ജയ് നായരുടെ സംസ്കാരം ജനുവരി 3

Published on 01 January, 2022
ജയ് നായരുടെ സംസ്കാരം ജനുവരി 3

ഹിൽസ്ബറോ, ന്യു ജേഴ്‌സി: ഡിസംബർ 29 ബുധനാഴ്ച അന്തരിച്ച ജയശങ്കർ അപ്പുക്കുട്ടൻ നായരുടെ  (ജയ് നായർ-73) പൂജാ ശുശ്രൂഷകൾ ജനുവരി 3-ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 3:00 വരെ, മിൽടൗണിലെ ക്രബിയൽ ഹോം ഫോർ ഫ്യുണറൽസിൽ നടക്കും (170 N Main St.-at Riva Avenue, Milltown.)   തുടർന്ന് ശവദാഹം നോർത്ത് ബ്രൺസ്‌വിക്കിലെ ഫ്രാൻക്ലിൻ മെമ്മോറിയൽ പാർക്കിൽ.  

www.crabiel.com എന്ന  സൈറ്റിൽ  അനുശോചന സന്ദേശം നൽകാം. 

ക്രബിയൽ ഹോമിലെ ശുശ്രൂഷകളിൽ കുടുംബാംഗങ്ങൾ മാത്രമാണ്  പങ്കെടുക്കുക.  ചടങ്ങുകൾ തത്സമയ സ്ട്രീമിംഗ്  വഴി കാണാം. 

ജയ് നായർ  സബിൻസ കോർപ്പറേഷന്റെ സിഇഒ ആയി കഴിഞ്ഞ വർഷമാണ് വിരമിച്ചത്. നേരത്തെ   സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജരായി പ്രവർത്തിച്ചു. സെഞ്ചൂറിയൻ ബാങ്കിന്റെയും  ഇൻഡസ്ഇൻഡ് ബാങ്കിന്റെയും ദക്ഷിണേന്ത്യ തലവൻ, യുഎസ്എയിലെ മുത്തൂറ്റ് റോയൽ എക്‌സ്‌ചേഞ്ചിന്റെ സിഇഒ തുടങ്ങി നിരവധി സ്ഥാനങ്ങൾ  വഹിച്ചിട്ടുണ്ട്.

എക്കാലവും സംഗീതത്തെ ഉപാസിച്ച മികച്ച  സംഗീതജ്ഞനായ അദ്ദേഹം സിനിമ ഗാനങ്ങളും   ക്ലാസിക്കൽ ഗാനങ്ങളും ആലപിക്കുന്നത് ഇഷ്ടപ്പെടുകയും തന്റെ പ്രകടനങ്ങളും സംഗീത പരിജ്ഞാനവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്തു. കേരള കലകളുടെ ആസ്വാദകനും റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റുമായിരുന്നു.

അമ്പലപ്പാട്ട് ദാമോദരൻ ആശാന്റെ പൗത്രനും, കേരള PHED ചീഫ് എൻജിനീയറും മാർഗ്ഗി സ്ഥാപകനുമായിരുന്ന അപ്പുക്കുട്ടൻ നായരുടെ മകനുമാണ്. അമ്മ തിരുവനന്തപുരം തൈക്കാട് താമരവേലിൽ പരേതയായ   ശ്യാമളാ ദേവി. 

ഫ്രാങ്ക്ലിൻ ടൗൺഷിപ്പ് ബോർഡ് ഓഫ് എഡ്യൂക്കേഷനിൽ ജോലി ചെയ്യുന്ന ഭാര്യ റാണി സോമാവതി 49 വര്ഷമായി  ജീവിത സഖിയാണ്.  അമ്പലപ്പാട്ട് ദാമോദരൻ ആശാന്റെ ദൗഹിത്രിയാണ്.  

മകൾ പാർവതി ശങ്കർ  ഇന്ത്യയിലെ മൈൻഡ്‌സെറ്റ് കൺസൾട്ടിംഗ് മാനേജിംഗ് ഡയറക്ടറാണ്. മരുമകൻ മനോഹർ ശ്രീകാന്ത് സത്വ കൺസൾട്ടിംഗിന്റെ പങ്കാളിയും സിടിഒയും. 
രണ്ടാമത്തെ മകൾ ലക്ഷ്മി ശങ്കർ  പിഎ കൺസൾട്ടിംഗിലെ പ്രിൻസിപ്പൽ കൺസൾട്ടന്റ് ആണ്. കൊച്ചുമകൻ  ഋഷികേശ് നായർ - യുസി ബെർക്ക്‌ലിയിൽ വിദ്യാർത്ഥി.
സഹോദരൻ ദാമോദരൻ നായർ പ്രശസ്തനായ ധനതത്വശാശ്ത്രജ്ഞനും ഐഐഎം ബാംഗ്ലൂരിലെ പ്രൊഫസറുമാണ്  (എച്ച്എജി).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക