Image

ജോസ് പക്ഷവുമായുള്ള സഹകരണത്തില്‍ നിലപാട് കടുപ്പിച്ച് കാനം

Published on 05 July, 2020
ജോസ് പക്ഷവുമായുള്ള സഹകരണത്തില്‍ നിലപാട് കടുപ്പിച്ച് കാനം


തിരുവനന്തപുരം: ജോസ് പക്ഷവുമായുള്ള സഹകരണത്തില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന് കാനം പരസ്യമായി വീണ്ടും പ്രഖ്യാപിച്ചു. മൂന്നു മുന്നണികളുമായും വില പേശുന്ന പാര്‍ട്ടിയാണ് ജോസിന്റേത്. വരികയും പോകുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം കടുപ്പിച്ചു. തുടര്‍ ഭരണത്തിന് തുരങ്കം വയ്ക്കരുതെന്നും കാനം പ്രതികരിച്ചു. ഇത് സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും കാനം പറഞ്ഞു.

1965 ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിക്കണം. 65 ല്‍ ലീഗുമായി ചേര്‍ന്നാണ് സിപിഎം മത്സരിച്ചത്. ഒറ്റയ്ക്കാണ് മത്സരിച്ചതെന്ന് സിപിഎം പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കാനം മറുപടി നല്‍കി.

നേരത്തെ ജോസ് വിഭാഗം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ നോക്കിയായിരിക്കും അവരോടുള്ള എല്‍ഡിഎഫിന്റെ സമീപനമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

വരും ദിവസങ്ങളില്‍ മാത്രമേ ജോസ്.കെ.മാണി എന്ത് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാകുകയുള്ളു. എല്‍ഡിഎഫിലേക്ക് ചേരണമെന്ന താത്പര്യം ജോസ് വിഭാഗം പ്രകടിപ്പിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
ആ പാര്‍ട്ടിയുടെ നിലപാട് വ്യക്തമായതിനു ശേഷം എന്തുചയ്യണമെന്ന് പാര്‍ട്ടിയും എല്‍ഡിഎഫും ചര്‍ച്ച  ചെയ്ത് തീരുമാനിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റിന്റെ തീരുമാനവും ഇത് തന്നെയാണ്. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിയേയും കോണ്‍ഗ്രസിനേയും പരാജയപ്പെടുത്തുന്നതിന് സഹായകമാകുന്ന വ്യക്തികളുമായും പാര്‍ട്ടിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഉദ്ദേിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടിരുന്നു





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക