ജോസ് തറയിൽ, 80, കാനഡ

Published on 26 November, 2021
ജോസ് തറയിൽ, 80, കാനഡ
കാനഡ: കാനഡയിലെ മാനിറ്റോബയിലെ വിന്നിപെഗിൽ കുടുംബസമേതം താമസിച്ചിരുന്ന ജോസ് തറയിൽ ബുധനാഴ്ച, 80-ാം  വയസ്സിൽ വിടവാങ്ങി.

കോട്ടയം സ്വദേശിയായ   ജോസ്, ബാങ്കറും കേരള നിയമസഭാംഗവുമായിരുന്ന ജെയിംസ് തറയിലിന്റെയും നാൻസിയുടെയും  ഒമ്പത് മക്കളിൽ രണ്ടാമനായിരുന്നു.

ഷെവലിയാർ ജേക്കബ് തറയിൽ അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്നു. ബിഷപ്പ് തോമസ് തറയിൽ  ഗ്രാൻഡ് അങ്കിൾ ആണ് . തറയിൽ കുടുംബത്തിന്റെ 200 വർഷം ആഘോഷിക്കുന്നതിനായി 2012 ൽ ഇന്ത്യയിൽ തറയിൽ സംഗമം സംഘടിപ്പിച്ചിരുന്നു.

1958-ൽ 17-ാം വയസ്സിൽ കപ്പൽമാർഗമാണ് ജോസ്  കാനഡയിലേക്ക് കുടിയേറിയത്. (അന്നത്തെ കപ്പൽയാത്രയിലെ സഹയാത്രികന്റെ മകനെയാണ് , 47 വർഷത്തിനുശേഷം അദ്ദേഹത്തിന്റെ  മകൾ വിവാഹം ചെയ്തതെന്നത് കാലത്തിന്റെ കുസൃതി). 

ഹാലിഫാക്സിലെ സെന്റ് മേരീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും  മകെ ഗില്ലിൽ നിന്ന്  ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.  1967ലായിരുന്നു  കുഞ്ഞുമോൾ പാറേലുമായുള്ള  വിവാഹം. മൂത്തമകൻ ജിം 1970ലും രണ്ടാമത്തെ മകൻ ജെയ് 1974-ലും മകൾ ഷെറി 1976-ലും ജനിച്ചു.

തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ജോസ് ബ്രിസ്റ്റോൾ എയ്‌റോസ്‌പേസിലായിരുന്നു. മാനേജ്മെന്റിലേക്ക് മാറുന്നതിന് മുൻപ് വരെ  അക്ഷരാർത്ഥത്തിൽ ഒരു റോക്കറ്റ് ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. എഞ്ചിനീയറിംഗ് ആൻഡ് ക്വാളിറ്റി ഡയറക്ടർ എന്നതുൾപ്പെടെ ബ്രിസ്റ്റോളിൽ  നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, യൂറോപ്പ്, തുർക്കി, മലേഷ്യ എന്നിങ്ങനെ ജോലിയുടെ ഭാഗമായി അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ചു. CRV-7 റോക്കറ്റിന്റെ രൂപകൽപന, വികസനം, അന്തിമ വിൽപ്പന എന്നിവയാണ് കരിയറിലെ തിളക്കമാർന്ന നേട്ടം. 2003ൽ ബ്രിസ്റ്റോളിൽ നിന്ന് വിരമിച്ചെങ്കിലും 2012 വരെ കൺസൾട്ടന്റായി ജോലി തുടർന്നു.

അസാമാന്യ പ്രതിഭയുള്ള ആളായിരുന്നു ജോസ്. കുടുംബജീവിതത്തിനു ഒരുപോലെ പ്രാധാന്യം നൽകിയിരുന്നു. ശനിയാഴ്ച രാത്രികളിൽ ഭാര്യയ്ക്കും കുട്ടികൾക്കും ഭക്ഷണം പാകം ചെയ്ത് കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഗൃഹനാഥനാകും. വിരമിച്ചതിന് ശേഷം, ഭാര്യ ജോലിയിൽ തുടരുന്നതിനാൽ  പേരക്കുട്ടിയെ പരിപാലിച്ചത് അദ്ദേഹം ഒറ്റയ്ക്കായിരുന്നു.

കാർഡു  കളിയുടെ കാര്യത്തിലും ജോസിന്റെ മികവ്  പേരുകേട്ടതാണ്. 56- കളിയെപ്പറ്റി  2 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് , മൂന്നാമത്തേത് ഉടൻ പ്രസിദ്ധീകരിക്കും. 

ഉയർന്ന റാങ്കുള്ള ഒരു ബ്രിഡ്ജ് പ്ലെയറായിരുന്ന അദ്ദേഹം, 2001-ൽ കനേഡിയൻ ദേശീയ ടീമുകളുടെ ഉദ്ഘാടന ചാമ്പ്യൻഷിപ്പ് നേടി. ജോസ് നേരിട്ടും ഓൺലൈനായും  കാർഡു  കളിച്ചിരുന്നു. രോഗാവസ്ഥയിൽ  ആശുപത്രികിടക്കയിൽ കഴിയുമ്പോൾ പോലും ലാപ്പ്ടോപ്പിൽ  കാർഡ് പ്ലേ തുടർന്നു. ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് കളിക്കാവുന്ന 56 ഓൺലൈൻ സൈറ്റിന്റെ ആരംഭത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 

കാർഡു കളിയോടുള്ള അദ്ദേഹത്തിന്റെ പ്രിയം  തീവ്രമായിരുന്നെങ്കിലും,  കുടുംബത്തിനായിരുന്നു എപ്പോഴും മുൻ‌തൂക്കം. പ്രത്യേകിച്ച്  പേരക്കുട്ടികളായ ജോസഫ്, പ്രിയ, യുവിക എന്നിവരോട് അളവറ്റ സ്നേഹം പ്രകടിപ്പിച്ചിരുന്നു. വിരുന്നുസൽക്കാരം ഒരുക്കുന്നതിലും  ജോസിന് വലിയ താല്പര്യമായിരുന്നു. 

കാനഡയിലെത്തുന്ന ഓരോ  പുതിയ മലയാളി കുടിയേറ്റക്കാരിലും തന്റെ പഴയകാലം കണ്ടിരുന്ന ജോസ്, അവരെ എപ്പോഴും ചേർത്തുനിർത്താൻ ശ്രദ്ധിച്ചിരുന്നു. താൻ എവിടെ നിന്നാണ് വന്നതെന്ന് ജോസ് ഒരിക്കലും മറന്നില്ല. 60 കളിലും 70 കളിലും മൂന്ന് സഹോദരന്മാരെ കാനഡയിലേക്ക് കൊണ്ടുവന്നു. അവസാനനാളുവരെ പുതുതലമുറയിൽപ്പെട്ടവർക്ക് വഴിവിളക്കായി അദ്ദേഹം നിലകൊണ്ടു. 

മികവ്, കഠിനാധ്വാനം, വിനയം, ദയ എന്നിവ  സമന്വയിപ്പിച്ച പ്രത്യേക വ്യക്തിത്വത്തിന് ഉടമയായിരുന്ന ജോസിനെ ആർക്കും ഏത് സഹായത്തിനും  സമീപിക്കാനും തുറന്നുസംസാരിക്കാനും എളുപ്പവുമായിരുന്നു.  മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, അദ്ദേഹത്തിന്റെ വീട്ടിൽ രണ്ട് സഹോദരന്മാർ എത്തി ഏറെ നേരം  സംസാരിച്ചും  ചീട്ടുകളിച്ചും സന്തോഷത്തോടെയാണ് പിരിഞ്ഞത്.

അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾ പ്രിയപ്പെട്ടവരുടെ മനസ്സുകളിൽ എന്നും അണയാതെ നിൽക്കും.

വിസിറ്റേഷൻ ആൻഡ് സെലിബ്രേഷൻ ഓഫ് ലൈഫ് : നവംബർ 29 തിങ്കൾ 6pm-8:30pm-ന് തോംസൺ "ഇൻ ദ പാർക്ക്" ഫ്യൂണറൽ ഹോമിൽ , 1291 മക്ഗിൽവ്രേ ബുലവാർഡ്, വിന്നിപെഗ്.

സംസ്കാരച്ചടങ്ങും  കുർബാനയും: നവംബർ 30 ചൊവ്വാഴ്ച രാവിലെ 10.30ന് വിന്നിപെഗിലെ സെന്റ് ജിയന്ന ബെറെറ്റ കാത്തലിക് ചർച്ച് ,15 കൊളംബിയ ഡ്രൈവിൽ.

**കോവിഡ്-19 നിയന്ത്രണങ്ങൾ***
മാനിറ്റോബ ഗവൺമെന്റിന്റെ കോവിഡ് മാർഗ്ഗനിർദ്ദേശം അനുസരിച്ച്,  ഇവന്റുകളിൽ പങ്കെടുക്കാൻ വാക്സിനേഷൻ   രേഖ കയ്യിൽ കരുതേണ്ടതുണ്ട് . കൂടാതെ, മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും വേണം. ലിങ്ക്/പ്രീ-രജിസ്‌ട്രേഷൻ വിശദാംശങ്ങൾ ഉടൻ നൽകും. നിർബന്ധമായും മാസ്‌കുകൾ  ധരിക്കണം.
പങ്കെടുക്കാൻ കഴിയാത്തവർക്കായി രണ്ട് ഇവന്റുകളുടെയും തത്സമയ സ്ട്രീമിങ്  ഉണ്ടായിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക