Image

ആയുഷ് മേനോന്‍ യുഎസ് ഓപ്പണ്‍ ജൂനിയര്‍ സ്ക്വാഷ് കിരീടം നേടി (അങ്കിള്‍സാം)

Published on 30 December, 2011
ആയുഷ് മേനോന്‍ യുഎസ് ഓപ്പണ്‍ ജൂനിയര്‍ സ്ക്വാഷ് കിരീടം നേടി (അങ്കിള്‍സാം)
ന്യൂയോര്‍ക്ക്: യുഎസിലെ ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രത്യേകിച്ച് മലയാളികളുടെയും അഭിമാനമുയര്‍ത്തി 10 വയസുകാരന്‍ ആയുഷ് മേനോന്‍ യുഎസ് ഓപ്പണ്‍ ജൂനിയര്‍ സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. 25 രാജ്യങ്ങളില്‍ നിന്നായി 700-ാളം താരങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ 11 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലാണ് ആയുഷ് മേനോന്‍ കിരീടം നേടി മലയാളികളുടെ അഭിമാനമായത്.

ഫൈനലില്‍ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഈജിപ്റ്റിന്റെ ഒമര്‍ എല്‍ ടോര്‍ക്കിയെയാണ് ന്യൂജേഴ്‌സി സ്വദേശിയായ ആയുഷ് തോല്‍പിച്ചത്. ഇത് അഭിമാന നിമിഷമാണെന്ന് ആയുഷിന്റെ പിതാവും വാള്‍സ്ട്രീറ്റില്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറുമായ ഉല്ലാസ് മേനോന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ ആയുഷ് പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. 11 വയില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഇപ്പോള്‍ ഒന്നാം റാങ്കുകാരനാണ് ആയുഷ്. ഈ മാസം 17 മുതല്‍ 20വരെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലാണ് ടൂര്‍ണമെന്റ് അരങ്ങേറിയത്.


യുഎസില്‍ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും ഉയര്‍ച്ച
ന്യൂയോര്‍ക്ക്: യുഎസില്‍ തുടര്‍ച്ചയായ രണ്ടാഴ്ചയിലെ ഇടിവിനുശേഷം തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും വര്‍ധന. ഡിസംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം തൊട്ടു മുന്‍ ആഴ്ചയില്‍ നിന്ന് 15000 എണ്ണം വര്‍ധിച്ച് 3,81000 ആയി ഉയര്‍ന്നു.

എന്നാല്‍ നാലാഴ്ചയിലെ ആകെ ശരാശരി കണക്കിലെടുക്കുമ്പോള്‍ തൊഴിലില്ലായ്മാ ആനൂകൂല്യത്തിന് അപേക്ഷിച്ചവരുടെ എണ്ണം 5,750 എണ്ണം കുറഞ്ഞ് 3,75000 ആയി കുറഞ്ഞിട്ടുണ്ട്. 2008 ജൂണിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നാലാഴ്ചയിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് നാലു ലക്ഷത്തി
ല്‍ താഴെ നില്‍ക്കുന്നത് ശുഭസൂചനയായാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

ചിത്രകാരന്‍ റിസ്സി അന്തരിച്ചു

ന്യൂയോര്‍ക്ക്: ഉത്തരാധുനിക ജനപ്രിയ ചിത്രകലാരംഗത്തെ പ്രഗത്ഭന്‍മാരിലൊരാളായ ജെയിംസ് റിസ്സി (61) ഇനി ഓര്‍മ. ത്രിമാന ചിത്രങ്ങളുടെയും കാര്‍ട്ടൂണ്‍ഘടനയിലുള്ള ചിത്രങ്ങളുടെയും പേരില്‍ ലോകപ്രസിദ്ധനായ റിസ്സി ന്യൂയോര്‍ക്കിലെ വസതിയില്‍ തിങ്കളാഴ്ചയാണ് മരിച്ചത്. റിസ്സിയുടെ കലാസൃഷ്ടികള്‍ ലോകമെങ്ങും പ്രദര്‍ശനത്തിനെത്തിക്കുന്ന ജര്‍മന്‍ കമ്പനിയുടെ വക്താവ് അലക്‌സാണ്ടര്‍ ലീവെന്തലാണ് മരണവിവരം പ്രഖ്യാപിച്ചത്. എന്താണ് അര്‍ഥമാക്കുന്നതെന്ന് കൊച്ചുകൂട്ടികള്‍ക്കു പോലും വ്യക്തമാകുന്ന തരത്തിലുള്ളവയായിരുന്നു റിസ്സിയുടെ കലാസൃഷ്ടികളെന്ന് ലീവെന്തല്‍ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ ജര്‍മനി തപാല്‍ സ്റ്റാമ്പുകളിലും 2011ല്‍ വിനോദസഞ്ചാരികള്‍ക്കായി ഇറക്കിയ പുസ്തകത്തിലും ഉപയോഗിച്ചിരുന്നു. 1980ല്‍ ടോം ടോം ക്ലബ്ബിന്റെ ആദ്യആല്‍ബത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്ത റിസ്സി രണ്ട് മ്യൂസിക് വീഡിയോകള്‍ക്കും രൂപംനല്‍കി. 1996ലെ അറ്റ്‌ലാന്‍റ ഒളിമ്പിക്‌സിന്റെ ഔദ്യോഗികചിത്രകാരനെന്ന നിലയിലും 1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളിന്റെ പോസ്റ്ററുകള്‍ ഇറക്കിയതും ജെയിംസ് റിസ്സിയായിരുന്നു.

യുഎസ് സൈന്യത്തില്‍ ഉന്നത പദവികളുടെ എണ്ണം കുറയ്ക്കുന്നു

ന്യൂയോര്‍ക്ക്: യുഎസ് സൈന്യത്തിലെ ഉന്നത പദവികളുടെ എണ്ണം കുറയ്ക്കുന്നു. ഉയര്‍ന്ന റാങ്കുള്ള ഓഫീസര്‍മാരുടെ എണ്ണം 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന് മുമ്പുള്ളതിന് സമാനമാക്കാനായാണ് അഡ്മിറല്‍മാരുടെയും മേജര്‍മാരുടെയും എണ്ണം കുറയ്ക്കുന്നത്. ഇറാഖില്‍ നിന്ന് യുഎസ് സേന പിന്‍വാങ്ങിയ സാഹചര്യത്തിലും അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങാനിരിക്കുന്ന സാഹചര്യത്തിലുമാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി ഈ വര്‍ഷം മാര്‍ച്ചിനുഷശേഷം ഇരുപത്തിയേഴോളം അഡ്മിറല്‍മാരുടെയും മേജര്‍മാരുടെയും റാങ്കുകള്‍ സൈന്യം ഇല്ലാതാക്കിയിട്ടുണ്ട്.

ശീതയുദ്ധകാലത്തിനുശേഷം ഇതാദ്യമായാണ് ഇത്രയും വലിയതോതില്‍ ഉയര്‍ന്ന പദവികള്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത്. സമാധാനകാലത്തുണ്ടായിരുന്നതിന് സമാനമായി ഉയര്‍ന്ന ഓഫീസര്‍മാരുടെ എണ്ണം ആകെ സൈനികരുടെ 10 ശതമാനമായി പരിമിതപ്പെടുത്താനാണ് നീക്കം. ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും എണ്ണം 952ല്‍ നിന്ന് 850 ആയി കുറയ്ക്കാന്‍ ഈ വര്‍ഷമാദ്യം വിരമിക്കുന്നതിന് മുമ്പ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സ് അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ ഇറാഖിലെ 47 കമാന്‍ഡന്റ് തസ്തികകളും ഉള്‍പ്പെടും.

9/11 സ്മാരകത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം

ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്കിലെ സെപ്റ്റംബര്‍ 11 സ്മാരകത്തില്‍ ദിവസേനയുള്ള സന്ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്‌നങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു സന്ദര്‍ശനത്തിനെത്തുന്നവര്‍ യാത്രാ പരിപാടിയുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികമായ സെപ്റ്റംബര്‍ 12നാണു പൊതുജനങ്ങള്‍ക്കു പ്രവേശനം അനുവദിച്ചത്. ലോക വ്യാപാര സമുച്ചയം നിലനിന്നിരുന്ന സ്ഥലത്തു മ്യൂസിയം നിര്‍മാണം ആരംഭിക്കാന്‍ പദ്ധതിയിട്ടതായി ന്യൂയോര്‍ക്ക് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗ് പറഞ്ഞു. അതിനാല്‍ സ്മാരകത്തില്‍ ഉടന്‍ പ്രവേശനം അനുവദിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദശലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ സ്മാരകം സന്ദശിച്ചത്. 10,000 പേര്‍ ദിവസേന സ്മാരകത്തില്‍ എത്തുന്നു. സ്റ്റാച്യു ഒഫ് ലിബര്‍ട്ടിയും എംപെയര്‍ സ്‌റ്റേറ്റ് ബില്‍ഡിംഗും സന്ദര്‍ശിക്കുന്നവരുടെ എണ്ണം 3.5 ദശലക്ഷം കവിഞ്ഞു.

യൂറോപ്പില്‍ സിഫിലിസ് എത്തിച്ചത് കൊളംബസ്

വാഷിംഗ്ടണ്‍: ഇന്ത്യ കണെ്ടത്താനുള്ള യാത്രയില്‍ സമുദ്രം താണ്ടി അമേരിക്കയിലെത്തിയ കൊളംബസാണ്, യൂറോപ്പില്‍ ലൈംഗിക രോഗമായ സിഫിലിസ് എത്തിച്ചതെന്ന് പഠനം. 1492ല്‍ അമേരിക്കയിലെത്തിയ കൊളംബസിന്റെയും സംഘത്തിന്റെയും മടക്കയാത്രയിലാണ് യൂറോപ്പില്‍ ആദ്യമായി സിഫിലിസ് അണുക്കള്‍ എത്തിയതെന്ന് അറ്റ്‌ലാന്‍റയിലെ ഇമോറി യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനായ ജോര്‍ജ് അര്‍മിലാഗോസ് നടത്തിയ പഠനത്തില്‍ കണ്‌ടെത്തി. സിഫിലിസ് പരത്തുന്ന ട്രിപൊനേമ പലീഡം ബാക്റ്റീരിയ യൂറോപ്പില്‍ ആദ്യം കണെ്ടത്തിയത് 1495ലാണ്. ചാള്‍സ് എട്ടാമന്റെ സൈന്യത്തിലാണ് ആദ്യ സിഫിലിസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പഠനത്തില്‍ പറയുന്നു.

മോഷ്ടിച്ച രത്‌നമോതിരം വിവാഹ മോതിരമാക്കി; യുവാവ് കുടുങ്ങി

വാഷിംഗ്ടണ്‍: മോഷ്ടിച്ച രത്‌നമോതിരം നല്‍കി വിവാഹം ഉറപ്പിച്ച നിയുക്തവരന്‍ ജയിലിലായി. മോഷ്ടിച്ചതാണെന്ന് അറിയാതെ മോതിരത്തിന്റെ ചിത്രം കാമുകി ഫെയ്‌സ്ബുക്കില്‍ നല്‍കിയതാണു കുടുക്കായത്. റിയാന്‍ ജാര്‍വിസ് (25) ബര്‍ലിംഗ്ടണ്‍ ടൗണ്‍ സെന്റര്‍ മാളിലെ ആഭരണശാലയില്‍ നിന്ന് 3200 ഡോളര്‍ വിലയുള്ള മോതിരം അടിച്ചുമാറ്റുകയായിരുന്നു.

മോഷണംപോയ മോതിരത്തിന്റെ ചിത്രം ടിവിയില്‍ വന്നു. ഇതേ മോതിരത്തിന്റെ ചിത്രം വിവാഹ മോതിരമെന്നു വിശേഷിപ്പിച്ചു യുവതിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കണ്ട ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. മോഷ്ടാവ് പിടിയിലുമായി. തൊണ്ടി കണെ്ടടുത്തെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളിയല്ലെന്നതിനാല്‍ കാമുകിക്കെതിരെ കേസ് എടുത്തിട്ടില്ല.

വിമാനം വീണു നാലു കുടുംബാംഗങ്ങള്‍ മരിച്ചതിന് 1.78 കോടി ഡോളര്‍ നഷ്ടപരിഹാരം

സാന്‍ഡീഗോ: യുദ്ധവിമാനം വീടിനു മുകളില്‍ തകര്‍ന്നുവീണു നാലുപേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു യുഎസ് സര്‍ക്കാര്‍ 1.78 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡിസ്ട്രിക്ട് ജഡ്ജ് ജെഫ്‌റി മില്ലര്‍ ഉത്തരവിട്ടു. കൊറിയന്‍ സ്വദേശിയായ ഡോണ്‍ യൂനിന്റെ ഭാര്യ യംഗ്മി ലി യൂന്‍ (36), മക്കളായ ഗ്രേസ് (15 മാസം), റേച്ചല്‍ ( രണ്ടുമാസം), ഭാര്യാമാതാവ് സിയോകിം കിം ലീ (59) എന്നിവരാണു 2008ല്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.

എഞ്ചിന്‍ തകരാറാണ് അപകടത്തിനു കാരണമായതെങ്കിലും വിമാനം സുരക്ഷിതമായി ഇറക്കാന്‍ പൈലറ്റ് ശ്രമിക്കാതിരുന്നതിനാലാണു വീടിനു മുകളില്‍ അതു പതിച്ചത്. നാവികതാവളം അടുത്തുണ്ടായിരുന്നിട്ടും അവിടെ ഇറങ്ങാന്‍ ശ്രമിക്കാതെ പൈലറ്റ് പാരഷൂട്ടില്‍ രക്ഷപ്പെടുകയായിരുന്നു. വിമാനം വീണു സാന്‍ഡീഗോയിലെ രണ്ടുവീടുകള്‍ തകര്‍ന്നെങ്കിലും കൊല്ലപ്പെട്ടതു യൂനിന്റെ കുടുംബാംഗങ്ങള്‍ മാത്രമാണ്. ഭാര്യയും മക്കളും നഷ്ടപ്പെട്ടതിനു യൂനിനു മാത്രം ഒരുകോടിയും ഭാര്യാപിതാവിന് അദ്ദേഹത്തിന്റെ ഭാര്യയെ നഷ്ടപ്പെട്ടതിന് 40 ലക്ഷവും നഷ്ടപരിഹാരമായി നല്‍കണം. ബാക്കി അദ്ദേഹത്തിന്റെ മറ്റു കുട്ടികള്‍ക്ക് അമ്മ ഇല്ലാതായെന്ന കാരണത്തിനുമാണു നല്‍കേണ്­ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക