-->

America

കുഞ്ചിയമ്മയുടെ 'കുട്ടാപ്പി' (കഥ: ഷാജന്‍ ആനിത്തോട്ടം)

Published

on

അന്‍പത്തിയാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാടപ്പാട്ട് തറവാട്ടിലെ ഒരംഗമായി ആ ട്രാന്‍സിസ്റ്റര്‍ റേഡിയോ വീടിന്റെ ഉമ്മറത്ത് സ്ഥാനം പിടിക്കുന്നത്. കുഞ്ചിയമ്മയുടെ മരണം വരെ "അവന്' ആ വീട്ടില്‍ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഭര്‍ത്താവ് ശങ്കരന്‍ നായര്‍ പരലോകം പൂകി പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കുഞ്ചിയമ്മ അതിനെ ഓമനിച്ചും "അവന്റെ' മധുരശബ്ദം ആസ്വദിച്ചും കാലം കഴിച്ചുകൊണ്ടിരുന്നത് കൊച്ചുമക്കള്‍ക്ക് മാത്രമല്ല, അവശനിലയിലായ അവരെ സന്ദര്‍ശിക്കുവാന്‍ വരുന്ന അകന്ന ബന്ധുക്കള്‍ക്കും കൗതുകമായിരുന്നു. ഉമ്മറത്തെ ഭിത്തിയിലിരുന്ന് "പാടുകയും വിശേഷങ്ങള്‍ പറയുകയും' ചെയ്തുകൊണ്ടിരുന്ന "അവന്റെ' മുമ്പിലൂടെ വരാന്തയിലങ്ങോട്ടുമിങ്ങോട്ടും കൂനിക്കൂനി നടന്ന്, ഒടുവില്‍ കിടപ്പിലായതോടെ "അവനെ' കട്ടിലിനടുത്തൊരു പീഠത്തിലിരുത്തിയാണ് കുഞ്ചിയമ്മ "അനുഭവിച്ചു'കൊണ്ടിരുന്നത്.

ടൗണിലെ കടയില്‍ നിന്നും ശങ്കരന്‍ നായര്‍ റേഡിയോ വാങ്ങി ജംഗ്ഷനില്‍ ബസ്സിറങ്ങി വീട്ടിലേക്ക് പോയ രംഗം ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. കാലിച്ചന്ത ദിവസമായിരുന്നതുകൊണ്ട് അന്ന് വൈകുന്നേരം വരെ കവലയില്‍ നല്ല ആള്‍ത്തിരക്കുണ്ടായിരുന്നു. നാലുമണി കഴിഞ്ഞപ്പോഴേക്കും വടക്കോട്ട് പോകുന്ന "ആനവണ്ടി'യില്‍ നിന്നും ശങ്കരന്‍ നായര്‍ ഇറങ്ങുമ്പോള്‍ കൂടെ കണക്കപ്പിള്ള ഗോവിന്ദന്‍കുട്ടി നായരുമുണ്ടായിരുന്നു; ഒപ്പം അനുചരന്മാരായി സദാ കൂടെ നടക്കുന്ന നാല് നായര്‍ യുവാക്കളും. കാളവണ്ടിയുമായി കവലയില്‍ കാത്തിരുന്ന കാര്യസ്ഥന്‍ അടിയോടിയെ അവഗണിച്ച് ശങ്കരന്‍ നായരും കൂട്ടരും നടന്നാണ് മാടപ്പാട്ട് വീട്ടിലേക്ക് നീങ്ങിയത്. ഭഗവതിയുടെ വിഗ്രഹം വഹിക്കുന്നതുപോലെ ഭക്ത്യാദരവോടെ "പാട്ടുപെട്ടി'യുടെ പായ്ക്കറ്റ് തലയിലും തോളിലുമായി ചുമന്ന് നാണുക്കുട്ടന്‍ നായര്‍ യജമാനനോടും മറ്റ് അനുചരന്മാരോടുമൊപ്പം അതിവേഗം നടന്നു. ഇടയ്ക്കിടെ ഊര്‍ന്നുപോകുന്ന മേല്‍മുണ്ട് തോളത്ത് പുനഃസ്ഥാപിച്ചുകൊണ്ട് ഗാംഭീര്യത്തോടെ തറവാട്ടിലേക്ക് നടക്കുമ്പോള്‍, പാതയ്ക്കിരുവശങ്ങളില്‍ നിന്നും തന്നെ ഭവ്യതയോടെ നോക്കി ശരീരം വളച്ച് ആദരവറിയിക്കുന്ന നാട്ടുകാരെ നോക്കി ശങ്കരന്‍ നായര്‍ നേരിയ തോതിലെങ്കിലും മന്ദഹസിച്ചുകൊണ്ടിരുന്നു. സ്വതവേ അതീവ ഗൗരവക്കാരനായ ആ നായര്‍ പ്രമാണിയുടെ മുഖത്ത് അപൂര്‍വ്വമായെങ്കിലും വിടരുന്ന അത്തരമൊരു ചെറുമന്ദഹാസം അവരെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമായിരുന്നു.

മാടപ്പാട്ട് തറവാടിന്റെ പടിപ്പുരയ്ക്ക് മുമ്പില്‍ നായരും സംഘവുമെത്തുമ്പോഴേയ്ക്കും അവര്‍ക്ക് പിന്നാലെ അമ്പത് പേരില്‍ കുറയാത്ത നാട്ടുകാരുടെ ഒരു സംഘവുമുണ്ടായിരുന്നു. "പാട്ടുപെട്ടി' വാങ്ങിയ വിവരം അതിനോടകം അടിയോടിയില്‍ നിന്നുമറിഞ്ഞ അവര്‍ പെട്ടി പൊട്ടിക്കുന്നതും പാട്ട് കേള്‍ക്കുന്നതും നേരിട്ടനുഭവിക്കാനുള്ള ത്വരയിലാണ് ആവേശത്തോടെ പിന്നാലെ കൂടിയത്. നിധിപ്പെട്ടി തുറക്കുന്ന ഗൗരവത്തോടെ ഉമ്മറത്തെ സിമിന്റിട്ട വരാന്തയിലിരുന്ന് ഗോവിന്ദന്‍കുട്ടി നായര്‍ സാമാന്യം വലിപ്പത്തിലുള്ള കാര്‍ഡ് ബോര്‍ഡ് പെട്ടി തുറക്കുമ്പോള്‍ തൊട്ടടുത്ത് ചാരുകസേരയിലിരുന്ന് മുറുക്കാന്‍ നിറഞ്ഞ വായ വക്രിച്ച് ശങ്കരന്‍ നായര്‍ സാഭിമാനം ചുറ്റുമുള്ളവരെ വീക്ഷിച്ചു. ഒടുവില്‍ ചുറ്റും തിങ്ങിക്കൂടി നിന്ന വാല്യക്കാരുടെയും വീട്ടുകാരുടെയും കണ്ണുകളില്‍ പ്രകാശം പരത്തിക്കൊണ്ട് തെര്‍മ്മോക്കോള്‍ കവചങ്ങളുരിഞ്ഞ് "അവന്‍' പുറത്തുവന്നപ്പോള്‍, ആദ്യജാതനെ കൈയിലെടുക്കുന്ന വാത്സല്യത്തോടെ കുഞ്ചിയമ്മ അതിനെ അരുമയോടെ തലോടി. ശങ്കരന്‍ നായര്‍ ഗൗരവം വിടാതെ, കുഞ്ചിയമ്മയോട് പറയുന്നതായി ഭാവിച്ച്, എന്നാല്‍ എല്ലാവരും കേള്‍ക്കെ ഉറക്കെ പറഞ്ഞു: ""പിലിപ്‌സാ, കൂട്ടത്തില്‍ മുന്തിയ ഇനമിതായിരുന്നു.'' കുഞ്ചിയമ്മ പക്ഷെ, നായരെ അപ്പോള്‍ത്തന്നെ തിരുത്തി: ""ഇവന്‍ പിലിസ്സും കൊലുസ്സുമൊന്നുമല്ല, എന്റെ കുട്ടാപ്പിയാണ്!''

കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ കിടന്ന എവറെഡി ബാറ്ററികള്‍ "കുട്ടാപ്പി'യുടെ പിന്‍വശത്ത് നിരത്തിവച്ച്, "ഓണ്‍' ബട്ടണില്‍ ഞെക്കാന്‍ യജമാനനെ ക്ഷണിച്ചുകൊണ്ട് ഗോവിന്ദന്‍കുട്ടി നായര്‍ ഒതുങ്ങിനിന്നു. ഭവ്യതയോടെ മുറ്റത്തും തൊടിയിലും കൂട്ടം കൂടി നിന്ന സകല ജനങ്ങളെയും സാക്ഷിയാക്കി ശങ്കരന്‍ നായര്‍ "കുട്ടാപ്പി'യുടെ "വായ' തുറന്നതും കണ്ടുനിന്നവര്‍ കരഘോഷം മുഴക്കി. ആകാശവാണിയുടെ ഏതോ നിലയത്തില്‍ നിന്നുമുയര്‍ന്ന വാദ്യമേളത്തിനൊപ്പം അവര്‍ തലയാട്ടുകയും താളം പിടിക്കുകയും ചെയ്തു. വൈകിട്ട് തിരുവനന്തപുരം നിലയത്തില്‍ നിന്നുമുള്ള മലയാളം പരിപാടികള്‍ സമാപിച്ചുകഴിഞ്ഞാണ് ജനം പിരിഞ്ഞുപോയത്; അതും കുഞ്ചിയമ്മയുടെ ഉച്ചത്തിലുള്ള ശാസനകള്‍ കേട്ടപ്പോള്‍ മാത്രം - ""കുടുമ്മത്ത് പോയി പായ വിരിച്ച് കിടക്കാന്‍ നോക്കെടാ... എത്ര നേരമായി മുറ്റത്തിങ്ങനെ കുന്തിച്ചിരിക്കണ്?... അശ്രീകരങ്ങള്!''

ഉമ്മറത്തെ ഭിത്തിയില്‍ വേലായുധനാശാരി പണികഴിപ്പിച്ച പ്രത്യേക അറയിലാണ് "കുട്ടാപ്പി'യെ കുടിയിരുത്തിയത്. മാടപ്പാട്ട് തറവാടിന്റെ മാത്രമല്ല, നാടിന്റെ മൊത്തം അഭിമാനമായി വര്‍ഷങ്ങളോളം അവന്‍ അരങ്ങുവാണു. കൊയ്ത്തുകാലത്ത് വിശാലമായ മുറ്റത്തെ മെതിക്കളത്തില്‍ നിരനിരയായി നിന്ന് പാട്ടക്കാര്‍ കറ്റ മെതിക്കുമ്പോള്‍ അവര്‍ക്ക് ഉന്മേഷം നല്‍കിയിരുന്നത് "കുട്ടാപ്പി' വിളമ്പിയ സംഗീതസദ്യയായിരുന്നു. വിയര്‍പ്പ് വീണൊഴുകി നനഞ്ഞ അവരുടെ ഉടലുകളെ തഴുകി, "ആയിരം പാദസരങ്ങള്‍ കിലുങ്ങും ആലുവാപ്പുഴ പിന്നെയുമൊഴുകി'ക്കൊണ്ടിരുന്നു; നെല്ല്കൂനകള്‍ അളന്ന് ചാക്കുകളില്‍ നിറയ്ക്കുമ്പോള്‍ പ്രിയ ഗായിക ബി. വസന്തയോടൊപ്പം പണിക്കാരി പെണ്ണുങ്ങളും താളത്തില്‍ മൂളി: ""കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാന്‍ വെള്ളപ്പുടവ, .............. കൂന്തല്‍ മിനുക്കാന്‍ ഞാറ്റുവേല...''

കാലം കടന്നുപോകവേ "കുട്ടാപ്പി'യുടെ പ്രതാപത്തെ വെല്ലുവിളിച്ചുകൊണ്ട് മിക്ക വീടുകളിലും ചെറുതും വലുതുമായ "പാട്ടുപെട്ടി'കള്‍ സ്ഥാനം പിടിച്ചതോടെ കുഞ്ചിയമ്മയുടെ തലക്കനവും ഇത്തിരി കുറഞ്ഞുവെന്ന് വേണം പറയാന്‍. എങ്കിലും പരാജയം സമ്മതിക്കുവാന്‍ അവര്‍ തയ്യാറല്ലായിരുന്നു. വീട്ടില്‍ വിരുന്നുവന്നവരോടും പണിക്ക് വന്നവരോടുമെല്ലാം ചോദിക്കാതെ തന്നെ കുഞ്ചിയമ്മ പറയാന്‍ തുടങ്ങി: ""ഈ കരേല് ആദ്യം റേഡിയോ വാങ്ങിയത് ഞങ്ങളാ. എത്ര കൊല്ലം മുമ്പാണെന്നു പോലും ഓര്‍മ്മ കിട്ടുന്നില്ല.'' കേള്‍വിക്കാര്‍ അത്ഭുതാദരവോടെ ആ സത്യം അംഗീകരിക്കുന്നു എന്ന് തോന്നുന്നതോടെ കുഞ്ചിയമ്മയുടെ ആത്മാഭിമാനം വര്‍ദ്ധിക്കുകയായി. പിന്നെ ഇത്രയും കൂടി അവര്‍ കൂട്ടിച്ചേര്‍ക്കും: ""പല പെരേലും ഇപ്പം ഉണ്ട്. പക്ഷെ ഇവന്റെ ചന്തോം സൊരോം അതിനൊന്നുമില്ല.'' നാലുകെട്ടിന് വെളിയിലേക്ക് കുഞ്ചിയമ്മ ഇറങ്ങുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ് - ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനും, ഭര്‍ത്താവിന്റെയും തന്റെയും പിറന്നാള്‍ ദിനത്തില്‍ ദേവിയെ തൊഴാനും. അങ്ങനെയുള്ള അവര്‍ക്ക് മറ്റുള്ളവരുടെ വീടുകളിലെ "പാട്ടുപെട്ടി'കളുടെ ഗുണമേന്മ എങ്ങനെ അറിയാമെന്ന് ആരും ചോദിച്ചതുമില്ല, അവരതിന്റെ യുക്തിയെപ്പറ്റി ചിന്തിച്ചതുമില്ല. ശങ്കരന്‍ നായര്‍ മാത്രം നഷ്ടപ്രതാപത്തിന്റെ വിങ്ങലുകള്‍ മറ്റാരോടും പറയാതെ മനസ്സിലൊളിപ്പിച്ച് നടന്നു; കുട്ടാപ്പിയുടെ വരവിന്റെ പത്താം വര്‍ഷം മരിക്കുന്നതു വരെ.

കുഞ്ചിയമ്മയുടെ നെഞ്ചില്‍ ഇടിത്തീ വീണത് പക്ഷെ, തറവാട്ടുപറമ്പിലെ കുടിയാനായിരുന്ന ഔസേപ്പ് മാപ്പിളയുടെ വീട്ടില്‍ യഥാര്‍ത്ഥ "പാട്ടുപെട്ടി' വന്നപ്പോഴായിരുന്നു. ഔസേപ്പിന്റെ മകന്‍ സ്റ്റീഫന്‍ പേര്‍ഷ്യയ്ക്ക് പോയിട്ട് ആദ്യമായി അവധിക്ക് വന്നപ്പോള്‍ കൊണ്ടുവന്ന "തോഷിബ'യുടെ "ടു-ഇന്‍-വണ്‍' നാട് മുഴുവന്‍ സംസാരവിഷയമായത് വൈകിയാണെങ്കിലും കുഞ്ചിയമ്മയുടെ ചെവിയിലുമെത്തി. ആകാശവാണിയുടെ ഔദാര്യത്തിലല്ലാതെ "തോന്നുമ്പോഴൊക്കെ' അതിലൂടെ പാട്ട് കേള്‍ക്കാമെന്ന വിവരം ഇളയ മകള്‍ രാധാമണി പറഞ്ഞത് കുഞ്ചിയമ്മ ആദ്യം വിശ്വസിച്ചിരുന്നില്ല. പക്ഷെ മകളോടൊന്നിച്ച് സന്ധ്യ മയങ്ങും നേരം തറവാട്ട്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ ഔസേപ്പിന്റെ പുതുക്കിപ്പണിത വാര്‍ക്കവീട്ടില്‍ നിന്നും "ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍' എന്ന് പിന്നെയും പിന്നെയും പാടിക്കേട്ടപ്പോള്‍ കുഞ്ചിയമ്മയ്ക്ക് കാര്യം മനസ്സിലായി. സ്വതവേ ഒരു പ്രേമരോഗിയായ രാധാമണിയുടെ മുഖത്ത് അപ്പോള്‍ വിരിഞ്ഞ നാണത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ നാല് പെറ്റ കുഞ്ചിയമ്മയ്ക്ക് പാഴൂര്‍ പടിപ്പുര വരെ പോകേണ്ടിയിരുന്നില്ല. കുളി കഴിഞ്ഞ് ധൃതിയില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, "ഒരു മുറി മാത്രം തുറക്കാതെ വയ്ക്കാം ഞാന്‍, അതിഗൂഢമെന്നുടെ ആരാമത്തില്‍' എന്ന് കേട്ട രാധാമണി പലവട്ടം തിരിഞ്ഞ് നോക്കുന്നതും ജനലിനിടയില്‍ നിന്നും സ്റ്റീഫന്‍ കൈകാണിക്കുന്നതും നേരിയ ഇരുട്ടിലും കണ്ടതോടെ കുഞ്ചിയമ്മ മകളുടെ ചെവിക്ക് തിരുമ്മി വേഗം മുന്നോട്ട് നടന്നു. അവര്‍ അകന്നുപോകുമ്പോള്‍ പക്ഷെ, സ്റ്റീഫന്റെ പാട്ടുപെട്ടി കൂടുതല്‍ ഉച്ചത്തില്‍ രാധാമണിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു:

"സ്വപ്നങ്ങള്‍ കണ്ടു നിനക്കുറങ്ങീടുവാന്‍

പുഷ്പത്തിന്‍ തല്പമങ്ങ് ഞാന്‍ വിരിക്കാം.'

ഔസേപ്പ് മാപ്പിളയുടെ മകന്‍ സ്റ്റീഫനെ പണ്ട് മുതലേ കുഞ്ചിയമ്മയ്ക്ക് കണ്ടുകൂടായിരുന്നു. ഒരു കുടികിടപ്പുകാരന്റെ പുത്രനെന്ന വിനയമോ വിധേയത്വമോ ഒരിക്കലും പ്രകടിപ്പിക്കാത്ത "നിഷേധി' യായിട്ടാണ് സ്റ്റീഫന്‍ ചെറുപ്പം മുതലേ വളര്‍ന്നത്. ഔസേപ്പിന്റെ മറ്റ് മക്കളെല്ലാം മാടപ്പാട്ടെ പറമ്പില്‍ പണിക്ക് വരികയും കുഞ്ചിയമ്മയുടെ മൂത്ത മരുമകള്‍ ഗോമതി വിളമ്പിക്കൊടുക്കുന്ന കഞ്ഞിയും സാമ്പാറും അടുക്കളവരാന്തയിലിരുന്ന് ആര്‍ത്തിയോടെ വാരിത്തിന്നുകയും ചെയ്യുമായിരുന്നെങ്കിലും രാധാമണിയുടെ ക്ലാസ്‌മേറ്റ് കൂടിയായിരുന്ന സ്റ്റീഫന്‍ ഒരിക്കലും ആ പരിസരത്തേയ്ക്ക് പോലും വരുമായിരുന്നില്ല; തൊടിയുടെ അറ്റത്തെ മൂവാണ്ടന്‍ മാവിലെ പഴുത്ത മാമ്പഴങ്ങള്‍ എറിഞ്ഞുവീഴ്ത്താന്‍ ഇടയ്‌ക്കൊക്കെ കയറിവരുന്നത് മാത്രമായിരുന്നു അതിനൊരപവാദം. ഔസേപ്പ് പണ്ട് ഇളയ മകന് ആ പേരിട്ടതറിഞ്ഞ് കുഞ്ചിയമ്മ, "എന്തൊരു പരിഷ്കാരം, എന്തൊരു അഹമ്മതി' എന്ന് വിമര്‍ശിച്ചപ്പോള്‍ അയാള്‍ തല ചൊറിഞ്ഞ് വിനയത്തോടെ, "അത് നമ്മുടെ ഇടവക മദ്ധ്യസ്ഥന്‍ എസ്തഫാനോസ് പുണ്യാളന്റെ പേരാന്നേ' എന്ന് തെര്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുഞ്ചിയമ്മയ്‌ക്കോ നായര്‍ക്കോ അതത്ര ബോധിച്ചിരുന്നില്ല. രാധാമണി പത്താം ക്ലാസ്സ് പരീക്ഷ രണ്ട് തവണ തോറ്റ് സുല്ലിട്ടതോടെ കാലപരിധിയില്ലാത്ത ടൈപ്പ്‌റൈറ്റിംഗ് പഠനത്തിലേക്ക് തിരിഞ്ഞപ്പോള്‍ സ്റ്റീഫന്‍ പട്ടണത്തിലെ കോളജില്‍ പോയി പഠിച്ച് പ്രീഡിഗ്രി പാസ്സായി; താമസംവിനാ അമ്മാച്ചന്റെ മകനയച്ചുകൊടുത്ത വിസയില്‍ ദുബായിലേക്ക് പറക്കുകയും ചെയ്തു.

അവധി കഴിഞ്ഞ് സ്റ്റീഫന്‍ മടങ്ങുന്നതിന് മുമ്പുതന്നെ ധൃതിപിടിച്ച് അകന്ന ബന്ധത്തിലുള്ള ഒരു നായരെക്കൊണ്ട് രാധാമണിയെ കല്യാണം കഴിപ്പിച്ചാണ് കുഞ്ചിയമ്മ കലി തീര്‍ത്തത്. അങ്ങോട്ടുമിങ്ങോട്ടും അടങ്ങാത്ത പ്രണയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും സ്റ്റീഫനും രാധാമണിക്കും വേദനാജനകമായിരുന്നു ആ വേര്‍പിരിയല്‍. "അച്ഛനുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഗള്‍ഫുകാരനെന്ന പരിഗണനയില്‍ തനിക്ക് സ്റ്റീഫനെ മംഗലം ചെയ്യാന്‍ പറ്റുമായിരുന്നു' എന്ന് രാധാമണിയും, "ശരിക്കൊന്ന് മുന്‍കൈയെടുത്തിരുന്നെങ്കില്‍ രാധാമണിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരാമായിരുന്നു' എന്ന് സ്റ്റീഫനും മനസ്സിലോര്‍ത്ത് ദുഃഖിച്ചത് മാത്രം മിച്ചം. ആദ്യരാത്രി മാടപ്പാട്ട് തറവാട്ടിലെ മണിയറയില്‍ ഭര്‍ത്താവ് കുട്ടന്‍പിള്ളയുടെ നെഞ്ചില്‍ ചാരിക്കിടക്കുമ്പോള്‍, "...അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും, നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു...' എന്ന് സ്റ്റീഫന്റെ പാട്ടുപെട്ടി തെല്ലുറക്കെത്തന്നെ കരഞ്ഞുപാടിയത് കുറച്ചൊന്നുമല്ല അവളെ നൊമ്പരപ്പെടുത്തിയത്. പുലരുവോളം ആ ഗാനം തന്നെ വേട്ടയാടുന്നതുപോലെ രാധാമണിക്ക് തോന്നി. വെളുപ്പിന് കുട്ടന്‍പിള്ളയ്ക്ക് ചായയുണ്ടാക്കാന്‍ അടുക്കളയിലേക്ക് നടക്കുമ്പോള്‍ അവളുടെ ചുണ്ടുകള്‍ അറിയാതെ മന്ത്രിച്ചു: ""രാത്രി പകലിനോടെന്നപോലെ, യാത്ര ചോദിപ്പൂ ഞാന്‍.''

മീനച്ചിലാറിലൂടെ പിന്നെയും ഒരുപാട് വെള്ളമൊഴുകി. റേഡിയോയുടെ കുത്തകയും പ്രതാപവുമൊക്കെ പഴങ്കഥയാക്കിക്കൊണ്ട് ടെലിവിഷനുകളുടെ ആധിപത്യമായതോടെ മാടപ്പാട്ടെ തറവാട്ടിലുമെത്തി, മനോഹരമായൊരു "ഒനിഡ' ടെലിവിഷന്‍. കുഞ്ചിയമ്മ പക്ഷെ, കുട്ടാപ്പിയെ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നില്ല. മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും മുമ്പില്‍ തന്റെ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന തിരിച്ചറിവില്‍ കുഞ്ചിയമ്മ കുടുംബത്തില്‍ ഒതുങ്ങിക്കൂടി. "കുട്ടാപ്പി' മാത്രമായിരുന്നു അപ്പോള്‍ അവരുടെ അഭിമാനവും സന്തോഷവും. സന്ധ്യയ്ക്ക് നാമജപം പോലും മാറ്റിവച്ച് മരുമക്കളും കൊച്ചുമക്കളും ടി.വി. സീരിയലുകളുടെ മുമ്പില്‍ തപസ്സിരിക്കുമ്പോള്‍ കുഞ്ചിയമ്മ ആരോടെന്നില്ലാതെ പറയും: ""കലികാലം...! ഭഗവതീ, ഇവറ്റകളെ ഒരു പാഠം പഠിപ്പിക്കണേ!!'' ഒരു വൈകുന്നേരം "വയലും വീടും' കേള്‍ക്കാന്‍ മൂത്ത മകന്‍ വാസുക്കുട്ടനെ വിളിച്ചപ്പോള്‍, "അമ്മയ്ക്കാ പണ്ടാരത്തിനെ കളയാറായില്ലേ? കൃഷിക്കാര്യം വല്ലതും അറിയാനാണെങ്കില്‍ ദേ എഷ്യാനെറ്റിലിപ്പോള്‍ "കൃഷിദീപം' ഉണ്ട്. അകത്തേയ്ക്ക് വന്ന് അത് കാണ്' എന്ന് അയാള്‍ പറഞ്ഞപ്പോള്‍, കേട്ടുനിന്ന കൊച്ചുമക്കളില്‍ നിന്നുമുയര്‍ന്ന കൂട്ടച്ചിരിയായിരുന്നു കുഞ്ചിയമ്മയെ ഏറ്റവും പ്രകോപിപ്പിച്ചത്. ഭഗവതിയോടല്ലാതെ ആരോടാണവര്‍ പരിഭവം പറയുന്നത്?

നടക്കാന്‍പോലുമാവാതെ ശയ്യാവലംബിയായതോടെ കുഞ്ചിയമ്മ വരാന്തയുടെ അറ്റത്ത് വേലായുധനാശാരി പ്രത്യേകം പണിയിപ്പിച്ച ചെറിയ കിടപ്പറയില്‍ കാലത്തിന്റെ മാറ്റമറിഞ്ഞുകൊണ്ട് കിടന്നു. "കുട്ടാപ്പി'യെ ഇടയ്‌ക്കൊക്കെ തഴുകാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള സൗകര്യത്തിനായി വാസുക്കുട്ടന്‍ "അവനെ' അമ്മയുടെ കിടക്കക്കരികിലൊരു ചെറുമേശയിലേക്ക് സ്ഥാനമാറ്റം നല്‍കിയത് അവരെ ഏറെ സന്തോഷിപ്പിച്ചു. ചോര വറ്റി ഉണങ്ങിവരണ്ട കരങ്ങള്‍കൊണ്ട് കുഞ്ചിയമ്മ കൂടെക്കൂടെ "കുട്ടാപ്പി'യെ ലാളിച്ചുകൊണ്ടിരുന്നു. വല്ലപ്പോഴുമൊരിക്കല്‍ മരുന്നുമായി വീട്ടില്‍ വരുന്ന ഹോമിയോ ഡോക്ടര്‍ കൃഷ്ണപിള്ളയോട്, "ഈ കരേലെ ആദ്യത്തെ റേഡിയോ ഇവനായിരുന്നു' എന്ന് കൂടെക്കൂടെ പറയുമ്പോള്‍, സാകൂതം അയാള്‍ അത് കേള്‍ക്കുന്നതായിരുന്നു ഹോമിയോ "പൊതി'യേക്കാള്‍ കുഞ്ചിയമ്മയ്ക്ക് ഉണര്‍വ്വ് നല്‍കിയിരുന്നത്.

കൊറോണയുടെ രണ്ടാം ഘട്ട ആക്രമണത്തിലാണ് മാടപ്പാട്ട് തറവാട്ടില്‍ അരൂപിയായ ആ ഭീകരജീവി അതിന്റെ രൗദ്രത സമ്പൂര്‍ണ്ണമായി വെളിവാക്കിയത്. ഒന്നിന് പിറകെ ഒന്നായി, കുഞ്ചിയമ്മയുടെ മൂത്ത മകന്‍ വാസുക്കുട്ടന്റേതുള്‍പ്പെടെ കുടുംബത്തെ നാല് ജീവനുകളെടുത്ത് അത് താണ്ഡവമാടിയപ്പോള്‍ ഭഗവതിയുടെ കോപം തന്നെ അതെന്ന് കുഞ്ചിയമ്മ ഉറപ്പിച്ചു. ആകാശവാണി ആ അപൂര്‍വ്വവാര്‍ത്ത സങ്കടത്തോടെ ലോകത്തെ അറിയിക്കുമ്പോള്‍, ഉമ്മറത്തെ കട്ടിലില്‍ "കുട്ടാപ്പി'യെ കെട്ടിപ്പിടിച്ചുകൊണ്ട് അവര്‍ വിറങ്ങലിച്ച് കിടന്നു. കുഞ്ചിയമ്മയെ കൂട്ടിക്കൊണ്ടുപോകുവാനുള്ള യമരഥം അപ്പോഴേയ്ക്കും മാടപ്പാട്ട് തറവാടിന്റെ പടിപ്പുരവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

View More