Image

അറ്റ്‌ലാന്റായില്‍ ശതാബ്‌ദി ആഘോഷം വര്‍ണ്ണശബളമായി

സാജു വട്ടക്കുന്നത്ത്‌ Published on 01 September, 2011
അറ്റ്‌ലാന്റായില്‍ ശതാബ്‌ദി ആഘോഷം വര്‍ണ്ണശബളമായി
അറ്റ്‌ലാന്റാ: കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി അറ്റ്‌ലാന്റയിലുള്ള കോട്ടയം അതിരൂപതയുടെ ഭാഗമായ ക്‌നാനായ അംഗങ്ങള്‍ ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച തങ്ങളുടെ ദേവാലയത്തില്‍ ഒത്തുകൂടുകയും ശതാബ്‌ദി സമാപന ആഘോഷങ്ങള്‍ നടത്തുകയുമുണ്ടായി.

ഭാരതത്തിനു വെളിയിലെ രണ്ടാമത്തെ ക്‌നാനായ ദേവാലയമാണ്‌ അറ്റ്‌ലാന്റയിലെ ഹോളിഫാമിലി ക്‌നാനായ കാത്തലിക്‌ ദേവാലയം. ഞായറാഴ്‌ച രാവിലെ 10.30-ന്‌ ദേവാലയാങ്കണത്തില്‍ എല്ലാവരും ഒത്തുചേരുകയും ഘോഷയാത്രയായി ദേവാലയത്തില്‍ പ്രവേശിക്കുകയും, 100 വര്‍ഷത്തെ അനുസ്‌മരിച്ചുകൊണ്ട്‌ ഇടവകയിലെ കുട്ടികള്‍ 100 ദീപങ്ങള്‍ തെളിയിച്ചു.

തുടര്‍ന്ന്‌ ആഘോഷമായ ദിവ്യബലി ഇടവക വികാരി എബി അച്ചന്റെ കാര്‍മികത്വത്തില്‍ നടത്തുകയുണ്ടായി. കഴിഞ്ഞ 100 വര്‍ഷങ്ങള്‍ രൂപതയ്‌ക്ക്‌ ഉണ്ടായിട്ടുള്ള അഭിവൃദ്ധിയിലും, പൂര്‍വ്വികരേയും, സമുദായത്തെ നയിച്ചവരേയും തന്റെ വാക്കുകളില്‍ എബി അച്ചന്‍ അനുസ്‌മരിക്കുകയുണ്ടായി. ചെറിയ സമൂഹമായിരുന്നിട്ടും അറ്റ്‌ലാന്റയിലെ ക്‌നാനായ അംഗങ്ങള്‍ അഭിമാനത്തോടെ ഒത്തുചേര്‍ന്ന നിമിഷങ്ങളായിരുന്നു.

ദിവ്യബലിയെതുടര്‍ന്ന്‌ എല്ലാവര്‍ക്കും സ്വാദിഷ്‌ടമായ സ്‌നേഹവിരുന്ന്‌ തയാറായിരുന്നു. കൈക്കാരന്മാരായ റ്റോമി അറയ്‌ക്കല്‍, ജോബി വാഴക്കാല, മേരി ചേച്ചി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലൂക്കോസ്‌ ചക്കാലപ്പടവില്‍ ആഘോഷപരിപാടികള്‍ക്കുള്ള എല്ലാവിധ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കുകയുണ്ടായി.

സ്‌നേഹവിരുന്നിനുശേഷം ഇടവക സെക്രട്ടറി സിബി മുളയാനികുന്നേല്‍ നേതൃത്വം നല്‍കിയ കോട്ടയം അതിരൂപതയെക്കുറിച്ചുള്ള ക്വിസ്‌ മത്സരം എല്ലാവര്‍ക്കും വിജ്ഞാനപ്രദമായിരുന്നു. വൈകുന്നേരം നാലു മണിയോടെ ആഘോഷപരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.
അറ്റ്‌ലാന്റായില്‍ ശതാബ്‌ദി ആഘോഷം വര്‍ണ്ണശബളമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക