Image

ഹസാരയുടെ നിരാഹാര സമരത്തിന് അനുമതി നിഷേധിച്ചു

Published on 15 August, 2011
ഹസാരയുടെ നിരാഹാര സമരത്തിന്  അനുമതി നിഷേധിച്ചു
ന്യൂഡല്‍ഹി: അഴിമതി തടയാന്‍ സമഗ്രമായ ലോക്പാല്‍ ബില്‍ വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ പ്രഖാപിച്ച നിരാഹാര സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച മുതല്‍ സമരം തുടങ്ങുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ വച്ച ഉപാധികള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഡല്‍ഹി പൊലീസ് അനുതി തടഞ്ഞത്.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അന്ന ഹാസാരേയുടെ സമരത്തെ വിമര്‍ശിച്ചതിന് തൊട്ടു പിറകെയാണ് ഡെല്‍ഹി പോലീസ് സമരത്തിന് നല്‍കിയ അനുമതി പിന്‍വലിച്ചുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അന്നയുടെ നിരാഹാര സമരത്തെ രൂക്ഷമായ ഭാഷയിലായിരുന്നു ചെങ്കോട്ടപ്രസംഗത്തില്‍ പ്രധാനമന്ത്രി വിമര്‍ശിച്ചത്.

അന്ന ഹസാരെ നിബന്ധനകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ജെ.പി. പാര്‍ക്കില്‍ നടക്കാനിരുന്ന സമരത്തിന് നേരത്തെ നല്‍കില്‍ അനുമതി പിന്‍വലിച്ചതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, ചൊവ്വാഴ്ചത്തെ സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് അന്ന ഹസാരെയുടെ തീരുമാനം. സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ തങ്ങള്‍ ജെ.പി. പാര്‍ക്കില്‍ അറസ്റ്റ് വരിക്കുമെന്നും അന്ന ഹസാരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മൂന്നു ദിവസം മാത്രമേ നിരാഹാരം നടത്താവൂവെന്ന് ഡല്‍ഹി പൊലീസ് ഹസാരെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് 30ദിവസം സത്യഗ്രഹമിരിക്കണമെന്നാണ് ഹസാരെ ഇതിനോട് പ്രതികരിച്ചത്. മാത്രമല്ല, 5000ത്തില്‍പ്പരമാളുകള്‍ സത്യഗ്രഹത്തില്‍ സംബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക