Image

2022 ലും അമേരിക്കക്കാർക്ക് മാസ്ക് ധരിക്കേണ്ടി വരുമെന്ന് ഫൗച്ചി

മീട്ടു Published on 22 February, 2021
2022 ലും  അമേരിക്കക്കാർക്ക് മാസ്ക് ധരിക്കേണ്ടി വരുമെന്ന് ഫൗച്ചി
2022 ൽ രാജ്യം ഒരു പരിധിവരെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിയേക്കാമെങ്കിലും അമേരിക്കക്കാർ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് ഡോ. ആന്റോണി ഫൗച്ചി ഞായറാഴ്ച പറഞ്ഞു, 

അടുത്ത വർഷം മാസ്‌ക്കുകൾ ആവശ്യമുണ്ടോയെന്ന് സി‌എൻ‌എന്റെ 'സ്റ്റേറ്റ് ഓഫ് യൂണിയനിൽ' ഉയർന്ന ചോദ്യത്തിന് മറുപടിയായാണ് ഫൗച്ചി ഇക്കാര്യം അറിയിച്ചത്. പകർച്ചവ്യാധിക്കു മുമ്പുള്ള ജീവിതത്തിലേക്ക് പൂർണമായും രാജ്യം എപ്പോൾ മടങ്ങിവരുമെന്ന് തനിക്കറിയില്ലെന്നും,  വർഷാവസാനത്തോടെ അത് സാധ്യമാകുമെന്നാണ്  വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോവിഡിനുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാൻ തുടങ്ങുമെന്ന് ഫൗച്ചി പറഞ്ഞു.
 യുവജനങ്ങളിൽ ഷോട്ടിന്റെ ഫലപ്രാപ്തി പരിശോധിക്കുന്ന പരീക്ഷണങ്ങളുടെ ഫലങ്ങൾക്കായി  ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
 പ്രായം കുറഞ്ഞ വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും ഫൗച്ചി വ്യക്തമാക്കി .

 ടൈംസ് സ്ക്വയറിലേക്ക്  വീണ്ടും സഞ്ചാരികളുടെ ഒഴുക്ക്  

കോറോണയ്ക്ക് മുൻപ് ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായിരുന്ന ടൈംസ് സ്ക്വയർ അതിന്റെ പ്രൗഢി വീണ്ടെടുക്കുന്നതായി ദി പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ന്യൂയോർക് സിറ്റിയിലെ ഈ ടൂറിസ്റ്റ് സ്പോട്ടിൽ, പ്രതിദിനം ശരാശരി 105,000 സഞ്ചാരികൾ എത്തിയിരുന്നു. വിപുലമായ പരസ്യബോർഡുകളും നിയോൺ ലൈറ്റുകളും പകരുന്ന പ്രത്യേക അനുഭൂതി നുകരാൻ അമേരിക്ക സന്ദർശിക്കുന്ന ഏതൊരു വ്യക്തിയും ആഗ്രഹിക്കും. കോവിഡ് മൂലം ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ ഇവിടുത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി. എന്നാൽ,  അടുത്തിടെ റെസ്റ്റോറന്റുകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിച്ചതോടെ സ്ഥിതി മെച്ചപ്പെട്ടു.

കോവിഡ് -19-ന് മുമ്പുള്ള ടൂറിസത്തെ അപേക്ഷിച്ച്  65 ശതമാനം ഇടിവുണ്ടെങ്കിൽ പോലും, ശ്മാശാന മൂകതയിൽ നിന്ന് നഗരം ഉണർന്നതിലൂടെ ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസവും ആത്മവിശ്വാസവും  ചെറുതല്ല. പ്രാദേശിക ബിസിനസുകൾക്കും ഇത് വലിയൊരു പ്രോത്സാഹനമാണ്.

ഇന്ത്യയിൽ കോവിഡ് കേസുകളിൽ കുതിപ്പ് 

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 14000 ത്തിലധികം കോവിഡ് കേസുകളാണ്  ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ കേസുകൾ: 11,005,850 ആയി. മരണനിരക്ക്: 1,56,385.  നവംബർ അവസാനത്തിന് ശേഷം രണ്ടുമാസക്കാലം കോവിഡ് വ്യാപനം കുറഞ്ഞിരുന്നെങ്കിലും ഇപ്പോൾ കുതിപ്പ് തുടരുകയാണ്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, ഛത്തിസ്ഗട്ട്, മധ്യ പ്രദേശ് എന്നീ 5 സംസ്ഥാനങ്ങളാണ് പ്രഭവകേന്ദ്രങ്ങൾ. 
മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ, ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.
അയല്സംസ്ഥാനങ്ങളും കടുത്ത ജാഗ്രത പുലർത്തുകയാണ്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള  വിമാനയാത്രയ്ക്ക് ആർടി-പി സി ആർ പരിശോധന തിങ്കളാഴ്‌ച മുതൽ നിർബന്ധമാക്കി.  
 കുതിപ്പ് കണ്ടുവരുന്ന സംസ്ഥാനങ്ങളിൽ 240 പുതിയ വൈറസ് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ടെന്നു മഹാരാഷ്ട്ര കോവിഡ്  ടാസ്ക് ഫോഴ്സിലെ ഡോ. ശശാങ്ക് ജോഷി അഭിപ്രായപ്പെട്ടു. 
കഴിഞ്ഞ മാസം വാക്സിനേഷൻ തുടങ്ങിയ ഇന്ത്യയിൽ ഇതിനകം 1.05 കോടി ജനങ്ങൾ ആദ്യ ഡോസ് സ്വീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക