Image

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

Published on 18 January, 2021
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
പുരുഷന്റെ വിജയത്തിനു പിന്നിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ച് പറയുന്നതു പോലെയോ അതിനേക്കാൾ കൂടുതലോ പ്രധാനമാണ് സ്ത്രീയുടെ വിജയത്തിനു പിന്നിലെ പുരുഷനെക്കുറിച്ച് പറയുന്നത്. തൊഴിലും കുടുംബവും മികച്ചരീതിയിൽ കൊണ്ടുപോകാൻ സാധാരണ ഉദ്യോഗം  ചെയ്യുന്ന സ്ത്രീകൾക്കുപോലും ഭർത്താവിന്റെ പിന്തുണ വലിയ കാര്യമാണ്. അമേരിക്കയിലെ വൈസ് പ്രസിഡന്റ് എന്ന സമുന്നത പദവിയിലേക്ക് ആദ്യമായി ഒരു വനിത നടന്നടുത്തിട്ടുണ്ടെങ്കിൽ ആ വിജയത്തിൽ നിർണ്ണായകമായ പങ്ക് ഭർത്താവിനും  അവകാശപ്പെടാം.

യു എസിൽ ഇതിനു മുൻപ് വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്നവരെല്ലാം പുരുഷന്മാർ ആയിരുന്നതുകൊണ്ട് അവരുടെ പങ്കാളികളെ സെക്കൻഡ് ലേഡി അഥവാ രണ്ടാം വനിത എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇതാദ്യമായി കമല ഹാരിസ് വനിത വൈസ് പ്രസിഡന്റ് എന്ന പുതുചരിത്രം രചിക്കുമ്പോൾ അവരുടെ ഭർത്താവിനെ  വിശേഷിപ്പിക്കാനും പുതിയ പേര് കണ്ടെത്തിയിരിക്കുകയാണ്- സെക്കൻഡ് ജെന്റിൽമാൻ. കമലയുടെ ഭർത്താവ് ഡഗ്ലസ് എംഹോഫും (ഡഗ്ഗ്) വൈസ് പ്രസിഡന്റിന്റെ പുരുഷ പങ്കാളിയെന്ന പുതിയ ചരിത്രം എഴുതുകയാണ്. പ്രസ്തുത സ്ഥാനത്ത് ആദ്യമായെത്തുന്ന ജൂത സാന്നിധ്യം എന്ന പ്രത്യേകതയും ഡഗ്ഗിനുണ്ട്.

2014 ലായിരുന്നു  അഭിഭാഷകനായ ഡഗ്ലസുമായുള്ള കമല ഹാരിസിന്റെ വിവാഹം. 
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കമലയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ടുള്ള ഡഗ്ഗിന്റെ പ്രവർത്തനങ്ങൾ ഭാര്യയുടെ വിജയത്തിന് വേണ്ടി ഭർത്താവ് എങ്ങനെ പരിശ്രമിക്കണം എന്നതിന് ഉദാഹരണമായി  ഓപ്ര മാസിക അടക്കമുള്ള മാധ്യമങ്ങൾ  വാഴ്ത്തിയിരുന്നു. 

ഭാര്യ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റുമ്പോൾ അവരുടെ കരിയറിനും ജീവിതത്തിനും പിന്തുണ നൽകുക എന്ന കരുത്തുറ്റ ആശയത്തോട് വളരെ വേഗം പൊരുത്തപ്പെടാൻ കഴിഞ്ഞതും ഡഗ്ഗിന്റെ സവിശേഷതയാണ്. 

ഹാരിസുമായി എംഹോഫ് പൊതു ഇടങ്ങളിൽ പോലും പങ്കിടുന്ന ഊഷ്മളത ഇടക്കാലംകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. പങ്കാളിയെ ഉപദേശിക്കുന്നതിനു പകരം പിന്തുണയ്ക്കുന്നതും  അവളുടെ നേട്ടങ്ങളിൽ അഭിമാനിക്കുന്നതുമാണ് ഡഗ്ഗിന്റെ രീതി. ഹാരിസിന്റെ ടോപ് ചിയർ ലീഡർ സ്ഥാനത്തേക്ക് ഡഗ് എത്താനുള്ള സാധ്യത കൂടുതലാണെന്ന് പരക്കെ സംസാരമുണ്ട്. 

കമലയുടെ പരിപാടികളിൽ പലപ്പോഴും പിന്നിലോ കാണികൾക്കിടയിലോ ഡഗ്ഗ് സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ വർഷം കമല പങ്കെടുത്ത  സ്റ്റേജിൽ  പ്രതിഷേധപൂർവം ഒരാൾ മൈക്രോഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ കമലയെ സംരക്ഷിക്കാൻ സെക്യൂരിറ്റികൾക്കു  മുൻപേ ഭർത്താവിന്റേതായ കരുതലോടെ ഓടി  എത്തിയ ഡഗ്ഗിനെ മുഖം മാധ്യമങ്ങൾ അന്നേ ഒപ്പിയെടുത്തിരുന്നു. പലപ്പോഴും കമല എന്നെഴുതിയ ടി -ഷർട്ട് ധരിച്ചാണ് അദ്ദേഹം ക്യാമ്പെയിനിൽ പങ്കെടുത്തിരുന്നത്. 

'നിന്നെയോർത്ത് അഭിമാനിക്കുന്നു ' എന്നാണ് നവംബർ 7 , 2020 ന്  കമലയ്‌ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പം അദ്ദേഹം പങ്കുവച്ച പോസ്റ്റ്. 

പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന കേസുകൾ വ്യവഹരിക്കുന്നതും തിരശീലയ്ക്ക് പിന്നിൽ നിന്ന് വിദഗ്ധ നിയമോപദേശം നൽകുന്നതുമാണ് ഡഗ്ഗിന്റെ ഇഷ്ട  മേഖലകൾ. 
കമല വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷവും  ജോർജ് ടൗൺ ലോ ഇന്സ്ടിട്യൂട്ടിൽ ഡിസ്റ്റിംഗ്യുഷ്ഡ് ഫെലോ ആയിട്ടാകും ഡഗ്ഗ്  സേവനം അനുഷ്ഠിക്കുക. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡനും അദ്ദേഹം അധികാരമേറ്റ് കഴിഞ്ഞാലും അധ്യാപകവൃത്തി തുടരും.
സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക