Image

എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 19 August, 2011
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി
ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്‌റ്റര്‍, മുന്‍ എസ്‌.ബി കോളജ്‌ പ്രിന്‍സിപ്പലും, ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതാ വികാരി ജനറാളും, സംഘടനയുടെ രക്ഷാധികാരിയുമായിരുന്ന റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌ സ്‌നേഹോഷ്‌മളമായ യാത്രയയപ്പ്‌ നല്‍കി.

കര്‍മ്മശേഷിയും, മാധുര്യമേറിയ സംഭാഷണശലിയിലുള്ള വാക്‌ചാതുരിയുടേയും ഊഷ്‌മള സ്‌നേഹത്തിന്റേയും ആഴമേറിയ ആദ്ധ്യാത്മീകതയുടേയും ഈറ്റില്ലമാണ്‌ മഠത്തിപ്പറമ്പിലച്ചന്‍. ഒരു പതിറ്റാണ്ടുകാലമായി വളരെ ശക്തവും സ്‌തുത്യര്‍ഹവുമായ സേവനം ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ പ്രഥമ വികാരി ജനറാള്‍ എന്ന നിലയില്‍ തന്റെ കര്‍മ്മ മണ്‌ഡലത്തില്‍ വിജയശ്രീലാളിതനായി തേര്‌ തെളിച്ചു എന്ന ആത്മസംതൃപ്‌തിയോടെ തത്‌സ്ഥാനത്തുനിന്നും വിരമിച്ച്‌ നാട്ടിലേക്ക്‌ മടങ്ങിപ്പോകുന്നു. അതിനു മുന്നോടിയായി അദ്ദേഹത്തിനുവേണ്ടി സംഘടിപ്പിച്ച യാത്രയയപ്പ്‌ സമ്മേളനം സംഘാടന ശൈലികൊണ്ടും അദ്ദേഹത്തിന്റെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി സംഘടനാംഗങ്ങളുടേയും ഭാരവാഹികളുടേയും സജീവ സാന്നിധ്യംകൊണ്ട്‌ അനുഗ്രഹീതമായി.

ഷിക്കാഗോ രൂപതയുടെ പ്രഥമ വികാരി ജനറാള്‍, മുന്‍ എസ്‌.ബി കോളജ്‌ പ്രിന്‍സിപ്പല്‍, സംഘടനയുടെ രക്ഷാധികാരി എന്ന നിലയില്‍ രൂപതയ്‌ക്കും കോളജിനും സംഘടനയ്‌ക്കും വേണ്ടി ചെയ്‌ത എല്ലാ മഹത്തായ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും സദസ്യര്‍ അദ്ദേഹത്തെ മുക്തകണ്‌ഠം പ്രശംസിക്കുകയും ആദരസൂചകമായി സംഘടനയുടെ വക സ്‌നേഹോപഹാരമായ പ്ലാക്ക്‌ സമര്‍പ്പിച്ചു.

താന്‍ പ്രിന്‍സിപ്പലായി സേവനമനുഷ്‌ഠിച്ചുകൊണ്ടിരുന്ന കാലത്ത്‌ കേരളത്തിലെ ഏറ്റവും നല്ല കോളജിനുള്ള ആര്‍ ശങ്കര്‍ അവാര്‍ഡ്‌ എസ്‌.ബി കോളജിനു നേടിക്കൊടുത്തത്‌ അദ്ദേഹത്തിന്റെ കര്‍മ്മശേഷിയുടേയും നേതൃപാടവത്തിന്റേയും മകുടോദാരഹണമാണ്‌.

ഷിക്കാഗോ രൂപതയുടെ അദ്ധ്യക്ഷനായ അങ്ങാടിയത്ത്‌ പിതാവിലൂടെ തന്നില്‍ നിക്ഷിപ്‌തമായ അജപാലനകര്‍മ്മം ശുശ്രൂഷാ മനോഭാവത്തോടെയുള്ള ആധികാരികതയിലൂടെ ആഴമേറിയ ദൈവ വിശ്വാസത്തിന്റെ പിന്‍ബലത്താല്‍ കരുത്തുറ്റ നേതൃപാടവത്തോടെ തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ദൈവം തിരുമനസ്സായി എന്ന വലിയ ആത്മസംതൃപ്‌തിയുടേയും മധുര സ്‌മരണകള്‍ തന്റെ മനസ്സിലും ജനഹൃദയങ്ങളിലും എക്കാലവും തങ്ങിനില്‍ക്കുന്നതാണ്‌.

വയറ്റിലൂടെയാണ്‌ ഹൃദയത്തിലേക്ക്‌ നീങ്ങുന്നത്‌ എന്ന്‌ അറബികള്‍ പറയുന്നതുപോലെ അച്ചനുമായി ഒന്നിച്ചിരുന്ന്‌ ഡിന്നര്‍ കഴിച്ചപ്പോള്‍ ഹൃദയങ്ങള്‍ ഹൃദയങ്ങളുമായി സംവദിക്കുകയായിരുന്നു. സ്വാര്‍ത്ഥതയുടെ കവചംപൊട്ടിച്ച്‌ ഒരു ഇത്തിരിനേരം ലോകത്തിന്റെ രൂപാന്തരീകരണത്തിനായി പ്രവര്‍ത്തിക്കുവാന്‍ നമ്മെയും നമ്മുടെ കുട്ടികളേയും പരിശീലിപ്പിക്കണം എന്ന ആഹ്വാനത്തിന്റെ അലയടികളാണ്‌ അച്ചന്‍ തന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരുമായി പങ്കിട്ടത്‌. യഥാര്‍ത്ഥ ജീവിതസന്തോഷം എന്നു പറയുന്നത്‌ ആരുടെയെങ്കിലും മനസ്സില്‍ ഇടംകൊടുക്കുവാന്‍ കഴിയുന്നതാണ്‌. മഠത്തിപ്പറമ്പിലച്ചന്റെ ജീവിതംതന്നെ നമുക്കു മുന്നില്‍ അതിനുള്ള ഒരു സാക്ഷ്യപത്രമാണ്‌.

ഏതു പദവി അലങ്കരിച്ചാലും തനിക്കു തുല്യമായവരെ സുഹൃത്തുക്കുളെപ്പോലെയും കരുതലുള്ള ഒരു മേലധികാരിയെപ്പോലെയും തനിക്കു കീഴിലുള്ളവവരോടും കരുതലോടെയും അനുകമ്പയോടെയും തിരുത്തലുകളോടെയും വര്‍ത്തിച്ചിരുന്നു. ദുഷ്‌പ്രേരണം, ദുഷ്‌പ്രവൃത്തി. ദുര്‍മാതൃക എന്നീ നിഷേധാത്മക ഭാവങ്ങള്‍ തന്റെ സാന്നിദ്ധ്യത്തില്‍ ഉടഞ്ഞുപോയിരുന്നു. സത്‌ഗുണങ്ങളും സത്‌പ്രവൃത്തികളും എപ്പോഴും അദ്ദേഹത്തിന്റെ കൈകളില്‍ സുരക്ഷിതമായി പുഷ്‌പിക്കുകയും ചെയ്യുന്ന ഒരു സ്വഭാവ സവിശേഷത സമൂഹ നന്മയ്‌ക്കായി എക്കാലവും ഉപകരിക്കുന്ന അദ്ദേഹത്തിന്റെ ഒരു സ്വകാര്യ സ്വത്തായിരുന്നു. സമൂഹം ഇന്ന്‌ അതിന്‌ അദ്ദേഹത്തിന്റെ വ്യക്തിമുദ്രയായി വിവക്ഷിക്കുന്നു.

സ്‌നേഹത്തിന്റെ പേരില്‍ തന്റെ ജീവിതം മറ്റുള്ളവര്‍ക്കായി ധൂര്‍ത്തടിക്കുന്ന, നല്ലതുപോലെ വ്യയം ചെയ്യുന്ന മഹനീയ വ്യക്തിത്വത്തിന്റെ തലപ്പാവിന്‌ ഒരു സ്വര്‍ണ്ണത്തൂവല്‍ സ്‌പര്‍ശം എന്നും ചാര്‍ത്തിയിരുന്നു.

ഒരു ലക്ഷ്യബോധമുള്ള കുട്ടിയായും ദൈവത്തിന്റെ മനുഷ്യനുമായിട്ടാണ്‌ ചെറുപ്പംമുതലേ വളര്‍ന്നത്‌. അദ്ദേഹത്തിന്റെ ശുശ്രൂഷാ മനോഭാവത്തില്‍ അന്തര്‍ലീനമായ ആധികാരികതയിലൂടെ നല്ല വ്യക്തിബന്ധങ്ങള്‍ കെട്ടിപ്പെടുക്കുവാന്‍ സാധിച്ചിട്ടുള്ളത്‌ തന്റെ ജീവിതത്തിലെ ഒരു വലിയ നേട്ടങ്ങളില്‍ ഒന്നാണ്‌. സമൂഹത്തില്‍ പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടേയും പാവപ്പെട്ടവരുടേയും തുണയും തണലും ആശ്വാസവുമായി എക്കാലവും നിലകൊണ്ടിട്ടുള്ള അച്ചന്‍ തന്റെ വ്യക്തിജീവിതത്തില്‍ എളിമയുടേയും ലാളിത്യത്തിന്റേയും ജീവിതശൈലി സ്വന്തമാക്കിയിരുന്നു.

ഷിക്കാഗോയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നടുവില്‍ സംഘാടക തീക്ഷണതയാലും കരുത്തുറ്റ നേതപാടവത്താലും പങ്കാളിത്തത്താലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനശൈലിയാലും തന്റെ രക്ഷാധികാരിത്വത്തില്‍ സംഘടനയെ ഒരു മികവുറ്റ നിലയിലും നിലവാരത്തിലേക്കും കൈപിടിച്ചുയര്‍ത്തുവാന്‍ സംഘടാനാംഗങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട്‌ സജീവമായി പ്രവര്‍ത്തിക്കുവാന്‍ മഠത്തിപ്പറമ്പിലച്ചന്‍ കാണിക്കുന്ന അതീവ ശ്രദ്ധയും താത്‌പര്യവും അവര്‍ണ്ണനീയമാണ്‌. ബോബന്‍ കളത്തിലിനോടുകൂടി ഫുഡ്‌ കോര്‍ഡിനേഷനില്‍ സഹകരിച്ച്‌ പ്രവര്‍ത്തിച്ച ഏവര്‍ക്കും സമ്മേളനത്തിനായി വേദിയൊരുക്കിത്തന്ന ഇമ്പീരിയല്‍ ട്രാവല്‍സിന്റെ മാനേജ്‌മെന്റിനും സംഘടനാ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. തനിക്ക്‌ നല്‍കിയ ഹൃദ്യമായ യാത്രയയപ്പിന്‌ തന്റെ മറുപടി പ്രസംഗത്തില്‍ അച്ചന്‍ നന്ദി പറഞ്ഞു. അച്ചന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ദൈവാനുഗ്രഹവും നന്മകളും ആശംസിച്ചുകൊണ്ട്‌ യോഗം പര്യവസാനിച്ചു. ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌ അറിയിച്ചതാണിത്‌.
എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നി റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പിലിന്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക