Image

ദേവസ്യയുടെ അഥവാ ഒരു മരക്കച്ചവടക്കാരന്റെ ഒരു ദിവസം (എം.ടി.ആന്റണി)

എം.ടി.ആന്റണി Published on 22 April, 2015
ദേവസ്യയുടെ അഥവാ ഒരു മരക്കച്ചവടക്കാരന്റെ ഒരു ദിവസം (എം.ടി.ആന്റണി)
ശനിയാഴ്ച കാലത്ത്, കുളിയും ജപവുമൊക്കെ കഴിഞ്ഞാല്‍, അല്പം ബ്രെയ്ക്ക് ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, അല്പം ശാസ്ത്രീയസംഗീതം കേള്‍ക്കുക, കഴിഞ്ഞ 38 വര്‍ഷങ്ങളായി ദേവസ്യ കണിശമായി, ഒരിക്കലും മുടങ്ങാതെ പാലിച്ചിട്ടുള്ള ഒരു ചിട്ടയാണ്. കഷ്ടിച്ച് അരമണിക്കൂര്‍ നേരം എം.എസ് സുബ്ബലക്ഷിയുടെ സുപ്രഭാതം എന്ന ലോക പ്രസിദ്ധമായ കര്‍ണാടിക് സംഗീതമാണ് ദേവസ്യ എല്ലാ ശനിയാഴ്ചകാലത്തും മുടങ്ങാതെ കേള്‍ക്കുന്നത്.

എന്തുകൊണ്ട് എം.എസ് ? എന്തുകൊണ്ട് സുപ്രഭാതം ? എന്തുകൊണ്ട് ശനിയാഴ്ച മാത്രം ? പോരാ, എന്തുകൊണ്ട് കേട്ടാല്‍ മനസ്സിലാവാത്ത ഈ ശാസ്ത്രീയസംഗീതം ? ദേവസ്യക്കു തന്നെ ഉത്തരങ്ങളില്ലാ ഈ ചോദ്യങ്ങള്‍ക്കൊന്നും.

ദേവസ്യയുടെ ഭാര്യ കുഞ്ഞന്നം കുളിച്ചു തയ്യാറായി ഓവര്‍ ടൈം ജോലിക്ക് പൊയ്ക്കാണും. എം.എസ് പാട്ട് നിര്‍ത്തുമ്പോള്‍, ദേവസ്യ പ്രഭാതഭക്ഷണം കഴിക്കുന്നു. സ്വന്തം ബിസിനസ്സ് ഒരു ഫര്‍ണീച്ചര്‍ കടയാണ്,  അതിലേക്ക് കാറോടിക്കുന്നു.

ശനിയാഴ്ച കട ഒമ്പതുമണിക്ക് തുറക്കും. ദേവസ്യ എത്തുമ്പോള്‍ പത്തുമണിയാവും. ആദ്യത്തെ ഒരു മണിക്കൂര്‍ വെള്ളിയാഴ്ച നടന്ന ബിസിനസ്സിന്റെ കണക്കെടുക്കലാണ്. വെള്ളിയാഴ്ചയിലെ ഡെലിവറിയെല്ലാം നടന്നുവോ, ട്രക്കുകള്‍ എല്ലാം കേടുകൂടാതെ തിരിച്ചെത്തിയോ,  കിട്ടാനുള്ള പണം കിട്ടിയോ ഇത്യാദി.  ഈ തിരക്കുള്ള പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ വളരെ മാന്യമായ രീതിയില്‍ വേഷം ധരിച്ചിട്ടുള്ള മൂന്നുപേര്‍, അതിലൊരാള്‍ ഒരു വൈദികന്‍, കടന്നു വരുന്നു.

ഏവരെയും അതൃപ്തിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ദേവസ്യ കടലാസ്സുകളും ഫയലുകളും മാറ്റി വക്കുന്നു. അതിഥികളെ ബഹുമാനപൂര്‍വ്വം സ്വീകരിക്കുന്നു.

സ്റ്റാറ്റന്‍ ഐലന്റില്‍ ഒരു പുതിയ പള്ളി പണിയാന്‍ വേണ്ടി ബഹുമാനപ്പെട്ട ജനകീയ നേതാക്കന്മാര്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ജോലിത്തിരക്കാണ്, എങ്കിലും ഇവരെ എങ്ങിനെയെങ്കിലും ഇറക്കിവിടണമല്ലോ. ദേവസ്യ വജ്രായുധം പുറത്തെടുക്കുന്നു.

“എന്താണ് നിങ്ങളുടെ പ്രതീക്ഷ?”

അച്ഛന്‍ പറഞ്ഞു. ദേവസ്യക്കും ദേവസ്യയുടെ ബിസിനസിനും ദൈവാനുഗ്രഹമുണ്ടാകും. മൂന്നു പേരും കൂടി ലുത്തിനീയ പാടി 

ഹല്ലേലൂയ, ഹല്ലേലൂയ

ദേവസ്യയുടെ പേരില്‍ ഞങ്ങള്‍ 5000 ഡോളറിന്റെ ഒരു രശീതി അച്ചടിച്ച ുകൊണ്ടുവന്നിട്ടുണ്ട്. ദേവസ്യ ചെക്കു ബുക്കെടുക്കുന്നു. 500 ഡോളറിന്റെ ഒരു ചെക്കെഴുതുന്നു.

ഈ മാന്യന്മാര്‍ ഇറങ്ങുന്നതിനുമുമ്പ് നാലു പേര്‍ കയറി വരുന്നു. അഖില ലോക ഹിന്ദു മഹാസഭയുടെ ന്യൂയോര്‍ക്ക് ശാഖയിലെ പ്രതിനിധികളാണ്. അവര്‍ ഒരു സുവനീർ പ്രസിദ്ധീകരിക്കുന്നു.  പ്രതീക്ഷ  5000 ഡോളർ. ദേവസ്യ ചെക്ക് ബുക്കെടുക്കുന്നു. 500 ഡോളര്‍. അല്പം സൈ്വരമായി എന്നു വിചാരിച്ച് ഒന്നു കണ്ണടക്കാന്‍ നോക്കുമ്പോള്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഒരു സാഹിത്യകാരന്റെ വിളി. 28-നു ഒരു പുസ്തക പ്രകാശനത്തിനു വരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് പിക്ക് ചെയ്യാമോ, രണ്ടു ദിവസം ദേവസ്യയുടെ വീട്ടില്‍ താമസിക്കാമെന്ന്. ഭാഗ്യത്തിന് ഈ സാഹിത്യകാരന്‍ വരുന്ന അന്ന് ഭാര്യയുടെ അനുജത്തിയുടെ മകളുടെ കല്യാണമാണ്. ദേവസ്യ കൈ മലര്‍ത്തുന്നു. മണി ഒന്നാകാന്‍ പോകുന്നു. ഭാര്യയുടെ ടെലിഫോണ്‍. ആരോ വന്ന് കാറിലിടിച്ചു. ട്രിപ്പിള്‍ എ കാര്‍ഡ് ഇല്ല. നമ്പറില്ല. ദേവസ്യ ഉടനെ കാറെടുത്ത് ഭാര്യയുടെ കാറന്വോഷിച്ചു ഇറങ്ങിക്കളഞ്ഞു. തിരിച്ചുവന്നപ്പോള്‍ മൂന്നു മണികഴിഞ്ഞു. മൂന്നു ടെലിഫോണ്‍ മെസേജുകള്‍ കാത്തിരിപ്പുണ്ടായിരുന്നു.

മെസേജ് 1. Chamber of Commerce meeting

മെസേജ് 2. മറ്റൊരു സാഹിത്യകാരന്‍ ടെക്‌സാസില്‍ നിന്ന് വരുന്നു. എയര്‍പോര്‍ട്ടിലേക്ക് വരുമോ.

മെസേജ് 3. Mohanlal Show രണ്ടു ടിക്കറ്റുകള്‍ 100 ഡോളര്‍ വീതം വിലയുള്ളത് മെയില്‍ ചെയ്തിരിക്കുന്നു.

രണ്ടു കസ്റ്റമേഴ്‌സും കടയിലേക്ക് വരുന്നു. അരമണിക്കൂര്‍ ചുറ്റിപ്പറ്റി നടക്കുന്നു. മലയാളികളാണ് കുശലം പറയുന്നു. അവസാനം ഒരു ചോദ്യം.

ആ കംപ്യൂട്ടര്‍ ഡെസ്‌കിനെന്താണ് വില? 

പേരെന്താ? 

എന്റെ പേര് വിജയരാഘവന്‍.

ആ കംപ്യൂട്ടറിന്റെ വില അതിന്മേല്‍ എഴുതിവച്ചിട്ടുള്ളതാണ്. 399 ഡോളര്‍.

വില കുറയ്ക്കാന്‍ പറ്റുമോ?

ക്ഷമിക്കണം. നിങ്ങളുടെ വീട്ടില്‍ ഇത് കൊണ്ടു തരണം. ആ ചിലവുണ്ട്. വില കുറയ്ക്കാന്‍ പറ്റില്ല.
വിജയരാഘവന്‍ വിടാന്‍ തയ്യാറില്ല.

വീണ്ടും വീണ്ടും ചില കുറക്കാമോ എന്ന ചോദ്യം അവസാനം വിജയരാഘവന്‍ ഒരു ബോംബിട്ടു നൂറു ഡോളര്‍ തരാം.

ദേവസ്യക്ക് നിയന്ത്രണാതീതമായ അരിശം വന്നു. പക്ഷെ, അരിശമൊക്കെ നിയന്ത്രിച്ച് അല്പം ഫലിതം ചേര്‍ത്തു പറഞ്ഞു. 

ശ്രീ. വിജയരാഘവന്‍, രാത്രി തലയില്‍ ഒരു മുണ്ടിട്ട് ഇവിടെ വന്ന് ഇത് മോഷ്ടിക്കാന്‍ നോക്കുന്നതായിരിക്കും ഭേദം.

വിജയരാഘവനും കൂട്ടുകാരനും സ്ഥലം വിട്ടു.

മണി നാലു കഴിഞ്ഞു.

എക്കൗണ്ടന്റ് വിളിച്ചു കഴിഞ്ഞ കോര്‍ട്ടറില്‍ ബിസിനസ്സ് നഷ്ടത്തിലായിരുന്നു എന്നു പറയാന്‍. വിശദവിവരങ്ങള്‍ കാണുമ്പോള്‍ പറഞ്ഞാല്‍ മതി എന്നു പറഞ്ഞു ടെലിഫോണ്‍ താഴെ വച്ചു. അപ്പോഴേക്കും മൂന്നു കസ്റ്റമേഴ്‌സ് വന്നു. അല്പം സമയം ചിലവഴിച്ചു. എങ്കിലും 7800 ഡോളറിന്റെ ഫര്‍ണീച്ചര്‍ വാങ്ങി. വില പേശിയില്ല. 

ടെലിഫോണ്‍ :

ഗുരുകുലത്തില്‍ ഒരു പുസ്തകപ്രകാശനം ദേവസ്യ പ്രസംഗിക്കണം. 

ദേവസ്യ താണു വീണു കേണു. 

എന്നെ ഒഴിവാക്കുക.

പിന്നെയും ടെലിഫോണ്‍ കോള്‍.

ബിഷപ്പ് വരുന്നു. ഒരു സീറോ മലബാര്‍ പള്ളി പണിയണം. പ്രാരംഭമായി ഒരു സോവറീന്‍ ഇറക്കുന്നു. അതില്‍ ദേവസ്യ പരസ്യം ചെയ്യണം.

ആറു മണിയായപ്പോള്‍ ദേവസ്യയുടെ കടയടക്കാന്‍ പറയുന്നു. അപ്പോള്‍ നാലുപേര്‍ കയറി വരുന്നു. Samajam  ഒരു കുമ്മിയടി മത്സരം നടത്തുന്നു. അതിന് ദേവസ്യ ജഡ്ജാകണം.
ദേവസ്യ വളരെ ക്ഷമാപൂര്‍വ്വം പറഞ്ഞു.

ഞാന്‍ കടയടക്കുകയാണ്.

നമുക്ക് ടെലിഫോണില്‍ സംസാരിക്കാം.

ആറരമണിക്ക് ദേവസ്യ വീട്ടിലെത്തി.

രണ്ട് പെഗ് ബ്ലാക്ക് ലേബല്‍. 

മൂന്നു കട്ട ഐസ്.

ദേവസ്യയുടെ ശനിയാഴ്ചയുടെ അവസാനം.
Join WhatsApp News
andrew 2015-04-22 10:48:31
മാഷിന്‍റെ കഥ  ഉഗ്രന്‍ ആയിരിക്കുന്നു. മാത്രം അല്ല വളരെ റിയല്‍ തന്നെ. ഇതേ അനുഭവങ്ങള്‍ സഹിച്ച മര കച്ചവടകാരനെയും  അറിയാം .
Jack Daniel 2015-04-22 18:24:47

 Cheers Mr. Antony Cheers.  All the stories should end like that; on the rock

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക