Image

ഫോമായുടെ കൊടി ഉയരെ പറത്താന്‍ സ്ഥാപക നേതാവ് പ്രസിഡന്റ് പദത്തിലേക്ക്

Published on 28 August, 2020
ഫോമായുടെ കൊടി ഉയരെ പറത്താന്‍ സ്ഥാപക നേതാവ് പ്രസിഡന്റ് പദത്തിലേക്ക്
ഡലിഗേറ്റ് ലിസ്റ്റില്‍ പരിചിതമല്ലാത്ത ഒരു പേര് കണ്ടപ്പോള്‍ അനിയന്‍ ജോര്‍ജ് വിളിച്ചു. പരിചയപ്പെടുത്തിയപ്പോള്‍ അവര്‍ പറഞ്ഞു: അനിയന്‍ ജോര്‍ജിനെ അറിയാത്തവര്‍ ഭൂമി മലയാളത്തിലുണ്ടോ? ഞങ്ങളെ ഓര്‍മ്മിക്കുന്നില്ലേ? ചിക്കാഗോ എയര്‍പോര്‍ട്ടില്‍ ഒ.സി.ഐ കാര്‍ഡുള്ള മൂന്നു കുട്ടികളുമായി എത്തിയപ്പോള്‍, ഇന്ത്യയിലേക്ക് യാത്ര നിഷേധിച്ചത്? ഞങ്ങള്‍ വിളിച്ചത് അനിയനെ ആയിരുന്നു. ഒന്നര മണിക്കൂറിനുശേഷം കോണ്‍സുലേറ്റില്‍ നിന്നു യാത്രാനുമതി വന്നു. അങ്ങനെ സഹായിച്ച ഒരാളെ ഞങ്ങള്‍ മറക്കുമോ?

ഇതാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏറ്റവും വലിയ അംഗീകാരമെന്ന് ഫോമാ പ്രസിഡന്റായി മത്സര രംഗത്തുള്ള അനിയന്‍ ജോര്‍ജ് പറഞ്ഞു. 

ഫോമയുടെ ആദ്യ സെക്രട്ടറി കൂടിയായ അനിയന്‍ ജോര്‍ജുമായി ഇ-മലയാളി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ഏറെ അഭ്യൂഹങ്ങള്‍ക്കുശേഷമാണല്ലോ അനിയന്‍ മത്സര രംഗത്ത് വരുന്നത്. മത്സരത്തില്‍ ഉറച്ചു നില്‍ക്കുമോ?

= തീര്‍ച്ചയായും. അതിനു ഒരു മാറ്റവുമില്ല. നേരത്തെ പറഞ്ഞ ചില കാര്യങ്ങള്‍ സംശയമുണര്‍ത്തി എന്നതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ഫോമ 2008-ല്‍ രൂപീകൃതമാകുമ്പോള്‍ ഒരു മാസം മാത്രമാണ് ഞാന്‍ സെക്രട്ടറിയും ശശിധരന്‍നായര്‍ പ്രസിഡന്റുമായത്. അന്നത്തെ ജനറല്‍ കൗണ്‍സില്‍ ഞങ്ങളോട് തുടരാന്‍ പറഞ്ഞതാണ്. അതു സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു. മറ്റു സംഘടനകളില്‍ നിന്നു വ്യത്യസ്തമായിരിക്കണം ഫോമ എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഒരേ വ്യക്തികള്‍ വീണ്ടും വീണ്ടും സ്ഥാനങ്ങളില്‍ വരുന്നതിനെ ഞങ്ങള്‍ അനുകൂലിച്ചില്ല. ഒട്ടേറെ പ്രസിഡന്റുമാരും സെക്രട്ടറിമാരും വന്നു. അവരാരും സ്ഥാനങ്ങളില്‍ കടിച്ചുതൂങ്ങാന്‍ തയാറായില്ല. 12 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഒരു ഇലക്ടഡ് സ്ഥാനത്തേക്ക് വരുന്നത്.

അര്‍ഹരായവര്‍ വന്നാല്‍ മാറിക്കൊടുക്കുമെന്നു പറഞ്ഞല്ലോ. ഇപ്പോഴത്തെ സ്ഥിതി എന്താണ്?

= കഴിഞ്ഞ തവണ ജോണ്‍ സി. വര്‍ഗീസും, ഫിലിപ്പ് ചാമത്തിലും ആവശ്യപ്പെട്ട പ്രകാരം ഞാന്‍ മാറിക്കൊടുക്കുകയായിരുന്നു. ഇത്തവണയും മാത്യു ചെരുവില്‍ വരുമെന്നായപ്പോള്‍ ഞാന്‍ പിന്മാറാന്‍ തയാറായതാണ്.

കാനഡയില്‍ നിന്നുള്ള ഡോ. തോമസ് കെ. തോമസിനു വേണ്ടി മാറിക്കൊടുക്കേണ്ടതല്ലേ?

= അദ്ദേഹം സീനിയര്‍ നേതാവാണ്. പക്ഷെ 12 വര്‍ഷമായി കാനഡയിലെ ആര്‍.വി.പിയാണ്. അവിടെ ആകെ ഒരു അസോസിയേഷനാണുള്ളത്. ഇത്രയും വര്‍ഷങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ സംഘടനകളെ ഫോമയില്‍ കൊണ്ടുവരാമായിരുന്നു. ഒരു സെമിനാറെങ്കിലും സംഘടിപ്പിക്കാമായിരുന്നു. അതുപോലെ ഒരേ സ്ഥാനത്ത് തുടരുന്നതിനു പകരം പുതിയ ആളുകള്‍ക്കുവേണ്ടി മാറിക്കൊടുക്കേണ്ടതല്ലേ?

ഇതിനു പുറമെ ഫോമയുടെ 75 സംഘടനകളും അമേരിക്കയിലാണ്. കാനഡയിലിരുന്നുകൊണ്ട് അവയെ ഊര്‍ജ്ജ്വസ്വമാക്കാന്‍ കഴിയുമോ? ഒരു കണ്‍വന്‍ഷന്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്നു തോന്നുന്നു. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ കലാശം മാത്രമാണ് കണ്‍വന്‍ഷന്‍.

ഇപ്പോള്‍ മത്സര രംഗത്തു വരാനുള്ള കാരണമെന്താണ്?

= നാട് നന്നാക്കാനിറങ്ങുന്നവര്‍ ആദ്യം വീട് നന്നാക്കണം. കുടുംബഭദ്രതയാണ് പ്രധാനം. എന്റെ പുത്രന്‍ പഠനം കഴിഞ്ഞ് അറ്റോര്‍ണിയായി. ഞാനും ബിസിനസ് രംഗത്ത് മെച്ചപ്പെട്ട സ്ഥിതിയിലാണ്.

ഇനി രണ്ടുവര്‍ഷം സംഘടനയ്ക്കുവേണ്ടി അര്‍പ്പിക്കാന്‍ തയാറാണ്. 76 സംഘടനകളുള്ള ഫോമയുടെ പ്രസിഡന്റ് പദം ഒരു ഫുള്‍ടൈം ജോലിയാണ്. വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുക എന്നതാണ് എന്റെ ശൈലി. ഇലക്ടഡ് ആല്ലെങ്കിലും ഫോമയില്‍ പല സ്ഥാനങ്ങളും വഹിച്ചു. ട്രാക്ക് റിക്കാര്‍ഡ് നോക്കണം. ഇലക്ഷന്‍ കമ്മീഷണറായിരുന്നു. അതുപോലെ ഫോമ വില്ലേജ് പ്രൊജക്ടിന്റെ ചുമതലയും വഹിച്ചു.

ജയിച്ചാല്‍ കണ്‍വന്‍ഷന്‍ എവിടെയായിരിക്കും?

= പ്രസിഡന്റ് തന്നെ നേരത്തെ കണ്‍വന്‍ഷന്‍ സ്ഥലം നിശ്ചയിക്കുന്നത് ശരിയല്ല. അത് എക്സിക്യൂട്ടീവും നാഷണല്‍ കമ്മിറ്റിയും കൂടിയാണ് തീരുമാനിക്കേണ്ടത്. എന്തായാലും കണ്‍വന്‍ഷന്‍ ന്യൂജേഴ്സിയിലില്ല. എവിടെ വേണമെങ്കിലും നടത്താം. വേണമെങ്കില്‍ നയാഗ്രയിലും.

ഇപ്പോഴത്തെ ഭരണസമിതിക്ക് കഴിഞ്ഞ വര്‍ഷം അവസരം കിട്ടിയില്ല. അവര്‍ക്കായി എന്താണ് ചെയ്യുക?

= ഇപ്പോഴത്തെ ഭരണസമിതിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു ദിവസത്തെ സെമിനാര്‍ മികച്ച ഹോട്ടലില്‍ നടത്താനാഗ്രഹിക്കുന്നു. അതിന്റെ പൂര്‍ണ്ണ ചുമതല അവര്‍ക്കായിരിക്കും. ചെലവ് പുതിയ കമ്മിറ്റി വഹിക്കും. അവര്‍ക്ക് ആരേയും അംഗീകരിക്കാം.

അംഗ സംഘടനകളുമായുള്ള ബന്ധം എങ്ങനെയായിരിക്കും?

= അംഗ സംഘടനകളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക പരമപ്രധാനമാണ്. ഫോമയുടെ ഭാഗമാണെന്നവര്‍ക്ക് തോന്നണം. എക്സിക്യൂട്ടീവ് ആഴ്ചയില്‍ രണ്ടുതവണയും, നാഷണല്‍ കമ്മിറ്റി മാസത്തില്‍ ഒരിക്കലും ചേരണം എന്നതാണ് ലക്ഷ്യം.

സേവന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ ലക്ഷ്യമിടുന്നു?

= ഫോമ ഹെല്പ് ലൈനില്‍ ഒരു തുക സംഭാവനയായി സമാഹരിക്കുക ലക്ഷ്യമിടുന്നു. നാട്ടില്‍ ഒരാള്‍ തെങ്ങില്‍ നിന്നു വീണു മരിച്ചു. അയാള്‍ക്ക് സഹായം തേടി അധികൃതര്‍ ബന്ധപ്പെടുന്നു. അപ്പോള്‍ സഹായിക്കാന്‍ കഴിയണം. അതുപോലെ ഇവിടെ വിഷമത്തിലായവര്‍ക്ക് അടിയന്തര സഹായം എത്തിക്കുകയാണ് മറ്റൊന്ന്. 90 ശതമാനം സഹായവും ഇവിടെയാണ് ചെയ്യുക.

കടപ്രയില്‍ 76 വീടുകളാണ് പണിത് നല്‍കിയത്. അതു പുതിയ കമ്മിറ്റിയുടെ കാലത്ത് 100 വീട് ആക്കണമെന്ന് ആഗ്രഹിക്കുന്നു.

ഫോമയ്ക്ക് ഒരു ഹോട്ട്ലൈന്‍ ആണ് മറ്റൊരു ലക്ഷ്യം. ഇതിലൂടെ ഇമ്മിഗ്രേഷനടക്കം ഏതാവശ്യത്തിനും ബന്ധപ്പെടാന്‍ കഴിയുന്നു. കഴിയുന്നത്ര സഹായം ചെയ്യുകയും ലക്ഷ്യമിടുന്നു.

ഫോമ ചേംബര്‍ ഓഫ് കൊമേഴ്സ് ദേശീയ തലത്തിലും പ്രാദേശിക തലത്തിലും രൂപീകരിച്ച് ബിസിനസുകാരെ ഒന്നിപ്പിക്കണം. ബിസിനസ് ഡയറക്ടറിക്ക് രൂപംകൊടുക്കും. ലോകമെങ്ങുമുള്ള മലയാളി ബിസിനസുകാരെ കൊണ്ടുവന്നു ഇവിടെയും, നാട്ടിലും ബിസിനസ് കണ്‍വന്‍ഷന്‍ നടത്തും.

വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. നാട്ടില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതി വിപുലീകരിക്കും. ഗ്രാന്റ് കാനിയന്‍ യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം തുടരും.

യുവാക്കള്‍ക്കായി നമ്മുടെ ഇലക്ടഡ് ഒഫീഷ്യല്‍സുമായി നെറ്റ് വര്‍ക്ക് സ്ഥാപിക്കും. ഫോമ - പ്രത്യാശ പരിപാടിയാണ് മറ്റൊന്ന്. കോവിഡ് മൂലം അടുത്ത രണ്ടു വര്‍ഷത്തേക്ക് ജനം കഷ്ടപ്പെടുന്ന സ്ഥിതിയാണ് കാണുന്നത്. ഡൊമസ്റ്റിക് വയലന്‍സ് കൂടുന്നു. മാനസീക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. അവയൊക്കെ തരണം ചെയ്യാന്‍ വിദഗ്ധ സമിതി എന്നതാണ് ലക്ഷ്യം. അതുപോലെ പൊളിറ്റിക്കല്‍ ഫോറവും ശക്തമാക്കും.

രണ്ടുവര്‍ഷം ഉറക്കമില്ലാതെതന്നെ പ്രവര്‍ത്തിക്കും. ഫോമയെ ഭാര്യയെപ്പോലെ അനിയന്‍ കണക്കാക്കുമെന്നു മലയാളം പത്രത്തിന്റെ ജേക്കബ് റോയി ഒരിക്കല്‍ തമാശയായി പറഞ്ഞതാണെങ്കിലും ആ രീതിയിലായിരിക്കും പ്രവര്‍ത്തനങ്ങള്‍.

ജനറല്‍ കൗണ്‍സില്‍ സൂമില്‍ ചേരുന്നതിനു എതിര്‍പ്പുണ്ടല്ലോ?

= ജനറല്‍ കൗണ്‍സില്‍ ഇന്‍ പേഴ്സണ്‍ കൂടണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. കോടതികള്‍ കേസ് കേള്‍ക്കുന്നതും മന്ത്രിസഭാ യോഗം ചേരുന്നതുമെല്ലാം സൂമിലാണ്. എ.കെ.എം.ജി ഇലക്ഷനുമൊക്കെ സൂമിലാണ്. കാലത്തിനനുസരിച്ച് നാം മാറണം.

ഇലക്ഷന്‍ മാറ്റിവയ്ക്കുന്നതില്‍ തെറ്റുണ്ടോ?

= ജനറല്‍ ബോഡിക്ക് അത് തീരുമാനിക്കാം. അതിനായി ഭരണഘടനാ ഭേദഗതി വേണമെങ്കില്‍ അതിനെപ്പറ്റിയും ആലോചിക്കുന്നു എന്നാണറിയുന്നത്.

എന്നെ സംബന്ധിച്ച് എന്നു ഇലക്ഷന്‍ നടത്തുന്നതിനും വിരോധമില്ല. സ്ഥാനമേല്‍ക്കാന്‍ ഒരു ധൃതിയുമില്ല. എന്നു സ്ഥാനം ഏല്‍പിക്കുന്നോ അന്നു മുതല്‍ പ്രവര്‍ത്തിക്കും.

ഇനി ഇലക്ഷനില്‍ തോറ്റാലും ഫോമയില്‍ ഉറച്ചുനിന്നു പ്രവര്‍ത്തിക്കും. ഇത് ഞങ്ങളുടെ സന്തതിയാണ്. ധാരാളം പ്രവര്‍ത്തനങ്ങള്‍ പുറത്തുമുണ്ട്. മലയാളി ഹെല്പ് ലൈന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നു അറിയേണ്ടതുതന്നെയാണ്.

കോവിഡ് മൂലം മരിച്ചവരെ സംസ്‌കരിക്കാന്‍ വിഷമിച്ചപ്പോള്‍ സഹായിക്കാന്‍ ഞങ്ങള്‍ ചിലര്‍ മുന്നോട്ടുവന്നതോര്‍ക്കുന്നു. ഹെല്പ് ലൈന്റെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രാര്‍ത്ഥനകള്‍ ഏറെ അംഗീകരിക്കപ്പെട്ടതാണ്.

ഡെലിഗേറ്റുകള്‍ മിക്കവരും പുതിയ ആളുകളാണല്ലോ?

= ഡെലിഗേറ്റ് ലിസ്റ്റില്‍ 85 ശതമാനവും പരിചയമുള്ളവാണ്. അതിനാല്‍ പുതിയവര്‍ എന്നു പറയുന്നത് ശരിയല്ല.

മലപ്പുറത്ത് ഫോമയുടെ വീടുകള്‍ പണിയാതെ കിടക്കുന്നുവെന്നതിനെപ്പറ്റി എന്താണ് പ്രതികരണം?

= ജനറല്‍ സെക്രട്ടറി ഇതിനു മറുപടി നല്‍കുന്നുണ്ട്. സെപ്റ്റംബര്‍ 30 -നു മുമ്പ് അവിടെ മൂന്നു വീടുകള്‍ പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കിയിരിക്കും. ഫോമയെ നശിപ്പിക്കാനാഗ്രഹിക്കുന്നവരാണ് ഈ വാര്‍ത്തകള്‍ക്കു പിന്നില്‍. കടപ്രയില്‍ 36 വീടുകള്‍ പൂര്‍ത്തീകരിക്കാനാണ് ആദ്യം ശ്രമിച്ചത്. മലപ്പുറത്തെ വീടുപണി ആയപ്പോഴേയ്ക്കും കോവിഡ് വന്നു. തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങി. അങ്ങനെ പണി മുടങ്ങി. എന്നാല്‍ കെട്ടിടം നിര്‍മ്മിക്കുന്ന തണല്‍ ഇപ്പോള്‍ ജോലി പുനരാരംഭിച്ചിട്ടുണ്ട്. അവര്‍ക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.

കോവിഡ് മൂലം വസ്തു എഴുതിക്കൊടുക്കാനും താമസം വന്നു.

ഫൊക്കാനയിലെപ്പോലെ ഫോമയില്‍ കേസിനു സാധ്യതകളുണ്ടോ?

= അതിനു സാഹചര്യം ഒഴിവാക്കിയുള്ള പ്രവര്‍ത്തനമാണ് ഇപ്പോഴത്തെ ഭാരവാഹികള്‍ നടത്തുന്നത്. ഞാന്‍കേസിനോ വഴക്കിനോ പോകുന്നില്ല. എന്നെ വിമര്‍ശിക്കുകയോ എന്തു ചെയ്താല്‍ പോലും പ്രറ്റികരിക്കില്ല. വൈരാഗ്യത്തിനൊന്നും താല്പര്യമില്ല. എന്റെ പ്രവര്‍ത്തനത്തനമെന്തെന്ന് കാലം തെളിയിക്കും.

ന്യൂയോര്‍ക്കിലെ രണ്ട് അസോസിയേഷനുകളില്‍ അംഗത്വം നിഷേധിച്ചതു സംബന്ധിച്ച് അധികൃതര്‍ തീരുമാനമെടുക്കും. തീരുമാനം എന്തായാലും എനിക്ക് പ്രശ്നമില്ല.

പ്രസിഡന്റായാല്‍ കയ്യില്‍ നിന്നു പണം നഷ്ടപ്പെടുമോ? അതിനു ഒരുക്കമാണോ?

= അതിനു സാധ്യതയില്ല. യാത്രയ്ക്കും മാറ്റും എന്നും ഞാന്‍ സ്വന്തം പണമാണ് ഉപയോഗിച്ചത്. സംഘടനയുടെ പണം ആവശ്യമില്ല. അമേരിക്കയില്‍ ആറുലക്ഷം മലയാളികളുണ്ട്. ഒരു കുടുംബത്തില്‍ നിന്ന് ഒരു ഡോളര്‍ വീതം സമാഹരിച്ചാല്‍ തന്നെ അവര്‍ക്ക് സംഘടനയോടും പ്രതിപത്തി വരും.

സ്ഥാനമൊഴിയുമ്പോള്‍ നല്ലൊരു തുക ബാക്കി വയ്ക്കണം എന്നാഗ്രഹിക്കുന്നു. കേരളത്തില്‍ നിന്നു നടീ നടന്മാരെ കൊണ്ടുവരുന്നതും, രാഷ്ട്രീയക്കാരെ കൊണ്ടുവരുന്നതും ഒഴിവാക്കും.

നാട്ടിലെ ചാരിറ്റിയുടെ പര്യവസാനം ആയിരിക്കും കേരളാ കണ്‍വന്‍ഷന്‍ എന്ന ഉത്സവം.

മല്‍സര രംഗത്ത് പാനല്‍ ഉണ്ടോ?

= ഇല്ല. വൈസ് പ്രസിഡന്റായി നാലു പേര്‍ മത്സരിക്കുന്നു. ഒരാളെ അംഗീകരിച്ചാല്‍ മൂന്നു പേര്‍ പിണങ്ങും. അതു വേണ്ട. ഇനി മാറ്റം വേണമെങ്കില്‍ ഇലക്ഷന്‍ സമയമാകുമ്പോള്‍ തീരുമാനിക്കാം.
Join WhatsApp News
Fomaa delegates 2020-08-28 18:16:41
സ്ഥാപകസെക്രട്ടറി പ്രെസിഡന്റാകാൻ നോക്കിയിട്ട് തോറ്റുപോയാൽ കഷ്ടമാകുമല്ലോ.
S.A. 2020-08-28 21:41:02
Is it a good thing that you have to call some so called :Neta" to get something done at the Consulate? This is what is corrupting the whole system. Somebody taking credit for an action which should have come in the normal way for everybody. If you want to do something for the community, it should be applied to all without a personal contact. What about the hundreds who were denied at the Airport and there was nobody to contact?
Foman 2020-08-28 22:08:20
അനിയൻ ജോർജ് ഫോമായുടെ അഡ്ഹോക്ക് കമ്മിറ്റി സെക്രട്ടറിയാണ്. ഫോമാ രെജിസ്റ്റർ ചെയ്ത ശേഷമുള്ള ഒദ്യോഗിക സെക്രെട്ടറി ജോണ് സി വർഗ്ഗീസ് (സലീം) ആണ്. ഡോക്യൂമെന്റിൽ കാണുന്നത് അങ്ങിനെയാണ്. വിജയീ ഭവ
ഫോമൻ 2020-08-28 22:57:35
ഒരാഴ്‌ച മുൻപ് ആ ഏരിയയിൽ നിന്നുമുള്ള വേറൊരു ഫോമാ നേതാവ് പറഞ്ഞു, അദ്ദേഹമാണ് ടാസ്‌ക് ഫോഴ്സ് ഉണ്ടാക്കി എല്ലാവരെയും സഹായിച്ചത് എന്ന്‌. ആദ്യം നേതാക്കൾ തമ്മിൽ ഒരു സമവായത്തിലെത്തുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക