Image

സഖറിയാസ്‌ മാര്‍ നിക്കോളോവോസ്‌ തിരുമേനി പിറന്നാള്‍ ജന്മനാട്ടില്‍ ആഘോഷിച്ചു

അനില്‍ പെണ്ണുക്കര Published on 17 August, 2011
സഖറിയാസ്‌ മാര്‍ നിക്കോളോവോസ്‌ തിരുമേനി പിറന്നാള്‍ ജന്മനാട്ടില്‍ ആഘോഷിച്ചു
തിരുവല്ല: മലങ്കരസഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ മാര്‍ നിക്കോളോവോസ്‌ തിരുമേനിയുടെ അമ്പത്തിരണ്ടാം പിറന്നാള്‍ ജന്മനാട്‌ ആത്മീയാഘോഷമാക്കി. തിരുമേനിയുടെ മാതൃക ഇടവക മേപ്രാല്‍ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ വലിയപള്ളിയാണ്‌ നവാഭിഷിക്തനായ തിരുമേനിക്ക്‌ സ്വീകരണം ഒരുക്കിയത്‌. ആഗസ്റ്റ്‌ 14ന്‌ പള്ളിയില്‍ നടന്ന ആരാധനയ്‌ക്ക്‌ ശേഷം നൂറ്‌ കണക്കിന്‌ വിശ്വാസികളേയും നാട്ടുകാരേയും കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തി ജന്മദിന കേക്ക്‌ മുറിച്ച തിരുമേനിയുടെ മേല്‍പ്പട്ട സ്ഥാനത്തിന്റെ 18-ാം വര്‍ഷം കൂടി ആഘോഷിക്കുകയായിരുന്നു.

പുതിയ ലോകത്ത്‌ പുതിയ വെല്ലുവിളികളാണ്‌ നേരിടുന്നതെന്നും അതി സമ്പന്നതയുടെ നടുവിലെ ശുശ്രൂഷ വെല്ലുവിളിയും ഒപ്പം ദൈവനിയോഗവുമാണെന്നും ജന്മദിന സമ്മേളന ഉദ്‌ഘാടന പ്രസംഗത്തില്‍ അഭി. സഖറായാസ്‌ മാര്‍ നിക്കോളോവോസ്‌ അഭിപ്രായപ്പെട്ടു.

സഭ അതിന്റെ ശുശ്രൂഷ പൂര്‍ത്തീകരിക്കുക എന്നത്‌ അതിസമ്പന്നതയുടെ നടുവില്‍ വിഷമമേറിയ കാര്യമാണ്‌. രണ്ടായിരം നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവും നമുക്കുണ്ട്‌. പക്ഷേ പുതിയ സ്ഥലങ്ങളില്‍ സഭ കടന്നു ചെല്ലുമ്പോള്‍, അവിടങ്ങളിലെ വളര്‍ന്നു വരുന്ന യുവ സമൂഹത്തെക്കൂടി നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്‌. ഇതാണ്‌ സഭ ഏറ്റെടുക്കേണ്ട പ്രധാന വെല്ലുവിളിയെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിവന്ദ്യ ബര്‍ണ്ണാബാസ്‌ തിരുമേനിയോടൊപ്പം പിതൃവാത്സല്യം അനുഭവിച്ച അനുഭവവും, കഴിഞ്ഞ 18 വര്‍ഷത്തെ മേല്‍പ്പട്ട ജീവിതവും ഈ വെല്ലുവിളിയില്‍ ഏറ്റെടുക്കുവാന്‍ കരുത്ത്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഡോ. അലക്‌സാണ്ടര്‍ കാരക്കല്‍ മുഖ്യപ്രഭാഷണം നടത്തി. തിരുമേനിയുടെ ജന്മദിനത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ വിശകലനം ചെയ്‌ത്‌ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ ആഗസ്റ്റ്‌ 13ന്‌ ലോക ചരിത്രത്തിലെ പ്രാധാന്യങ്ങളെല്ലാം അദ്ദേഹം സൂചിപ്പിച്ചു.

മേപ്രാല്‍ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ വലിയ പള്ളി വികാരി ഫാ. കോശി ഫിലിപ്പ്‌ സ്വാഗതം ആശംസിച്ചു. നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്‌സാണ്ടര്‍ ഏബ്രാഹം, സഭാ കൗണ്‍സില്‍ അംഗം ജോണ്‍ മാത്യു ചെറുകര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അഭി. തിരുമേനി ജന്മദിന കേക്ക്‌ മുറിച്ച്‌ പങ്കെടുത്ത വിശ്വാസികള്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയതോടെ ഹൃദ്യവും മധുരവുമായ ഒരു ജന്മദിനാഘോഷത്തിന്‌ പരിസമാപ്‌തിയായി.
സഖറിയാസ്‌ മാര്‍ നിക്കോളോവോസ്‌ തിരുമേനി പിറന്നാള്‍ ജന്മനാട്ടില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക