സി.ഇ.ഒ, യൂണിവേഴ്‌സിറ്റി ഓഫ്‌ അര്‍ക്കന്‍സാസ്‌ ഫോര്‍ മെഡിക്കല്‍ സയന്‍സിലെ സീനിയര്‍ പ്രഫസര്‍ എന്നീ പദവികളും വഹിക്കുന്ന ഡോ. ഇടത്തറ ചാക്കോ ഏബ്രഹാമിന്റെ (ഡോ. ഇ.സി. ഏബ്രഹാം) വിദ്യാഭ്യാസ-സാമൂഹ്യ-സഭാ- സന്നദ്ധസേവന മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ അതിവിശിഷ്‌ട ബഹുമതിയായ `കമാന്‍ഡര്‍' സ്ഥാനം നല്‍കുന്നതായി അറിയിച്ചുകൊണ്ട്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭാ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ സാഖാ ഇവാസ്‌ ഒന്നാമന്‍ പാത്രിയര്‍ക്കീസ്‌ ബാവാ തിരുമനസ്സുകൊണ്ട്‌ കല്‍പ്പന പുറപ്പെടുവിച്ചു.

2012 ജനുവരി ഒന്നാംതീയതി ഞായറാഴ്‌ച അഗസ്റ്റാ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന പ്രത്യേക ചടങ്ങില്‍ അമേരിക്കന്‍ അതിഭദ്രാസനാധിപനും പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ കമാന്‍ഡര്‍ സ്ഥാനചിഹ്നവും ബഹുമതിപത്രവും അദ്ദേഹത്തിന്‌ സമ്മാനിക്കും.

അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളി ഭിഷഗ്വരന്മാരില്‍ പ്രമുഖനായ ഡോ. ഇ.സി. ഏബ്രഹാം ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ആരാധനാശുശ്രൂഷകളിലും, സഭാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും മികച്ച സേവനം നല്‍കുവാന്‍ പ്രയത്‌നിക്കുന്ന ലളിത വ്യക്തിത്വത്തിനുടമയാണ്‌.

കോട്ടയം നാലുന്നാക്കല്‍ സെന്റ്‌ ആദായീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലെ പ്രശസ്‌ത വൈദീക കുടുംബമായ ഇടത്തറയില്‍ ചാക്കോ തോമസിന്റേയും, അന്നമ്മ ചാക്കോയുടേയും പുത്രനായ ഡോ. ഇ.സി. ഏബ്രഹാം ചങ്ങനാശേരി സെന്റ്‌ ബര്‍ക്കുമാന്‍സ്‌ കോളജില്‍ നിന്നും ഉന്നതബിരുദ സമ്പാദനത്തിനുശേഷം കോതമംഗലം മാര്‍ അത്തനാസിയോസ്‌ കോളജില്‍ ജൂണിയര്‍ ലക്‌ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന്‌ വെല്ലൂരിലെ പ്രശസ്‌തമായ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ (സി.എം.സി) ക്ലിനിക്കല്‍ ബയോ കെമിസ്റ്റായി ആറുവര്‍ഷം പ്രവര്‍ത്തിച്ചു. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി ഓഫ്‌ ലൂയീസ്‌വില്‍ കോളജ്‌ ഓഫ്‌ മെഡിസിന്റെ സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനാര്‍ത്ഥം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിച്ചേര്‍ന്ന ഡോ. ഇ.സി ഏബ്രഹാം ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ വൈദ്യശാസ്‌ത്ര രംഗത്തെ വിവിധ പടവുകള്‍ ഓരോന്നായി താണ്ടി ഉന്നത ഡിഗ്രികള്‍ കരസ്ഥമാക്കി. അഗസ്റ്റയിലെ മെഡിക്കല്‍ കോളജ്‌ ഓഫ്‌ ജോര്‍ജിയയില്‍ സീനിയര്‍ പ്രൊഫസറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന മലയാളി കുടുംബങ്ങളെ ഏകോപിപ്പിച്ച്‌ ക്രൈസ്‌തവ ആരാധനാ സമൂഹമായി വളര്‍ത്തുവാന്‍ നേതൃത്വം കൊടുത്ത ഡോ. ഇ.സി. ഏബ്രഹാമിന്റെ നേതൃത്വ പരിശ്രമഫലമായാണ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക രൂപീകൃതമാകുന്നതും, സ്വന്തമായ ആരാധനാലയം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കപ്പെടുന്നതും. ഇടവകയിലെ നിരവധി ചുമതലകള്‍ക്കൊപ്പം നിരവധി തവണ മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ കൗണ്‍സില്‍ അംഗം, ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്‌ സംഘാടകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ആതുരശുശ്രൂഷയ്‌ക്കൊപ്പം സാമൂഹ്യസേവനത്തിനും ക്രൈസ്‌തവ സഭാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കണമെന്ന വെല്ലൂരിലെ ഗുരുനാഥനും പ്രശസ്‌ത ഫിസിഷ്യനുമായ ഡോ. പി. കോശിയുടെ മാതൃകയും സ്വാധീനവുമാണ്‌ സെന്റ്‌ എഫ്രയിം യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ മെഡിക്കല്‍ മിഷന്‍ എന്ന ബഹുമുഖ പദ്ധതിക്ക്‌ ആരംഭം കുറിക്കുവാനും നേതൃരംഗത്ത്‌ പ്രവര്‍ത്തിക്കുവാനും കഴിഞ്ഞതെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയിലെ പ്രശസ്‌തരായിരുന്ന ജീസസ്‌ ഇടത്തറ കശ്ശീശ, ജേക്കബ്‌ ഇടത്തറ കശീശ എന്നിവര്‍ പിതൃസഹോദരരും അടുത്ത ബന്ധുക്കളുമാണ്‌. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ക്ലെര്‍ജി സെക്രട്ടറിയും അഗസ്റ്റാ പള്ളി വികാരിയുമായ വെരി റവ. മാത്യു തോമസ്‌ കോര്‍എപ്പിസ്‌കോപ്പ മാതുലനാണ്‌. കോട്ടയം വാകത്താനം എണ്ണശ്ശേരില്‍ കുടുംബാംഗം ശ്രീമതി അമ്മിണിക്കുട്ടി ഏബ്രഹാമാണ്‌ സഹധര്‍മ്മിണി. ഡോ. ജേക്കബ്‌ ഏബ്രഹാം (അര്‍ക്കന്‍സാസ്‌), ഡോ. മിനി പണിക്കര്‍ (ബാള്‍ട്ടിമോര്‍), ഡോ. ജയിംസ്‌ ഏബ്രഹാം (അറ്റ്‌ലാന്റാ) എന്നിവര്‍ മക്കളും, അനിത, ജേക്കബ്‌ പണിക്കര്‍, ഷെറി എന്നിവര്‍ ജാമാതാക്കളുമാണ്‌. ജീന, ജെസ്റ്റിന്‍, ജോനാ, മീര, സാറാ എന്നിവരാണ്‌ പേരക്കുട്ടികള്‍.

കമാന്‍ഡര്‍ ഡോ. ഇ.സി. ഏബ്രഹാമിനെ അനുമോദിക്കുവാന്‍ പാട്രിഡ്‌ജ്‌ ഇന്‍ ഹോട്ടലില്‍ സമ്മേളനവും വിരുന്നു സത്‌കാരവും ഉണ്ടായിരിക്കുന്നതാണ്‌. മുഴുവന്‍ സഭാ സ്‌നേഹികളേയും സുഹൃത്തുക്കളേയും ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി. റവ. മാത്യു തോമസ്‌ കോര്‍എപ്പിസ്‌കോപ്പ (വികാരി) 706 868 7626, പി.സി. ഏബ്രഹാം (ട്രഷറര്‍) 706 868 5185, ജോണ്‍ മണലൂര്‍ (സെക്രട്ടറി) 706 993 3200.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
ഡോ. ഇ.സി. ഏബ്രഹാമിന്‌ കമാന്‍ഡര്‍ പദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക