Image

കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 01 April, 2015
കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
കാല്‍വറി മലയുടെ കല്‌പടവുകളില്‍
കാഴ്‌ച വച്ചൊരു ജീവന്‍
മാനവരാശിക്കുയിരേകാനായ്‌
മാനവരൂപം പൂണ്ടു.

പറുദീസയുടെ പടിവാതിലുകള്‍
കൊട്ടിയടച്ചോരാദാം
യുഗങ്ങള്‍ പിന്നിട്ടമലതയാര്‍ന്നു
യേശുവുതിര്‍ത്ത നിണത്താല്‍

നസ്രേത്തിന്നുടെ തിന്മകള്‍ നടുവില്‍
ജാതം ചെയ്‌തൊരു താരം
ശില്‌പശാലയിലൊതുക്കീ ജീവിതം
ഈലോകശില്‌പിയായ്‌ മാറി

കോവിലകങ്ങള്‍ പൂകാതവനൊരു
പാഴ്‌ത്തൊഴുത്തിലുദിച്ചു
ആറടിമണ്ണിന്നധീനതയ്‌ക്കും
അതീതനായി വളര്‍ന്നു

തേടിയില്ലൊരു വന്‍സാമ്രാജ്യം
ഏന്തിയില്ലാ ചെങ്കോല്‍
സ്വന്തമായി നേടിയ ശിഷരോ
അജ്ഞരാം മുക്കുവവൃന്ദം.

മൂന്നര വത്സരം കൂടെ നടന്നൊരു
വത്സലശിഷ്യന്‍ യൂദാ
പൈശാചികനായ്‌ പണക്കൊതിയേറി
ഒറ്റിക്കൊടുത്താ ഗുരുവെ.

പാരം ശുദ്ധിയിന്‍ പാരമ്യത്തില്‍
പാപക്കറ തീണ്ടാതെ
പാവനജീവന്‍ പകുത്തു വച്ചു
പാപിയെ വീണ്ടിടുവാനായ്‌.

ആര്‍ത്തലച്ചോരജ്ഞജനത്തിന്‍
ആര്‍ത്തിയകറ്റാനായി
`അടിപ്പി'ച്ചയയ്‌ക്കാന്‍ വിധി കല്‌പിച്ചാ
അഭീജ്ഞ നീതിപീഠം

ചോരക്കൊതിയുടെയങ്കക്കലിയാ
യൂദന്മാരില്‍ തുള്ളി
ഗോഗുല്‍ത്തായുടെ കല്‌പടവുകളാ
രക്തത്തിന്‍ കറപേറി

അനീതിയിന്‍ പക തീര്‍ക്കാനായാ
പരിപാവനനെച്ചീന്തി
തമിസ്രാം ഭുവനേ തമോപഹനായ്‌
പുനരുത്ഥാനംചെയ്യൂ ദേവാ!

ജനതതിയേ ഹാ! കഷ്ടം !
കാല്‍വറിയിലെ രക്തലേപനം (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക