EMALAYALEE SPECIAL

വീണ്ടും, സ്വാഗതം ! - മീര കൃഷ്ണൻകുട്ടി, ചെന്നൈ

Published

on

                                                                                
പുലരാൻ നേരമേറെ ഉണ്ടായിരുന്നിട്ടും, അവൾ പെട്ടെന്ന്
 ഉണർന്നെണീറ്റു . 
ജനൽവഴി എത്തിനോക്കിയിരുന്ന നിലാകിരണങ്ങളപ്പോൾ അവളെ പുല്കാനാഞ്ഞു കൊണ്ടു പറഞ്ഞു.  
"നീ മിഴി തുറക്കുന്നതും കാത്ത് കാവലായിരുന്നു.   രാത്രി ഞാനെത്തുമ്പോഴേക്കും  പെട്ടിയടുക്കിവെച്ച് ‌  നീ ഉറക്കമായിരുന്നു . യാത്രയാകും മുമ്പ്  വീണ്ടും ഒരു നോക്ക് കാണാൻ, ഒരു വാക്ക് മിണ്ടാൻ,ഞാൻ  കാത്തിരിക്കുകയായിരുന്നു. എന്നെ വേണ്ടെന്നായി,  അല്ലെ?" 
"തെറ്റിദ്ധരിക്കരുത്.  നെടുനാളത്തെ കാത്തിരിപ്പിനു ശേഷം കൈവന്നിട്ടുള്ള ഭാഗ്യം,  അതു ഞാനെങ്ങിനെ നിരസിക്കും !  എനിക്കെന്റെ ഓണനിലാവിൽ  ആവോളം മുങ്ങിരസിക്കണം . തിരുവാതിര നിലാവിൽ ഊഞ്ഞാലാടണം.  വെള്ളിക്കസവ് വിരിച്ച പുഴയിൽ തുടിച്ചുപാടി മദിക്കണം .  നീ എന്നോട് ക്ഷമിക്കുക".  
"എന്നാലും ...!" നിലാവൊന്നു തേങ്ങി.  വ്യസനം മഞ്ഞിൻകണങ്ങളാ   യുതിർന്നു .  "ഓരോ മാസവും തടവിൽ നിന്നിറങ്ങുന്ന നിമിഷം തൊട്ട് നിത്യേന നിനക്ക് കൂട്ടിരിക്കാൻ ഓടിയെത്താറുള്ളതല്ലെ ഞാൻ?  വേവുന്ന ചൂടിലും കുളിർ സ്പർശമാകാറുള്ളതല്ലെ?  മാനമെന്നതുപോലെ ഇരുൾ പടർന്ന മനവും വെളുപ്പിയ്ക്കുന്ന, സാന്ത്വനശോഭയാകാൻ  ക്ഷീണം മറന്നും, ശ്രമിക്കാറുള്ളതല്ലെ ?  എങ്കിലും, നിന്റെ മനസ്സിലെ നടുമിറ്റം വെള്ളി പൂശുന്ന നറുനിലാവാകാൻ, എനിയ്ക്കൊരിക്കലും 
ആകില്ലെന്നത് സത്യം !  നടക്കട്ടെ,നിന്റെ മോഹമിനി"! 
നിലാവ് പിൻവാങ്ങിയത് നെടുനിശ്വാസത്തോടെ, വിരഹവിളർച്ചയോടെ.
വാതിൽക്കലപ്പോൾ   കേട്ടത് ,തെരുതെരെയുള്ള  മുട്ടുകൾ.
"ഇന്നല്ലെ യാത്ര ?" തുറന്ന വാതിൽ  വഴി ,പതിവിലേറെ ചൂടോടെ അകത്തേയ്ക്കു പാഞ്ഞെത്തിയ സൂര്യപ്രകാശം ചോദിച്ചു.  
കതകടക്കണോ, 
മറയിടണോ   എന്ന്, ഒരു  നിമിഷം  
സംശയിക്കുന്നതിനിടയിൽ 
മഞ്ഞവെളിച്ചം  കാലടികളെ  പുണർന്നു കൊണ്ട്, യാചിച്ചു. "അരുതേ ......, ഇന്നെങ്കിലും മറയിടരുതേ....!   അറിയാം , എന്റെ  വിയർപ്പൂറ്റുന്ന സ്പർശനം , നീ  വെറുക്കുന്ന  കാര്യം . നിന്റെ മോഹംപോലെ, മഴയിൽ  കുളിച്ചീറനായി, തണുത്ത തങ്കക്കതിരുകളായി  വന്ന് , നിന്നെ ആശ്ലേഷിക്കുവാൻ കൊതിയില്ലാഞ്ഞല്ല....., പക്ഷെ , 
ഇവിടെ അതെങ്ങിനെ ? എങ്കിലും , എന്റെയീ സ്നേഹോഷ്മളത,  അതു നീ മനസ്സിലാക്കേണ്ടതുണ്ട് !".
"ക്ഷമിക്കണം.  തെങ്ങോലക്കീറുകൾക്കിടയിൽ ഒളിച്ചുകളിക്കുന്ന, മാവിൻ ചില്ലകളുടെ നിഴലുകളുമായി വട്ടുകളിയ്ക്കുന്ന, വാഴക്കൂട്ടങ്ങളിൽ തട്ടിവീണു ചിതറുന്ന,  പ്രകാശപ്പൊട്ടുകളാണെനിയ്ക്കു കാണേണ്ടത് .  പച്ചപ്പാടങ്ങളെ പുതപ്പിക്കുന്ന സ്വർണക്കസവാടയാണെന്റെ മനസ്സിൽ.  കുന്നിൻ പുറത്തിനുമപ്പുറത്തെ പുഴയിൽ വീണുറങ്ങുന്ന സൂര്യനെയാണെനിക്കിഷ്ടം.  എനിയ്ക്കു വിട തരൂ....ദയവായി!".
  അതും പറഞ്ഞ്  സൂര്യന്റെ അകച്ചൂടറിഞ്ഞിട്ടും  അറിയാത്ത മട്ടിൽ അവൾ കുളിമുറിയിലേക്കു  പിൻവലിഞ്ഞു.  അവിടെ,  സംശയം തീരാതെ  ,  പതുക്കെപ്പതുക്കെ, തുള്ളിതുള്ളിയായി വന്നെത്തിയ ജലപാതം ദുഃഖംകൊണ്ട് വിറച്ച്,   ഒന്നറച്ചു നിന്നു .കുഴൽ വെള്ളം ഒന്ന് ഏങ്ങലടിച്ചുവോ, സംശയം .
"എനിക്കിത്രയൊക്കെയല്ലേ സാധിക്കൂ !  എന്നാലും നീ പോവുകയാണെന്നറിയുമ്പോൾ ....!"
"കരയരുത്, എനിക്കു  പോകാതെ വയ്യ.  ഇനിയെങ്കിലും അമ്പലക്കുളത്തിൽ കൊതിതീരെ മുങ്ങിക്കുളിക്കണം .  മതിവരുവോളം കിണറ്റുവെള്ളം കോരിക്കുടിക്കണം. ചുണ്ണാമ്പുപാടയും  ഉപ്പുരസവും തുരുമ്പിൻമണവും പാടേ മറക്കണം.  പോട്ടെ...എനിയ്ക്കു ധൃതിയുണ്ട്."
നേർത്തു വന്ന നീരോഴുക്കിൽ 
നനച്ചിട്ട തുണികളുമായി, ഉറച്ച കാൽവെപ്പോടെ അവൾ ബാൽക്കണിയിലേക്ക്  നടന്നു. 
താഴെ ,നഗരമപ്പോൾ അവളെ നോക്കി ഇരമ്പിയിളകിയാടി.  ശബ്ദങ്ങൾ, ഗന്ധങ്ങൾ, ചലനങ്ങൾ ഓരോന്നുമവളെ വാരിപ്പുണർന്നു.  
"നിശ്ചയിച്ചു അല്ലെ ?"  നഗരം വിളിച്ചു ചോദിച്ചു,  അവൾ തലയാട്ടി.
"എന്റെ മുഖം വികൃതമെന്നാവും!അല്ലെ ?  അത് നിരന്തര പീഡനങ്ങളുടെ ഫലം,  എന്റേത് വിയർപ്പിന്റെ ഗന്ധമെന്നാവും?  അത് അന്നത്തിനായലയുന്നവരുടെ സമ്മാനം!
അതെ , ശബ്ദം, കഠോരം, സമ്മതിച്ചു.  കേൾവിക്കാരുടെ മനസ്സിൽ കയറിപ്പറ്റാനുള്ള ,നാദങ്ങളുടെ മത്സരക്കൊതി, എങ്ങിനെ തടുക്കാനാകും !  ദേഹത്തു  മുഴുവൻ അഴുക്കിൻ കൂമ്പാരങ്ങൾ തന്നെ.  അതുമറിയാം .അവ മൂടാൻ കണ്ണഞ്ചിപ്പിക്കുന്ന മിന്നുന്ന മൂടുപടമിടേണ്ടിവരുന്നത് എന്റെ വിധി.  ആട്ടെ, എന്നിട്ടും പൂവും, പൊന്നും, പട്ടും, കണ്ണിന്നിമ്പമുള്ള കാഴ്ചകളും, ഒരുക്കി ,ഞാൻ നിന്നെ എത്ര രസിപ്പിച്ചിരിക്കുന്നു! എന്റെ ഹൃദയം, അത് നീ അറിയണം . ആർക്കുമെപ്പോഴും   കടന്നുവരാൻ തുറന്നിട്ടിരിയ്ക്കുന്ന എന്റെ വാതിലുകൾ, അത് നീ കാണണം".
"പൊറുക്കണം, കല്ലും മുള്ളും വേരും തടയുന്ന ഇടവഴികളാണെനിക്ക് പ്രിയം.  വഴുക്കുന്ന വരമ്പുകളിലും വീഴാതെ നടക്കാൻ എനിയ്ക്കാകും. ഇരുളിലും
പരിചിതമാണെനിക്കെന്റെ  നാട്ടുപാതകൾ .  പരൽ മീനുകളുടെ  ഇക്കിളിയേറ്റുവാങ്ങി തെളിനീർ തോടുകൾ താണ്ടാൻ, സമയമായി.  ഓടുന്ന ഘടികാരക്കൈകളെന്നെ കടന്നു പിടിക്കും മുമ്പ്,  കൊതിതീരെ ചക്കയും മാങ്ങയും തിന്നു തൊടിയാകെ ഇളക്കി മറിച്ചു നടക്കട്ടെ , ഞാനിനി !
നഗരമേ.., നീ നേടിത്തന്നതിനെല്ലാം നന്ദി.   എങ്കിലും നീയെന്റെ ഉള്ളവും കണ്ടേ തീരൂ !"
തുടർന്ന്,   കൂടുതലൊന്നും പറയാൻ നിൽക്കാതെ ,  അവൾ ഉണ്ണാനിരുന്നു.  
"മുല്ലപ്പൂ പോലെ മൃദുലം, എന്നു പല തവണ പുകഴ്ത്തിയിട്ടുള്ള എന്നെ ഉപേക്ഷിക്കുകയാണോ?"  
അവളുടെ കൈകളിൽ പതിഞ്ഞു കിടന്ന്  അന്നം തേങ്ങി.
"എന്നല്ല ,എങ്കിലും പഴയ നാടൻ പുത്തരിച്ചോറന്റെ  രുചി,  അതിന്നുമെന്റെ  നാവിലൂറുന്നു.  ഇനിയെങ്കിലും ഞാനതൊന്നനുഭവിച്ചോട്ടെ ?” 
പ്രതീക്ഷകളുടെ  പ്രതിചിത്രമായി  നിന്നുകൊണ്ടവൾ പറഞ്ഞു.
പിന്നീട് കനമുള്ള പെട്ടിയുമായി അവൾ വേഗം പടിയിറങ്ങി.  
കടൽക്കാറ്റിളകിയിരമ്പിയെ  ത്തിയതപ്പോൾ ! 
“ഇന്ന്  നേർത്തെ ഓടിവരികയായിരുന്നു. പോകും മുൻപൊന്നു കാണാൻ . അപ്പോൾ, ഉറപ്പിച്ചു  , അല്ലേ?”
ശബ്ദമില്ലാതെ അതവൾ ശരിവെച്ചു. 
“എന്തേ?  നിനക്കെന്റെ  തലോടൽ മടുത്തുവോ?  നിത്യേന നാലുമണിപ്പൂക്കൾ വിരിയും മുമ്പേ വിശറിയായി ഞാനെത്താറുള്ളതും  കടലിന്റെ  കുശലങ്ങൾ ചെവിയിൽ പകരാറുള്ളതും മറന്നുവല്ലേ ?”
വേർപാടിന്റെ ഗദ്ഗദവും കണ്ണീരിന്റെ രുചിയുമായി കാറ്റവളെ ചൂഴ്ന്നു നിന്നു.  
"എന്റെ കാറ്റേ ........! തടുക്കരുതെന്നെ! തപസ്സിരുന്നു നേടിയ അവസരം.  അത് തട്ടിമാറ്റരുത്‌.  നാടൻ കൈതോലക്കാറ്റെന്നെ മാടിവിളിക്കുന്നു.  മുളങ്കാടിന്റെ മർമ്മരത്തിൽ എനിയ്ക്കായുള്ള സ്വാഗതമന്ത്രം കേൾക്കാം .  ആലിലകൾ തുള്ളിത്തുള്ളിയെന്റെ  വരവും കാത്തിരിയ്ക്കുന്നു. 
 എനിയ്ക്കു  പോകാതെ വയ്യ !വയ്യ !"
വലിഞ്ഞു നടന്നെത്തിയ അവളെ നിർവികാരതയുടെ മുഖവുമായി ഞരങ്ങിയും മൂളിയും തീവണ്ടി ക്ഷണിച്ചു.  "കയറിയിരിക്കാം ".
ഓടിമറഞ്ഞ, തൂണുകളും, വെളിച്ചപ്പൊട്ടുകളും  യാത്രാമൊഴി ചൊല്ലവേ, ആശ്വാസത്തോടെയവൾ സ്വപ്നങ്ങളുടെ ചതുരപ്പെട്ടി തലയണയാക്കി.  നാടിനെക്കുറിച്ചുള്ള സ്വർഗ്ഗ സ്മൃതികൾ സുഖശീതളപ്പുതപ്പാക്കി .
പിന്നീട്……. ! ഏറെതാമസിയാതൊരു നാൾ….. !
പ്രഭാതമാണ് ആ കാഴ്ച ആദ്യം കണ്ടത് .  വണ്ടിയിറങ്ങുന്ന
അവൾ ! കരിഞ്ഞ കിനാക്കളുടെ നരച്ച ചായം പൂശിയ ഒരു പ്രാകൃത രൂപം!  
വിവരം കേട്ടറിഞ്ഞ കാറ്റ് ഓടിയെത്തി, കഥയറിയാനുള്ള കടലിന്റെ ജിജ്ഞാസയുടെ ചൂരും പേറി...
 ചൂടാകാതെ  സൂര്യനും തരിച്ചു നിന്നു .
കൈയിൽ കനമുള്ള പെട്ടികളില്ലെന്ന സത്യം അപ്പോഴാണ്  നഗരം ശ്രദ്ധിച്ചത് !
"ഊഹിച്ചതാണ്,പേടിച്ചതാണ്." നഗരം, വിഷാദത്തോടെ മന്ത്രിച്ചു.
"സ്വർഗസ്മൃതികൾ ചാമ്പലാകുന്ന കാര്യം! ഇത്,   പ്രവാസപർവ്വത്തിന്റെ അന്ത്യാധ്യായത്തിൽ പലരും പേറുന്ന  നിയോഗം.  കണ്ടു മടുത്ത തനിയാവർത്തനം ! ഇതെന്റെയും നിത്യ  നിയോഗമാകുന്ന  കാഴ്ച തന്നെ !" 
നഗരം ഒന്നു  നെടുവീർപ്പിട്ടു.  പിന്നീട് പെട്ടെന്ന് പ്രസന്നത കടമെടുത്ത്,   രണ്ടു കയ്യും നീട്ടി  അവളെ ക്ഷണിച്ചു.  
“വരിക!  വീണ്ടും സ്വാഗതം !
എന്നുമെന്നും നിനക്കു  സ്വാഗതം!”
                                                       *******

Facebook Comments

Comments

 1. Meera

  2020-10-13 11:53:51

  Sudhir.... Thank you very much, for your appreciation. Just thought of us the Pravasis and our dreams... 🙏🙏🙏🙏

 2. KC Ajith Kumar

  2020-10-13 08:38:39

  Meera chechi, Wonderful lines. I liked the fantasy genre of writing.

 3. Sudhir Panikkaveetil

  2020-10-12 20:12:26

  പ്രവാസികളെ ജന്മനാട് എപ്പോഴും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.ജന്മനാട് എന്ന് പറയാമെങ്കിലും പ്രവാസനാടിന്റെ സ്പന്ദനമാണ് ഒരാൾ അറിയുന്നത്. ഇതിനകം ജന്മനാട് അയാൾക്ക് പരദേശമായികാണും. അന്നത്തെ ഓർമ്മകളുടെ ചെപ്പുമേന്തി ചെല്ലുന്നയാളെ ജന്മനാട് നിരാശപ്പെടുത്തും. വീണ്ടും പ്രവാസനാട്ടിലേക്ക്. നല്ല ആവിഷ്കാരം. എന്താണിത് fiction /non fiction / fantasy എന്തോ ആവട്ടെ പ്രവാസിയുടെ മാനസിക വികാരങ്ങളെ മികവോടെ പകർത്തിയിരിക്കുന്നു. ശ്രീമതി മീര കൃഷ്ണൻകുട്ടി, ഇ മലയാളിയിൽ പേര് കാണാറുണ്ട്, വായിക്കാറുണ്ട് മാഡത്തിന് നന്മകൾ, ഭാവുകങ്ങൾ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ചുവപ്പുനാടകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 4: ഷാജു ജോൺ)

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

കുട്ടികള്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭിക്കും? (ജോര്‍ജ് തുമ്പയില്‍)

മാറ്റങ്ങൾക്കു വിധേയമാവാൻ തയ്യാറാവാതെ സമൂഹത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്: ജഡ്ജ് കെ.പി ജോർജ്ജ്

എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

രാമായണം - 2 മര്യാദരാമന്‍ (വാസുദേവ് പുളിക്കല്‍)

അഗ്നിശുദ്ധി സീതായനത്തിലൂടെ (ഉമശ്രീ, രാമായണ ചിന്തകൾ -4)

View More