Image

ഒത്തുതീര്‍പ്പുകള്‍ - കവിത(അനില്‍ കുറ്റിച്ചിറ)

അനില്‍ കുറ്റിച്ചിറ Published on 22 April, 2015
ഒത്തുതീര്‍പ്പുകള്‍ - കവിത(അനില്‍ കുറ്റിച്ചിറ)
മുമ്പ്, പേര്‍ഷ്യയിലേക്കോ 
ഇന്നലെ അറേബ്യയിലേക്കോ 
പാലായനം ചെയ്ത കുടുംബം 
ഉപേക്ഷിച്ചു പോയ വീടിന്റെ 
വെളിച്ചമില്ലാത്ത തിണ്ണയില്‍ 
ഞങ്ങളുടെ സൗഹൃദത്തിന്‍ 
കപ്പല്‍ നങ്കൂരമിടുന്നു 

നാലുപേരേയും 
നിങ്ങള്‍ക്കറിയാം 

ഒളിച്ചു കളികള്‍ക്കിടയില്‍ 
ഉടലുലയ്ക്കുന്ന കഥ പറഞ്ഞ് 
ശരീര വളര്‍ച്ച തൊട്ടറിഞ്ഞ് 
തുടങ്ങിയ സൗഹൃദം 
ചോരയിറ്റുന്ന ശിക്ഷയുടെ 
വിങ്ങലുകളെ 
പാപങ്ങള്‍ പെരുക്കി 
അതിജീവിച്ചവര്‍ 
ഓരോ പുസ്തകപ്പൊതിച്ചിലിലൂം 
അടക്കിപ്പൊതിഞ്ഞവ 
വായിച്ച് വായിച്ച് 
ശീലങ്ങളുടെ ഗുണപാഠങ്ങള്‍ക്ക് 
അന്യമായവര്‍ 

മുമ്പും 
ഞങ്ങളിങ്ങനെയാണ് 
ഒത്തുതീര്‍പ്പുകള്‍ക്കായ് 
ഒത്തുകൂടും 
മദ്യം കൊണ്ട് ശയ്യ തീര്‍ക്കും 
അപ്പോഴേക്കും 
പുറംകാഴ്ചകള്‍ക്കായ് 
എടുത്തണിഞ്ഞ പലതരം 
കുപ്പായങ്ങളൂരി നഗ്‌നരാകും 
കുറ്റം ചെയ്തവന്‍ 
കുമ്പസാരിക്കും 
മറ്റ് മൂന്ന് പേര്‍ ക്ഷമിക്കും 
പിറ്റേന്ന് 
പുളിച്ച ജീവിതത്തിലേക്ക് 
വേച്ചുവീണ് 
സൗഹൃദത്തിന്‍ 
ചതുരംഗം 
മറക്കും 

ആദ്യമൊക്കെ 
ചെറിയ കുമ്പസാരങ്ങളില്‍ 
പാപങ്ങള്‍ വറ്റിപ്പോയി 
മദ്യത്തിന്‍ വഴുവഴുത്തഭിത്തിയില്‍ 
ചാരി കെട്ടിമറിഞ്ഞ് 
ഏവരും കരഞ്ഞാല്‍ 
ഒടുങ്ങുന്നത്ര കനമേ 
അവയ്ക്കുണ്ടായിരുന്നൊള്ളൂ 

കളിസ്ഥലികള്‍ ഇരുള്‍ മൂടുകയും 
ഒളിച്ചുകളിയില്‍ത്തന്നെ 
മത്സരിച്ചും 
ഞങ്ങള്‍ നാലുപേര്‍ 

ഇന്ന് വെളിച്ചമില്ലാത്ത തിണ്ണയെ 
മദ്യം കൊണ്ടലങ്കരിച്ച് 
കുമ്പസാരക്കൂടു പണിയുന്നു 

നാലിലൊരാളുടെ വീട്ടില്‍ 
തോരാക്കണ്ണീരിന്‍ 
പെരുക്കങ്ങള്‍ 
ഒത്തുതീര്‍പ്പ് 
എളുപ്പംതീരില്ലെന്ന് 
ഞങ്ങള്‍ക്കുള്ളില്‍ ചിലക്കുന്നു 
പല്ലികള്‍ 

വാദിയാകുന്നവന് 
നാലാമനെന്ന് പേര്‍ 
എങ്കിലല്ലേ 
മറ്റുമൂന്നുപേര്‍ക്കുമായ് 
രഹസ്യത്തിന്‍ 
അച്ചുതണ്ട് പിറക്കൂ 

ഒന്നാമന്‍ പറയുന്നു 
ഭഞാനല്ല കാരണം' 
രണ്ടാമനൂം മൂന്നാമനും 
ആവര്‍ത്തിക്കുന്നു 
കള്ളം കൊണ്ടുള്ള പരിശ്രമം 
ഗ്‌ളാസ്സില്‍ നുരഞ്ഞൊഴിഞ്ഞ് 
കയ്പ്പുനീര്‍ 
രണ്ടാമന്‍ പറഞ്ഞു 
ഭചിലപ്പോള്‍ ഞാനായിരിക്കാം 
ഓര്‍മ്മയില്ല' 
ഒന്നാമനും,മൂന്നാമനും 
ആവര്‍ത്തിക്കുന്നു 

നാലാമന്‍ നിര്‍വ്വികാരനായ് 
ഫോണിലൂടെ 
തന്റെ പെണ്ണിനെ 
സാക്ഷിയായ് വിളിക്കുന്നു 
ഭമകളെ കുത്തിപ്പൊളിച്ച കൂട്ടുകാര്‍ 
മുഖമറിയില്ല, 
ഫോണിനപ്പുറം 
കരച്ചിലിനായ തുടലുരിയുന്നു 

ഭചിലപ്പോള്‍ ബോധത്തിനും 
അബോധത്തിനുമിടയില്‍ 
അറിയാതെ' 
ഒന്നുമുതല്‍ മൂന്നുവരെ 
പ്രതികളുടെ കുമ്പസാരങ്ങള്‍ 

മദ്യത്തില്‍ ,നീന്തലറിയാതെ 
താണുതാണു പോകുന്നു 
നാലാമന്‍ 

നാലാമന്റെ വീട്ടില്‍ 
മദ്യം വിരിക്കും 
കരിമ്പടക്കൂട്ടില്‍ 
കുമ്പസാരങ്ങളില്‍ 
നാലാമന്റെമകളോട് 
മാപ്പിരക്കുന്നു 
അവളുടെ ചുണ്ടുകള്‍ 
ചുണ്ടുകളാലെടുത്ത് 
മദ്യം കൊണ്ട് 
കുതറുമുടലിനെ 
വീണ്ടും വീണ്ടും വെഞ്ചരിച്ച് 
മുന്നുപേരും 
നാലാമന്റെ ഭാര്യയെ 
മെരുക്കുന്നു 
വീടാകെ വിശുദ്ധീകരിക്കുന്നു 
കരച്ചിലൊടുങ്ങുന്നു 

പിറ്റേന്ന് 
ഞങ്ങള്‍ നാലുപേര്‍ 
പുലര്‍ച്ചെ 
തിരക്കുകളിലേക്ക് 
പുളിച്ചുപൊന്തുന്നു 
അടുത്ത കളിയിലെ 
നാലാമനാകുവാന്‍

ഒത്തുതീര്‍പ്പുകള്‍ - കവിത(അനില്‍ കുറ്റിച്ചിറ)
Join WhatsApp News
അമ്മിണി 2015-04-22 11:38:09
അയാൾ എന്റെ ഭർത്താവ് 
അന്ന് അയാൾ കുടിച്ചിട്ടാണ് വീട്ടിൽ വന്നത് 
'ഇല്ല ഇതിവിടെ പറ്റില്ല ' ഞാൻ പറഞ്ഞു 
' ക്ഷമിക്കണം അമ്മിണി ' ഒരബദ്ധം പറ്റിയതാ 
'പോലീസുകാരനും അബദ്ധം പറ്റാം ' ഞാൻ സ്വയം പറഞ്ഞു 
പിറ്റേന്നും അയാൾ കുടിച്ചിട്ട് വന്നു 
ഞങ്ങൾ വീണ്ടും  മദ്യാപനശണ്ഠ കൂടി 
'അമ്മിണി ഞാൻ ഇനി കുടിയ്ക്കില്ല 
ഒരവസരംകൂടി നീ എനിക്ക് തരണം ' അയാൾ കേണു 
'ശരി' ഞാൻ സമ്മതിച്ചു.
മൂന്നാം ദിവസവും അയാൾ മദ്യപിച്ചു വന്നു.
ഞാനും അന്ന് നാന്നാ  മദ്യപിച്ചിരുന്നു 
ഞാൻ ചോദിച്ചു 'നിങ്ങൾ ആരാണ് ?'
'ക്ഷമിക്കണം സിസ്റ്ററെ . വീട് മാറിപോയതാണ് ' 
ഞാൻ പറഞ്ഞു 'ഇനി മേലിൽ ഈ തെറ്റ് ആവർത്തിക്കരുത് "
' ഒരിക്കലും ഇല്ല പെങ്ങളെ'
അതിനു ശേഷം ഞാൻ അയാളെ കണ്ടിട്ടില്ല .
പേർഷ്യക്ക് പോയതായിരിക്കും!

Jack Daniel 2015-04-22 18:50:40
അയാൾ പേർഷ്യക്ക് പോയതാരിക്കില്ല അമ്മിണി. മറ്റേതെങ്കിലും വീട്ടിൽ ചെന്ന് കേറിക്കാണും. അവര് കൊന്നു ബാക്ക്യാർഡിൽ കുഴിച്ചിട്ടിരിക്കും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക