Image

തമിഴ്‌നാട് നിയമസഭാ മന്ദിരം ആസ്പത്രിയാക്കുന്നു

Published on 19 August, 2011
തമിഴ്‌നാട് നിയമസഭാ മന്ദിരം ആസ്പത്രിയാക്കുന്നു
ചെന്നൈ: കരുണാനിധി ഭരണകൂടത്തിന്റെ ചെയ്തികളില്‍ ജയലളിത 'തിരുത്തല്‍' തുടരുന്നു. ഡി.എം.കെ ഭരണകാലത്ത് കരുണാനിധിയും കൂട്ടരും അഭിമാനപുരസരം പണികഴിപ്പിച്ച പുതിയ നിയമസഭാ മന്ദിരം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി മാറ്റി അടുത്ത തിരിച്ചടി നല്‍കാനാണ് ജയലളിത ഒരുങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് മാതൃകയില്‍ എല്ലാവിധ സജ്ജീകരണങ്ങളോടെയുമുള്ള ആസ്പത്രിയാക്കി മാറ്റാനാണ് തീരുമാനം.

97,289 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മന്ദിരത്തിന്റെ എ ബ്ലോക്കാകും ആസ്പത്രിയാക്കി മാറ്റുകയെന്ന് ജയലളിത നിയമസഭയില്‍ അറിയിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന ബി ബ്ലോക്കില്‍ പുതിയൊരു മെഡിക്കല്‍ കോളജും സ്ഥാപിക്കും. പാവങ്ങള്‍ക്കും പിന്നാക്കവിഭാഗത്തിനും ഇവിടെ സൗജന്യമായി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കും. പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ തന്നെയാകും നിയമസഭ തുടര്‍ന്നും സമ്മേളിക്കുക.

400 കോടി ചിലവില്‍ നിര്‍മ്മാക്കനുദ്ദേശിച്ച ബഹുനില നിയമസഭാ മന്ദിരം പണി അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ചിലവ് ആയിരംകോടി കടന്നു. ഇതില്‍ വ്യാപകമായ അഴിമതിയും ക്രമക്കേടുമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയെ ഏകാംഗ കമ്മീഷനാക്കി നിയമിച്ചിരിക്കുകയാണ്. മൂന്നുമാസമാണ് റിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി. അതിന് ശേഷമായിരിക്കും ജയലളിതയുടെ അടുത്തനീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക