Image

ഫാ. സജി പിണര്‍ക്കയില്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരി

ജോസ്‌ കണിയാലി Published on 02 January, 2012
ഫാ. സജി പിണര്‍ക്കയില്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരി
ചിക്കാഗോ: പ്രഥമ പ്രവാസി ക്‌നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവകയുടെ രണ്ടാമത്തെ വികാരിയായി ഫാ. സജി പിണര്‍ക്കയിലിനെ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ നിയമിച്ചു. ജനുവരി ഒന്നുമുതലാണ്‌ നിയമനം. മോണ്‍. അബ്രഹാം മുത്തോലത്ത്‌ ആയിരുന്നു ഇടവകയുടെ പ്രഥമ വികാരി.

കാസര്‍ഗോഡ്‌ ജില്ലയിലെ രാജപുരം ഫൊറോനയില്‍പ്പെട്ട മാലക്കല്ല്‌ ഇടവകാംഗമായ ഫാ. സജി പിണര്‍ക്കയില്‍ 1989 ലാണ്‌ വൈദിക വിദ്യാഭ്യാസം ആരംഭിച്ചത്‌. കോട്ടയം സ്ലനിസ്ലാവോസ്‌ സെമിനാരി, വടവാതൂര്‍ സെന്റ്‌തോമസ്‌ സെമിനാരി, ബാംഗ്ലൂര്‍ ധര്‍മ്മാരാം തിയോളജി എന്നിവിടങ്ങളിലാണ്‌ വൈദിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. 1999 ഡിസംബര്‍ 27 ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ മാര്‍ കുര്യാക്കോസ്‌ കുന്നശ്ശേരിയില്‍നിന്ന്‌ വൈദിക പട്ടം സ്വീകരിച്ചു. മടമ്പം, മാഞ്ഞൂര്‍, പന്നിയാല്‍, പുല്‍പ്പള്ളി, തേറ്റമല, കണ്ണങ്കര എന്നീ ഇടവകകളില്‍ സേവനമനുഷ്‌ഠിച്ചു. തൂവാനിസ ധ്യാനകേന്ദ്രത്തിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിച്ചുവന്നപ്പോഴാണ്‌ വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയണിലേക്ക്‌ സേവനത്തിനായി നിയമിക്കപ്പെട്ടത്‌. 2011 ഏപ്രില്‍ 21 മുതല്‍ സേക്രട്ട്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ഇടവകകളുടെ അസിസ്റ്റന്റ്‌ വികാരിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരിയായി നിയമിതനായ ഫാ. സജി പിണര്‍ക്കയിലിനെ വികാരി ജനറാള്‍ മോണ്‍. അബ്രഹാം മുത്തോലത്ത്‌ അഭിനന്ദിച്ചു.
ഫാ. സജി പിണര്‍ക്കയില്‍ സേക്രട്ട്‌ ഹാര്‍ട്ട്‌ ഇടവക വികാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക