Image

ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്

Published on 26 February, 2021
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വെയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന വേനൽക്കാലങ്ങളിലെ മദ്ധ്യാഹ്നങ്ങളിൽ പാർവ്വതിയമ്മായിയുടെ വീട്ടിൽപോകുവാൻ ശ്രീലക്ഷ്മിക്കും ഭർത്താവ് പ്രശോഭിനും വളരെ സന്തോഷമായിരുന്നു. എറണാകുളം മഹാനഗരത്തിന്റെഹൃദയഭാഗത്തുള്ളആ ഹൗസിംഗ് കോളനിയിൽ അധികവും താമസം ഹൈക്കോടതിയിൽ നിന്നും വിരമിച്ചിട്ടുള്ള ജഡ്ജിമാരാണ്. 

സമൃദ്ധമായി കായ്ച്ചു കിടക്കുന്ന മാവുകളുടെയും പ്ലാവുകളുടെയും തണൽ വീണു കിടക്കുന്ന വഴികളിലൂടെ ശാന്തമായുറങ്ങുന്ന ഇരുനില വീടുകളെനോക്കി മെല്ലെ കാറോടിക്കുവാൻ പ്രശോഭിനു വലിയ ഇഷ്ടമായിരുന്നു. അമ്മായി വലിയ സൽക്കാര പ്രിയ ആയതിനാൽ ചെന്നുകയറുമ്പോൾ തന്നെ മുറ്റത്തെ നാരകത്തിൽനിന്നും പച്ചനാരങ്ങ പൊട്ടിച്ചെടുത്ത് തയ്യാറാക്കുന്ന നല്ല 'ഫ്രെഷ് ലൈമിൽ തുടങ്ങുകയായി സൽക്കാരപരമ്പര. രാത്രി മടങ്ങുമ്പോൾ ഭക്ഷണം കഴിച്ച്കഴിച്ച് അവശനിലയിലാകും. ഇതിനിടയിൽ ടെറസിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും പറിച്ചെടുത്ത വഴുതനയും വെണ്ടക്കയും തക്കാളിയുമെല്ലാമായി ഒരു പൊതി കാറിൽ കയറ്റിയിരിക്കും. വക്കീലിന്റെ തിരക്കുകളൊക്കെ ഇടക്ക് മാറ്റിവച്ച് പുന്തോട്ടവും പച്ചക്കറികൃഷിയുമൊക്കെ ശ്രദ്ധിക്കുവാൻ അമ്മാവന് വലിയ താല്പര്യവുമാണ്.

 ആ കോളനിയിലെ അടുപ്പു കൂട്ടിയ പോലെയുള്ള വീടുകൾക്കിടയിലും ഒറ്റപ്പെട്ടു കിടക്കുന്ന ഒരുപ്ലോട്ട്അവർക്ക് എന്നും അത്ഭുതമായിരുന്നു. ഒരു പാട് മരങ്ങളും തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടികളും നിറഞ്ഞ ആ അഞ്ച് സെന്റ് പുരയിടം ഒരു കാടിന്റെ പ്രതീതി തോന്നിപ്പിച്ചിരുന്നു. ഒരു പാട് കിളികളും, അണ്ണാറക്കണ്ണന്മാരും വൈകിട്ട് ചേക്കേറുന്നതിന്റെ ബഹളം മയങ്ങിവരുന്ന സന്ധ്യകളെ സംഗീതസാന്ദ്രമാക്കിയിരുന്നു.

  സ്ഥലത്തിന്റെറ ഉടമസ്ഥർ വിദേശത്തായതിനാൽ നഗരമദ്ധ്യത്തിലുള്ള ആ സ്ഥലം അവർ ഒരു നിക്ഷേപം പോലെ സൂക്ഷിക്കുകയായിരുന്നു."നിങ്ങൾ ഈ സ്ഥലം വാങ്ങുവാൻ നോക്ക് പിള്ളേരെ.. അങ്ങനാണേൽ ഞങ്ങൾക്കും ഒരുകൂട്ടാകുമല്ലോ"അമ്മായി കാണുമ്പോൾഎപ്പോഴും പറയാറുമുണ്ട്." കൊക്കിലൊതുങ്ങുന്നതല്ലേ ആഗ്രഹിക്കുവാൻ പറ്റൂ അമ്മായീ. ഞങ്ങൾ വിചാരിച്ചാൽ വല്ലതും വാങ്ങുവാൻ സാധിക്കുന്നതാണോ എറണാകുളത്ത്സ്ഥലം ?" പ്രശോഭേട്ടൻ നിരാശയോടെ പറയും. തിരിച്ചു പോകുമ്പോൾ അദ്ദേഹം  നിശബ്ദനായിരിക്കും." ഏട്ടാ നമ്മളാ സ്ഥലം വാങ്ങിയാൽ വീടു വയ്ക്കുവാനായി മരങ്ങളൊക്കെ വെട്ടിക്കളയേണ്ടിവരും. അപ്പോൾ എത്രയോ കിളികൾക്ക് വീടില്ലാതാവും. പാവം അണ്ണാറക്കണ്ണന്മാരൊക്കെ ഇല്ലാതാവും. അമേരിക്കയിലുള്ള ഉടമസ്ഥർക്ക്ഏതായാലും ഈ സ്ഥലം വിറ്റ പൈസ കിട്ടിയിട്ട് അത്യാവശ്യമുണ്ടാവില്ല. അതങ്ങനെ അവിടെ കിടക്കട്ടെ ഏട്ടാ ..."നല്ലൊരു ഉമ്മ കൂടി കവിളിൽ കൊടുക്കുമ്പോൾ ഏട്ടൻ ഹാപ്പിയാകും.  

കൊറോണ സംഹാര താണ്ഡവമാടി തകർക്കുവാൻ തുടങ്ങിയപ്പോൾ അങ്ങോട്ടേക്കുള്ള സന്ദർശനവും നിലച്ചു. ആദ്യമൊക്കെ വലിയ സങ്കടമായിരുന്നു. അമ്മാവനും അമ്മായിയും മുതിർന്ന പൗരന്മാരായതു കൊണ്ട് റിസ്ക് എടുക്കുവാൻ പേടിയായിരുന്നു. എങ്കിലും ഫോൺ വിളികളിലൂടെയും വാട്ട്സ് ആപ്പ് സന്ദേശങ്ങളുമൊക്കെയായി അവരെപ്പോഴും കൂടെയുണ്ടായിരുന്നു. " എത്ര നാളായി പിളേളരെ നിങ്ങളെ കണ്ടിട്ട്. പുറത്തു നിന്നാണേലും ഒന്നു കണ്ടിട്ട് പോകൂ"എന്ന് അമ്മായി പല തവണ ഫോണിൽ വിളിച്ചുപറഞ്ഞപ്പോഴാണ് മടിച്ചാണെങ്കിലും അവിടേക്ക്പോകാമെന്ന് കരുതിയത്. അല്ലെങ്കിലും ഒരു കൊല്ലമായപ്പോഴേക്കും ആളുകളൊക്കെ കൊറോണക്കൊപ്പം സഞ്ചരിക്കുകയാണല്ലോ. അന്യ സംസ്ഥാനങ്ങളിലൊക്കെ മാസ്കു പോലും ആളുകൾ ഉപയോഗിക്കാറില്ലെന്നു കേൾക്കുന്നു.

"അമ്മായി എന്തു പറഞ്ഞാലും വീടിന്റെ ഉള്ളിലേക്കൊന്നും കയറരുത് കേട്ടോ" പോകാനിറങ്ങും നേരവും പ്രശോഭ് താക്കീതു നൽകി. ഒരു വർഷം കൊണ്ട് ആ ഹൗസിംഗ് കോളനിയിൽ ഒരു പാട് മാറ്റങ്ങളൊക്കെ വന്നതു പോലെ. പല വീടുകളുടെയും പെയിന്റ് കളർ തന്നെ മാറ്റിയിരിക്കുന്നു. റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മരക്കൊമ്പുകളും മുറിച്ചു മാറ്റിയിട്ടുണ്ട്. അതു കൊണ്ട് തന്നെ വഴികളിലെങ്ങും വെയിൽതളം കെട്ടി നിൽക്കുന്നു. അമ്മായിയുടെ വീട്ടിനടുത്ത് എത്തിയപ്പോളാണ് സത്യത്തിൽ ഞെട്ടിപ്പോയത്. മരങ്ങളും, സസ്യ ലതാദികളും നിറഞ്ഞു കിടന്നിരുന്ന ആ പുരയിടം നഗ്നമാക്കപ്പെട്ട് വെയിലിന്റെ നഖക്ഷതങ്ങളേറ്റ് പിടഞ്ഞുകൊണ്ടിരിക്കുന്നു.

"വരാനുള്ളതൊക്കെ വരും. നിങ്ങളകത്തേക്ക് കേറി വാ"എന്ന് അമ്മായി ഒരു പാടു നിർബന്ധിച്ചിട്ടും അകത്തേക്കു കയറിയില്ല . തങ്ങളായിട്ട് ഒരു കുഴപ്പവും വരുത്തരുതല്ലോ." അല്ല, ഈ സ്ഥലം വിറ്റോ ?എല്ലാം തെളിച്ചിട്ടിരിക്കുന്നു. പ്രശോഭിനും ആകാംക്ഷ അടക്കുവാൻ പറ്റുന്നില്ലെന്നു തോന്നുന്നു.

" ഏയ് വിറ്റിട്ടൊന്നുമില്ല. ഭയങ്കര മരപ്പട്ടി ശല്യം. എല്ലാവീട്ടുകാരും പൊറുതി മുട്ടി. ഉടമസ്ഥരോട് വിളിച്ചു പറഞ്ഞ് ഒടുവിൽ റസിഡൻസ് അസോസിയേഷൻ ഇടപെട്ട് വൃത്തിയാക്കിച്ചതാണ്. ഒരു തെളിച്ചം വന്നുവല്ലേ ?"അമ്മായിക്ക് അതാണ് കാര്യം. യാത്ര പറഞ്ഞിറങ്ങുമ്പോൾ പ്രശോഭ് പതിവിലും മെല്ലെയാണ് കാർ ഓടിച്ചത്. മനസ്സിൽ ഒരു പാട്  നിലവിളികളായിരുന്നു. ഒരു പാടു കിളികളുടേയും അണ്ണാറക്കണ്ണൻ മാരുടേയും വീടുകൾ നഷ്ടപ്പെട്ടിരിക്കുന്നു. അവരുടെ ആരും കേൾക്കാതെ പോയ നിലവിളികൾ ആയിരുന്നു കാറിനുള്ളിൽ !........

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക