Image

ഇങ്ങനെയൊക്കെ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല: സനീഷ്‌

ജോര്‍ജ്‌ തുമ്പയില്‍ Published on 04 June, 2011
ഇങ്ങനെയൊക്കെ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല: സനീഷ്‌
പാറ്റേഴ്‌സണ്‍ (ന്യൂജേഴ്‌സി): ക്ലിഫ്‌ടണ്‍ ദേവാലയത്തില്‍ നടന്ന ഇരട്ടക്കൊല കേസിലെ പ്രതി സനീഷ്‌ ജോസഫ്‌ പള്ളിപ്പറത്തിന്‌ ഇരട്ട ജീവപര്യന്തത്തിന്‌ പുറമെ, മറ്റൊരു 20 വര്‍ഷം കഠിനതടവും വിധിച്ചു. ശിക്ഷാകാലത്ത്‌ പരോളും അനുവദിച്ചിട്ടില്ല.

പാറ്റേഴ്‌സണ്‍ സുപ്പീരിയര്‍ കോടതി ജഡ്‌ജി ശാലോം ആതോ, കോടതിമുറിയില്‍ തിങ്ങിനിറഞ്ഞ ബന്ധമിത്രാദികളെ സാക്ഷിയാക്കി വിധി പ്രസ്‌താവിച്ചപ്പോള്‍ നിര്‍വ്വികാരനായി, നിസ്സംഗതയോടെ സനീഷ്‌ ജഡ്‌ജിയുടെ മുഖത്തേയ്‌ക്ക്‌ തന്നെ നോക്കിയിരുന്ന്‌ വിധി കേട്ടു. `കഠിന ഹൃദയരായ കൊലപാതകികള്‍ ഉണ്ടെന്ന തീരുമാനത്തിലേക്കാണ്‌ ഞാന്‍ എത്തിയിരിക്കുന്നത്‌. അതിലൊരാളാണ്‌ താങ്കളും.'?വിധിന്യായത്തിന്റെ പ്രസ്‌ക്ത ഭാഗത്തിലേക്ക്‌ കടക്കവേ ജഡ്‌ജി ആതോ പറഞ്ഞു. പ്രതിക്ക്‌ എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിന്‌ മറുപടിയായി, യാന്ത്രികമായി എഴുന്നേറ്റ്‌, പുറകോട്ട്‌ തിരിഞ്ഞ്‌, അടിച്ചമര്‍ത്തപ്പെട്ട ഹൃദയവേദനയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഇരുന്നിരുന്നവരോട്‌ ഇത്രമാത്രം പറഞ്ഞു. `ഇങ്ങനെയൊക്കെ ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല, പക്ഷെ, അന്നെനിക്ക്‌ എന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടുപോയി. എന്റെ പ്രവര്‍ത്തിയില്‍ ഞാനേറ്റം ഖേദിക്കുന്നു.'

ഒന്നരമണിക്കൂര്‍ നീണ്ട നടപടിക്രമങ്ങള്‍ക്കിടയില്‍ മുഴുവന്‍ സമയവും കാലുകള്‍ ആട്ടി, വളരെ കൂളായി, യാതൊരു ഭാവവ്യത്യാസവുമില്ലാത്ത മുഖഭാവവുമായി. തലയൊന്ന്‌ തിരിക്കുകപോലും ചെയ്യാതെ സനീഷ്‌ ഇരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഡെന്നീസിന്റെ അമ്മ ഏലിക്കുട്ടി ജോണ്‍ സംസാരിച്ചപ്പോള്‍ കാലാട്ടലിന്റെ വേഗം ക്രമാതീതമായി കൂടുന്നത്‌ കാണാമായിരുന്നു. മൂന്നുപ്രാവശ്യം സനീഷിന്റെ വക്കീല്‍ ഹാര്‍ലി ബ്രയിറ്റ്‌ സനീഷിനോട്‌ ചെവിയില്‍ എന്തോ മന്ത്രിച്ചപ്പോള്‍ മെല്ലെ തലയാട്ടി സമ്മതിക്കുകയാണുണ്ടായത്‌. വെള്ളംകുടിക്കാനായി വക്കീല്‍ ഫ്‌ളാസ്‌ക്‌ എടുത്തപ്പോള്‍ വേണോ എന്ന്‌ ചോദിച്ചപ്പോഴും വേണ്ടെന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയാണുണ്ടായത്‌. രണ്ടര വര്‍ഷത്തെ ജയില്‍വാസത്തില്‍ തികച്ചും വ്യത്യസ്‌തമായ മുഖഭാവങ്ങളുമായാണ്‌ സനീഷ്‌ എത്തിയത്‌. മെലിഞ്ഞ്‌, കൊലുന്നനേ, അലക്ഷ്യമായി ചീകിയ മുടിയും, ഷേവ്‌ ചെയ്യാത്ത മുഖവുമായി ജയിലില്‍ പോയ സനീഷിന്റെ രൂപമാറ്റം എല്ലാവരും ശ്രദ്ധിക്കുകയും ചെയ്‌തു. കുറഞ്ഞത്‌ 10 കിലോയെങ്കിലും കൂടിയ ശരീരം, തടിച്ച്‌ കൊഴുത്ത മുഖം, ക്ലീന്‍ ഷേവ്‌ ചെയ്‌ത തലയില്‍ കളിര്‍ത്ത്‌ വരുന്ന കുറ്റിമുടി. ബുള്‍ഗാന്‍ താടി. ഇളംപച്ച കോളറില്ലാത്ത ടീഷര്‍ട്ടിന്‌ മുകളില്‍ കടുംപച്ചയായ ജയില്‍ വസ്‌ത്രം. ചെറിയ ഡിസൈനുള്ള വെളുത്ത ടെന്നീസ്‌ ഷൂ ഇങ്ങനെയാണ്‌ രണ്ട്‌ പോലീസുകാരുടെ വലയത്തില്‍ സനീഷ്‌ എത്തിയത്‌. കൈകള്‍ രണ്ടും വിലങ്ങ്‌ വെച്ച്‌, ഈ വിലങ്ങ്‌ അരയില്‍ ഘടിപ്പിച്ചിരുന്ന ബെല്‍റ്റില്‍ കൂട്ടിയിണക്കി, പുറകില്‍ താഴ്‌ ഇട്ട്‌ പൂട്ടിയിരുന്നു. കാലുകള്‍ തമ്മില്‍ ഫ്‌ളെക്‌സിബിള്‍ ആയ ചങ്ങലയാലും ബന്ധിക്കപ്പെട്ടിരുന്നു.

പ്രോസിക്യൂഷന്‍ വാദമുഖങ്ങള്‍ വ്യക്തമായും ശക്തമായും കോടതിക്ക്‌ മുന്നില്‍ അവതരിപ്പിച്ച്‌ പ്രതിക്ക്‌ ശിക്ഷ വാങ്ങിക്കൊടുത്ത പ്രോസിക്യൂട്ടര്‍ ജോണ്‍ ലാറ്റാറോക്കോ, തന്റെ പ്രയത്‌നം ഫലം കണ്ടതിന്റെ സംതൃപ്‌തി പ്രകടിപ്പിച്ചു. ലേഖകനുമായി സംസാരിച്ച പ്രോസിക്യൂട്ടര്‍, ഇത്‌ കൂട്ടായ പ്രയത്‌നത്തിന്റെ പരിണിതഫലമാണെന്ന്‌ പറഞ്ഞു. `പോലീസും ഡിറ്റക്‌ടീവുകളും എല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു. എല്ലാ തെളിവുകളും ശേഖരിച്ചു. പ്രതിക്ക്‌ രക്ഷപെടാന്‍ ഒരു പഴുതുമില്ലാതെ കേസിന്റെ വാദമുഖം കുറ്റമറ്റതാക്കി.'

പ്രതിഭാഗം വക്കീല്‍ ഹാര്‍ലി ബ്രയിറ്റ്‌ വിധിയില്‍ നിസ്സംഗതാ മനോഭാവമാണ്‌ പ്രകടപ്പിച്ചത്‌. ലേഖകനുമായി സംസാരിക്കവെ, മി. പള്ളിപ്പുറത്തിന്റെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ ജഡ്‌ജിയുടെ കൈകള്‍ കെട്ടപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു. `ആര്‍ക്കും വിജയിക്കാനാവാത്തതായ സാഹചര്യത്തില്‍ ഒരു മനുഷ്യന്റെ ട്രാജഡിയാണ്‌ ഇവിടെ കാണാനാവുന്നത്‌. അവസാനം എല്ലാവരുംതന്നെ തോല്‍ക്കുന്നു.' സനീഷിന്റെ വക്കീല്‍ ഹാര്‍ലി ബ്രയിറ്റ്‌ പറഞ്ഞു. സനീഷിന്‌ അപ്പീലിന്‌ പോകുവാനുള്ള സ്വാതന്ത്ര്യം ജഡ്‌ജി അനുവദിച്ചിട്ടുണ്ട്‌.

2008 നവംബര്‍ 23-ന്‌ ഞായറാഴ്‌ചയാണ്‌ വിധിക്ക്‌ ആസ്‌പദമായ സംഭവം നടന്നത്‌. ക്ലിഫ്‌ടണ്‍ സെന്റ്‌ തോമസ്‌ ക്‌നാനായ യാക്കോബായ പള്ളിയില്‍ വി. കുര്‍ബാന നടന്നുകൊണ്ടിരുന്നപ്പോള്‍ അവിടെ എത്തിയ സനീഷ്‌ ഭാര്യ രേഷ്‌മാ ജയിംസ്‌ (25), ഡെന്നീസ്‌ ജോണ്‍ മള്ളൂശ്ശേരില്‍ (26) എന്നിവരെ വെടിവെച്ച്‌ കൊലപ്പെടുത്തി. സംഭവത്തിന്‌ ദൃക്‌സാക്ഷിയായ സില്‍വി ജോണ്‍ പെരിഞ്ചേരിയിലിനും വെടിയേറ്റെങ്കിലും കഷ്‌ടിച്ച്‌ രക്ഷപെടുകയായിരുന്നു.

കടുത്തുരുത്തി കെ.എസ്‌.പുരം തുമ്പനാല്‍ ജയിംസിന്റേയും മേഴ്‌സിയുടേയും മകളായ രേഷ്‌മയുടേയും, നിലമ്പൂര്‍ പള്ളിപ്പറത്ത്‌ സനീഷ്‌ ജോസഫിന്റേയും (31) വിവാഹം 2007 ഓഗസ്റ്റ്‌ 25-ന്‌ നടന്നശേഷം, കാലിഫോര്‍ണിയയില്‍ എത്തി താമസം തുടങ്ങി. കുറച്ചുകാലങ്ങള്‍ക്കുശേഷം കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ തുടങ്ങി. രേഷ്‌മ നാട്ടിലേക്ക്‌ മടങ്ങി. പിന്നീട്‌ പുതിയ ജോലിതേടി ന്യൂജേഴ്‌സിയിലെ ഹോത്തോണിലുള്ള ബന്ധു സില്‍വി ജോണിന്റെ വീട്ടിലെത്തി. രേഷ്‌മ തിരിച്ചുവന്നതറിഞ്ഞ്‌, കൂട്ടിക്കൊണ്ടു പോകുവാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രണ്ടുംകല്‍പ്പിച്ചിറങ്ങിയതായിരുന്നു സനീഷ്‌. കാലിഫോര്‍ണിയയില്‍ നിന്ന്‌ തന്റെ ജീപ്പ്‌ റാംഗ്‌ളറില്‍ 5 ദിവസം യാത്രചെയ്‌ത്‌ പാറ്റേഴ്‌സണില്‍ എത്തി രണ്ടാഴ്‌ച വാടകയ്‌ക്കെടുത്ത മുറിയില്‍ താമസിച്ചു. രണ്ട്‌ തോക്കുകളും കരുതിയിരുന്നു. ഞായറാഴ്‌ച രേഷ്‌മ പള്ളിയില്‍ വരുമെന്നറിഞ്ഞ്‌ ഇയാള്‍ പള്ളിയില്‍ എത്തിയപ്പോള്‍ വി. കുര്‍ബാന നടന്നുകൊണ്ടിരിക്കുകയായിരുന്നു. രേഷ്‌മയെ ഫോണില്‍ വിളിച്ചെങ്കിലും രേഷ്‌മ പുറത്തേയ്‌ക്ക്‌ വന്നില്ല. അതോടെ പള്ളിയുടെ ഇടനാഴിയില്‍ കടന്ന സനീഷ്‌ രേഷ്‌മയെ കണ്ടു. ഇത്‌ കണ്ടുകൊണ്ടുവന്ന സില്‍വിയോട്‌, തന്റെ ഭാര്യയോട്‌ സംസാരിക്കണമെന്നും, ഭാര്യയെ വിളിച്ചുകൊണ്ടുപോകുവാനാണ്‌ വന്നതെന്നും പറഞ്ഞപ്പോള്‍, സില്‍വി തന്റെ ഭര്‍ത്താവ്‌ തമ്പിയെ വിളിച്ചുകൊണ്ടുവരുവാന്‍ അപ്പോള്‍ അവിടെ എത്തിയ കിച്ചുവിനോട്‌ (നിജിത്‌ കുര്യന്‍) പറഞ്ഞു. തുടര്‍ന്ന്‌ സനീഷ്‌ രേഷ്‌മയുടെ കയ്യില്‍ പിടിച്ചുവലിച്ച്‌ പള്ളിയുടെ പ്രധാന വാതില്‍ തുറന്നു. എതിര്‍ക്കാതെ രേഷ്‌മ കൂടെ നടന്നു. ഈ സമയത്താണ്‌ ഡെന്നീസ്‌ ജോണ്‍ മള്ളൂശ്ശേരില്‍ അവിടെയെത്തിയത്‌. അപകടം മണത്ത ഡെന്നീസ്‌ ശക്തിയായി രണ്ടുപേരേയും വേര്‍പെടുവിച്ചു. അതോടെ സനീഷ്‌ തോക്ക്‌ എടുത്തു. പിടിവലിക്കിടയില്‍ തോക്ക്‌ പൊട്ടി. രേഷ്‌മ താഴെവീണു. തുടര്‍ന്ന്‌ മൂന്നുപ്രാവശ്യംകൂടി വെടിപൊട്ടി. സില്‍വിയെ രക്ഷിക്കാനായി തടയായി കിടന്ന ഡെന്നീസിനും വെടിയേറ്റു.സില്‍വിക്കും വെടിയേറ്റു. രേഷ്‌മയേയും ഡെന്നീസിനേയും പാറ്റേഴ്‌സണിലുള്ള സെന്റ്‌ ജോസഫ്‌ മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സില്‍വി തന്റെ തലയിലേറ്റ വെടിയുണ്ടയുടെ ഭാഗവുംപേറി ഇനിയും ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കാനാവാതെ ജീവിക്കുന്നു. രേഷ്‌മയുടെ മൃചദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. ഡെന്നീസ്‌ ജോണിന്റെ ആന്തരികാവയവങ്ങള്‍ പലര്‍ക്കായി ദാനം ചെയ്‌തു. അവരെല്ലാം സുഖമായി ജീവിക്കുന്നു.

സംഭവത്തിനുശേഷം ജീപ്പ്‌ ഉപേക്ഷിച്ച്‌, ന്യൂയോര്‍ക്കിലെ ട്രാന്‍സിറ്റ്‌ അതോറിറ്റി സ്റ്റേഷനില്‍ നിന്ന്‌ അന്തര്‍സംസ്ഥാന ബസ്സില്‍ ജോര്‍ജിയ ഭാഗത്തേയ്‌ക്ക്‌ പോയി. അറ്റ്‌ലാന്റയ്‌ക്കടുത്തുള്ള മണ്‍റോ ടൗണ്‍ഷിപ്പിലെ ഒരു മോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്ന സനീഷിനെ ദിവസങ്ങള്‍ക്കം പോലീസ്‌ വിദഗ്‌ധമായ വലയിലാക്കുകയായിരുന്നു. തന്റെ കൈയില്‍ ഒരു യന്ത്രത്തോക്ക്‌ ഉണ്ടായിരുന്നെങ്കില്‍ പള്ളിയില്‍ ഉണ്ടായിരുന്ന എല്ലാവരേയും വെടിവെച്ച്‌ കൊല്ലുമായിരുന്നു എന്നാണ്‌ അന്ന്‌ സനീഷ്‌ പോലീസിനോട്‌ പറഞ്ഞത്‌.

ന്യൂജേഴ്‌സിയില്‍ തിരികെ കൊണ്ടുവന്ന സനീഷിനെ ജാമ്യതുകയായ 5 മില്യന്‍ ഡോളറാണ്‌ കോടതി നിശ്ചയിച്ചത്‌. പിന്നീട്‌ പാറ്റേഴ്‌സണ്‍ സുപ്പീരിയര്‍ കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. ഏറെ സ്‌നേഹിച്ച ഭാര്യയെയോ മറ്റാരെയെങ്കിലുമോ കൊല്ലണമെന്ന്‌ സനീഷ്‌ ആഗ്രഹിച്ചിരുന്നില്ലെന്ന വാദമുഖമാണ്‌ പ്രതിഭാഗം ഉയര്‍ ത്തിക്കാട്ടിയത്‌. എന്നാല്‍ സനീഷ്‌ വന്നത്‌ ദുരുദ്ദേശത്തോടു കൂടി തന്നെയാണെന്ന്‌ തെളിയിക്കുവാന്‍ പ്രോസിക്യൂട്ടര്‍ ജോണ്‍ ലാറ്റാറോയ്‌ക്ക്‌ കഴിഞ്ഞു. വാദപ്രതിവാദങ്ങ ള്‍ക്കുശേഷം കേസ്‌ ജൂറിയുടെ പരിഗണനയ്‌ക്കുവിട്ടു. പ്രോസിക്യൂഷന്‍ വാദം ശരിയാണെന്ന്‌ ജൂറിയും അംഗീകരിച്ചതോടെ സനീഷിന്റെ തലവിധി ഏറെക്കുറെ വ്യക്‌തമായിരുന്നു.

ന്യൂജഴ്‌സിയില്‍ വധശിക്ഷ നിലവിലില്ലാത്തതുകൊണ്ട്‌ ജീവപര്യന്തം എന്ന കാര്യം വ്യക്‌തമായിരുന്നു. ഡെന്നിസ്‌ ജോണിന്റെ കൊലപാതകം, രേഷ്‌മ ജയിംസിന്റെ കൊലപാതകം, സില്‍വി പെരിഞ്ചേരിയിലിനെ കൊല്ലാനുള്ള ശ്രമം, അനധികൃതമായി 357 തോക്ക്‌ കൈവശം വച്ചത്‌, അനധികൃതമായി 380 സെമി ഓട്ടോമാറ്റിക്‌ തോക്ക്‌ കൈവശം വച്ചത്‌ എന്നിങ്ങനെ അഞ്ച്‌ കുറ്റങ്ങളാണ്‌ സനീഷിന്റെ മേല്‍ ചുമത്തപ്പെട്ടത്‌.

ഒടുവില്‍ അനിവാര്യവും നിര്‍ണായകവുമായ വിധി വരികയായിരുന്നു. രണ്ട്‌ ജീവപര്യ ന്തത്തിനു പുറമേ 20 വര്‍ഷത്തെ കഠിനതടവും പരോളിന്‌ പഴുതില്ലാത്ത തടവ്‌ ശിക്ഷയാണ്‌ വിധിച്ചിരിക്കുന്നത്‌.

വിധിപ്രഖ്യാപനത്തിനു മുമ്പ്‌ കോടതി മുറിയിലുണ്ടായിരുന്ന ബന്ധുമിത്രാദികളോട്‌ തങ്ങളുടെ അഭിപ്രായം പറയാനുള്ള സമയവും കോടതി അനുവദിച്ചു. സനീഷിന്റെ മുഖത്തോടു മുഖം നോക്കി കാപട്യം നിറഞ്ഞ ക്ഷമാപണമമാണ്‌ സനീഷ്‌ നടത്തിയ തെങ്കിലും തങ്ങള്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞതും ഒരു വികാരവും ഉള്‍ക്കൊ ള്ളാത്ത മുഖവുമായാണ്‌ സനീഷ്‌ കേട്ടുകൊണ്ടിരുന്നത്‌. ഡെന്നിസിന്റെ ഏറ്റവും അടുത്ത സുഹൃത്തായ കിച്ചു പക്ഷേ പൊട്ടിത്തെറിച്ചു. തന്റെ ജീവിതത്തിന്റെ ഭാഗമായ സുഹൃത്തിന്റെ ജീവനെടുത്ത സനീഷിനോട്‌ ഹൃദയത്തിന്റെ അഗാധതയില്‍ നിന്നു വന്ന ആത്മാര്‍ഥതയുടെ വാക്കുകള്‍ മുള്‍മുനകളായാണ്‌ തൊടുത്തുവിട്ടത്‌. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ ഇയാള്‍ക്ക്‌ കൊടുക്കുക. ഇയാളുടെ ബാക്കിയുള്ള ജീവിതകാലം മുഴുവന്‍ ഇയാള്‍ ക്രൂരമായി അനുഭവിച്ചു തീര്‍ക്കണം. ഇയാള്‍ ഇനി ഒരിക്കലും പുറത്തിറങ്ങരുത്‌. ഏറ്റവും നിന്ദ്യമായ ആത്മാര്‍ഥത ഒട്ടുമി ല്ലാത്ത ഒരു ക്ഷമാപണമാണ്‌ ഇയാള്‍ ഇന്നിവിടെ നടത്തിയത്‌. എന്റെ ജീവിതത്തിന്‌ ഇയാള്‍ വരുത്തി വച്ച ശൂന്യത അതൊരിക്കലും എനിക്ക്‌ മറക്കാനാവില്ല. വികാര വിക്ഷോഭ്യനായി പറഞ്ഞു തീര്‍ത്തിട്ട്‌ സനീഷിന്‌ നേരെ തീക്ഷ്‌ണമായ ഒരു നോട്ടം എറിഞ്ഞ ശേഷമാണ്‌ കിച്ചു സീറ്റിലിരുന്നത്‌.

ഡെന്നിസിന്റെ മാതാവ്‌ ഏലിക്കുട്ടി ജോണ്‍ നിറകണ്ണുകളോടെ മനമിടറി വിതുമ്പിയാണ്‌ തന്റെ വാക്കുകള്‍ പുറത്തുവിട്ടത്‌. അയാളെ ഏറ്റവുമധികം സ്‌നേഹിച്ച മകനെപ്പറ്റിയുള്ള പുരാണങ്ങളിലെ ചില അധ്യായങ്ങള്‍ ജഡ്‌ജിക്ക്‌ മുന്നില്‍ തുറന്നിട്ട ഏലിക്കുട്ടി ജോണ്‍ സനീഷിനോടായി താന്‍ ക്ഷമിച്ചിരിക്കുന്നു എന്നു പറഞ്ഞു.

സെന്റ്‌ തോമസ്‌ ക്‌നാനായ - യാക്കോബായ പള്ളിവികാരി ഫാ. ളാഹയില്‍ തോമസ്‌ ഏബ്രഹാം ഡെന്നിസിന്റെ, രേഷ്‌മയുടെ, ഇടവകയുടെ, നാടിന്റെ ജീവിതത്തില്‍ സനീഷ്‌ വരുത്തിയ ശൂന്യതയെക്കുറിച്ച്‌ സംസാരിച്ചു.

ആന്‍ഡ്രൂ ആലുംമൂട്ടില്‍, ജേക്കബ്‌ പെരിഞ്ചേരില്‍, മരിയാ വിയാനി എന്നിവരും സ്‌മരണകള്‍ പങ്കുവച്ചു.

നോര്‍ത്ത്‌ അമേരിക്കന്‍ ക്‌നാനായ യാക്കോബായ സഭയുടെ പിആര്‍ഒ ഷാജു മണിമലേത്ത്‌ വിധിയെക്കുറിച്ച്‌ - ഇത്‌ ദൈവഹിതം എന്നു പറഞ്ഞു.

ഡെന്നിസിന്റെ അമ്മാവന്‍ ജിമ്മി ആലുംമൂട്ടിലും വിധിയില്‍ സംതൃപ്‌തി രേഖപ്പെടുത്തി. ഈ കൊലപാതകങ്ങള്‍ അറിയാതെ സംഭവിച്ചതല്ല. കരുതിക്കൂട്ടി പദ്ധതി തയാറാക്കി ഒരുങ്ങിവന്നത്‌ തന്നെയാണ്‌. നിയമം അനുശാസിക്കുന്ന സനീഷ്‌ അര്‍ഹിക്കുന്ന വിധി തന്നെയാണിത്‌. ഡെന്നിസിന്റെ പിതാവ്‌ ജോണിക്കുട്ടി മള്ളുശേരിയും വികാരാധീനനായി. തന്റെ കുടുംബം മുഴുവനായും സനീഷിനോട്‌ ക്ഷമിച്ചിരിക്കുന്നതായി പറഞ്ഞു.

ഡിവൈന്‍ പ്രെയര്‍ സെന്ററില്‍ വചനപ്രഘോഷണത്തിനായി എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്‌ പനയ്‌ക്കല്‍, ഫാ. മാത്യു തടത്തില്‍ എന്നിവരും വിധി പ്രസ്‌താവിക്കുന്നത്‌ കേള്‍ക്കാന്‍ എത്തിയിരുന്നു.
ഇങ്ങനെയൊക്കെ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല: സനീഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക