Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 January, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണിലെ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഈവര്‍ഷത്തെ വീടുകള്‍ തോറുമുള്ള കരോള്‍ സന്ദര്‍ശനവും, ക്രിസ്‌മസ്‌ ദിനത്തിലെ ഉണ്ണീശോയുടെ തിരുപ്പിറവി തിരുകര്‍മ്മങ്ങളും ഭക്ത്യാദര്‍പൂര്‍വ്വം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തപ്പെട്ടു.

ദേവാലയത്തിലെ ഗ്രോട്ടോയുടെ സമീപം തീര്‍ത്ത മനോഹരമായ പുല്‍ക്കൂട്‌ കാണികളുടെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. തിരുപ്പിറവിയുടെ ദൃശ്യാവിഷ്‌കാരം അപ്പടി പകര്‍ത്തി നിര്‍മ്മിച്ച പുല്‍ക്കൂടിന്‌ ജെയിംസ്‌ പുതുമന നേതൃത്വം നല്‍കി. ജോസഫ്‌ ഫാദേഴ്‌സിന്റെ സഹകരണവും, ഇടവക വികാരി തോമസ്‌ കടുകപ്പള്ളിയുടെ മേല്‍നോട്ടവുംകൂടിയായപ്പോള്‍ പുല്‍ക്കൂട്‌ കൂടുതല്‍ മിഴിവുറ്റതായി.

ശനിയാഴ്‌ച രാവിലെ പാരീഷ്‌ ഹാളില്‍ സി.സി.ഡി., സി.എം.എല്‍ കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി ഷോയും ക്രിസ്‌മസ്‌ ട്രീയും ഏവര്‍ക്കും രക്ഷാകര സന്ദേശത്തിന്റെ ഒരു പുത്തന്‍ അനുഭവമായി. ക്രിസ്‌മസ്‌ ട്രീ ദീപം തെളിയിച്ച്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കിയത്‌ ബഹുമാനപ്പെട്ട രൂപതയുടെ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ ആയിരുന്നു. ഇടവക വികാരി തോമസ്‌ കടുകപ്പള്ളില്‍ തദവസരത്തില്‍ സന്നിഹിതനായിരുന്നു. ഇതിന്‌ നേതൃത്വം കൊടുത്തത്‌ സി.സി.ഡി അധ്യാപകരും, സി.എം.എല്‍ പ്രവര്‍ത്തകരുമായിരുന്നു.

ഡിസംബര്‍ 24-ന്‌ വൈകിട്ട്‌ 6.30-ന്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ ദേവാലയത്തിലെ ഗായകസംഘം കരോള്‍ ഗാനങ്ങള്‍ ആവതരിപ്പിച്ചു. കുട്ടികളുടേയും യുവജനങ്ങളുടേയും പ്രത്യേകമായി ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ണീശോയുടെ തിരുപ്പിറവി അനുസ്‌മരിപ്പിച്ചുകൊണ്ട്‌ ഭക്തിനിര്‍ഭരവും ശ്രുതിമധുരവുമായ ഗാനങ്ങള്‍ ഗായകസംഘം ആലപിച്ച്‌ വികാരി ജനറാള്‍ ആന്റണി തുണ്ടത്തിലിന്റെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.

തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി നടത്തപ്പെട്ടു. ദിവ്യബലി മധ്യേ വികാരി ജനറാള്‍ ആന്റണി തുണ്ടത്തില്‍ തിരുപ്പറവിയുടെ സന്ദേശം നല്‍കി. എളിമയുടേയും സ്‌നേഹത്തിന്റേയും കൂട്ടായ്‌മയായ കുടുംബം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ ക്രിസ്‌മസ്‌ ആഘോഷത്തിലൂടെ സാധിക്കണമെന്ന്‌ ക്രിസ്‌മസ്‌ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

ട്രസ്റ്റിമാരായ അജിത്‌ ചിറയില്‍, സിറിയക്‌ ആന്റണി എന്നിവരും, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, വിന്‍സെന്റ്‌ തോമസ്‌, സിബി കളപ്പുരയ്‌ക്കല്‍ തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരവും, പ്രൗഢഗംഭീരവുമാക്കിത്തീര്‍ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ഇടവക വികാരി തോമസ്‌ കടുകപ്പള്ളി നന്ദി അറിയിച്ചു. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. ആന്റണി സെബാസ്റ്റ്യന്‍ ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക