Image

ഒരു വര്‍ഷം: മണ്ണിക്കരോട്ട്‌

മണ്ണിക്കരോട്ട്‌ Published on 31 December, 2011
ഒരു വര്‍ഷം:  മണ്ണിക്കരോട്ട്‌
ഒരു വര്‍ഷം. ജോതിര്‍ഗണിതശാസ്‌ത്രപ്രകാരം ഭൂമി സൂര്യനെ ഒരുതവണ ചുറ്റാന്‍ വേണ്ട സമയം. അതായത്‌ പന്ത്രണ്ടുമാസം. 52 ആഴ്‌ച്ച. മൂന്നൂറ്റിഅറുപത്തഞ്ചേകാല്‍ ദിവസം. അതിന്റെ 24 ഇരട്ടി മണിക്കൂര്‍. അതിന്റെ 60 ഇരട്ടി സെക്കന്‍ട്‌.

മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ നിമിഷങ്ങള്‍ മണിക്കൂറുകളായും മണിക്കൂറുകള്‍ ദിവസങ്ങളായും ദിവസങ്ങള്‍ ആഴ്‌ചകളായും മാസങ്ങളായും മാറുന്നു. അങ്ങനെ മാറുന്ന പന്ത്രണ്ടുമാസം ചേര്‍ന്ന്‌ ഒരു വര്‍ഷ മാകുന്നു. ഒരു വര്‍ഷത്തിന്റെ അവസാനവും മറ്റൊരു വര്‍ഷത്തിന്റെ തുടക്കവും ഒരു ബിന്ദുവില്‍ അവസാനിക്കുകയും അതേ ബിന്ദുവില്‍ തുടങ്ങുകയും ചെയ്യുന്നു. ഇതാണ്‌ വര്‍ഷം. അങ്ങനെ നമ്മുടെ 2011 എന്ന ഒരു വര്‍ഷം, ഡിസംബര്‍ 31 രാത്രി ഒരു ബിന്ദുവില്‍ അവസാനിക്കുകയും അതേ ബിന്ദുവില്‍തന്നെ മറ്റൊരു വര്‍ഷം 2012 തുടങ്ങുകയുമായി. അങ്ങനെ ഈ പംക്തി പുറത്തുവരുമ്പോള്‍ നാം മറ്റൊരു വര്‍ഷത്തിലേക്കു കാലുകുത്തിക്കഴിഞ്ഞിരിക്കും.

മനുഷ്യജീവിതത്തില്‍ ഒരു വര്‍ഷമെന്നാല്‍ ജോതിര്‍ഗണിതശാസ്‌ത്രപ്രകാരം കണക്കുകൂട്ടിയിട്ടുള്ള അല്ലെങ്കില്‍ ഭൂമി സൂര്യനെ ഒരു വര്‍ഷം ചുറ്റിക്കഴിയുന്ന സമയമോ? അതോടെ നാം ഒരു പുതവത്സരത്തിലേക്കു പ്രവേശിച്ചിരിക്കുന്നു എന്ന അര്‍ത്ഥം മാത്രമാണോ? ഈ സത്യം നാം ഗൗരവത്തോടെ ചിന്തിക്കേണ്ടതാണ്‌.

പുതുവത്സരം ആത്മപരിശോധനയുടെയും തിരിഞ്ഞുനോട്ടത്തിന്റെയും അവസരമാണ്‌. പുനര്‍വിചിന്തനവും തിരുത്തലുകളും ആവശ്യമാണ്‌. 2011 നമുക്ക്‌ എങ്ങനെയായിരുന്നു? അതോടൊപ്പം എങ്ങനെയുള്ള ലോകമാണ്‌ നമ്മുടെ കണ്‍മുന്നിലൂടെ കടന്നു പോയത്‌? ലോകത്ത്‌ പ്രധാനപ്പെട്ട പലകാര്യങ്ങളും സംഭവിച്ചു. ഈജിപ്‌തിലും ടൂണീഷ്യയിലും ലിബിയയിലും ഏകാധിപത്യഭരണം അവസാനിച്ചു. ഇതില്‍ ലിബിയയിലെ ഭരണമാറ്റം പ്രത്യേകം ശ്രദ്ധേയമാണ്‌. ഏതാണ്ട്‌ 41 വര്‍ഷത്തെ ഗദ്ദാഫിയുടെ ഏകാധിപത്യഭരണമാണ്‌ ഇവിടെ അടിതെറ്റി വീണത്‌. ഇത്രയും കാലം ലിബിയയെ സ്വന്തംപോലെ ഉപയോഗിച്ചിരുന്ന ഗദ്ദാഫിയും അതിധാരുണമായി കൊല്ലപ്പെടുകയും ചെയ്‌തു. അതുപോലെ രണ്ടുമക്കളും യമപുരി പൂകി.

ഇന്‍ഡ്യയിലും തീര്‍ച്ചയായും മാറ്റങ്ങളുണ്ടായിട്ടുണ്ട്‌. രാജ്യം സാമ്പത്തികമായി മുന്നേറി. ഇന്‍ഡ്യ ഇന്ന്‌ ലോകത്തെ ഒന്‍പതാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു കഴിഞ്ഞു. ലോകത്തെ ഏറ്റവും ഉയര്‍ന്ന 20-സാമ്പത്തിക ശക്തികളില്‍ (ജി-20) ഇന്‍ഡ്യ പ്രധാനപ്പെട്ട ഒരു രാജ്യമായിക്കഴിഞ്ഞിരിക്കുന്നു.

2011-ല്‍ നടന്ന അത്യാഹിതങ്ങളുടെ കണക്കും ഒട്ടും കുറവല്ല. കൊടുങ്കാറ്റ്‌, പേമാരി (തയ്‌ലാന്‍ഡ്‌, ഫിലിപ്പിന്‍, ബാഗ്ലദേശ്‌), ഭൂമികുലുക്കം, കൊലപാതകം അങ്ങനെ അത്യാഹിതങ്ങളുടെ പട്ടികയും?ഒട്ടും കുറഞ്ഞതല്ല.

ഇനിയും 2012-ല്‍ എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു? എങ്ങനെ നിര്‍വചിക്കാന്‍ കഴിയും? സിറിയയിലും ഈജിപ്‌തിലും യെമനിലുമെല്ലാം ആഭ്യന്തരകലഹം കൊടുമ്പിരിക്കൊണ്ടിരിക്കുന്നു. ഭുകമ്പവും പേമാരിയും മറ്റ്‌ അത്യാഹിതങ്ങളും എവിടൊക്കെ ഉണ്ടാകാന്‍ പോകുന്നു എന്ന്‌ ആര്‍ക്കറിയാം? കേരളത്തിലും തമിഴ്‌ നാട്ടിലും ഇന്നത്തെ പ്രധാന വിഷയം മുല്ലപ്പെരിയാര്‍ അണക്കെട്ടാണ്‌. അത്‌ എങ്ങനെ പര്യവസാനിക്കുമെന്ന്‌ കാത്തിരിന്നു കാണേണ്ടിയിരിക്കുന്നു.

അതെന്തായാലും മനുഷ്യവര്‍ഷത്തിന്റെ മഹത്വത്തെപ്പറ്റി നമുക്ക്‌ ചിന്തിക്കാം. നമ്മുടേതായി കടന്നുപോകുന്ന ഓരോ നിമിഷവും ദൈവത്തിന്റെ അപൂര്‍വ്വമായ വരദാനമാണ്‌. പിന്നിലേക്കൊന്നു തിരിഞ്ഞുനോക്കുക. കഴിഞ്ഞ വര്‍ഷം നമുക്ക്‌ എങ്ങനെയായിരുന്നു? ഈശ്വരന്‍ കനിഞ്ഞ്‌ ദാനമായി തന്ന ഓരോ നിമിഷവും നാം പ്രയോജനപ്പെടുത്തിയിട്ടുണ്ടോ? നമുക്ക്‌ ഏല്‍പ്പിച്ചുതന്നിട്ടിള്ള കഴിവുകള്‍ വെറും സ്വാര്‍ത്ഥതാല്‍പര്യത്തിനല്ലാതെ ഏതെങ്കിലും വിധത്തില്‍ മറ്റുള്ളവര്‍ക്ക്‌ പ്രയേജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ? നമ്മുടെ വിലേയേറിയ സമയത്തില്‍ ഒരുമാത്ര, ഒരുനിമിഷം മറ്റുള്ളവര്‍ക്കായി മാറ്റിവച്ചിട്ടുണ്ടോ? നമ്മുടെ സമ്പാദ്യത്തില്‍നിന്ന്‌ ഒരല്‍പമെങ്കിലും അര്‍ഹിക്കുന്ന മറ്റുള്ളവര്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ? എങ്കില്‍ അതുമാത്രമായിരിക്കും കഴിഞ്ഞ വര്‍ഷത്തെ നമ്മുടെ നേട്ടം.

2011-ല്‍ സ്വന്തപ്പെട്ടവരും ചാര്‍ച്ചക്കാരുമായി, നമ്മള്‍ അറിയുന്ന, നമുക്കു വേണ്ടപ്പെട്ടവരായ എത്രയൊ പേര്‍ നമ്മില്‍നിന്ന്‌ വേര്‍പെട്ട്‌ കടന്നുപോയി. എന്നാല്‍ 2012- നമുക്കായി ദൈവം മാറ്റിവച്ചിരിക്കുകയാണ്‌. അതുകൊണ്ട്‌ ഈ വര്‍ഷത്തെ നാം എങ്ങനെയാണ്‌ പ്രയോജനപ്പെടുത്തുന്നതെന്ന്‌ ചിന്തിക്കണം. വര്‍ഷാരംഭത്തില്‍ തന്നെ ഒരു ഏകദേശ രൂപം കണ്ടെത്തുക. എല്ലാവര്‍ക്കും സ്വന്തമായ ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടാകും. ജീവിതഭാരം പലരുടേയും കാലടികള്‍ക്ക്‌ കടിഞ്ഞാണായി പ്രതീക്ഷകളെയും പദ്ധതികളെയും കീഴ്‌പ്പെടുത്തും. അതൊക്കെയും കര്‍ത്തവ്യങ്ങളുടെ വകഭേദമായി കണക്കാക്കി ആത്മധൈര്യത്തോടെ നേരിടേണ്ടതുണ്ട്‌. ഈശ്വരന്‍ കനിഞ്ഞുതന്ന നിമിഷങ്ങങ്ങളില്‍ ആര്‍ജ്ജിക്കുന്ന മുത്തുകള്‍, അതെന്തുമായിക്കൊള്ളട്ടെ നമ്മുടെ പ്രതികരണമാണ്‌ പ്രധാനം. അത്‌ നമ്മുടെ കാലടികള്‍ക്ക്‌ കരുത്തു പകരും.

നമ്മെ തളര്‍ത്തുകയൊ ആഹ്‌ളാദിപ്പിക്കുകയെ ചെയ്യുന്ന സംഭവങ്ങള്‍ നമ്മളില്‍ മാറ്റങ്ങള്‍ക്ക്‌ വഴിതെളിച്ചേക്കാം. ജീവിതത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചേക്കാം. നാം അറിയാത്ത മാര്‍ഗ്ഗത്തിലൊ ദിശയിലൊ നമ്മെ നയിച്ചേക്കാം. എന്നാല്‍ അതിലൊന്നും പതറാതെ ആത്മധൈര്യം നിലനിര്‍ത്തി മുന്നേറുന്നതാണ്‌ ജീവിതത്തില്‍ അഭികാമ്യം. സംഭവിക്കുന്നത്‌ എന്തുതന്നെയായാലും കഴിഞ്ഞതൊന്നും ആവര്‍ത്തിക്കാന്‍ കഴിയുന്നതല്ല. അനുഭവങ്ങള്‍ ഗുരുവാകാന്‍ കഴിയുന്നതായിരിക്കും ജീവിതത്തിലെ വിജയ രഹസ്യം.

എന്തായാലും ജീവിതത്തില്‍ പാളിച്ചകള്‍ വരാതെ നാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്‌. എങ്കിലും നമ്മുടെ പാളിച്ചകളും ചുറ്റുപാടുമുള്ളവരുടെ അനുഭവങ്ങളും നമ്മുടെ പാതകളില്‍ പ്രകാശം പരത്തെണം. ആ പ്രകാശം ആവഹിക്കാന്‍ കഴിയാത്തവന്റെ പതനം ഭയങ്കരമായിരിക്കും. നമുക്ക്‌ ജീവിച്ചു തീര്‍ക്കാനുള്ള നിമിഷങ്ങള്‍ അര്‍ത്ഥവത്താകത്തക്ക രീതിയില്‍ മുന്‍ കരുതലോടെ നീങ്ങാം.

ഏവര്‍ക്കും പുതവത്സരാശംസകള്‍!!!

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ഒരു വര്‍ഷം:  മണ്ണിക്കരോട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക