Image

മാര്‍ ജോസഫ്‌ കരിയാറ്റി ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി

Published on 25 May, 2011
മാര്‍ ജോസഫ്‌ കരിയാറ്റി ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി
കൊച്ചി: രണ്ടു നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഭാരത കത്തോലിക്കാ സഭയിലെ വിദേശാധിപത്യത്തിനെതിരെ പോരാടിയ ദേശീയ ചിന്തയുടെ പ്രതീകമായിരുന്നു കാലം ചെയ്‌ത മാര്‍ ജോസഫ്‌ കരിയാറ്റി മെത്രാപ്പോലീത്തയെന്ന്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു. ആലങ്ങാട്‌ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ നടന്ന മാര്‍ ജോസഫ്‌ കരിയാറ്റി മെത്രാപ്പോലീത്തായുടെ ഭൗതീകാവശിഷ്‌ട പുന:സംസ്‌കരണത്തിന്റെ 50-ാം വാര്‍ഷികത്തിന്റെയും, 225-ാം ചരമവാര്‍ഷികത്തിന്റെയും ഉദ്‌ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി.

സഭയുടെ ഭരണത്തോടൊപ്പം രാജ്യഭരണത്തിലും വിദേശ മിഷനറിമാര്‍ കൈകടത്തിയിരുന്നു. ലിസ്‌ബണിലും റോമിലുമായി സഭാ അധികാരികളുമായി നടന്ന ചര്‍ച്ചകളില്‍ പുനരൈക്യത്തെക്കുറിച്ചും, ഭാരതസഭയുടെ ഭരണം ഭാരതീയര്‍ക്കായിരിക്കണമെന്നും അദ്ദേഹം വാദിച്ചു. 6-ാം പീയൂസ്‌ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച്‌ ഭാരതസഭയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ച മാര്‍ കരിയാറ്റി, ലിസ്‌ബണില്‍, പോര്‍ട്ടുഗീസ്‌ രാജഞിയുടെ പിറന്നാളിന്‌ പോര്‍ട്ടുഗീസ്‌ ഭാഷയില്‍ നടത്തിയ പ്രസംഗം ഭാരത സഭയുടെ മുഴുവന്‍ ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഭാഷാ പരിമിതികളെ അതിജീവിച്ച്‌ റോമിലും, ലിസ്‌ബണിലും അദ്ദേഹം നടത്തിയ ചര്‍ച്ചകളില്‍ കാണിച്ച പ്രാഗത്ഭ്യമാണ്‌ 1783 ല്‍ പോര്‍ട്ടുഗീസ്‌ രാജ്ഞി അദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നാമനിര്‍ദ്ദേശം ചെയ്യാന്‍ കാരണം. മാര്‍പ്പാപ്പ അത്‌ അംഗീകരിച്ചതോടെ 6-ാം മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ കീഴിലുള്ള പുത്തന്‍കൂറ്റ്‌ വിഭാഗത്തെ കത്തോലിക്കാ സഭയിലേയ്‌ക്ക്‌ പുന:രൈക്യപ്പെടുത്തുന്നതിന്‌ അദ്ദേഹത്തിന്‌ അനുവാദം കിട്ടി. ദേശീയതയോടൊപ്പം തന്നെ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വക്താവും കൂടിയായിരുന്നു മാര്‍ കരിയാറ്റിയെന്ന്‌ മാര്‍ ചിറ്റിലപ്പിള്ളി ചൂണ്ടിക്കാട്ടി.

മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മാര്‍ ഡോമിനിക്ക്‌ കൊക്കാട്ട്‌, മാര്‍ ആന്റണി ചിറയത്ത്‌ എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഫാ.തോമസ്‌ പുതുശ്ശേരി, ടി.യു.പ്രസാദ്‌, കെ.വി.പോള്‍, വി.സി.ഫ്രാന്‍സീസ്‌, ജോണി മേനാച്ചേരി, കെ.പി.പൗലോസ്‌, ജോര്‍ജ്ജ്‌ പൊള്ളയില്‍, ആന്റണി മാഞ്ഞൂരാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആഘോഷങ്ങളോടനുബന്ധിച്ച്‌ നടത്തിയ സഭാചരിത്രസെമിനാര്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്‌തു. ഹിസ്റ്ററി ആന്റ്‌ റിസര്‍ച്ച്‌ ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം വിഷയാവതരണം നടത്തി. ഫാ.തോമസ്‌ പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ പ്രൊഫ.വി.എ.വര്‍ഗ്ഗീസ്‌ മോഡറേറ്ററായിരുന്നു. ഫാ.ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, ജോസഫ്‌ പാലമറ്റം, യു.പി.ജോയി, ട്രീസാ പൈലി തുടങ്ങിയവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന അനുസ്‌മരണ ദിവ്യബലിയില്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികനായിരുന്നു. മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍, മാര്‍ ഡോമിനിക്ക്‌ കൊക്കാട്ട്‌, മാര്‍ ആന്റണി ചിറയത്ത്‌ എന്നിവര്‍ സഹകാര്‍മ്മികരുമായിരുന്നു.

അഡ്വ.ജോസ്‌ വിതയത്തില്‍
സെക്രട്ടറി, കെസിബിസി അല്‌മായ കമ്മീഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക