Image

ഇടവകവികാരിക്ക് യാത്രയയപ്പ് നല്കി

Published on 25 May, 2011
ഇടവകവികാരിക്ക് യാത്രയയപ്പ് നല്കി
രാജന്‍ മാത്യു
കഴിഞ്ഞ നാലു വര്‍ഷമായി ലോങ്ങ് ഐലന്റ് സെന്റ് ജോണ്‍ ക്രിസോസ്റ്റോം മലകര കത്തോലിക്കാ ഇടവകയുടെ വികാരിയായി സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച ബഹുമാനപ്പെട്ട ഫാ.ജോസഫ് നെടുവാന്‍ കുഴിയിലിന് ഇടവക ഒന്നടക്കം വികാരഭരിതമായ യാത്രയയപ്പ് നല്കി. മലങ്കര കത്തോലിക്കാ സഭയുടെ പ്രോ-കത്തീഡ്രലാണ് പ്രസ്തുത ദേവാലയം.

മലങ്കര കത്തോലിക്കാ സഭയുടെ ഡാള്ളസിലുള്ള പള്ളിയിലേക്കാണ് ബഹു. അച്ചന്‍ പുതിയതായി ഇടവക വികാരിയായി നിയമിതനായിരിക്കുന്നത്. സഭാ ശുശ്രൂഷയില്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് തന്റെ വൈദിക ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചതെന്ന് സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്ന വന്ദ്യ തോമസ് മാര്‍ യൗസേസിയൂസ് മെത്രാപ്പോലീത്താ അനുസ്മരിച്ചു. സഭയുടെ ഉറക്കമിളച്ച് പ്രവര്‍ത്തിക്കുവാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ടെന്നും പിതാവ് അനുസ്മരിച്ചു. സെമിനാരി പരിശീലനകാലം മുതല്‍ അടുത്തറിയുന്ന അച്ചന്‍ സഭയുടെ പുരോഗതി മാത്രം ലക്ഷ്യം വച്ചുകൊണ്ട് പ്രവര്‍ത്തിച്ചു എന്നും സ്വന്തം ബോധ്യങ്ങളെ ആരുടെ മുന്‍മ്പിലും ധൈര്യപൂര്‍വ്വം സംസാരിക്കുവാനുള്ള അച്ചന്റെ കഴിവ് വളരെ ശ്ശാഘനീയമാണെന്നും സൂചിപ്പിച്ചു. പുതിയ ഇടവകയുടെ സമഗ്രമായ വളര്‍ച്ചയ്ക്ക് കാരണവുമാകട്ടെ എന്ന് അഭിവന്ദ്യ പിതാവ് ആശംസിച്ചു.

യുവാക്കളോടും, കുട്ടികളോടും, എല്ലാ അംഗങ്ങളോടും തികഞ്ഞ ആത്മാര്‍ത്ഥതയോടും സമഭാവനയോടുമാണ് അച്ചന്‍ നോക്കിക്കണ്ടിരുന്നത്. ഈ ഇടവകയിലെ അച്ചന്റെ ആദ്ധ്യാത്മീക നേതൃത്വം ഇടവകാംഗങ്ങള്‍ക്ക് ഉണര്‍വും ഉന്‍മേഷവും നല്കാനും വിശ്വാസത്തില്‍ ശക്തിപ്പെടാനും കാരണമായിട്ടുണ്ടെന്ന് സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച വിവിധ സംഘടനയുടെ പ്രതിനിധികള്‍ അനുസ്മരിച്ചു.

അച്ചന്റെ മറുപടി പ്രസംഗത്തില്‍ തന്നില്‍ വിശ്വാസമര്‍പ്പിച്ച് വലിയ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ച അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കും പ്രവര്‍ത്തനത്തില്‍ എന്നും താങ്ങും തണലുമായി കൂടെ നിന്ന ബഹുമാനപ്പെട്ട വൈദികര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലെല്ലാം തികഞ്ഞ ആത്മാര്‍ത്ഥതയോടെ സഹായിച്ച ന്യൂയോര്‍ക്കിലമു സഥനിസിസ്‌റേറഴ്‌സിനും, ഡി.എം സിസ്‌റേറഴ്‌സിനോടുമുള്ള കൃതജ്ഞതയും അനുസ്മരിച്ചു. ഇടവകയില്‍ ശുശ്രൂഷ നിര്‍വഹിക്കുന്ന ബ്രാലിന്റും, ബ്ര.മൈക്കിള്‍ എന്നിവര്‍ക്കും, ഒരു കൂട്ടുകാരനെപ്പോലെ എന്നും സഹായിയായി നിന്ന തിമോത്തി എന്നിവര്‍ക്കും നന്ദി അര്‍പ്പിച്ചു. ഇടവകയുടെ പൊതുവായ പ്രവര്‍ത്തനത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ചുവന്ന ഇടവക ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, കമ്മറ്റി അംഗങ്ങള്‍, ഭക്ത സംഘടനകളുടെ പ്രതിനിധികള്‍, വിശ്വാസ പരിശീലന സഹായികള്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം എന്നിവരോടുമുള്ള നന്ദി അറിയിച്ചു. ഒരു നല്ല സംഘാടകന്‍ എന്നതിനേക്കാള്‍ ഒരു നല്ല ഇടയന്‍ എന്നു വിളിക്കപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്നും തന്റെ ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടാതെ കാത്തു സൂക്ഷിച്ച സ്വപ്നമാണ് വൈദിക ജീവിതമെന്നും വളരെ വികാരഭരിതമായി അച്ചന്‍ പറഞ്ഞു. മറ്റെല്ലാറ്റിനേക്കാളുമുപരി ഇടവകാംഗങ്ങളുടെ പ്രാര്‍ത്ഥനയാണ് തനിക്ക് വേണ്ടതെന്നും ആവശ്യപ്പെട്ടു. വൈദിക ജീവിതം വെല്ലുവിളിനിറഞ്ഞതാണ് പക്ഷേ സ്‌നേഹിക്കുന്ന സമൂഹത്തില്‍ വൈദികജീവിതത്തിന്റെ എല്ലാ കാഠിന്യവും അലിഞ്ഞില്ലാതായിത്തീരുന്നു.

നെടുവാന്‍കുഴിയിലച്ചന്‍ (സജുഅച്ചന്‍) വൈദികനായതിന്റെ 11-ാം വാര്‍ഷികം കഴിഞ്ഞ ഡിസംബറിലാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷം വരെ തിരുവനന്തപുരം മേജര്‍ അതിരൂപതയിലായിരുന്ന അച്ചന്‍ പുതിയതായി രൂപം കൊണ്ട പത്തനംതിട്ട രൂപതയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോടകം 7 പള്ളികളില്‍ വികാരിയായും 3 ഇടവകകളില്‍ സഹവികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂയോര്‍ക്ക് ആര്‍ച്ച് ഡയോസിസിലും, റോക്ക് വില്‍ സെന്റര്‍ ഡയോസിസിലും സഹവികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 6 വര്‍ഷക്കാലം യൂത്ത് ഡയറക്ടറെയും, മൂന്നുവര്‍ഷക്കാലം വൈദിക സംരക്ഷണ സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി രൂപം കൊണ്ട അമേരിക്കയിലെ മലകര കത്തോലിക്കാ എക്‌സാര്‍ക്കേറ്റിന്റെ ഉദ്ഘാടനത്തിലും, അഭിവന്ദ്യ പിതാവിന്റെ സ്ഥാനാരോഹണത്തിലും അച്ചന്റെ സംഘാടനാത്മക കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുണ്ട്.

അഭിവന്ദ്യ ജോസ് മാര്‍ തോമസ് തിരുമേനിയുടെ ഓഫീസ് സെക്രട്ടറിയായും, ചാല്‍സിലറായും അരമനയുടെ മിനിസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി ലോങ്ങ് ഐലന്റ് സെന്റ് തോമസ് എക്യൂറെനിക്കല്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നു.

നല്ലൊരു വാഗ്മി, എഴുത്തുകാരന്‍, ഗാനരചയിതാവ്, സംഘാടകന്‍, ധ്യാന പ്രസംഗകന്‍ എന്നീ നിലകളില്‍ തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ എക്‌സാര്‍ക്കേറിന്റെ പ്രസ്ബിറെറല്‍ കൗണ്‍സില്‍ സെക്രട്ടറിയായും, എം.സി.എ, എക്യൂമെനിസം എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.

ഇടവകയ്ക്കു വേണ്ടി ട്രസ്റ്റി വില്‍സന്‍ ജോസഫും വിശ്വാസപരിശീലന കാര്യാലയത്തിനുവേണ്ടി ജാസ്മിന്‍ തോമസും അച്ചന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. പരിപാടികള്‍ക്ക് ഇടവക സെക്രട്ടറി ജോണ്‍സണ്‍ ഡാനിയേലും സമ്മേളനത്തിന്റെ അമരക്കാരനായി ജിജോ ജോര്‍ജും പ്രവര്‍ത്തിച്ചു.
ഇടവകവികാരിക്ക് യാത്രയയപ്പ് നല്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക