-->

America

നീലച്ചിറകുള്ള മൂക്കുത്തികള്‍ 41 - സന റബ്സ്

Published

on

കൊടുങ്കാറ്റുപോലെ മുറിയിലേക്ക് ഓടിക്കയറിയ മിലാനെക്കണ്ടു ശാരിക പേടിച്ചുപോയി. അവര്‍ ഓടിവന്നു അവളെ പിടിച്ചു.
മിലാന്‍ തന്റെ ഫോണും ടാബും സോഫയിലേക്കെറിഞ്ഞു പൊട്ടിക്കരഞ്ഞു. എന്തോ എഴുതിക്കൊണ്ടിരുന്ന സഞ്ജയ്‌ ശബ്ദം കേട്ട് വാതില്‍ക്കലേക്ക് വരുന്നുണ്ടായിരുന്നു.

“അമ്മാ... ഞാന്‍ എന്താണിങ്ങനെ ആയിപ്പോയത് അമ്മാ.... എന്താ എന്‍റെ ജീവിതം മാത്രം ഇങ്ങനെ.... ഞാന്‍ ഇത്തരമൊരു സ്നേഹത്തില്‍പ്പെടാന്‍ ഒരിക്കലും കൊതിച്ച ആളല്ലല്ലോ അമ്മാ...” ഏങ്ങല്‍ ശക്തിയായി.

സഞ്ജയ്‌ ടാബ് തുറന്നിരുന്നു. വീഡിയോ കണ്ട് അയാളുടെ നെറ്റിയില്‍ വരകള്‍ വീണു.

“ആരാണിത് അയച്ചത്?”

“ആളെ കണ്ടുപിടിച്ചിട്ട് എന്തിനാ.... പലവട്ടം ഞാന്‍ പറഞ്ഞതാണ്‌...” ശാരിക പകുതിയില്‍ നിറുത്തി. മുറിവേറ്റ മകളെ വീണ്ടും മുറിവേല്‍പ്പിക്കാന്‍ വയ്യ...

“അച്ഛാ.... എനിക്ക് റായ് വിദേതനെ വേണ്ട.  ഇങ്ങനെ ഓരോ കാര്യങ്ങളും വിശദീകരണം തേടിയുള്ള ജീവിതവും ഒരിക്കലും വിജയിക്കില്ല. ഒരെണ്ണമല്ല, പല ഘട്ടങ്ങളായാണ് ഈ പരമ്പര തുടരുന്നത്. എനിക്കയാളെ വേണ്ട.... വേണ്ടാ..." കണ്ണുകള്‍ അടച്ചുപിടിച്ചു കൈകളില്‍ മുഖം താങ്ങി മിലാന്‍ കരയുന്നത് നോക്കി സഞ്ജയ്‌ നിന്നു.

‘എനിക്ക് റായ് വിദേതനെ വേണ്ട...’ ഈ തീരുമാനം എളുപ്പമാവില്ലെന്ന് സഞ്ജയിന്  തോന്നി. മറിച്ചൊരു തീരുമാനം ഇതിനേക്കാള്‍ സഹാസമാവുമെന്നും അയാള്‍ക്ക് അറിയാമായിരുന്നു.
എന്തുമാത്രം കഷ്ടപ്പെട്ടാണ് തനൂജയുടേയും ദാസിന്റെയും സഹവാസത്തിന്‍റെ കരിനിഴലുകള്‍ അവളുടെ മനസ്സില്‍നിന്നും തുടച്ചു നീക്കിയത്...
കണ്ണിലെ കൃഷണമണി പോലെ കാത്തുസൂക്ഷിച്ച മകളാണ് ഇങ്ങനെ നെഞ്ചുപൊട്ടിക്കരയുന്നത്.
ഒരു കുഞ്ഞ് ജനനത്തോടെ മരിച്ചുപോയിട്ട് ശേഷം ഉണ്ടായതാണ് മിലാന്‍. ശാരിക ആ ഗര്‍ഭകാലത്തും പ്രസവസമയത്തും എന്തുമാത്രം കഷ്ടപ്പെട്ടു. ഒരു കാല്‍ മുകളിലേക്ക് ഉയര്‍ത്തി തൂക്കിയിട്ട് മാസങ്ങളോളം ഒരേ കിടപ്പ് കിടന്നത് ഓര്‍ക്കുമ്പോള്‍ ചങ്ക് ഇപ്പോഴും തകരും. ആ തീവ്രവേദന കാണാന്‍ വയ്യാതെയാണ് ഇനിയൊരു കുഞ്ഞുപോലും വേണ്ടെന്നു വെച്ചത്.

അയാള്‍ ശാരികയെ നോക്കി. കല്ലിനു കാറ്റ് പിടിച്ചപോലെ നില്‍ക്കുന്നു!

സ്വന്തം മകള്‍, അതും വ്യക്തമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്ന തന്റെ മിടുക്കിയായ കുട്ടി ഒരു പ്രണയത്തിലേക്ക് പോയതിനാല്‍ ഉണ്ടായ അവിചാരിത സംഭവങ്ങളും അതിനോടനുബന്ധിച്ചുണ്ടായ ജീവിതത്തിലെ വഴിത്തിരുവുകളും കണ്ട് തീരുമാനങ്ങളും അനുമാനങ്ങളും എടുക്കാനാവാതെ അയാള്‍ ഉഴറിപ്പോയിരുന്നു.

  എന്തൊക്കെയോ പുലമ്പുകയും ചിന്താഭാരത്തോടെ ശൂന്യതയിലേക്ക് അലിഞ്ഞിറങ്ങുകയും വീണ്ടും വര്‍ത്തമാനത്തിലേക്ക്‌ വന്നു പൊട്ടിക്കരയുകയും ചെയ്യുന്ന മിലാന്‍റെ അരികില്‍ത്തന്നെ ഇരുന്നു  ഇരുവരും നേരം വെളുപ്പിച്ചു. പിറ്റേന്ന് പുലര്‍ച്ചെതന്നെ ആ കുടുംബം ഡല്‍ഹി വിട്ടു.
തന്റെ മകളെ വേദനിപ്പിച്ചവന്‍, അയാള്‍ എത്ര ഉന്നതനായാലും അയാളെ വെറുതെ വിടുകയില്ല എന്നൊരു തീരുമാനം ആ  പഴയ പത്രപ്രവര്‍ത്തകന്‍ എടുത്തുകഴിഞ്ഞിരുന്നു.

.........................................................................................................................................

വീഡിയോ കണ്ട് ദാസും കരോളിനും  നടുക്കത്തോടെ പരസ്പരം നോക്കി.  തങ്ങളുടെ ഇടയില്‍ മാത്രം നടന്ന അബദ്ധം ആരും അറിയരുതെന്നു  കരുതി ഒതുക്കിവെച്ചത് എങ്ങനെ പുറത്തറിഞ്ഞു???
താനും മിലാനുമായുള്ള വിവാഹനിശ്ചയത്തിനു കരോളിനെ കാണാതായതും സ്വിമ്മിംഗ് പൂളിനരികില്‍ അബോധാവസ്ഥയില്‍ അവളെ കണ്ടതും....
അപ്പോള്‍ ഇതെല്ലാം പ്രീ-പ്ലാന്‍ഡായിരുന്നു

“റായ് സര്‍......” ദയനീയമായിരുന്നു കരോലിന്റെ സ്വരം...

“സര്‍.... ഇത്.... ഇതെങ്ങാനും പുറത്ത് ലീക്ക്  ആയാല്‍....”

അതേ....ഇതെല്ലാം  ലീക്കായാല്‍ പിന്നെ ജീവിക്കേണ്ട ആവശ്യം വരുന്നില്ല. പാവം ഈ പെണ്‍കുട്ടിയുടെ ജീവിതവും കരിയറും എല്ലാം  നശിക്കുകയാണ്.

“കരോലിന്‍, നീ പൊയ്ക്കോള്ളൂ.... തന്നെ മാത്രമായി ഇതിലേക്ക് തള്ളിയിടുമെന്നും ഞാന്‍ മാത്രമായി രക്ഷപ്പെടുമെന്നും ഏതു സാഹചര്യത്തിലും താന്‍ ധരിച്ചു കളയരുത്. ഇത് റായ് വിദേതന്‍ തനിക്ക്  നല്‍കുന്ന വാക്കാണ്‌. മനസ്സിലായോ?”

കരോളിന്‍ അയാളെത്തന്നെ നോക്കിനിന്നു. പക്ഷെ അവള്‍ ഹതാശയായിരുന്നു.

“ലുക്ക്‌ കരോലിന്‍, സെന്റിമെന്റല്‍ ആവരുത് ഒരു സാഹചര്യത്തിലും.” 
ദാസ്‌ ആവര്‍ത്തിച്ചു. “ഒരു സാഹചര്യത്തിലും. അത് അണ്ടര്‍ലൈന്‍ ചെയ്യുക. ചിലപ്പോള്‍ ഇതെല്ലാം ഔട്ട്‌ ആയേക്കാം, ഇതെല്ലാം ചെയ്തവരുടെ ഉദ്ദേശം ഒരിക്കലും താനല്ല. അത് ഞാനാണോ എന്റെ ബിസിനസ് സാമ്രാജ്യമാണോ എന്റെ ജീവിതമാണോ എന്നേ തെളിയേണ്ടതുള്ളൂ. അയാം സോറി, ഈ കളിയില്‍ താന്‍ അറിയാതെ വന്നുപെട്ടു പോയതാണ്. മീഡിയ വേട്ടയാടിയേക്കാം....പക്ഷെ പിടിച്ചു നില്‍ക്കണം. മനസ്സിലാവുന്നുണ്ടോ ഞാന്‍ പറയുന്നത്?”

ദാസ്‌ അരികിലേക്ക് വന്നു അവളുടെ കൈ കവര്‍ന്നു. കരോളിന്‍ കരഞ്ഞുപോയി.

“ഛെ....ഡോണ്ട് ബി സില്ലി മൈ ഡിയര്‍....” അയാളവളെ ചേര്‍ത്തണച്ചു.

“നോക്കൂ കരോലിന്‍, എന്‍റെ ജീവിതം വളരെ വ്യത്യസ്തമാണ്. പക്ഷെ നീയെനിക്ക് സഹോദരിയോ മകളോ അതുമല്ലെങ്കില്‍ അതിലും ആര്‍ദ്രമായ ആരോ ആണ്. അതുകൊണ്ട് ഒരിക്കലും നിന്നെ ഞാന്‍ കൈവിടില്ല. ദിസ്‌ ഈസ്‌ മൈ പ്രോമിസ്!”

കരോലിന്‍ നിറഞ്ഞൊഴുകിയ കണ്ണും മുഖവും തുടച്ചു. സങ്കടം അലച്ചു വരുന്നു. അവള്‍ അയാളെ നോക്കി പോട്ടെ എന്നൊരു ആന്ഗ്യം കാണിച്ചു. ദാസ്‌ കൂടെവന്നു വാതില്‍ തുറന്നുകൊടുത്തു.

“എന്തുണ്ടായാലും എന്നെ വിളിക്കണം, എപ്പോഴായാലും വിളിക്കണം. താൻ ധൈര്യമുള്ള കുട്ടിയാണ്. Be ബോൾഡ് ആൽവേസ്.... " അയാള്‍ ഓര്‍മ്മിപ്പിച്ചു. കരോലിന്‍ തലയാട്ടി.

തന്റെ ജീവിതത്തോടൊപ്പം റായ്സാറും മിലാനും ഒരുമിച്ചുള്ള ജീവിതത്തേയും   ഈ സംഭവങ്ങള്‍ ആഞ്ഞടിച്ചു തകര്‍ക്കുമെന്ന് കരോളിനു ബോധ്യമുണ്ടായിരുന്നു. എങ്ങനെയാണ് പ്രണോതിമാഡത്തിനെ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്തുക....

 .........................................................................................................................................

ദാസ്‌ കസേരയിലേക്ക് നിവര്‍ന്നു കിടന്നു. താന്‍ അല്പം കൂടി ശ്രദ്ധ കാണിച്ചിരുന്നെങ്കില്‍ ഈ കാര്യങ്ങള്‍  പലതും സംഭവിക്കില്ലായിരുന്നു.
തിരക്കിനിടയില്‍ ചതിക്കുഴികള്‍ക്ക് ആഴം കൂടുന്നത് അറിയാതെ പോയി.

കരോലിന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. എങ്കിലും ദാസിലുള്ള വിശ്വാസം അവളെ ആശ്വസിപ്പിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം കരോലിന് അവളുടെ വീട്ടിലേക്ക് ഒരു ഗിഫ്റ്റ് എത്തി.
കുറെ എഴുത്തുകളും കൊറിയറും ഉണ്ടായിരുന്നതിനാല്‍ എല്ലാം ഒരുമിച്ചായിരുന്നു കരോലിന്റെ  മമ്മ മേബല്‍  എടുത്തുകൊണ്ടുവന്നത്.
ആകര്‍ഷകമായി പൊതിഞ്ഞ അല്പം വലിയ പാക്കറ്റ് കണ്ടപ്പോള്‍ കരോലിന്‍ അതെടുത്തു. ഫ്രം അഡ്രസ് മാത്രമേയുള്ളൂ. അതെന്താണ് അയച്ച ആളുടെ അഡ്രസ് ഇല്ലാത്തത്...

“ആരാണ് ഇത് കൊണ്ടുവന്നത് മമ്മാ?”

“അറിയില്ല, നീ സെക്യൂരിറ്റിയോട് ചോദിക്ക്...” മേബെല്‍ വിളിച്ചുപറഞ്ഞു.

 “മേംജീ ഈ വലിയ കവര്‍ ബൈക്കില്‍ വന്ന രണ്ടുപേരാണ് നല്‍കിയിട്ടു  പോയത്. മേംജിയുടെ യൂണിവേര്‍‌സിറ്റിയിലെ കൂട്ടുകാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വാങ്ങി.” സെക്യൂരിറ്റി പറഞ്ഞപ്പോള്‍ കരോളിന്‍ മുറിയിലേക്കോടി.

എന്താണിതില്‍....

കരോളിന്‍ വളരെ സൂക്ഷിച്ചാണ് കവര്‍ പൊളിച്ചത്. മേബല്‍ അരികിലേക്ക് വന്നു.

റായ് വിദേതന്‍ ദാസ് ഒരു ഷോപ്പിംഗ്‌ മാളില്‍ നിന്ന് എന്തോ വാങ്ങുന്ന ചിത്രം അതിമനോഹരമായി വരച്ചിരിക്കുന്നു!

കരോളിന്‍ വിസ്മയിച്ചു. റായ്സര്‍ അയച്ചതാണോ ഇത്? എങ്കില്‍ എന്തിന്....
എന്തോ കുഴപ്പമുണ്ടെന്നു കരോലിന് മനസ്സിലായി.

അവളുടനെ ദാസിനെ വിളിച്ചു.

“എന്താണ് കരോലിന്‍...?” ദാസ്‌ ഉടനെത്തന്നെ കരോളിന്റെ ഫോണ്‍ എടുത്തു.
“ഞാന്‍ വീഡിയോകോളില്‍ വരാം, കരോളിന്‍ ആ ഗിഫ്റ്റ് ഒന്ന് കാണിക്കൂ....” ദാസ്‌ ആവശ്യപ്പെട്ടപ്പോള്‍ ഉടനെതന്നെ കരോലിന്‍  വീഡിയോകാളിൽ ചിത്രം  നേരെ പിടിച്ചു ദാസിനെ  കാണിച്ചു.

ദാസ്‌ ഊഹിച്ചത് ശരിയായിരുന്നു. താന്‍ അമേരിക്കയില്‍നിന്നും വാങ്ങിയ അതേചിത്രം!
കരോളിന്റെ കൈയില്‍നിന്നും നഷ്ടപ്പെട്ട ചിത്രം!!

ദാസിന്റെ ചുണ്ടില്‍ ചിരിയൂറി.

“ഓക്കേ ഡിയര്‍, അത് സൂക്ഷിക്കണം, ഒന്നുകില്‍ എനിക്കത് അയച്ചു തരിക, അല്ലെങ്കില്‍ അങ്ങനെ ചെയ്യുംവരെ ഭദ്രമായി സൂക്ഷിക്കുക. പോയ മുതല്‍ തിരികെ വന്നതിനു ലക്ഷ്യങ്ങള്‍ ഉണ്ടാവാം. എന്തായാലും നമുക്ക് വെയിറ്റ് ചെയ്യാം.”

ദാസ്‌ പറഞ്ഞു നിറുത്തിയപ്പോള്‍ കരോലിന്‍ ചോദിച്ചു.

“ഇത് പ്രണോതിമേമിന് അയച്ചു കൊടുക്കുന്നതല്ലേ നല്ലത്?”

“വേണ്ട, നമ്മള്‍ ചേര്‍ന്ന് നടത്തുന്ന പ്ലാന്‍ ആയേ അതിനെ ഇപ്പോള്‍ മിലാന്‍ കാണൂ, വ്യഖ്യാനങ്ങള്‍ ഉണ്ടാകും.”

ആ ചിത്രത്തിന്റെ ഭംഗിയില്‍ ആകൃഷ്ടയായി കുറെ നേരം കൂടി കരോലിന്‍ ഇരുന്നു. പിന്നീട് തന്റെ മേശപ്പുറത്ത് ബെഡ്  ലാമ്പിനരികിലായി വെച്ചു.
വെളിച്ചം ചിതറിവീഴുന്ന ആ പൊസിഷന്‍ ചിത്രത്തിനു  കൂടുതല്‍ മിഴിവ് നല്‍കി.

“ നീ  ആ ഗിഫ്റ്റ് മിലാന് അയക്കുന്നില്ലേ?” മമ്മയുടെ ചോദ്യത്തിന് തല്‍ക്കാലം നുണ പറയുകയല്ലാതെ കരോലിന് വഴിയുണ്ടായിരുന്നില്ല. തങ്ങളുടെ ഇടയില്‍ ഈയിടെ ഉടലെടുത്ത കാര്യങ്ങള്‍ വീട്ടില്‍ പറയാന്‍ അവള്‍ ധൈര്യപ്പെട്ടില്ല. അച്ഛൻ ഋഷിഭട്ട്നാഗരെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചു വേണം എന്ന് കരോലിന് അറിയാം.

അകലെ മിലാന്റെ ജിവിതം വല്ലാതെ ആടിയുലയുകയായിരുന്നു. സമചിത്തത വീണ്ടെടുക്കാന്‍ അവള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. എങ്കിലും ഹൃദയതാളം കൂടിത്തന്നെ നിന്നു.
“അമ്മാ. അമ്മ എന്റെ കൂടെ ഒരിടംവരെ വരുമോ...?” മിലാന്റെ ചോദ്യം കേട്ട് ശാരിക അരികിലേക്ക് വന്നു.

“എനിക്ക് കരോലിന്‍ നീറ്റയെ ഒന്ന് കാണണം.”

“എന്തിന്....”

“എനിക്കിപ്പോഴും വ്യക്തമല്ല എന്തിനെന്ന്, പക്ഷെ കാണണം. അവള്‍ എന്തിനെന്നെ ചതിച്ചു എന്നറിയണം.”

ശാരിക മകളെ നോക്കി. “മിലൂ, ആ ചാപ്റ്റര്‍ ക്ലോസ് ചെയ്യാന്‍ നീ തീരുമാനിച്ചതല്ലേ? എന്തിനാണ് ഓരോന്നും ഇഴ വിടർത്താന്‍ ശ്രമിക്കുന്നത്? കൂടുതല്‍ സങ്കീര്‍ണ്ണമാകുകയേ ഉള്ളൂ കുട്ടീ...”

“അങ്ങനെയല്ല അമ്മാ, എന്‍റെ കൂടെ വരാമോ, പ്ലീസ്....”

“നിന്റെ കൂടെ എങ്ങോട്ടും ഞാന്‍ വരും. അത് വേറെ, പക്ഷേ ഇത് വേണോ...?”

നിരുല്‍സാഹപ്പെടുത്തിയ അമ്മയുടെ വാക്കുകള്‍ക്കപ്പുറം മിലാന്റെ തീരുമാനം ഉറച്ചു.
അങ്ങനെയാണ് പിറ്റേന്ന് ഉച്ചതിരിഞ്ഞ് കരോളിന്റെ വീട്ടില്‍ മിലാനും ശാരികയും എത്തിയത്. നിര്‍ഭാഗ്യവശാലോ ഭാഗ്യവശാലോ കരോലിന്‍ അപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.

കരോളിന്റെ മമ്മ മിലാനെ വളരെ സന്തോഷത്തോടെയും ആദരവോടെയും അകത്തേക്ക് വിളിച്ചിരുത്തി. അവരെ സല്ക്കരിക്കാനുള്ളത് ഒരുക്കും മുന്നേ അവര്‍ കരോളിനെ വിളിച്ചു കാര്യം പറഞ്ഞു.

കരോളിന്‍ ഞെട്ടിപ്പോയി. “മമ്മാ, ആ ചിത്രം അവിടുന്നു  മാറ്റൂ വേഗം, വേഗം മമ്മാ....” അവള്‍ നിലവിളിച്ചു.

“എന്താ കാ....? അത് മിലാന് കൊടുക്കാന്‍ പണ്ട് റായ് നല്കിയതല്ലേ, സംഭവിച്ചത് പറഞ്ഞിട്ട് ആ ഗിഫ്റ്റ്  മിലാന് കൊടുത്താല്‍ പോരെ?” എന്തിനാണ് മകള്‍ അപ്സെറ്റ് ആകുന്നതെന്ന് മേബലിന് മനസ്സിലായില്ല.

“മമ്മാ.... പ്ലീസ്... വേഗം പോയി ആ ഫോട്ടോ  അകത്തെടുത്തുവെയ്ക്കൂ.... മിലാൻ അത്  കാണാന്‍ പാടില്ല.”

മേബല്‍ വേഗം അകത്തേക്ക് വന്നു. പക്ഷെ ശാരികയും മിലാനും ആ ഫോട്ടോയുടെ അരികില്‍ തന്നെ നില്‍ക്കുന്നു! ആ ചിത്രത്തിലേക്കും ഉറ്റുനോക്കി!

മിലാന്‍ പതുക്കെ ആ ചിത്രം കൈയിലെടുത്തു. അവളുടെ നീണ്ട വിരലുകള്‍ ദാസിന്റെ മുഖത്തുകൂടി പരതി നീങ്ങി.  “നിനക്കായ്‌ ഈ നിമിഷങ്ങളില്‍....” ദാസിന്റെ സ്വന്തം കൈപ്പട അതില്‍ ഉണ്ടായിരുന്നു.

ശാരിക തിരിഞ്ഞപ്പോള്‍ മേബലിനെ കണ്ടു. അവരുടെ മുഖം വിളറിയിരുന്നു.

“വാ അമ്മാ പോകാം.... അമ്മ പറഞ്ഞല്ലോ വിളിച്ചു പറഞ്ഞിട്ടു  ചെല്ലാം  എന്ന്... വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ പലതും ഞാന്‍ കാണില്ലായിരുന്നു.” മിലാന്‍ ശാരികയോട് കനത്ത സ്വരത്തില്‍ പറഞ്ഞു.

“എന്താ പോകുന്നത്? ഇരിക്കൂ” മേബല്‍  ഓടിവന്നു.

“ഇന്നലെ മോള്‍ക്ക്‌ ആരോ ബൈക്കില്‍ വന്നു കൊണ്ടുകൊടുത്ത പാക്കറ്റില്‍ ഉണ്ടായിരുന്നതാണ് ഈ ചിത്രം. അല്ലാതെ.....”

മിലാന്‍റെയും ശാരികയുടെയും മുഖം കണ്ടപ്പോള്‍ എന്തോ പന്തികേടുള്ളതായി കണ്ടു മേബല്‍  നിറുത്തി.

“എന്താ കാര്യം, നിങ്ങള്‍ ഇരിക്കൂ, മോള്‍ ഇപ്പോള്‍ വരും....”

ശാരിക പുഞ്ചിരിച്ചു. “ഓക്കേ മിസ്സിസ് ഭട്ട്നാഗര്‍, കരോളിന്‍ സാവധാനം വരട്ടെ, എന്റെ മോള്‍ മിലാന് നല്ല സുഖമില്ല ഇപ്പോള്‍. ഞങ്ങള്‍ ഇറങ്ങട്ടെ, പിന്നീടു കാണാം. ഓക്കേ?"
 മേബലിന്റെ  കൈകളിലൊന്ന് തലോടി ശരിക പുറത്തേക്ക് നടന്നു. അതിനും മുന്നേ മിലാന്‍ ഇറങ്ങി കാറില്‍ കയറിക്കഴിഞ്ഞിരുന്നു.

“ഇതെല്ലാം പ്ലാന്‍ഡാണ് അമ്മാ, ഇവര്‍ തമ്മില്‍ മുന്‍പേ ബന്ധം ഉണ്ടായിരുന്നു. വിദേത് ഏതു സ്ത്രീയുമായാണ് അടുക്കാത്തത്? ഞാനത് മറക്കാന്‍ പാടില്ലായിരുന്നു. കരോളിനെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. മധുരമായി സംസാരിക്കാന്‍ വിദേതിനെ കഴിഞ്ഞേ ആണുങ്ങള്‍ ഉള്ളൂ. അമ്മ വിഷമിക്കേണ്ട, എനിക്ക് യാതൊരു വികാരവും അയാളോട്  ഇപ്പോള്‍ തോന്നുന്നില്ല. അയാള്‍ എന്നെപ്പോലൊരു പെണ്ണിനെ അര്‍ഹിക്കുന്നില്ല. ദാറ്റ്സ് ഓള്‍..”

സ്വയം ന്യായീകരണങ്ങള്‍ നിരത്തി തന്നെത്തന്നെ ആശ്വസിപ്പിക്കുന്ന മിലാനെ നോക്കി ഒന്നും ഉരിയാടാതെ ശാരിക ഇരുന്നു. അവരുടെ തലച്ചോറില്‍ ചിന്തകള്‍ കനം തൂങ്ങിയാടി.

വിവരങ്ങള്‍ അറിഞ്ഞ കരോളിനും ദാസും ഒരുപോലെ വിഷമത്തിലായി. അപകടം വരുമ്പോള്‍  എട്ടുദിക്കില്‍ നിന്നും അവ വളയുന്നു. ശാശ്വതമായ പരിഹാരം തേടാന്‍ നേരമായിരിക്കുന്നു.

“നീ അവളെ കണ്ടു സംസാരിച്ചാല്‍.....” താരാദേവി മകനെ വിളിച്ചു.

“ശരിയാവില്ല അമ്മേ, ആ ചാന്‍സ് ഞാന്‍ ഉപയോഗിച്ച് കഴിഞ്ഞതാണ്. ഇനിയത് വേണ്ട.”

“പക്ഷേ ജീവിതമാണ് വിദേത്, തളര്‍ന്നു വീണുകൂടാ നമ്മള്‍...”

“സാരമില്ല, സമയമെടുത്താലും എല്ലാം ശരിയാവും.”

“ഞാന്‍ വിളിക്കണോ മിലാനെ?” താരാദേവി വീണ്ടും ചോദിച്ചു.

“നോ, അതൊരിക്കലും എളുപ്പമാവില്ല അമ്മാ, മാത്രമല്ല മകന്റെ കാമുകിയുടെ മുന്നില്‍ എന്റെയമ്മ കെഞ്ചിത്താഴേണ്ട  ആവശ്യമില്ല. അത്ര വലിയ തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടില്ലല്ലോ....” ദാസ്‌ ഉറച്ച ശബ്ദത്തില്‍ പറഞ്ഞപ്പോള്‍ താരാദേവി ഒരു നിശ്വാസത്തോടെ ഫോണ്‍ വെച്ചു.

അല്പം കഴിഞ്ഞു ദാസ്‌ തിരിച്ചു വിളിച്ചു. “അമ്മാ ഒരു കാര്യം പറയാനുണ്ട്, തനൂജ അമ്മയെ വിളിക്കുകയോ അവിടെ നമ്മുടെ വീട്ടില്‍ വരികയോ ചെയ്താല്‍ അമ്മ മുഷിവൊന്നും കാണിക്കരുത്. ഏറ്റവും നന്നായി നമ്മുടെ അതിഥിയെ ഉപചരിക്കണം. ഇതൊന്നും നടന്നതായേ ഭാവിക്കരുത്.”

“ഉം.....” താരാദേവി വളരെ കനത്തില്‍ മൂളി. “ആവട്ടെ.....”

പിറ്റേന്ന് പുലര്‍ച്ചെ നാരായണസാമിയുടെ ഫോണില്‍ തുരുതുരാ കാള്‍ വന്നു.

മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ഡല്‍ഹി, തുടങ്ങിയ മെട്രോ നഗരങ്ങളിലെ  ജ്വല്ലറി ഷോറൂമുകളില്‍ ആദായനികുതി ഓഫീസിന്റെ മിന്നല്‍ റൈഡുകള്‍ ഉണ്ടെന്ന വാര്‍ത്തയായിരുന്നു അത്.

ദാസിന്‍റെ മുറിയിലേക്ക് സാമി വാതിലില്‍ തട്ടുകപോലും ചെയ്യാതെ പാഞ്ഞുകയറി.

“സാബ്....”

“എന്താടോ....”

“എല്ലായിടത്തും റൈഡ് ഉണ്ട്, ഉടനെ....”

“ഉം......” കനത്ത പുരികങ്ങള്‍ കൂട്ടിമുട്ടി.

അല്പം കഴിഞ്ഞവ ശാന്തമായി.

                           (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

View More