പ്രൊഫസർ പി. കൃഷ്ണൻ, എഡ്മൺറ്റൻ

Published on 25 February, 2021
പ്രൊഫസർ പി. കൃഷ്ണൻ, എഡ്മൺറ്റൻ
മുൻ ആൽബെർട്ട യൂണിവേഴ്സിറ്റി പ്രൊഫസർ പി. കൃഷ്ണൻ വിടവാങ്ങി 

എഡ്മൺറ്റൻ: യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിലെ സോഷ്യോളജി  വിഭാഗം പ്രൊഫസർ ആയിരുന്ന പരമേശ്വരൻ കൃഷ്‌ണൻ നിര്യാതനായി. കാനഡയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ, അക്കാദമിക് മേഖലയിൽ മികവ് തെളിയിച്ച വ്യക്തി ആയിരുന്നു, ജനസംഖ്യ പഠനത്തിൽ ലോക പ്രശസ്തനായിരുന്ന ഡോ. പി. കൃഷ്‌ണൻ. തൃശൂർ പെരിങ്ങോട്ടുകരയിൽ ജനിച്ച അദ്ദേഹം, അധ്യാപന ജീവിതം ആരംഭിച്ചത് രാജസ്ഥാൻ യൂണിവേഴ്സിറ്റിയിലായിരുന്നു.

 തുടർന്ന് അമേരിക്കയിലെ കോർണെൽ യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളര്ഷിപ്പോടെ പിഎച് ഡി പൂർത്തിയാക്കി.  ഡോക്ടറേറ്റ്നു ശേഷം, യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിൽ ചേർന്ന അദ്ദേഹമാണ്, സർവകലാശാലയിൽ ഡെമോഗ്രഫി പഠന ശാഖ ആരംഭിച്ചത്. കാനഡയിലെ പല ജനസംഖ്യ ഗവേഷണങ്ങൾക്കും നേതൃത്വം കൊടുത്ത പ്രൊഫസർ കൃഷ്‌ണൻ, കാനഡയിലെ ഡെമോഗ്രഫി മേഖലയിലെ ആധികാരിക പ്രസിദ്ധീകരണമായ കനേഡിയൻ സ്റ്റഡീസ് ഇൻ പോപുലേഷൻ എന്ന ജേർണൽ 1974 ൽ ആരംഭിച്ചു. അതിന്റെ ആദ്യ എഡിറ്ററും ആയിരുന്നു.  ഡെമോഗ്രഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കനേഡിയൻ സംഘടന ആയ കാനേഡിയൻ പോപുലേഷൻ സൊസൈറ്റിയുടെ ആദ്യ സമ്മേളനം അദ്ദേഹത്തിന്റെ നേതൃത്തിൽ 1975 ൽ യൂണിവേസിറ്റി ഓഫ് ആൽബെർട്ടയിൽ വെച്ച് നടന്നു. 

ഡോ. കൃഷണന്റെ കീഴിൽ നിരവധി പേര് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. എഡ്‌മന്റോണിൽ  വെച്ച് കണ്ടുമുട്ടിയ ലീലയെ (സികെസിഎ സെക്രട്ടറി റേച്ചൽ മാത്യുവിന്റെ സഹോദരി) അദ്ദേഹം 1973 ൽ വിവാഹം കഴിച്ചു. 1998 ൽ യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിൽ നിന്നും വിരമിച്ച അദ്ദേഹം, 2001 മുതൽ ആഫ്രിക്കയിലെ ബോട്സ്വാന സര്വ്വകലാശാലയില് ഡെമോഗ്രഫി പഠനശാഖാ ആരംഭിക്കാനും, പഠിപ്പിക്കാനുമായി അങ്ങോട്ട് പോയി. അവിടെ ജോലി ചെയ്യുമ്പോൾ, 2009 ൽ അദ്ദേഹത്തിന്റെ ഭാര്യ ലീല അന്തരിച്ചു. 2010 മുതൽ തൻറെ വിശ്രമ ജീവിതതിനായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു. 

ഇതിനിടയിൽ ചൈനയിലെ പീക്കിങ് സർവകലാശാല, ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, മെക്സിക്കോ സർവകലാശാല, കേരള സർവകലാശാല എന്നിങ്ങനെ നിരവധി സർവകലാശാലകളിൽ ഡോ കൃഷ്‌ണൻ വിസിറ്റിംഗ് പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ അസോസിയേഷൻ ഓഫ് സ്റ്റഡി ഓഫ് പോപുലേഷൻ 2012 ൽ, ഇന്ത്യൻ ജനസംഖ്യ പഠന ശാഖക്കുള്ള ആജീവനാന്ത സംഭാവന മുൻനിറുത്തി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

ഡെമോഗ്രഫി മേഖലയിലെ നിരവധി ഗ്രന്ധങ്ങളുടെ രചയിതാവാണ് ഡോ. പി. കൃഷ്‌ണൻ. ഇവയിൽ, പൊളിറ്റിക്കൽ ഡെമോഗ്രഫി ഓഫ് ഇന്ത്യ, ഗ്ലിമ്പ്സസ്‌ ഓഫ് ഇന്ത്യൻ ഹിസ്റ്റോറിക്കൽ ഡെമോഗ്രഫി എന്നീ പുസ്തകങ്ങൾ ഇന്ത്യൻ ജനസംഖ്യ പഠനമേഖലയിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. 

എഡ്മൺറ്റണിലെ സാമൂഹിക രംഗത്തും ഗണ്യമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഡോ. കൃഷ്ണൻ. ആൽബെർട്ടയിലെ ആദ്യ ഹൈന്ദവ സംഘടന ആയ എഡ്മൺറ്റോൺ ഭജനസഘം ആരംഭിച്ചതിൽ പ്രധാനിയാണ് ഡോ കൃഷ്‌ണൻ. ഇന്ത്യൻ ഭാഷകൾ പഠിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ശനിയാഴ്ചകളിൽ യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ടയിൽ ഹിന്ദി പഠിപ്പിക്കാനുള്ള അവസരം അദ്ദേഹം ഒരുക്കി. 

 കുറച്ചു വര്ഷങ്ങളായി തിരുവനന്തപുരത്തു സഹോദരന്റെ വസതിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന ഡോ. കൃഷ്ണൻ  ഫെബ്രുവരി 17- നാണു, തന്റെ 84ലാം വയസിൽ   അന്തരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ആൽബെർട്ട, സോഷിയോളജി വിഭാഗം അദ്ദേഹത്തിന്റെ മരണത്തിൽ അനുസ്മരണം നടത്തിയിരുന്നു. 

ഡോ. കൃഷ്ണന്റെ സമരണക്കായി ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ബന്ധുക്കൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകം ആദരിച്ചിരുന്ന  സാമൂഹ്യ ശാസ്ത്രജ്ഞനായ ഒരു കനേഡിയൻ മലയാളിയെയാണ്, അദ്ദേഹത്തിന്റെ മരണം മൂലം നഷ്ടപെട്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക