Image

അവിയല്‍ സമാജങ്ങളും അരിപ്രാഞ്ചികളും (ചെറിയാന്‍ തോമസ്‌)

Published on 28 April, 2015
അവിയല്‍ സമാജങ്ങളും അരിപ്രാഞ്ചികളും (ചെറിയാന്‍ തോമസ്‌)
നിത്യവൃത്തിക്കായി കേരളത്തിനു പുറത്തു പോയ മലയാളികള്‍ നിത്യേന അനുഭവിക്കുന്ന നരകയാതനകളിലൊന്നാണ്‌ മലയാളി സമാജവും അതിനുള്ളിലെ വിഴുപ്പുകൂട്ടവും. എന്നാല്‍ തികച്ചും സദുദ്ദേശത്തോടുകൂടി ഉത്‌കടമായ ഗൃഹാതുരയില്‍ നിന്ന്‌ ഉരിത്തിരിഞ്ഞുണ്ടയതാണ്‌ മിക്ക സംഘടനകളും. തനതായ കലാസാംസ്‌കാരിക പ്രവര്‍ത്തനത്തിനൊരു വേദിയാക്കി മാത്രം കണ്ട്‌, കുറച്ച്‌ സഹൃദയര്‍ സമാജത്തെ വളര്‍ത്തിയെടുക്കുന്നു. അങ്ങനെ വളര്‍ന്നു വലുതാകുന്ന സമാജങ്ങള്‍ പിന്നീട്‌ അവസര വാദികളായ വിവരദോഷികളുടെ വിഹാര സ്ഥലമായി മാറി കലയും സാംസ്‌കാരവും വിരലിലെണ്ണാവുന്ന കുറച്ച്‌ അവശരിലൊതുക്കി സമാജഭരണം ഈ അരിപ്രാഞ്ചികള്‍ ഏറ്റെടുക്കുന്നു. അങ്ങനെയുള്ള നൂറുകണക്കിനു മലയാളിസമാജങ്ങള്‍ വളര്‍ന്നു പന്തലിച്ചു നില്‌ക്കുന്ന നല്ല വളക്കുറുള്ള മണ്ണാണ്‌ നോര്‍ത്തമേരിക്ക. ഞാന്‍ വന്നു പെട്ടുപോയ ഗോള്‍ഡന്‍ ഹോഴ്‌സ്‌ഷൂ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈ കൊച്ചു സ്ഥലത്തുമുണ്ട്‌ അവിയല്‍ സമാജങ്ങള്‍ ഏഴെണ്ണം. കൂടാതെ പലതരം ചാക്കുനൂല്‍ കൈയേല്‍ കെട്ടിയവന്റെയും, ഇടത്തോട്ട്‌ മുണ്ടുടുത്തവന്റെയും കുരിശ്ശിട്ടവന്റെയും കുരിശ്ശെടുപ്പിച്ചവന്റെയും സംഘടനകള്‍ വേറെ. ഇതെല്ലാം കൂടെ അനുഭവിക്കാന്‍ വെറും ആയിരത്തില്‍ താഴെ മലയാളി കുടുംബങ്ങളും!

നോര്‍ത്തമേരിക്കയില്‍ മാത്രം കണ്ടുവരുന്ന ഒരുതരം അഭിനവ അരിപ്രഞ്ചികളെ അടുത്തറിയണമെങ്കില്‍ രഞ്‌ജിത്തിന്റെ പ്രഞ്ചിയേട്ടന്‍ &ദ സെയ്‌ന്റ്‌ എന്ന സിനിമ അവിശ്യം കണ്ടിരിക്കണം. വിവരക്കേടിനെ ഒരു സൂട്ടിടീച്ച്‌ ഒരു കുപ്പി ചീപ്പ്‌ വിസ്‌കി കുടിപ്പിച്ച്‌ ഒരു വളിച്ച ചിരിയും ഫിറ്റു ചെയ്‌താല്‍ നോര്‍ത്തമേരിക്കന്‍ അരിപ്രാഞ്ചിയായി. ദോഷം പറയരുതല്ലോ, ഇവരുടെ ഭാര്യമാര്‍ക്ക്‌ ഈ പ്രാഞ്ചിത്തരങ്ങളൊന്നും കാണാറില്ല അല്ലെങ്കില്‍ അവര്‍ക്കതിനുള്ള സമയമില്ല. പിന്നെയവര്‍ക്കുള്ളതോ, അടക്കാനാവാത്ത കഠിനമായ ആതുര സേവന തുരതയാണ്‌. അതുകൊണ്ട്‌ മൂന്നു ഷിഫ്‌റ്റും ജോലി ചെയ്‌ത്‌ സ്വന്തം സാരഥികള്‍ക്ക്‌ സൂട്ടിനും കള്ളിനുമുള്ള കാശൊപ്പിച്ചു കൊടുക്കും. പിന്നെയ്‌, കടലാസില്‍ ഈ പ്രാഞ്ചികളെല്ലാം വലിയ വെസനസുകാരാ. റിയല്‍ എസ്‌റ്റേറ്റ്‌, ഇന്‍ഷുറന്‍സ്‌, ബ്‌ളൈന്റ്‌ തുടങ്ങിയ വ്യവസായ മേഖല മുഴുവന്‍ ഇവരുടെ കീഴിലാണ്‌. പക്ഷെ ഒരു വീടെങ്കിലും വില്‌ക്കുകയോ ഒരുത്തനെയെങ്കിലും ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുകയോ ചെയ്‌തിട്ടുണ്ടാവില്ല. കൂട്ടം കൂടിയിരുന്നു വെള്ളമടിയും ചീട്ടുകളിയും സമാജത്തിലെ ഫോട്ടോ സെഷനും കഴിഞ്ഞാല്‍ പിന്നെയിവര്‍ക്ക്‌ കച്ചവടത്തിനെവിടെ സമയം?

ഏല്ലാ സമാജങ്ങള്‍ക്കുമുണ്ട്‌ വര്‍ഷത്തില്‍ സ്ഥിരം നാല്‌ പരിപാടികള്‍, പിക്‌ള്‍നിക്‌ ഓണം ക്രിസ്‌തുമസ്‌ പിന്നെ പല പേരിലറിയപ്പെടുന്ന ടാലന്റുകളുടെ ഒരു കൊലപാതക ഷോ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ ,നല്ല കഴിവുള്ള കലാകാരികളും കലാകരന്മാരും ഈ നോര്‍ത്തമേരിക്കയിലുണ്ട്‌ പക്ഷെ അരിപ്രഞ്ചികളുടെ വിളയാട്ടം കൊണ്ട്‌ അവരുടെ ഉദ്ദ്യമങ്ങള്‍ പലതും നിഷ്‌പ്രഭമായിത്തിരുകയാണ്‌ പതിവ്‌. ഈവക പതിവ്‌ സാംസ്‌കാരിക കോപ്രായങ്ങള്‍ക്ക്‌ പുറമെ, ഫാഷന്‍ ഷോ സൗന്ദര്യമത്സരം സാരിയുടിപ്പക്കല്‍ മത്സരം സാരിയഴിപ്പിക്കല്‍ മത്സരം മുതലായവയും ആഘോഷമായി നടത്തി വരുന്നു. ഇതിനായി എതെങ്കിലും പീറ നടിയുടെ പടം വെച്ച നോട്ടീസടിച്ച്‌ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ടിക്കറ്റു കൊണ്ട്‌ പിരിവിനിറങ്ങും. അതിനൊക്കെ പുറമെ സാംസ്‌കാരിക സമ്മേളനമെന്നൊരു പ്രഹസനം കൂടി കാണും. ഇതിനായി കേരള സംസ്‌കാരത്തിന്റെ ഈറ്റില്ലമായ നിയമസഭയിലെ ഏതെങ്കിലും കോണ്‍ഗ്രസ്‌ മന്ത്രിയൊ മന്ത്രിയാകത്തവനെയൊ കെട്ടിയെന്നെള്ളിക്കും. പിന്നീടങ്ങോട്ട്‌ ഫേസ്‌ ബുക്കിലും വെബ്‌ സൈറ്റിലും പിന്നെ ലോക്കല്‍ മലയാളം പത്രങ്ങളിലും ഇവരുടെ പടങ്ങളുടെ പ്രളയമാണ്‌. സിനിമനടിയും സൂട്ടിട്ട്‌ വായൊലിപ്പിച്ചു ചുറ്റും നില്‌ക്കുന്ന കുറെ അരിപ്രഞ്ചികള്‍. മന്ത്രിയുടെ വളരെ അടുത്തയാളാണെന്നറിയിക്കാന്‍ മന്ത്രിയെ കെട്ടിപ്പിടിച്ച്‌ അതേ സുട്ടിട്ട്‌ ചുറ്റും നില്‌ക്കുന്ന അരിപ്രാഞ്ചികള്‍. എന്നിട്ട്‌ ഇവരെല്ലാവരും കൂടി മലയാളത്തിന്റെ സംസ്‌കാരമങ്ങ്‌ വളര്‍ത്തി പൊക്കി കൊലപ്പിച്ച്‌, കൊലവെട്ടിയെന്ന്‌ വെണ്ടക്കാ അക്ഷരത്തില്‍ അടിക്കുറിപ്പും. ഈ ഫോട്ടൊപടം പിടിക്കുന്ന സമത്തു മാത്രമെ ഈക്കൂട്ടര്‍ ഓഡിറ്റോറിയത്തിനകത്ത്‌ കടക്കാറുള്ളു. അല്ലാതെ ഇവരെ കാണണമെങ്കില്‍ പാര്‍ക്കിംഗ്‌ ലോട്ടിലെ കാറില്‍ തുറന്നു വെച്ച്‌ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ബാറില്‍ ചെല്ലണം. ഈ മദ്യസേവ കഴിഞ്ഞ്‌ അടിച്ചു പൂസായി ആടി കറങ്ങി ഒരു വളിച്ച നോട്ടവുമായി ഓഡിറ്റോറിയത്തിന്റെ വാതിലിനു പുറത്ത്‌ വായൊലിപ്പിച്ച്‌ നില്‌പാണ്‌ ഇവരുടെയേക സാംസ്‌കാരിക പരിപാടി.

ഇരുപത്തഞ്ചും അന്‍പതും വര്‍ഷങ്ങള്‍ കൊണ്ടാടുന്ന ഈ സമാജങ്ങള്‍ ഒരെണ്ണമെങ്കിലും ഒരു പുസ്‌തക പ്രദര്‍ശനമോ, സാഹിത്യ സമ്മേളനമോ നടത്തിയിട്ടില്ല. അതൊന്നും വേണ്ട കുറച്ചു പൈങ്കിളി മാസികളെങ്കിലും വരുത്തി കൊടുത്തിട്ടുണ്ടോയെന്നു ചോദിച്ചാല്‍ പറയും, `അതൊന്നും സമാജത്തിന്റെ പരിധിയില്‍ പെടുന്നതല്ല'. പറയുമ്പോള്‍ എല്ലാം പറയണമല്ലോ! തെറിപ്പാട്ട്‌ എന്ന സാഹിത്യശാഖ നോര്‍ത്തമേരിക്കയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇവരുടെ പങ്കിനെ അഭിനന്ദിക്കാതെ വയ്യ.

ഭാഷയും സംസ്‌കാരമൊക്കെ വരുന്ന തലമുറക്കു വേണ്ടി കാത്തു സൂക്ഷിക്കാനിവര്‍ക്കെവിടെ സമയം! എന്റര്‍െ്രെപസിംഗ്‌ അല്ലെ ഇപ്പോഴത്തെ ജ്വരം. സമാജത്തിന്റെ പേരില്‍ റിയല്‍ എസ്‌റ്റേറ്റുകള്‍ വാങ്ങിക്കുക, എന്നിട്ട്‌ ഞങ്ങള്‍ക്ക്‌ അഞ്ചേക്കര്‍ ഭൂമിയുണ്ട്‌ രണ്ടുമൂന്നു സ്ഥലത്തായി കെട്ടിടങ്ങളുണ്ടെന്നു വീമ്പടിച്ചു നടക്കുക. അഭിനവ അരിപ്രഞ്ചികളില്‍ നിന്നും അല്‌പം വ്യത്യസ്‌താരാണീ കൂട്ടര്‍. ഇവര്‍ നാടുവാഴി ഭരണത്തിന്റെ മേലളന്മാരായി വരും. ഇവര്‍ക്ക്‌ റാന്‍ മൂളാന്‍ ഒരു സംഘം കീഴാളന്മാരെ സ്‌കോച്ചും ബിരിയണിയും കൊടുത്ത്‌ പരിപാലിച്ച്‌ കൂടെ നടത്തും. സ്വത്തു സംഭരണമാണ്‌ സമാജത്തിന്റെ വളര്‍ച്ചയെന്ന്‌ ഇവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. സംഘടനയുടെ അംഗബലമോ പ്രവര്‍ത്തനങ്ങളോ ഒരു സമാജമായി അംഗീകരിക്കാന്‍ ഇവര്‍ക്ക്‌ സാധിക്കില്ല. കല്ലും കുമ്മായം കൊണ്ടുണ്ടാക്കാത്ത പ്രസ്ഥാനങ്ങളെ ഒരു സമാജമായി കാണാനുള്ള കഴിവുകേടാണ്‌ ഈക്കൂട്ടരെ സ്വത്തു സമാഹരണത്തിന്‌ പ്രേരിപ്പിക്കുന്നത്‌. വികലമായ ഈ കാഴ്‌ചപ്പാടിനെ ചോദ്യം ചെയ്യിമ്പോളത്‌ പ്രസ്ഥാനത്തോടുള്ള വെല്ലുവിളിയായിവര്‍ കാണുന്നു. കാശുണ്ടായാല്‍ ആദ്യം കുറച്ചു പറമ്പ്‌ വാങ്ങി അതിലൊരു വീട്‌ വെക്കണം. കൂടുതല്‍ കാശുണ്ടാക്കി കുറച്ചുകൂടെ സ്ഥലം വാങ്ങി കെട്ടിടങ്ങള്‍ പണിത്‌ വാടകക്ക്‌ കൊടുക്കണം. അങ്ങനെ വലിയ പണക്കാരനായി മരിക്കുമ്പോള്‍ സ്വന്തം മക്കള്‍ക്ക്‌ സ്വത്തുക്കള്‍ കൈമാറണം. ഇതേ കാഴ്‌ച്ചപ്പാടിലൂടെയാണ്‌ ഇവര്‍ സമാജങ്ങളേയും കാണുന്നത്‌. സ്വാര്‍ത്ഥ താല്‌പര്യങ്ങളൊന്നുമില്ലാതെ പ്രസ്ഥാനത്തിന്റെ ഉന്നമനത്തിനെന്ന്‌ കരുതി ചെയ്‌തുകൂട്ടുന്ന അബദ്ധങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോളത്‌ നശീകരണവാദമായി കാണാനുള്ള തിരിച്ചറിവ്‌ മാത്രമെയിവര്‍ക്കുള്ളു. ഒരു സംഘടനയുടെ കൈമുതല്‍ അതിന്റെ അംഗസംഖ്യയുടെ ബലമോ സംഘടയുടെ കലാസാംകാരിക പ്രവര്‍ത്തനമോ അല്ലെന്നും സ്വന്തമായി പറമ്പും അതില്‍ വലിയ കെട്ടിടങ്ങളും അതിനുള്ളില്‍ ഒരു വലിയ അടുക്കളയും പണിത്‌ ചോറും കറിയും വെച്ചു തിന്നുന്നതും മുറ്റത്തിരുന്നു കള്ളുകുടിച്ച്‌ കൂത്താടുന്നതുമാണ്‌ സംസ്‌കാരസംരക്ഷണമെന്നു വിശ്വസിക്കുന്ന ഇവര്‍ കാലഹരണപ്പെട്ടു പോയ നാടുവാഴി വ്യവസ്ഥിതിയുടെ സൂട്ടിട്ട അസ്ഥികൂടങ്ങളാണ്‌.

വര്‍ഷത്തില്‍ മൂന്നോ നാലോ പരിപാടികള്‍ നടത്താന്‍ വേണ്ടി മാത്രം ഒരു വലിയ പ്രസ്ഥാനം തന്നെ കൊണ്ടു നടത്തുന്നമേലാളന്മാരുടെസമാജങ്ങളുമുണ്ടിവിടെ. അഞ്ഞൂറൊ ആയിരമോ വാടക കൊടുത്താല്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിറ്റോറിയങ്ങള്‍ കിട്ടനുള്ളപ്പോളാണ്‌ ഇരുപത്തയ്യായിരം മുതല്‍ അന്‍പതിനായിരം ഡോളര്‍ വരെ മുടക്കി ഈ വെള്ളാനകളെ പോറ്റി വരുന്നത്‌. എന്നിട്ട്‌ നഷ്ടം വരാതിരിക്കാന്‍ ഇവരുടെ പരിപാടികള്‍ക്ക്‌ പ്രിമിയം ടിക്കറ്റ്‌ ചാര്‍ജ്ജും. കൂടാതെ കഷ്ടപ്പെട്ടു കച്ചവടം നടത്തി ഉപജീവനം നടത്തുന്നവന്റെ നെഞ്ചത്ത്‌ സ്‌പോണ്‍സര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന കൊടുവാള്‍ കയറ്റലും. ഈ സമാഹരിച്ച സ്വത്തുകളൊക്കെ കൈവിട്ടുപോകാതിരിക്കാന്‍ ചില സമാജങ്ങളില്‍ രണ്ടുതരം മെമ്പര്‍ഷിപ്പ്‌ എന്ന ഉച്ഛനീചത്വം വരെയുണ്ട്‌. വെറും പത്തു ഡോളറിന്റെ സാദാ മെമ്പര്‍ഷിപ്പും കുലീനമായ ആയിരത്തിന്റെ മെമ്പര്‍ഷിപ്പും. ഈ ആഢ്യമെമ്പേഴ്‌സിനു മാത്രമെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനവകാശമുള്ളു. ലാഭേച്ഛയില്ലാത്ത ഒരു സംഘടനയില്‍ ഇതു പോലുള്ള രണ്ടുതരം പ്രജകളെ സൃഷ്ടിച്ച്‌ നികൃഷ്ടവും വിവേചനപരമായ തത്വ സംഹിതികള്‍ വച്ചു പുലര്‍ത്തുന്നത്‌ പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്‍ഡ്യയിലൊന്നുമല്ല, സംസ്‌കാരസമ്പന്നര്‍ മാത്രം കുടിയേറി പാര്‍ക്കുന്നുവെന്ന്‌ അഹങ്കരിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നോര്‍ത്തമേരിക്കയിലാണ്‌ എന്നത്‌ ഒരു ലജ്ജിപ്പിക്കുന്ന സത്യമാണ്‌.

പൈതൃകമായി കിട്ടിയ നമ്മുടെ കലയും സാഹിത്യവും അടുത്ത തലമുറക്ക്‌ പകര്‍ന്നു കൊടുക്കുന്നതിനൊപ്പം നമ്മള്‍ വസിക്കുന്ന നോര്‍ത്തമേരിക്കയിലെ മുഖ്യധാര സമൂഹത്തിനു മനസ്സിലാക്കി കൊടുക്കുന്നതിനുമുള്ള ഉത്തരവാദിത്വം കൂടി മലയാളി സമാജങ്ങള്‍ക്കുണ്ട്‌. മലയാളത്തിലിറങ്ങുന്ന നല്ല കൃതികള്‍ അവലോകനം ചെയ്‌ത്‌ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തുക, കവിയരങ്ങുകള്‍ സംഘടിപ്പിക്കുക, നൃത്തവും വാദ്യോപകരങ്ങളും പഠിപ്പിക്കുക. കലാ മൂല്യമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഇതൊക്കെ മലയാളികളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ നോര്‍ത്തമേരിക്കയിലെ പൊതുസമൂഹത്തെയും പങ്കാളികളാക്കുക. അല്ലാതെ ഫാഷന്‍ ഷോയും സൗന്ദര്യ മത്സരവും നടത്തി ചോറും കറിയുമുണ്ടാക്കി തിന്നു മദിക്കുന്നതല്ല സമാജങ്ങളുടെ ധര്‍മ്മം.

ആത്മാര്‍ത്ഥമായി സമാജപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന നമ്മളില്‍ പലര്‍ക്കും ഈക്കൂട്ടരുടെ നിഗൂഡലക്ഷ്യങ്ങള്‍ മനസിലാകാതെ പോകും . തോട്ടിപ്പണി ചെയ്‌തിരുന്ന സായ്‌പ്‌ സാക്ഷ്യം പറഞ്ഞതു പോലെ, `അമേദ്യത്തില്‍ കിടന്നുരുളുമ്പോള്‍ അതിന്റെ ദുര്‍ഗന്ധമറിയല്ല'.അഭിനവ അരിപ്രാഞ്ചികളെന്ന വിഴുപ്പുകൂട്ടങ്ങളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന്‌ സമാജങ്ങളെ രക്ഷപെടുത്താന്‍ പ്രബുദ്ധരായ നോര്‍ത്തമേരിക്കന്‍ മലയാളികള്‍ ഉണരണം. പണക്കൊഴുപ്പുള്ള ഈ മേലാളന്മാര്‍ ഒരു ചെറിയ ശതമാനമെയുള്ളു. രാജാക്കന്മാര്‍ നഗ്‌നരാണെന്ന്‌ വിളിച്ചു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാവണം. അവരുടെ തെറ്റുകള്‍ തെറ്റുകളാണെന്നറിഞ്ഞിട്ട്‌ പ്രതികരിക്കാതിരിക്കാത്ത ഭൂരിപക്ഷമാണ്‌ അവരെക്കാള്‍ അപകടകാരികള്‍. അതുകൊണ്ട്‌ നിശബ്ദരായ ഭൂരിപക്ഷം പ്രബുദ്ധരാകേണ്ട സമയമായിരിക്കുന്നു. കാലഹരണപ്പെട്ട ചിന്താഗതികള്‍ ബിരിയാണിയുടെയും വിലകൂടിയ സ്‌കോച്ചു വിസ്‌കിയുടെയും അകമ്പടിയോടെ ആവര്‍ത്തിച്ച്‌ മസ്‌തിഷ്‌ക പ്രക്ഷാളനം നടത്തുമ്പോളതില്‍ വീണുപോകാതെ ഫ്രീയാട്ട്‌ ബിരിയാണിയും സ്‌കോച്ചുമടിച്ച്‌ മാറിച്ചിന്തിക്കുവാന്‍ നമുക്കു കഴിയണം. ഒന്നോ രണ്ടോ പേരെ മാത്രം ഒഴുക്കിനെതിരെ നീന്താന്‍ വിടാതെ നമുക്കെല്ലാവര്‍ക്കും കൂടി ഒഴുക്കിന്റെ ഗതി മാറ്റി വിടാം.
അവിയല്‍ സമാജങ്ങളും അരിപ്രാഞ്ചികളും (ചെറിയാന്‍ തോമസ്‌)
Join WhatsApp News
Aniyankunju 2015-04-28 18:01:48
കിടിലൻ, തട്ടുപൊളിപ്പൻ, sledgehammer, വാമനൻ type പോസ്റ്റ്‌!
Let us join hands and launch a grass root level movement against the naked Kings!
Inquilaab Zindaabaad!
andrew 2015-04-28 18:31:00
 Wonder where you were all these time. Excellent. Wish i could write like you. You said it very well. Hope the deaf,blind  but with a big mouth the so called . ''......................'' will  understand and change or get lost never to return. We are all fedup.
O.T.Thomas 2015-04-29 00:09:31
മനസ്സിൽ വര്ഷങ്ങളായി പെയ്യാനവസരം കാത്തിരുന്ന കറുത്തിരുണ്ട ഒരു കാർമേഘമാണ് ഒരു കൊടുംകാറ്റടിപ്പിച്ച്‌ താങ്കൾ പെയതോഴിപ്പിച്ചത് .....!!! ഹോ എന്തൊരാശ്വാസം ....!!!! പൂര്ണ ഹൃദയത്തോടെ ഒരു ഷെയ്ക്ക് ഹാൻഡ് തരണം എന്നും
JOHNY KUTTY 2015-04-29 07:12:30
ചെറിയാൻ തോമാസ് വളരെ നന്നായി. ഒരു തുണി ഉടുക്കാത്ത സത്യം. ഒരു കാര്യം വിട്ടുപോയി എല്ലാ പരിപാടിയിലും പോസ്റ്റർ ഇൽ അദിദിയുടെ ഫോട്ടോയേക്കാൾ വലിപ്പത്തിൽ ഇക്കൊട്ടരുടെ ഒരു സൂട്ട് ഇട്ടുള്ള പടം കാണാറുണ്ട് വെളുക്കെ ചിരിച്ചും കൊണ്ട്. പാവം അരി പ്രാഞ്ചി എത്രയോ ഭേദം. ഇവർ ഇവിടുത്തെ പള്ളികളിലും ഇതേ കോപ്രായം കാണിക്കുന്നത് കാണാം. സിനിമകാര് രാഷ്ട്രിയകാര്, നാട്ടിൽ നിന്നും എത്തുന്ന പുരോഹിത പിരിവുകാര് എല്ലാം ഇക്കൂട്ടര്ക് ഒന്ന് പോലാണ്‌. തുടര്ന്നും എഴുതുക. എല്ലാ നന്മകളും
വിക്രമൻ 2015-04-29 07:26:40
ബാൾട്ടിമോറിൽ കടകൾ കൊള്ളയടിച്ചവർ തന്നെ നിരത്ത് വൃത്തിയാക്കാനും നാടിനെ വീണ്ടെടുക്കാനും വന്നന്ന് പറഞ്ഞതുപോലെയാണ് ഓരോ നേതാക്കന്മാർ ലേഖനത്തെ അഭിനന്ദിച്ചുകൊണ്ടു അഭിപ്രായ കോളത്തിൽ നൂന്ന് കേറുന്നത്.  മലയാളി കൊലയാളി അളിപിളി !
feathers fly 2015-04-29 08:43:59
ഞങ്ങൾ സ്കോച്ച് അടിച്ചാലോ സമാജം കൂടിയാലോ ചീട്ടു കളിച്ചാലോ ജാഡ കാണിച്ചാലോ താങ്കൾക്ക് എന്താണ് ചേതം? ഞങ്ങളെ ഞങ്ങളുടെ പാട്ടിനു വിടുക.... മനസ്സിൽ ആരോടോ ഉള്ള വിദ്വേഷം കുത്തിനിറച്ച് പടച്ചുവിട്ട ഈ മഞ്ഞലേഖനം അർഹിക്കുന്ന അവജ്ഞയോടെ പുഛ്ചിച്ച് തള്ളുന്നു ... ഇതുപോലെയുള്ള തരംതാണ വാചകകസർത്തുകളെ സായിപ്പ് ' verbal diarrhea ' എന്ന് വിളിക്കും..
നാരദർ 2015-04-29 09:30:48
ഡയറിയാ ആയിക്കോട്ടെ പക്ഷെ എന്തിനാ നാറ്റിക്കുന്നത്?

JOHNY KUTTY 2015-04-29 10:02:17
ചിറകുകൾ പറക്കുന്ന ചേട്ടാ/ചേച്ചി, താങ്കളുടെ അഭിപ്രായവും ഒരു മാതിരി മനസ്സിൽ എഴുതുകാരനോടുള്ള ഒരു തരം വിധുവെഷം അല്ലെ കാണുന്നത്. അപ്പോൾ പിന്നെ താങ്കളും അവരും തമ്മിൽ എന്താ വ്യത്യാസം? അതുകൊണ്ട് താങ്കളുടെ പച്ച/നീല/ഓറഞ്ച് അഭിപ്രായം അര്ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നതിൽ കുഴപ്പം ഇല്ലല്ലോ അല്ലെ ?
Truthman 2015-04-29 11:05:21
No grass is going to walk here/ I know that.
sabu 2015-04-30 12:50:40
ആരോ sponsorship  ന്റെ പേരിൽ  കാശു  കൊടുത്തതിന്റെ കലിപ്പ് തീർക്കാനോ  മറ്റോ എഴുതിയപോലെ ഉണ്ട്. ബിസിനസ്‌ കാരൻ  ആണെന്നും മനസിലായി. കമ്മ്യൂണിറ്റി യിൽ നിന്നും മാത്രം ബിസിനസ്‌ ചെയ്യുകയും, എന്നാൽ ഒരു മനുഷ്യനെ സഹ്ഹയിക്കുകയോ ചെയ്യാതെ ഇരിക്കുന്നവർ എല്ലാത്തിനെയും വിമർശിച്ചാൽ  ന്യയീകരികകപെടുകയില്ല. മലയാളിയുടെ ഒരു പരിപാടിക്കും  കാശു  പോകുമല്ലോ എന്ന് വിചാരിച്ചു സഹകരികാക്തെ  ഇരിക്കുന്ന എല്ലാവർക്കും  ലേഖനം നന്നായി ഇഷ്ടപെടും. നല്ല കാര്യങ്ങൾ ഒന്നുപോലും കാണാതെ എല്ലാത്തിനെയും അടച്ച് ആക്ഷേപിക്കുന്നത് നീതിയല്ല. പ്രമുഖമായ ഒത്തിരി മലയാളീ അസോസിയേഷൻ കൽ , നാട്ടിലും നോര്ത്ത് അമേരിക്ക യിലും മലയാളികളെ ഹെല്പ് ചെയ്യുന്ന കാര്യം എന്തെ മറച്ചു വക്കുന്നത്? എല്ലാത്തിനോടും പുച്ഛവും  കുറ്റം പറയാനുള്ള വെമ്പലുമുള്ള  പിശുക്ക് കൈ മുതലായ , സ്വന്തം കൊക്കൂണ്‍ നുള്ളിൽ ഒതുങ്ങി  നടക്കുന്നവർക്ക് സാമൂഹ്യ ജീവിതവും അതിന്റെ ആഘോഷങ്ങളും വിമര്ശനതോടെ മാത്രമേ കാണാൻ കഴിയൂ. 
 "ആത്മാർഥമായി സമാജപ്രവര്ത്തനങ്ങളിൽ എർപെട്ടിർക്കുന്ന  നമ്മളിൽ  പലർക്കും"  എന്ന് പറഞ്ഞ ലേഖകൻ  എന്തായിരുന്നു ആ പ്രവർത്തി  എന്ന് കൂടെ പറഞ്ഞാൽ കൊല്ലം.
Cherian Thomas 2015-05-01 13:28:42

എന്റെ ലേഖനത്തിനു പ്രതികരിച്ച എല്ലാ പ്രതികാരികൾക്കും നന്ദി. പ്രശംസകൾക്കൊപ്പം വിമർശനവും വിലപ്പെട്ടതു തന്നെ. വിമർശിക്കുമ്പോൾ അത് കാര്യമാത്ര പ്രസക്തമായിരുന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക്  ഉപകരിക്കുംഎഴുതി വെച്ചതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്ന പരമ ബോറനൊന്നുമല്ല ഞാൻ.   എനിക്ക് ഇപ്പോൾ തോന്നിയ ശരികളാണത്.   ഞാനെഴുതിയതിൽ എന്താണ് വിമർശിക്കപ്പെടെണ്ടത് എന്ന് ചൂണ്ടി കാണിക്കുന്നതിനു പകരം എൻറെ മാനസികാവസ്ഥയും ഞാനിത് ന്തുകൊണ്ടാണ് എഴുതിയതെന്നു അവലോകനം ചെയ്യാനുമാണ് രണ്ടുപേരും ശ്രമിച്ചത്.  ഒരാൾ പറഞ്ഞതിനെ എതിർക്കാൻ സാധിക്കാതെ വരുമ്പോൾ പറഞ്ഞവനിട്ട് ചെളി വാരിയെരിയുക എന്നത് ഒരു പഴയ ചീഞ്ഞ പ്രയോഗമാണ്.  പിന്നെ സമാജങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും പരാമർശിച്ചില്ല എന്നൊരു പരാതിക്ക് മറുപടി ഇതിനു മുന്പ് പലരും പറഞ്ഞിട്ടുള്ളതാണ്. മുസ്ലിം കൂട്ടക്കൊലയെ കുറിച്ച് വാർത്ത  വരുമ്പോൾ ഹിന്ദുക്കൾ പരാതിപ്പെടും, "നിങ്ങളെന്തു കൊണ്ട് മുന്പുണ്ടായ  ഹിന്ദു കൂട്ടക്കൊലയെ കുറിച്ച് ഇതിന്റെ കൂടെ എഴുതിയില്ലയെന്ന്."

Joe Thomas 2015-05-04 09:20:14
Leave the association people alone. Let them enjoy the way they like . If you don't like associations, just don't join them. Just stay home and watch T.V. Some groups are really good.
Munshi 2015-05-04 19:42:46
അറിപ്രഞ്ചി കവിത നന്നായിട്ടുണ്ട്!! ഒന്ന് രണ്ടു ചോദ്യങ്ങൾ; കവിയുടെ മാനസികനില തെറ്റിയിരിക്കുന്നു. ഒരു പതിറ്റാണ്ടിലേറെ സൂപ്പർ അറിപ്രഞ്ചിയയീ എല്ലാം കയ്യടക്കി നടന്നതലേ തങ്ങള്. ഈപ്പോൾ സ്ഥാനം ലെബിക്കാതെ വന്നപ്പോൾ റിബൽ ആയി മാറി. ഒരു മാതിരി pc george syndrom.
Cherian Thomas 2015-05-05 08:18:45
തെറ്റി മുന്ഷി എന്ന നാട്ടുകാരാ. ഒരു പതിറ്റാണ്ടോളം ഒരു കഴുതയെ പോലെ സമാജത്തിനു കഷ്ടപ്പെട്ടു പണിയെടുത്തിട്ടേയുള്ളു. സ്ഥാനമാനങ്ങൾ എന്നിൽ പിടിച്ചേൽപ്പിച്ചിട്ടേയുള്ളു  അതും കൂടുതൽ പണിയെടുപ്പിക്കാൻ. നേരെയാകില്ല എന്ന് മനസിലാക്കി എല്ലാം ഉപേക്ഷിച്ചതാണ് അല്ലാതെ സ്ഥാനമാനം ലഭിക്കാതെ വന്നിട്ടല്ല എന്ന്  മുഷിയുടെ പുറകിൽ  ഒളിച്ചിരിക്കുന്ന താങ്കള്ക്കും അറിയാവുന്നതല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക