Image

ചോദ്യാവലി (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 13 February, 2021
 ചോദ്യാവലി  (കവിത:  വേണുനമ്പ്യാര്‍)
ഓര്‍മ്മയെ   സ്വന്തമാക്കിയാല്‍
അത് സ്‌നേഹമാകുമോ
 
സ്‌നേഹം ചേതനയാണെന്നും പ്രേമഭാജനമാണെന്നും  
നൈര്‍മ്മല്യത്തില്‍  സ്‌നാനപ്പെട്ട മിസ്റ്റിക്കുകള്‍  പാടുന്നു - ഒരു കൗതുകത്തിനു ദൈവത്തോട് തിരക്കിയപ്പോള്‍   
ഉത്തരം മൗനമായിരുന്നില്ലേ

ഗൃഹാതുരത്വത്തോടെയുള്ള   കാത്തിരിപ്പാണ് സ്‌നേഹമെന്നു  
കവികള്‍ - ഗൃഹവിഹീനന്‍ ആരെ കാത്തിരിക്കാന്‍

മാസ്മരികമായ ഭ്രാന്താണത്രെ സ്‌നേഹം -
അങ്ങനെയെങ്കില്‍   ഭ്രാന്തന്മാരെ എന്തിനു ചങ്ങലക്കിടണം

ശാരീരികസാമിപ്യം സ്‌നേഹത്തിന്റെ
അവകാശമാണുപോല്‍ -  പിന്നെ   കുറഞ്ഞ അളവില്‍  സാവകാശം മതി   
രതിയെന്നൊക്കെ ഉപദേശിക്കുന്നത് ആരാണ്

വേദപുസ്തകങ്ങളില്‍ നിന്നും ശബ്ദതാരാവലികളില്‍ നിന്നും  
സ്‌നേഹത്തെക്കുറിച്ച്   എന്തറിയാന്‍  -   അസ്തിത്വത്തെ  സമ്പൂര്‍ണമായി സ്നേഹിക്കുമ്പോള്‍ 
അതിനു വേണ്ടി നെഞ്ചുരുകി  പൊട്ടുമ്പോള്‍  സ്‌നേഹം    ഹൃദിസ്ഥമാകില്ലേ  -  ജീവിതം എന്ന അഗ്‌നിപരീക്ഷയെ നേരിടാന്‍ 
പിന്നെ ആര്‍ക്കാണ് പേടി    

സ്വന്തമാക്കലിനെ സ്‌നേഹമെന്ന് പറയാവോ -
അപ്പോള്‍ ഉരുകലിനെ പടരലിനെ  തേടലിനെ അലച്ചിലിനെ
എന്ത് പേരെടുത്തു വിളിക്കും

വിരഹത്തെ സമാഗമത്തിന്റെ കരയിലും
സമാഗമത്തെ വിരഹത്തിന്റെ കടവിലും
അടുപ്പിക്കുന്ന തോണിയാണ് സ്‌നേഹമെങ്കില്‍
കടത്തുകാരന്‍ ആരാകും

കടത്തുകാരന്‍ കാലമാണെങ്കില്‍
ഭൂതം ഭാവി  എന്ന രണ്ടു വൈരുദ്ധ്യങ്ങള്‍ക്കിടയില്‍    
അയാളെ സാന്ത്വനിപ്പിക്കുന്നത് ആരാകും  

ദാക്ഷിണ്യത്തിന്റെ  ആവനാഴിയില്‍   തൊടുക്കാനായി
സൂക്ഷിച്ചിരിക്കുന്ന ക്രൂരതയുടെ    ശരം പോലെ സ്‌നേഹം - അതു കൊണ്ടല്ലേ  
ഗാര്‍ഹികപീഡനം  ഒരു  തുടര്‍ക്കഥയാകുന്നത്  
 
രക്തബന്ധം  മാത്രമാണ്  ചിലര്‍ക്ക് സ്‌നേഹം -
ചോരക്കും മുന്‍പേ സ്‌നേഹമുണ്ടെന്ന രഹസ്യം
അവര്‍ എന്ത്  കൊണ്ട്  കണ്ടെത്തുന്നില്ല -
ധമനികളിലൂടെയുള്ള   ഒഴുക്ക്    
സ്‌നേഹം വരച്ച  വഴിയിലൂടെയല്ലയോ

തത്വത്തിനും പ്രയോഗത്തിനും അപ്പുറത്തെ
ഘോരാന്ധകാരമല്ലേ സ്‌നേഹം - പ്രാക്തനമായ ആ ഇരുട്ടില്‍ നക്ഷത്രഹൃദയമുള്ള ദീപം കൊളുത്തുന്നതും
സ്‌നേഹത്തിന്റെ കരമല്ലാതെ    മറ്റാര്
 
സാരമായും നിസ്സാരമായും
ഇവിടെയോ
അവിടെയോ
ഇടയ്‌ക്കെവിടെയോ.........
തേടിയാല്‍ കിട്ടുമോ
കിട്ടുമോ  തേടാതിരുന്നാല്‍  
അതിനെക്കുറിച്ചൊന്നും   തര്‍ക്കിക്കാതെ തല പുണ്ണാക്കാതെ
ശുദ്ധ  പ്രാണനായി  വീര്‍പ്പുമുട്ടിയിരിക്കാം  
നിശൂന്യതയില്‍  അപ്പോള്‍ സഹജമായി  ഉദിച്ചുപൊങ്ങിയേക്കും  
കണ്‍പീലിത്തുമ്പിലൂടെ   പിടഞ്ഞു  വീഴേണ്ട
സ്‌നേഹത്തിന്റെ  ആ നീഹാരകണം  
 
ഒന്നിനും ഉത്തരമില്ലെന്നു തോന്നാം   -
എങ്കിലും പൂക്കള്‍ വിടരുന്ന  നൈസര്‍ഗ്ഗികതയില്‍ വെറുതെയങ്ങു ചോദിച്ചു പോകാം

അമ്മിഞ്ഞ  കുടിക്കുന്ന കുഞ്ഞിനുപോലുമറിയാം
സ്‌നേഹം മൗനത്തിന്റെ  മാറ്റൊലിയാണെന്ന്!

 ചോദ്യാവലി  (കവിത:  വേണുനമ്പ്യാര്‍)
Join WhatsApp News
Sudhir Panikkaveetil 2021-02-14 02:39:52
സ്നേഹമെന്ന വികാരം കവിമനസ്സിൽ ഉയർത്തുന്ന ചിന്തകൾ സമാഹരിച്ചിരിക്കുകയാണ് ഈ കാവ്യാവിഷ്കാരത്തിൽ. ആധുനിക അനുവദിക്കുന്ന ആനുകൂല്യങ്ങളുടെ ചിറകൊതുക്കിൽ ഇടം തേടുന്നത്കൊണ്ട് കവിതയെന്നു തന്നെ പറയട്ടെ. അക്ഷരങ്ങളിൽ ഒതുങ്ങി നിൽക്കാൻ കഴിയാത്ത സ്നേഹം കവിയെ കവിക്കറിയുന്ന, കവി മനസ്സിലാക്കിയ വഴികളിലൂടെ കൊണ്ടുപോകുന്നു. ഓരോ ചോദ്യത്തിനും ഉത്തരമുണ്ടെന്നുള്ളതാണ് പ്രധാനം. എന്നാൽ അത് പൂർണമല്ലെന്നു കവിമനസ്സ് ശങ്കിക്കുന്നു. അവസാനം അത് കണ്ടെത്തുന്നത് ശൈശവത്തിലാണ്. അഭൗമമായ പ്രേമം ഉണ്ടാകുന്നത് മൗനത്തിൽ ആണ്. മൗനം വാചാലമാകുന്നു, മാറ്റൊലി കൊള്ളുന്നു. മൗനപ്രാർത്ഥനകൾ, മൗന മറുപടികൾ. നിശബ്ദതയിൽ എല്ലാ സൗന്ദര്യവും ഉൾക്കൊണ്ടിരിക്കുന്നു. ദിവ്യമായ ആത്മീയ ആനന്ദം അത് പകരുന്നു. മുലയൂട്ടുന്ന അമ്മയും കുഞ്ഞും സ്നേഹത്തിന്റെ പ്രതിബിംബമാണ്. അവിടെയാണ് സ്നേഹം. കവിത മനസ്സിലാക്കിയതിൽ പിഴവുപറ്റിയെങ്കിൽ കവി വിവരിക്കുക. നന്ദി. കവിക്ക് ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക