Image

എസ് .എസ്. എല്‍ .സി റിസള്‍ട്ടും ചമ്പൂര്‍ണ്ണ ചാച്ചരതയും

അനില്‍ പെണ്ണുക്കര Published on 22 April, 2015
എസ് .എസ്. എല്‍ .സി റിസള്‍ട്ടും ചമ്പൂര്‍ണ്ണ ചാച്ചരതയും
ചരിത്രത്തില്‍ ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷാഫലം വീണ്ടും പ്രസിദ്ധപ്പെടുത്തുന്നു .കഴിഞ്ഞ ദിവസം അബ്ദുറെബ്ബു പുറത്തുവിട്ട ഫലമാകെ കുഴപ്പം. 97.99 ശതമാനം പേര്‍ ജയിച്ചു. സംഗതി അതല്ല. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജയിച്ചത് കണ്ണുരില്‍ ആണെന്നായിരുന്നു മന്ത്രി പറഞ്ഞത്. പക്ഷെ കൂട്ടിയും കിഴിച്ചും വന്നപ്പോള്‍ അത് കോഴിക്കോട് ജില്ല ആയിപ്പോയി.

അതിനു മന്ത്രിയെയോ പാര്ട്ടിയെയോ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. 100 ശതമാനം രിസല്‍ട്ട് ആക്കാനുള്ള തിരക്കിലാണ് മന്ത്രിയും പരിവാരങ്ങളും. നാമൊക്കെ പഠിച്ച സമയത്ത് എല്ലാ വിഷയത്തിന് 20 മാര്‍ക്കെങ്കിലും വാങ്ങുകയും ഒരുവിഷയതിനു എന്തെങ്കിലും കുറവ് വന്നാല്‍ മൊഡരേഷന്‍ നല്കി കയറ്റിവിടും. എന്നാലിപ്പോള്‍ ഒരു വിഷയത്തിന് 5 മാര്‍ക്ക് വാങ്ങിയാല്‍ മതിയത്രേ. 100 ശതമാനം റിസള്‍ട്ട് ആണ് ലക്ഷ്യമെങ്കില്‍ റിസള്‍ട്ട് പബ്ലിഷ് ചെയ്യേണ്ട കാര്യമുണ്ടോ? .എസ് .എസ്. എല്‍ .സി റിസള്‍ട്ട് എന്ന് പറയുമ്പോഴെ നെഞ്ചില്‍ ഇടിപ്പാണ്.

മെയ് 27 നായിരുന്നു പണ്ടൊക്കെ റിസള്‍ട്ട് വരിക. 28 നു പത്രങ്ങളില്‍ വരും.27 വൈകിട്ട് ഏതെങ്കിലും പാരലല്‍ കോളേജില്‍ റിസള്‍ട്ട് കൊണ്ടുവരും .അത് നോക്കിയിട്ട് ജയിച്ചവര്‍ സന്തോഷിക്കുകയും തോറ്റവര്‍ പിന്നെയും റിസള്‍ട്ട് നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന കാഴ്ച ഇന്ന് ഇല്ല. കുറെ എ പ്ലസും ബി പ്ലസും. മാര്‍ക്ക് ഒരു കുട്ടിയും അറിയുന്നില്ല. ഒരു വിഷയം കിട്ടിയില്ലങ്കില്‍ സേ എഴുതാം. അതും തോറ്റ വിഷയം മാത്രം. ഇങ്ങനെ വരുന്ന കുട്ടികളാണ് നാളത്തെ എന്‍ജിനീയറും ഡോക്ടരുമോക്കെ ആകുന്നത് .

ഇങ്ങനെ നേടുന്ന എസ് .എസ് .എല്‍ സി സര്‍ട്ടിഫിക്കറ്റു കൊണ്ടാണ് അടുത്ത പരിപാടിക്കു കുട്ടികള്‍ ഇറങ്ങുന്നത്.
എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍പിന്നെ നമുക്ക് വിദ്യാഭ്യാസം തുടരാന്‍ ഇന്ന് അനവധി പാതകളും വാതിലുകളും തുറക്കുകയായി. പുതിയപാതയിലേക്ക് കടക്കാന്‍ ഇക്കാലത്ത് എസ്.എസ്.എല്‍.സി കഴിയണമെന്നുപോലും ഇല്ല. കൊച്ചു കുഞ്ഞുങ്ങള്‍പോലും കമ്പ്യൂട്ടറില്‍ പലതലത്തിലുള്ള വൈദഗ്ധ്യം നേടുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതും ആത്യന്തികമായി രക്ഷിതാക്കളുടെ രക്ഷയ്‌ക്കെത്തുന്ന സൗകര്യങ്ങള്‍തന്നെ.

എല്ലാവരും മക്കള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് എന്നാണ് നാമെല്ലാം പറഞ്ഞുനടക്കുന്നത്. എന്നാല്‍ കുട്ടികള്‍ എന്ത് ചെയ്യുന്നതും അച്ഛനമ്മമാര്‍ക്ക് വേണ്ടിയാണ് എന്നാണ് മക്കള്‍ തിരിച്ചു പറയുന്നത്. എസ്.എസ്.എല്‍.സി കഴിഞ്ഞാല്‍ മക്കളോട് ചിലര്‍ അവരുടെ താല്‍പര്യം ചോദിക്കുമെങ്കിലും അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മിക്കവാറും അത് അച്ഛനമ്മമാരുടെകൂടി താല്‍പര്യത്തിന് വിധേയമായാണ് സംഭവിക്കുക. എന്‍ജിനീയര്‍, ഡോക്ടര്‍ തുടങ്ങിയ വകുപ്പിലേക്കുള്ള ഓട്ടം ഇന്ന് പണ്ടത്തെ അപേക്ഷിച്ച് കുറേ കുറഞ്ഞെങ്കിലും അതിലേക്കുള്ള ആവേശം പൂര്‍ണമായും കെട്ടടങ്ങി എന്ന് പറയാറായിട്ടില്ല.

അതുകഴിഞ്ഞാല്‍ പിന്നെ, മാനേജുമെന്റ് പഠനം പോലുള്ള പ്രൊഫഷനല്‍ കോഴ്‌സുകളിലേക്കാണു നമ്മുടെ പരക്കം പാച്ചില്‍. മക്കളുടെ വിദ്യാഭ്യാസത്തില്‍ തീര്‍ച്ചയായും നമുക്ക് ഉല്‍ക്കണ്ഠയും തല്‍പര്യവുമൊക്കെ വേണം. പക്ഷേ അത് അധികമായി കണ്ണും ചെവിയും കേള്‍ക്കാത്ത അവസ്ഥയിലെത്തി, വരും വരായ്കകള്‍ ചിന്തിക്കാന്‍ പറ്റാതെ വന്നാല്‍ ഗുണത്തിനു പകരം ദോഷമായിരിക്കും ഫലം. മെഡിസിനും എന്‍ജിനീയറിങ്ങിനും മറ്റും പ്രവേശനം കിട്ടി അന്യസംസ്ഥാനങ്ങളിലേക്കും നാട്ടിലെ വിവിധ കോളജുകളിലേക്കും പോയ മക്കളുടെ ക്ഷേമകാര്യങ്ങള്‍ എത്ര മാതാപിതാക്കളാണ് അന്വേഷിക്കുന്നത്?

ഏഴു വര്‍ഷംമുമ്പ് എന്‍ജിനീയറിങ്ങിനും മെഡിസിനും ആവേശത്തോടെ ചേര്‍ന്ന കുട്ടികളുടെ ഇന്നത്തെ നിരാശ, ഇന്നുചേരാന്‍ പോകുന്ന കുട്ടികള്‍ക്കും ചേര്‍ക്കാന്‍ പോകുന്ന രക്ഷിതാക്കള്‍ക്കും പാഠമാകേണ്ടതാണ്. അവര്‍ ചിന്തിക്കേണ്ടത് ഓരോ കോഴ്‌സിനും ഇന്ന് എന്ത് സാധ്യതയുണ്ട് എന്നല്ല; ഏഴുവര്‍ഷം കഴിഞ്ഞ് എന്ത് സാധ്യതയുണ്ടാകും എന്നതാണ്. നമ്മുടെ സ്‌കൂളുകളിലും കോളജുകളിലും കുട്ടികളെ പഠിപ്പിക്കുന്ന രീതിയും പരീക്ഷിക്കുന്ന രീതിയും മാര്‍ക്കിട്ട് ജയിപ്പിക്കുന്ന രീതിയും വിചിത്രമാണ്. അടുത്തവര്‍ഷത്തേക്കു കുട്ടികളെ വീണ്ടുംകിട്ടണം എന്ന ആശയം വച്ച് വെറുതെ ജയിപ്പിച്ചും ഫസ്റ്റ് ക്ലാസ്സ് കൊടുത്തും കടത്തിവിടുന്ന പ്രക്രിയ മിക്കവാറും എല്ലാ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളെയും ബാധിച്ചിരിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

ഫസ്റ്റ്ക്ലാസ് എന്നത് ചില യൂണിവേഴ്‌സിറ്റികളില്‍ മിനിമം മാര്‍ക്കായിപ്പോലും അവര്‍ സ്വയംസൃഷ്ടിച്ചെടുത്ത അലിഖിത നിയമമായിക്കഴിഞ്ഞു. ഇങ്ങനെ പാസ്സാകുന്നവര്‍ ഇതുപയോഗപ്പെടുത്തി പ്രവര്‍ത്തിക്കാനുള്ള അറിവ് നേടിയിട്ടില്ലാത്തതിനാല്‍ ജീവിതത്തില്‍ പരാജയപ്പെടും എന്ന് തീര്‍ച്ച. ഗ്രെയ്‌സ് മാര്‍ക്കുകള്‍, മോഡറേഷന്‍ മാര്‍ക്കുകള്‍, സര്‍വസംഖ്യാ വിജയം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ മൊത്തം വിദ്യാഭ്യാസത്തിന്റെ നിലവാരം കുറച്ചതും നാം മറന്നിട്ടു കാര്യമില്ല.

അഡ്മിഷനു വേണ്ടി ലക്ഷക്കണക്കിനു രൂപ കോഴകൊടുക്കാതെ തനിക്കും തന്റെ കുട്ടിക്കും താങ്ങാവുന്നതും മനസ്സിലാകുന്നതുമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് അത് ലളിതമായി പഠിച്ച് ഈ സമൂഹത്തില്‍ അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാലോചിക്കുന്ന അച്ഛനമ്മമാരെയും കുട്ടികളെയുമാണ് ഇന്നത്തെ വിദ്യാഭ്യാസ രംഗം കാത്തിരിക്കുന്നത്. അതിനുതകും വിധം നൂറുകണക്കിന് വിഷയങ്ങളും ഫാക്കല്‍ട്ടികളും കലാപഠനങ്ങളും ഉള്ള കോളജുകളും കലാശാലകളും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. അത് കണ്ടെത്താനാണ് രക്ഷിതാക്കളും മക്കളും ശ്രമിക്കേണ്ടത്. ഇന്നത്തെ നിരാശയും ലക്ഷ്യമില്ലായ്മയും പരിഹരിക്കാനുള്ള ഏക മാര്‍ഗം എന്ത് പഠിക്കണം എങ്ങനെ പഠിക്കണം എന്ന് തിരിച്ചറിഞ്ഞ് കോഴ്‌സിനു ചേരുക എന്ന ശീലം ഉണ്ടാക്കുക മാത്രമാണ്.

ഓരോ വര്‍ഷവുംഎസ് .എസ്. എല്‍ .സിയും പ്ലസ് ടു വും പാസായി ആയിരങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. പക്ഷേ അവരെല്ലാം പലവഴിക്ക് ചിതറുകയും, പാസായവരില്‍ ഭൂരിഭാഗവും എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന് യോഗ്യരല്ലാത്തവരാവുകയും ചെയ്യുന്നു. അവര്‍ മറ്റുപലതിനും യോഗ്യരാണെന്നു നാം മറക്കുകയുമരുത്. ഇനി, 'എന്റെ കുട്ടിക്കും ഒരുസീറ്റു കിട്ടുമോ' എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി നല്‍കാം. സീറ്റുകിട്ടുമോ എന്ന് ചോദിക്കും മുമ്പ്, ആ സീറ്റുതന്നെ വേണമോ എന്ന് കുട്ടിയും വീട്ടുകാരും കൂടി ഒരിക്കല്‍ കൂടി ആലോചിക്കേണ്ടതുണ്ട്.

കുട്ടിക്ക് താല്പ്പര്യം ഉേണ്ടാ, ഉണ്ടെങ്കില്‍ത്തന്നെ പഠനവും പഠനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിഞ്ഞുണ്ടായ താല്‍പ്പര്യമാണോ എന്നറിയുക. അതോ,'എല്ലാവരും പറയുന്നു, ഞാനും പറയുന്നു'എന്ന മട്ടില്‍ കേവലമായ ഒരു ആശമാത്രമാണോ എന്ന് കൃത്യമായി നാം തിരിച്ചറിയണം. കാരണം അത് വളരെ പ്രധാനപ്പെട്ടതാണ്. ഒന്നുമറിയാതെ വെറുതെ എടുത്തുചാടി ചേരുന്നവര്‍ എന്തിനു ചേര്‍ന്നാലും അത് പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നില്ല.ഇത് എന്‍ജിനീയറിങ് പഠനത്തിന്റെ മാത്രം പ്രശ്‌നമല്ല. പല പഠന ശാഖകളിലേക്കും അനര്‍ഹര്‍ പല കാരണത്താല്‍ എത്തിപ്പെട്ട് അവര്‍ക്കോ സ്ഥാപനത്തിനോ പ്രയോജനപ്പെടാത്തവിധം വര്‍ഷങ്ങളും പണവും തുലയ്ക്കുന്നു.

അത് തടയാന്‍, വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുമിച്ചു തീരുമാനിക്കാന്‍ പറ്റിയ സമയമാണിത്. കാരണം പണ്ടത്തേതില്‍നിന്ന് വ്യത്യസ്ഥമായി ഇന്ന് നമുക്കുമുമ്പില്‍ ഒരുപാട് വഴികളുണ്ട്. എസ്.എസ്.എല്‍.സി, അതുകഴിഞ്ഞ് പ്ലസ് ടു, പിന്നെ ബിരുദം, ബിരുദാനന്തര ബിരുദം എന്നിങ്ങനെയുള്ള ഏക പാതയല്ല ഇപ്പോള്‍. ഏതു മാര്‍ഗം തിരഞ്ഞെടുത്താലും അടിസ്ഥാനപരമായി നേടുന്ന അറിവാണ് ഒരു വ്യക്തിയെ ലോകത്ത് വലിയവനാക്കുന്നത് . വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകള്‍ നാം ജീവിക്കുന്ന സമൂഹത്തിന്റെ മേല്‍ക്കൂരയാണ്.

ഓരോ സമൂഹവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് പ്രത്യേകമായ ഒരു സാമ്പത്തിക അടിത്തറയിലാണ്. ജീര്‍ണ്ണിതമായ ഒരു സമൂഹത്തില്‍ വിദ്യാഭ്യാസ രംഗം മാത്രമായി ശുദ്ധീകരിക്കുക അത്ര എളുപ്പമല്ല. മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയും തന്റെ ജീവിതത്തില്‍ അത് പ്രയോഗവത്കരിച്ച് കാണിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഒരു നവസംസ്‌കാരത്തിന്റെ ആമുഖം കുറിക്കേണ്ടത് അവിടെനിന്നു തന്നെയാണ്.അതിനിടയില്‍ തട്ടിപ്പും വെട്ടിപ്പും വേണോ ...
Join WhatsApp News
വായനക്കാരൻ 2015-04-22 15:01:12
SSLC-യിൽ 100 ശതമാനം സാക്ഷരത =  SSLC എന്ന നാലക്ഷരങ്ങൾ വായിക്കാനറിയുക.
വിക്രമൻ 2015-04-22 18:08:25
മന്ത്രി SSLC പസ്സായിട്ടുണ്ടോ എന്ന് ആദ്യം പരിശോധിക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക