Image

കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍

Published on 18 August, 2011
കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍

ദുരൂഹതയില്ലെന്ന് പോലീസ്; കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍



തിരുവനന്തപുരം: പൂങ്കുളം ഫാത്തിമ മാതാപള്ളി കോണ്‍വെന്‍റിലെ സിസ്റ്റര്‍ മേരി ആന്‍സിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സിസ്റ്ററുടെ മുഖത്തോ ശരീരത്തിലോ പരിക്കേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍, സാമാന്യം ഭാരമുള്ള കോണ്‍ക്രീറ്റ് മേല്‍മൂടി ഒറ്റയ്ക്ക് ഇളക്കി മാറ്റാന്‍ കന്യാസ്ത്രീക്കു കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചെറിയ വ്യാസമുള്ള വിടവിലൂടെ ചാടാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറയുന്നു. കോണ്‍ക്രീറ്റ് മൂടി നിരക്കി മാറ്റിയതാവാമെന്നാണ് പോലീസ് കരുതുന്നത്.

നിരക്കി നീക്കിയതിന്റെ ഉരഞ്ഞ പാട് അവിടെ കാണാനുണ്ട്. ക്രൈം ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡി.സി.പി. എസ്. രമേശ്ബാബു, ക്രമസമാധാന ചുമതലയുള്ള ഡി.സി.പി. രാജ്പാല്‍ മീണ, ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ എം.രാധാകൃഷ്ണന്‍ നായര്‍ എന്നിവരുള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് വിഭാഗം അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ.രമ, ബയോളജിസ്റ്റ് ഡോ.ഷീജ തുടങ്ങിയവരും സ്ഥലത്തെത്തി പരിശോധന നടത്തി.

21 വര്‍ഷമായി ഹോളി സ്പിരിറ്റ് കോണ്‍വെന്‍റില്‍ അന്തേവാസിയായ സിസ്റ്റര്‍ മേരി ആന്‍സി ഹോളി ക്രോസ് എല്‍.പി. സ്‌കൂള്‍ ആരംഭിച്ചതു മുതല്‍ അവിടത്തെ അദ്ധ്യാപികയാണ്. കോണ്‍വെന്‍റിലെ അന്തേവാസികളായ ഒമ്പത് കന്യാസ്ത്രീകളില്‍ മുതിര്‍ന്ന രണ്ടു പേരില്‍ ഒരാളാണിവര്‍. കുട്ടികളോട് പാട്ടുപാടി, കഥകള്‍ പറഞ്ഞ്, മന്ദസ്മിതത്തോടെ പഠിപ്പിക്കുന്ന, നാട്ടുകാരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേരുന്ന സിസ്റ്റര്‍ക്ക്ഒരിക്കലും ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നു.

മൃതദേഹം കിടന്ന സ്ഥലംതന്നെ ദുരൂഹതയുണര്‍ത്തുന്നതാണ്. തറനിരപ്പില്‍ നിന്നു കുഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത ജലസംഭരണിയിലാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടു മാന്‍ ഹോളാണ് ഇതിനുള്ളത്. അതില്‍ ഒന്നരയടി വ്യാസമുള്ള മാന്‍ഹോളിനുള്ളിലാണ് സിസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നല്ല തടിച്ച ശരീര പ്രകൃതമാണ് സിസ്റ്റര്‍ക്ക്. ചെറിയ മാന്‍ഹോളിനുള്ളിലൂടെ വെള്ളത്തിലേക്ക് ചാടിയാല്‍ രണ്ടു കൈകളും മുറിയാനുള്ള സാദ്ധ്യതയുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മുറിവൊന്നും ഉണ്ടാകാത്തതും നാട്ടുകാരുടെ സംശയത്തിന് ബലം പകരുന്നു. തൊട്ടടുത്ത് ഒരു കിണര്‍ ഉള്ളപ്പോള്‍ എന്തിന് സിസ്റ്റര്‍ ഇടുങ്ങിയ മാന്‍ഹോളിലൂടെ ടാങ്കിലിറങ്ങി എന്ന ചോദ്യവുമുണ്ട്.

സിസ്റ്ററുടെ മരണം അറിഞ്ഞപാടേ, അവര്‍ക്ക് കടുത്ത മാനസിക പിരിമുറുക്കം ഉണ്ടായിരുന്നുവെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചതും നാട്ടുകാരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് സി.ആര്‍.പി.സി 174-ാം വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടത്തിന്റെയും ഫോറന്‍സിക് പരിശോധനയുടെയും റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന ഫോര്‍ട്ട് എ.സി. രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഫോറന്‍സിക് പരിശോധയും പോസ്റ്റുമോര്‍ട്ടവും വീഡിയോയില്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുളള പ്രഥമിക വിലയിരുത്തലില്‍ സിസ്റ്റര്‍ വെള്ളം കുടിച്ചുവെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

കോവളം/കടുത്തുരുത്തി: പൂങ്കുളം ഫാത്തിമമാതാ പള്ളിയിലെ ഹോളി സ്പിരിറ്റ് കോണ്‍വെന്‍റില്‍ അന്തേവാസിയായ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ആന്‍സിയെ (42) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴരയോടെ കോണ്‍വെന്‍റ് വളപ്പിലെ ജലസംഭരണിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഫാത്തിമമാതാ പള്ളിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയായുള്ള പാലപ്പൂര് ഹോളി ക്രോസ് എല്‍.പി സ്‌കൂളിലെ അദ്ധ്യാപികയാണ് സിസ്റ്റര്‍ മേരി ആന്‍സി. കോട്ടയം കല്ലറ മാന്‍വട്ടം പുല്‍പ്രയില്‍ ഫിലിപ്പിന്റെയും പരേതയായ ത്രേസ്യയുടെയും മൂത്ത മകളാണ് ഇവര്‍. കന്യാസ്ത്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത് രാവിലെ അല്പനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.

കോണ്‍വെന്‍റിലെ രണ്ടു കോണ്‍ക്രീറ്റ് മേല്‍മൂടികളുള്ള ജലസംഭരണിയുടെ ഇടതുവശത്തെ മൂടി നീക്കിവെച്ച നിലയിലാണ് കണ്ടത്. 12 അടിയോളം താഴ്ചയുള്ള ടാങ്കില്‍ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ടാങ്കില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെരുപ്പുകള്‍ രണ്ടും ടാങ്കില്‍ ഒരു വശത്തായി കിടക്കുകയായിരുന്നു.

സിസ്റ്റര്‍ ആന്‍സി ആത്മഹത്യ ചെയ്യില്ലെന്ന് അവരുടെ അച്ഛന്‍ ഫിലിപ്പ് പറഞ്ഞു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ തിരുവല്ല മലങ്കര സഭാ ആസ്ഥാനത്തു നിന്ന് ഒരു കന്യാസ്ത്രീയാണ് മകളുടെ മരണവിവരം ഫോണില്‍ വിളിച്ചറിയിച്ചത്. അര മണിക്കൂറിനു ശേഷം കോവളം എസ്.ഐയും വിവരം വിളിച്ചറിയിച്ചു. ഉടനെ തന്നെ ബന്ധുക്കള്‍ കോവളത്തേക്കു തിരിച്ചുവെന്ന് ഫിലിപ്പ് പറഞ്ഞു.

ഫിലിപ്പിന് ആറു മക്കളാണുള്ളത്. അമ്മ ത്രേസ്യയുടെ എട്ടാം ചരമവാര്‍ഷികത്തിന് മാന്‍വെട്ടത്തെ വീട്ടില്‍ സിസ്റ്റര്‍ എത്തിയിരുന്നു. സന്തോഷത്തോടെയാണ് അവര്‍ യാത്ര പറഞ്ഞതെന്ന് നിറകണ്ണുകളോടെ ഫിലിപ്പ് പറഞ്ഞു. അവസാനമായി കഴിഞ്ഞയാഴ്ചയാണ് സിസ്റ്റര്‍ വീട്ടിലേക്കു വിളിച്ചത്. മേരി, ജെസ്സി, സോളി, സോഫിയ, ജോസ്‌മോന്‍ എന്നിവരാണ് സിസ്റ്റര്‍ മേരി ആന്‍സിയുടെ സഹോദരങ്ങള്‍.

രണ്ടാഴ്ചയായി ത്വഗ്രോഗ സംബന്ധമായ ചികിത്സയിലായിരുന്നു സിസ്റ്റര്‍ ആന്‍സിയെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. സമീപത്തു തന്നെയുള്ള ചന്ദ്രാ മെഡിക്കല്‍ സെന്‍ററില്‍ ഇതിനായുള്ള ചികിത്സ നടത്തി വരികയായിരുന്നു. കടുത്ത പ്രമേഹ രോഗിയായ ഇവര്‍ ഏതാനും ദിവസങ്ങളായി ആകെ അസ്വസ്ഥയായിരുന്നതായും പറയപ്പെടുന്നു. രാത്രി ഉറക്കമില്ലെന്ന് സിസ്റ്റര്‍ പറയുമായിരുന്നെന്ന് അന്തേവാസികള്‍ പറഞ്ഞു. ചൊവ്വാഴ്ച ഇവര്‍ സ്‌കൂളിലും പോയില്ല.

ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കോണ്‍വെന്‍റിലെ സ്വന്തം മുറിയിലേക്ക് ഉറങ്ങാനായി പോയി. ബുധനാഴ്ച രാവിലെ ആറരയോടെ മറ്റു കന്യാസ്ത്രീകളെല്ലാവരും പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്കു പോയപ്പോള്‍ സിസ്റ്റര്‍ ആന്‍സിയെ വിളിച്ചില്ല. കുറച്ചുദിവസമായി ഉറക്കമില്ലെന്നു പറഞ്ഞിരുന്ന അവര്‍ ഉറങ്ങുന്നെങ്കില്‍ ഉറങ്ങിക്കോട്ടെ എന്നു കരുതി വിളിച്ചില്ലെന്നാണ് വിശദീകരണം.

പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയെത്തി ഏഴര മണിയോടെ പ്രാതലിനായി തയ്യാറെടുത്തപ്പോള്‍ സിസ്റ്ററെ വിളിക്കാനായി മുറിയിലേക്കു ചെന്നു. അപ്പോള്‍ തുറന്നു കിടന്ന മുറിയില്‍ സിസ്റ്റര്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷിച്ചു നടന്നപ്പോഴാണ് ജലസംഭരണിയുടെ മേല്‍മൂടി നീക്കിവെച്ചതായി കണ്ടത്. ചെന്നുനോക്കിയ കന്യാസ്ത്രീകള്‍ നിലവിളിച്ചു. ഉടനെ പോലീസില്‍ വിവരമറിയിച്ചു. മൃതദേഹം ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക