-->

America

നീലച്ചിറകുള്ള മൂക്കുത്തികൾ -- 52 - സന റബ്സ്

Published

on


"എങ്ങനെയാണ് സാഹചര്യത്തെളിവും സംശയവും മാത്രം മുന്നോട്ടുവെച്ചു  ഒരാളെ അറസ്റ്റ്  ചെയ്യാൻ കഴിയുക"?  
വാതില്ക്കൽനിന്ന ദാസിന്റെ അഡ്വക്കേറ്റ്  ശ്രീനിവാസ അയ്യർ മുന്നോട്ടുവന്നു. 

"അറസ്റ് വാറണ്ട് ഉണ്ട്. നിങ്ങൾക്ക് പറയാനുള്ളത് കോടതിയിൽ  പറയാമല്ലോ.. " ത്രിപാഠി തന്റെ കൈയിലെ പേപ്പർച്ചുരുൾ  ഉയർത്തിക്കാട്ടി. 

"അതിന് മുൻപേ  പോലീസ് തെളിവുകൾ നൽകൂ ... അല്ലാതെ റായ് വിദേതൻ അവളെ ഗർഭിണിയാക്കിയില്ല എന്നതാണോ അയാളിൽ ആരോപിക്കുന്ന കുറ്റം? "

ത്രിപാഠി കൺമുനകൊണ്ട്  അയ്യരെ നോക്കി. "അതൊരു കുറ്റമല്ലല്ലോ മിസ്റ്റർ  അയ്യർ... ആരോപിക്കപ്പെടുന്ന  കുറ്റങ്ങൾ പരിശോധിക്കൂ. .."

"സീ മിസ്റ്റർ  ഓഫീസർ,  നിങ്ങൾ ഈ പറഞ്ഞ കുറ്റാരോപണത്തിനെല്ലാം വളരെ ശക്തമായ തെളിവുകൾ വേണം.  ആകെ നിങ്ങൾക്കു  പറയാനുള്ളത് തനൂജ കഴിച്ച കേക്കിൽ വിഷം ഉണ്ടായിരുന്നു എന്നാണ്. അവർ വീണുകിടന്നത് റായുടെ വീട്ടിൽ ആണെന്നും.   എന്നാൽ ആ കേക്ക്  തനൂജ തന്നെ ഓർഡർ ചെയ്ത കേക്ക് ആണ്. അവളുടെ അപ്പാർട്മെന്റിൽ വന്ന ആ ഫുഡ്‌, റായുടെ വീട്ടിലേക്ക്‌ തനൂജ ജോലിക്കാരെ വിട്ടു  വരുത്തിക്കയായിരുന്നു."

ത്രിപാഠിയുടെ നെറ്റിയിൽ വരകൾ വീണു. 

"ഇതെല്ലാം നിങ്ങൾ പോലീസുകാർ കണ്ടെത്തേണ്ട കാര്യങ്ങളായിരുന്നു.  എങ്കിലും നിങ്ങൾക്കുതന്നെ ഈ കണ്ടുപിടിത്തങ്ങളുടെ പ്രിവിലേജ് എടുക്കാം കേട്ടോ." ശ്രീനിവാസ അയ്യരുടെ ഗൗരവം നിറഞ്ഞ മുഖത്ത്  പരിഹാസം മിന്നിമറഞ്ഞോ എന്ന് ത്രിപാഠിക്ക് തോന്നാതിരുന്നില്ല. 

"ഇനി അറസിറ്റിന്റെ കാര്യമാണെങ്കിൽ ഇതാ ഹൈക്കോടതി നൽകിയ  മുൻകൂർ ജാമ്യം. നിങ്ങൾക്കിതും  പരിശോധിക്കാം. തനൂജയ്ക്ക് അപകടം ഉണ്ടാവുമ്പോൾ റായ് വീട്ടിൽ ഇല്ലായിരുന്നു എന്നതു മറന്നതാണോ?? "
അയ്യർ കൈയിലെ ജാമ്യപേപ്പർ ത്രിപാഠിക്ക് നേരെ നീട്ടി. 
 കമീഷണർ ത്രിപാഠി യാദവ് അത് പ്രതീക്ഷിച്ചതായിരുന്നു. അയാൾ ചിരിച്ചു. 
"എനിക്കിദ്ദേഹത്തെ ചോദ്യം ചെയ്തേ പറ്റൂ. അതിനുള്ള സ്പെഷ്യൽ പെർമിഷൻ ഉണ്ട്."
"ആവാം. പക്ഷേ അത് ജാമ്യം കിട്ടുന്നതിനു മുൻപ് മാത്രം. ഇപ്പോൾ നിങ്ങൾക്ക് അദ്ദേഹത്തോട് ചോദ്യം ചോദിക്കാം. പക്ഷേ ഉത്തരം പറയുന്നത് ഞാനായിരിക്കും." അയ്യർ ചിരിച്ചു. 

ദാസ് എഴുന്നേറ്റു. "ശരി ഓഫീസർ. എനിക്കു പോകാമല്ലോ.... നിങ്ങൾ ചോദ്യങ്ങൾ തയ്യാറാക്കിയാൽ പറഞ്ഞാൽ മതി. ഞാൻ വക്കീലുമായി തീർച്ചയായും വന്നുകൊള്ളാം."
ത്രിപാഠി കൈകൾ ചുരുട്ടിപിടിച്ചു അനങ്ങാതെ നിന്നു. 
അൽപനേരത്തേക്കെങ്കിലും അറെസ്റ്റ്‌ ഉണ്ടാകുമെന്നു  ദാസ് പ്രതീക്ഷിച്ചിരുന്നു. അതു സംഭവിക്കാതിരിക്കാനുള്ള  എല്ലാ പഴുതുകളും അയാൾ നേരത്തെ അടച്ചിരുന്നു. 
പോലീസ് സംഘം തിരികെപ്പോയി. അവർ പോകുന്നതും നോക്കി നിന്ന ദാസും വാതിൽക്കലേക്കു നടന്നു. തന്നെ   മറികടന്നുപോകുന്ന ദാസിനെ മിലാൻ തകർന്ന  കണ്ണുകളോടെ നോക്കിനിന്നു. അയാൾ തിരിഞ്ഞു നോക്കിയതേയില്ല. 

സഞ്ജയ്‌ അകത്തേക്ക് വന്നു. "വാ മോളെ പോകാം..."

"അച്ഛാ...."

"നീ പേടിക്കേണ്ട.  സൂപ്പർ കമ്പ്യൂട്ടർ ബ്രെയിൻ ആണ് ദാസ്.  അയാൾ പോലീസുകാരെ വട്ടം കറക്കും.  തെളിവുകൾ അതും ശക്തമായ തെളിവുകൾ വേണം അയാളെ അറസ്റ്റു ചെയ്യാൻ.  ഡോണ്ട് ബി അപ്സെറ്റ്. നമുക്ക് പോകാം മോളെ. അയാൾ ആകെ അസ്വസ്ഥനാണ്. പിന്നീട് കാണാൻ ശ്രമിക്കാം." സഞ്ജയ്‌ മകളെ ആശ്വസിപ്പിച്ചു.
.................................................... 


"തനൂജ കഴിച്ച കേക്കിൽ നിന്നാണ് വിഷം ഉള്ളിൽ ചെന്നതെന്നു  പറയുന്നു. ഇപ്പോൾ എഴുപത്തിരണ്ടു   മണിക്കൂർ കഴിഞ്ഞു. ഉള്ളിലെ വിഷം നീക്കം ചെയ്തു എങ്കിലും രക്തത്തിൽ ആ വിഷം വീണ്ടും എത്തുന്നു. അതെങ്ങനെയെന്ന് മനസ്സിലാവുന്നില്ല."

 തന്റെ കട്ടിലിൽ നീണ്ടുനിവർന്നു കിടക്കുന്ന താരാദേവിയുടെ അരികിൽ മേനക ഇരുന്നു. "അമ്മേ.. വിദേത് ഇപ്പോൾ വരുമല്ലോ അല്ലേ...?"

"നീ പേടിക്കാതെ... അവൻ വന്നോളും... " അവർ തന്റെ നീണ്ട വെളുത്ത മുടി പുറകിലേക്കു  നിവർത്തിയിട്ടു.

"അമ്മ എന്താ ഇങ്ങനെ നിസ്സംഗമായി ഇരിക്കുന്നെ..."

"അവൻ ചെറിയ കുട്ടിയാണോ... ഇനി വരുന്നതെല്ലാം  നേരിടാം. ഒരു മംഗളകർമ്മം നടക്കേണ്ട വീടായിരുന്നു ഇത്. ഇപ്പോൾ കൊലപാതകവും  മരണവും പോലീസും  എന്നുവേണ്ട എല്ലാം തികഞ്ഞു."
അവർ ആരോടെന്നില്ലാതെ പറഞ്ഞു. 

"ഹോട്ടലിലെ എല്ലാ ബ്രാഞ്ചുകളിലെയും കേക്കുകൾ പരിശോധിച്ചുകഴിഞ്ഞു. പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  കേക്ക്  വീട്ടിൽ എത്തിച്ച കാറ്ററിങ് ബോയിയെയും ചോദ്യം ചെയ്തിരുന്നു.  എന്നാൽ അന്നത്തെ ഓർഡർ എല്ലാം ബൾക്ക് ആയിത്തന്നെ വന്നതാണ്. മറ്റാർക്കും ഈ പ്രശ്നം റിപ്പോർട്ട്‌ ചെയ്തിട്ടില്ല." നിരഞ്ജനും സഞ്ജയും ഗഹനമായ ചർച്ചയിൽ ആയിരുന്നു. 

"തെളിവില്ലല്ലോ സഞ്ജയ്‌... കേക്ക്  തനൂജ സ്വയം  കഴിച്ചതായിക്കൂടെ?"

"എന്തിന്...? "

"റായ് അവളുടെ ചൊൽപ്പടിയിൽ നിൽക്കില്ലെന്നു  മനസ്സിലായല്ലോ.. ഗർഭം പൊളിഞ്ഞു.  അപ്പോൾ നാണക്കേട് ഓർത്ത് ആത്മഹത്യ ചെയ്യാനായാലും മതിയല്ലോ... "

"ആര്?  തനൂജയോ.... അവൾ സൂയിസൈഡ് ചെയ്യാൻ ശ്രമിക്കുകയോ.... ഒരിക്കലുമില്ല. അത്രയും പകയും വെട്ടിപ്പിടിക്കാൻ ദുരയും ഉള്ളൊരു സ്ത്രീ വേറെയില്ല.  ഒരിക്കലും അവൾ  മറ്റുള്ളവരെ കൊല്ലാനല്ലാതെ സ്വയം കൊല്ലാൻ ശ്രമിക്കില്ല."

"പറയാൻ പറ്റില്ല. പ്രെസ്റ്റീജ് നോക്കുന്ന ആളാണ്.  ഈഗോയുടെ ഉസ്താദ് ആണവൾ "

"എങ്കിലും വിവാഹത്തിന് പ്ലാൻ തയ്യാറാക്കിയ തനൂജ ഇങ്ങനെയൊരു തീരുമാനത്തിൽ എത്തി എന്നത് വിശ്വസനീയമല്ല."

"എനിക്കു  സംശയം വിദേതിനെതന്നെയാണ്.  കാരണം വിദേതിനു  അത്രയും അരിശം വന്നിരുന്നു." നിരഞ്ജൻ പറഞ്ഞു. 

"എന്നാൽ സ്വയം അയാൾ തന്നെ അപകടത്തിൽ ചാടിക്കുമോ... താരാമ്മയേയും സംശയിക്കാം. മകനെ രക്ഷിക്കാൻ ചെയ്തുകൂടെന്നില്ലല്ലോ... ആ അമ്മ മകനെ അങ്ങനെ വളർത്തിയതാണ്.  സ്ത്രീകളിലേക്കുള്ള പാലായനം മാത്രമേ അവർക്ക് എതിർപ്പുള്ളൂ. മകന്റെ മൂന്നാം വിവാഹംപോലും കെങ്കേമമായി നടത്താൻ കച്ചകെട്ടിയവരാണവർ. വിദേതിന് എന്തെങ്കിലും തരത്തിൽ ആപത്തു വരുന്നത് അവർ സഹിക്കില്ല."

"പക്ഷേ സഞ്ജയ്‌, താരാദേവി അന്നേദിവസം അവിടെ ഉണ്ടായിരുന്നില്ല.  റായും വീട്ടിൽ ഇല്ലായിരുന്നു.  അങ്ങനെ നോക്കുമ്പോൾ.... "

 ചർച്ചകളും ഊഹങ്ങളും അങ്ങനെ നീണ്ടുപോയി. 
.................................
 ദാസ് ഡൽഹിയിൽതന്നെ ഉണ്ട്.   അന്വേഷണം നടക്കുന്നതിനാൽ അയാൾക്കു രാജ്യം വിടാൻ അനുവാദം കോടതി നൽകിയിരുന്നില്ല.    

കണ്ണുംപൂട്ടി ഒരിടത്തിരിക്കാൻ അന്നാദ്യമായി അയാൾ ആഗ്രഹിച്ചു. 

ഓരോ ജീവിതത്തിനും ഓരോ മാനങ്ങൾ ആണ്. തിരക്കുകളും വിജയങ്ങളും ആഘോഷങ്ങളും നിറയുന്ന നാണയത്തിന്റെ അപ്പുറത്ത് നിരാശകളും മോഹങ്ങളും അത്യഗാധക്കിടങ്ങുകളും പതിയിരിക്കുന്നു. 

"അമ്മ ഇങ്ങോട്ടു വരണം. എനിക്കു  സംസാരിക്കാനുണ്ട് " ദാസ് താരാദേവിയെ വിളിച്ചു. 

"നീ ഇങ്ങോട്ടുവരൂ... ഈ വീടാണ് നിനക്കു  രാശി. മൗണ്ട് താരയാണ് നിനക്കു പറ്റിയ ഇടം.    നിന്റെ ബിസിനസ് കാര്യങ്ങൾക്ക് മാത്രമേ അവിടെ നീ ഇപ്പോൾ ഇരിക്കുന്നിടത്തു രാശിയുള്ളൂ.. "

"അമ്മ ജ്യോത്സ്യം നോക്കാതെ വരുന്നുണ്ടോ?" അയാൾ അരിശത്തോടെ ചോദിച്ചു. 

"ഇല്ല.. നിന്റെ പ്രായമല്ലല്ലോ എനിക്ക് .... നിന്നെപ്പോലെ ചെറുപ്പംകൊണ്ട് വെല്ലുവിളി നടത്താൻ ആരോഗ്യമില്ല."
ദാസ് തർക്കിച്ചില്ല.
പിറ്റേന്നു ഉച്ചയോടെ  അയാൾ മൗണ്ട് താരയിൽ എത്തി.  വീട്ടിലെത്തിയപ്പോഴെ അമ്മയെ കാണാൻ നിൽക്കാതെ അയാൾ സ്വന്തം മുറിയിലേക്ക് കയറിപ്പോയി. ഉച്ചഭക്ഷണം കഴിക്കാനോ മറ്റെന്തെങ്കിലും കാര്യത്തിനോ ദാസ് മുറിവിട്ടു പുറത്തേക്ക് വന്നില്ല. 

"സാബ്....    താരാമ്മ വിളിക്കുന്നു." വാതിലിൽ മുട്ടി മുറിയിലേക്കുവന്ന സാമി ഓർമ്മിപ്പിച്ചു. 

"ഉം..... "

"സാബ്....?"

 "ഉം...?"

"സാബിനെ അറിയിക്കരുതെന്നു  താരാമ്മ പറഞ്ഞിരുന്നു. എങ്കിലും.... പ്രണോതി മേം ഇവിടെ ഉണ്ട്."
ദാസ് തല തിരിച്ചു സാമിയെ നോക്കി.  "എപ്പോൾ വന്നു? "

"നമ്മൾ വരും മുൻപേ വന്നിട്ടുണ്ട്."

"ഉം.... "

" ഞാൻ വരാം... സാമി നടന്നോളൂ...."

ദാസ് താരാദേവിയുടെ മുറിയിലേക്കുപോയി.  പതിവില്ലാതെ എല്ലാ കർട്ടനുകളും ഇളം നിലാവിന്റെ നിറങ്ങളിൽ മുങ്ങിനിന്നു. 

ദിവാൻകോട്ടിൽ  കൈകളും കാലുകളും ഉയർത്തിവെച്ചു  ഇരിക്കുന്ന അമ്മയെ അയാൾ ഒരു നിമിഷം നോക്കിനിന്നു. താരാദേവിയും ദാസും ചേർന്നിരിക്കുന്ന വലിയ ഫോട്ടോയിലേക്ക്  നോക്കിയായിരുന്നു  അവർ ഇരുന്നിരുന്നത്. 

"എന്താ നീ നിന്നത്?"

"ഒന്നുമില്ല, അമ്മയുടെ വാശിയെപ്പറ്റി ഓർക്കുകയായിരുന്നു." 

"ഹഹ... എന്ത് വാശി?  ഈ വയസ്സിൽ എന്നെ നീ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കണോ... എന്റെ പ്രായത്തിലുള്ളവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഉള്ളവർ തന്നെ അവശരും ആശുപത്രിവാസക്കാരും ആണ്"

"എന്റെ അമ്മ അവരെപ്പോലെ അല്ലല്ലോ..." അയാൾ അമ്മയുടെ സാരി ഒരു വശത്തേക്ക് ഒതുക്കിയിട്ടു അവരുടെ അരികിൽ ഇരുന്നു. 

 "പോലീസ് എന്താണു  പറയുന്നത്? "

"പോലീസ്..... അയാൾ നെറ്റിയിലേക്കുവീണ മുടി തല വെട്ടിച്ചു പൂർവസ്ഥിതിയിലാക്കി. "പോലിസ് എന്തുപറയാൻ... തെളിവ് വരട്ടെ.... നമുക്കു  നോക്കാം... "

"നീ അവളെ എന്തെങ്കിലും ചെയ്‌തോ...." അവർ മകനെ സൂക്ഷിച്ച് നോക്കി. 

"നോ അമ്മാ.... നെവർ... " 

"പിന്നെ അവളെ വിവാഹം കഴിക്കാൻ ആയിരുന്നോ ഉദ്ദേശം? എന്തായിരുന്നു നിന്റെ പ്ലാൻ? "

"പ്ലാൻ പലതും ഉണ്ടായിരുന്നു.  ഗർഭം ഇല്ലെന്ന് അറിഞ്ഞല്ലോ... ആ കാര്യം കൊണ്ട് തന്നെ അവളെ തളർത്തി പിന്തിരിപ്പിക്കാൻ ഉള്ള വഴികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാനും പിന്നാക്കം നിന്നത്. "

"അവൾ ഒഴിയാൻ കൂട്ടാക്കില്ല എന്നത്  ഒരു ഘട്ടത്തിലും നിനക്ക് മനസ്സിലായില്ല അല്ലേ വിദേത്....? പക്ഷേ എനിക്കു മനസ്സിലായിരുന്നു."

ദാസിന്റെ നെറ്റിയിൽ വരകൾ വീണു. "അതുകൊണ്ട്...?"

"അതുകൊണ്ട് ഒന്നുമില്ല. നമ്മൾ ഒന്നും ചെയ്യാതെതന്നെ ഇങ്ങനെയൊക്കെ ആയല്ലോ... " അവർ ചിരിച്ചു. 

"തനൂജ ആത്മഹത്യക്ക് ശ്രമിച്ചു എന്നാണോ  അമ്മ കരുതുന്നത്....?"

"അവൾക്ക് എന്താണ് ആയിക്കൂടാത്തത്?  LD 50 ടെട്രോട്ടോക്സിൻ എന്ന വിഷം വായിലൂടെ അകത്തു ചെല്ലുമ്പോൾ മുന്നൂറ് മൈക്രോഗ്രാം വേണം. എന്നാൽ നമ്മുടെ തൊലിയിലൂടെയോ ഇൻജെക്ഷൻ വഴിയോ അകത്തു ചെല്ലുന്ന ഈ വസ്തു ഏകദേശം പത്തു മൈക്രോഗ്രാം ഉണ്ടെങ്കിൽ തന്നെ ജീവനു  ഹാനി വരുത്തും." 

ദാസ് നോക്കുന്നതു കണ്ടു താരാദേവി  ചിരിച്ചു.  "ഇതെല്ലാം ഞാൻ പറഞ്ഞതല്ല. പോലീസ് പറയുന്നതാണ്. സ്ക്വിഡ് എന്ന കടൽ വിഭവം തനൂജയ്ക്ക് ഇഷ്ടമായിരുന്നെന്നു  നിനക്ക് അറിയാമായിരുന്നുവോ..?"

 "ഇല്ല.... അമ്മ എങ്ങനെ അറിഞ്ഞു?"

"ഞങ്ങൾ ഒരുമിച്ചു  രണ്ടുവട്ടം  പുറത്തു പോയി. നീ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായി അറിയിച്ചപ്പോൾ...  ഒരിക്കൽ  ഹോട്ടലിൽ പോയി ആഹാരം കഴിച്ചു. അന്നവൾ അവളുടെ ചില ഇഷ്ടങ്ങളെപ്പറ്റി പറഞ്ഞു. അന്നു കഴിച്ച  മെനുവിൽ സ്ക്വിഡ് ഉണ്ടായിരുന്നു."

"അമ്മയും കഴിച്ചോ?"

"ഉം... എന്താണ് ടേസ്റ്റ് എന്ന് അറിഞ്ഞിരിക്കേണ്ടേ.... "

വളരെ വർഷങ്ങളായി അമ്മ സസ്യാഹാരം മാത്രമേ കഴിക്കാറുള്ളൂ എന്ന് ദാസ് ഓർത്തു. 

"പിന്നീട് പുറത്തു പോയത് മൂക്കുത്തി വാങ്ങാൻ ആയിരുന്നു. നമ്മുടെ മൂക്കുത്തി ചെറുതാണെന്നും അവൾക്ക് അതേ ഡിസൈനിൽ അല്പം വലുതുവേണം എന്നും പറഞ്ഞപ്പോൾ അങ്ങനെയാവട്ടെ എന്നു  കരുതി നമ്മുടെ ഷോപ്പിൽനിന്നും ആ മൂക്കുത്തി വാങ്ങി.   അവളുടെ മൂക്കിൽ ഞാൻ തന്നെ  മൂക്കുത്തി അണിയിക്കണം എന്നവൾ പറഞ്ഞു. പരമ്പര കൈമാറണമല്ലോ.... അതിനായി സ്പെഷ്യൽ ആയി വീണ്ടും ഇടതുമൂക്കിൽ തനൂജ ആ മൂക്കുത്തി ഉപയോഗിച്ചുതന്നെ തുളയിട്ടു. മുറിവുണങ്ങാൻ ഒരാഴ്ച മതിയായിരുന്നു. ശേഷം  മൂക്കുത്തി അണിയാനായിരുന്നു അവളുടെ പ്ലാൻ...അപ്പോഴേക്കും വിവാഹവും ആകുമല്ലോ... "

 ദാസ് അമ്മയെത്തന്നെ നോക്കിയിരിക്കയായിരുന്നു. 

"പിന്നീട് എന്റെ മകന്റെ വധുവാകേണ്ട അവൾ അവന്റെ കുഞ്ഞിനെ കള്ള ഗർഭം ധരിച്ച നാടകം ആടിയ കഥയൊക്കെ കേട്ടു. 
അവൾക്കായി ആ സ്പെഷ്യൽ മൂക്കുത്തി വാങ്ങിയ  നാലാം നാളാണ് അവൾ കുഴഞ്ഞു വീണത്."

ദാസ് നടുങ്ങിക്കൊണ്ട് എഴുന്നേറ്റു.... "അമ്മാ... എന്താണ് അമ്മ പറയുന്നത്? "

"നീ പേടിക്കാതെ വിദേത്..... നമ്മൾ  അവളെ എന്തെങ്കിലും ചെയ്തു എന്നാണോ പറഞ്ഞത്?  അല്ലല്ലോ... നമ്മുടെ പരമ്പര കാക്കാൻ  മൂക്കുത്തി കൊടുത്തിട്ടും അവൾ ആ മൂക്കുത്തി എടുത്തിട്ടും  യോഗം ഉണ്ടായില്ല എന്നല്ലേ പറഞ്ഞത്? നീ ഇരിക്ക്.... "

ഇരിക്കാൻ സമ്മതിക്കാത്ത അയാളുടെ നട്ടെല്ല് പിടച്ചു.  താര ചിരിച്ചു കൊണ്ട് അയാളെ പിടിച്ചിരുത്തി. 

"എന്തായാലും അവൾക്കു  ബോധം ഇല്ലാതെയല്ലേ ആയിട്ടുള്ളൂ.. അവൾ അങ്ങനെ കുറച്ചുകാലം കിടക്കട്ടെ... അവൾ ഉടനെ മരിക്കില്ല. ചിലപ്പോൾ കുറച്ചുകാലം കഴിഞ്ഞു എണീറ്റുവന്നു യുദ്ധം തുടങ്ങുമ്പോൾ നമുക്ക് ആലോചിക്കാം എന്തു  വേണമെന്ന്...    അപ്പോഴേക്കും  ചെയ്യാനുള്ളതൊക്കെ ചെയ്തു തീർക്കാൻ നമുക്കും സമയമുണ്ട്. നീ മിലാൻ വന്നത് കണ്ടോ?"

"അമ്മയ്ക്ക് എങ്ങനെ അറിയാം അവൾ മരിക്കില്ല എന്ന്? " ദാസിന്റെ ചുണ്ടുകൾ ഗൗരവം കൊണ്ട് പതിഞ്ഞു മുറുകിയിരുന്നു. 

"പോലീസും ലാബ് റിപ്പോർട്ടും അതല്ലേ പറയുന്നത്? " അവർ അയാളെയൊന്ന് നോക്കി. "നീ മിലാനെ കണ്ടോ...?"

"ഇല്ല...."

"ശരി എന്നാൽ പോയി കാണൂ.... വരൂ...." അവർ മുന്നോട്ടുനടന്നു.  ദാസിന് എന്തൊക്കെയോ അവരോട് ചോദിക്കണം എന്നുണ്ടായിരുന്നു.  പക്ഷേ കാലുകൾ അമ്മയുടെ കാലടികളെ അനുസരണയോടെ പിന്തുടർന്നു. 
ഇടനാഴിയിലെ കൂറ്റൻ അക്വാറിയത്തിൽ വലിയ വർണ്ണമൽസ്യങ്ങൾ പിടച്ചു നീന്തി.  അതിനടുത്തെത്തിയപ്പോൾ താരാദേവി നിന്നു. 

"ഇന്നു  നിനക്ക് എന്താണ് സ്പെഷ്യൽ വേണ്ടത് രാത്രി?  നിനക്ക് മത്സ്യം ഇഷ്ടമല്ലേ.. അതും ഫ്രഷ് മത്സ്യം? "
"ഈ രാത്രി എവിടുന്നു ഫ്രഷായ മത്സ്യം കിട്ടും അമ്മാ?  നാളെ നമുക്ക് വിളിച്ചു പറയാം. ഇവിടെ ഫിഷ് കൊണ്ടുവരുന്ന ആളോട് പറയാം...."

"നിനക്കിപ്പോൾ ഈ രാത്രി ഡിന്നറിനു  ഫിഷ് വേണോ എന്നാണ്  ഞാൻ ചോദിച്ചത്."

"ഇഫ് ഐ സെ യെസ്...? " അയാൾ പുരികം ഉയർത്തി. 

"എന്നാൽ പറയൂ... ഇതിൽ ഏതാണ്  നിനക്കിഷ്ടം? " അവർ അക്വാറിയത്തിലേക്ക് വിരൽ ചൂണ്ടി.

വല്ലാത്തൊരു വിസ്മയത്തോടെ ദാസ് അമ്മയെ നോക്കി. അവർ കണ്ണിറുക്കി.
"എന്റെ മകന് മീൻ വേണം എന്ന് പറയുമ്പോൾ ഞാനൊരു മുക്കുവത്തി ആവണ്ടേ?  ആവശ്യമല്ലേ സൃഷ്ടിയുടെ മാതാവ്.  അതുകൊണ്ട് ഈ അമ്മ നിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഇവിടെ കടൽ സൃഷ്ടിക്കുന്നു. അത്രേയുള്ളൂ."

ഗ്ലാസിൽ വന്നുതട്ടി ചുണ്ടുകൂർപ്പിച്ചു വെട്ടിത്തിരിയുന്ന ചുവന്ന ചിറകിൽ കൂർത്ത മുള്ളുകൾ ഉള്ള ഒരു വലിയ മത്സ്യത്തെ ദാസ് ചൂണ്ടിക്കാട്ടി. താരാദേവി ചിരിച്ചു.

"ശരി.. നിന്റെ സ്വർണ്ണ മത്സ്യം എന്തുചെയ്യുന്നു എന്നൊന്ന്  പോയി  നോക്ക്..." അവർ മിലാൻ ഇരുന്ന ഭാഗത്തേക്ക്‌ ചൂണ്ടി. 

താരാദേവി അടുക്കളയിലേക്കു  നടന്നു. വലിയ കത്തിയടക്കം എല്ലാം എടുത്തു  കിച്ചൻ ടേബിൾ സെറ്റ് ചെയ്തു. 
കയ്യുറയും മൽസ്യം പിടിക്കാനുള്ള അരിപ്പയും ഒരു ബാസ്കറ്റിൽ വെള്ളവും എടുത്ത്  അവർ അക്വാറിയം ലക്ഷ്യമാക്കി നടന്നു. 
വലിയ കടലിൽ നിന്നും ചെറിയ കുളത്തിലേക്ക് പറിച്ചുനട്ട മീനുകൾ അവരുടെ കൈകളിൽ ജീവനോടെ കിടന്നു പിടഞ്ഞു. 
ഗൂഡമായ സ്മിതത്തോടെ താരാദേവി മൽസ്യം വെട്ടി വൃത്തിയാക്കി. സഹായത്തിനായി അവർ ജോലിക്കാരെപ്പോലും വിളിച്ചില്ല. 

അമ്മയുടെ പെരുമാറ്റം ദാസിനെ ചിന്താധീനനാക്കിയിരുന്നു. 
അയാൾ മുകളിൽനിന്നുകൊണ്ട് താഴേക്കു നോക്കി. പവിഴപ്പുറ്റുകളിൽ വളരുന്ന  മത്സ്യമായിരുന്നു അത്.  
പഫർഫിഷിന്റെയും സ്ക്വിഡിന്റെയും ഇനത്തിൽ പെട്ട പ്രത്യേകതരം മീനുകൾ ആ വെള്ളത്തിലെ ഓക്സിജനിൽ   കിടന്നു പുളയുന്നത് ദാസ് നോക്കിനിന്നു. താരാദേവി സൂക്ഷ്മതയോടെ ആ മത്സ്യങ്ങളെ പിടിക്കുന്നതും ദാസ് കണ്ടിരുന്നു.

അമ്മയെ പിന്തുടർന്നു അടുക്കളയിലേക്കു പോകാൻ അയാൾക്കപ്പോൾ തോന്നി. 
എങ്കിലും മിലാനെ കാണാൻ മനസ്സ് ഉഴറിയത് അയാളെ മുകളിലേക്കുതന്നെ നയിച്ചു. മിലാൻ എവിടെയുണ്ടാകുമെന്ന്  ഒരൂഹം  ഉണ്ടായിരുന്നു. അയാൾ ബെഡ്റൂമിൽ എത്തി തങ്ങളുടെ രഹസ്യമുറിയുടെ വാതിലിൽ കൈവെച്ചു.
ചുമരിലെ   രഹസ്യവഴികൾ വശങ്ങളിലേക്കുമാറി താഴേക്കു പടികൾ തെളിഞ്ഞു.  നീന്തൽക്കുളത്തിനരികിലോ  ലൈബ്രറിയിലോ മിലാൻ ഇല്ലായിരുന്നു.
 എന്നാൽ ഓരോ തൂണിലും  വിളക്കുകൾ ജ്വലിച്ചു കത്തിനിന്നു. 
സൗണ്ട് പ്രൂഫൂ മുറിയിലേക്കു  ദാസ് കടന്നു. ദാസിന്റെ  മുറിയിലേക്ക് സ്പഷ്ടമായി കാണാവുന്ന ഗ്ലാസ് വിൻഡോയുടെ സമീപത്തേക്ക് തലവെച്ചു മിലാൻ ഉറങ്ങുന്നുണ്ടായിരുന്നു.

                                          (തുടരും)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

View More