Image

ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Published on 26 December, 2020
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: ഡിസംബര്‍ 20-ന് ഫൊക്കാന സൂമിലുടെ സംഘടിപ്പിച്ച ക്രിസ്മസ് -പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകരേയും അഭ്യുദയകാംക്ഷികളേയും ഏകോപിപ്പിച്ചുകൊണ്ട് ആദ്യമായാണ് ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഫൊക്കാന അംഗസംഘടനകളിലെ നേതാക്കന്മാരും, ക്ഷണിതാക്കളുമായി നിരവധി പേര്‍ പങ്കെടുത്തു.

പ്രസിഡന്റ് സുധാ കര്‍ത്തായുടെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സബറ്റീന മുഖ്യാതിഥിയായിരുന്നു. കോവിഡ് കാലത്ത് ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കുവാനും, ഊര്‍ജസ്വലരായി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാനും ഇതുപോലുള്ള ഒത്തുചേരലുകള്‍ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു. ആതുരശുശ്രൂഷാരംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിനന്ദിക്കുകയും, അവരോടുള്ള നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

സുധാ കര്‍ത്താ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫൊക്കാനയില്‍ സംജാതമായിരിക്കുന്ന ഭരണ പ്രതിസന്ധിയുടെ പരിഹാരത്തിനായി പ്രവര്‍ത്തിക്കുമെന്നും 2021-ല്‍ ഐക്യത്തിന്റെ പാത തുറക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ പടവത്തില്‍ ഭരണഘടനാപരമായി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഫൊക്കാനയില്‍ നീതിയുക്തമായ ഒരു ഇലക്ഷനിലൂടെ 2021 ജൂലൈ മാസത്തില്‍ അധികാര കൈമാറ്റം നടത്തുമെന്നും പറഞ്ഞു.

ഫൊക്കാന ജോയിന്റ് സെക്രട്ടറി സുജ ജോസ് ഏവരേയും സ്വാഗതം ചെയ്തു. രണ്ടു മണിക്കൂര്‍ നീണ്ട വര്‍ണ്ണശബളമായ കലാപരിപാടികള്‍ക്ക് ലൈസി അലക്‌സ്, ഏബ്രഹാം കളത്തില്‍, അലക്‌സ് തോമസ് (ഫിലാഡല്‍ഫിയ) എന്നിവര്‍ നേതൃത്വം നല്‍കി. അലക്‌സ് തോമസ് (ന്യൂയോര്‍ക്ക്) മീറ്റിംഗ് നിയന്ത്രിച്ചു. വിനോദ് കെയാര്‍കെ, ജോര്‍ജ് ഓലിക്കല്‍, ഫോമ പ്രതിനിധി ബിജു തോണിക്കടവില്‍. ഏബ്രഹാം വര്‍ഗീസ് എന്നിവരും മറ്റ് നിരവധി നേതാക്കളും പരിപാടികളില്‍ പങ്കെടുത്തു. പ്രസാദ് ജോണിന്റെ നന്ദി പ്രകടനത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
ഫൊക്കാനയുടെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക