-->

America

പാമ്പും കോണിയും - നിർമ്മല - നോവൽ - 35

Published

on

ബോംബെയിൽ പ്ലെയിനിറങ്ങിയപ്പോഴേ ചൂടുകൊണ്ട് കുട്ടികൾ വിയർത്തു. ചെളിയും മണവും അവരെ ഛർദ്ദിപ്പിക്കുമെന്ന മട്ടിലാക്കി.
- ലെറ്റ് അസ് ഗോ ബാക്ക് നൗ 
അവർ കരഞ്ഞു.
- കേരളത്തിൽ ചെന്നോട്ടെ. അവിടെ ആറുണ്ട്. നമ്മക്കു സ്വിമ്മിംഗിനു പോകാം കേട്ടോ.
നീലനിറത്തിലുള്ള വെള്ളവും അടിയിൽ പഞ്ചാരമണലും സ്വപ്നം കണ്ട് അവർ കേരളത്തിലെത്താൻ തിടുക്കപ്പെട്ടു.
പൊളിഞ്ഞ സീറ്റുള്ള ടാക്സിയും ചൂടും അമേരിക്കൻ കുട്ടികളെ തളർത്തി. ഡാഡിയും മമ്മിയും എപ്പോഴും വർണിച്ചു കൊണ്ടിരുന്ന അവരുടെ വീടുകൾ കണ്ടപ്പോൾ കുട്ടികൾക്ക് നിരാശ തോന്നി. 
കാനഡ മരത്തിൽ 
ഡോളർ പറിക്കാൻ
പോയവരുടെ കഥ ,
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു...
                      ......   ......     ......   ......
മധ്യതിരുവിതാംകൂറിൽ ദിനാറിനും ദിർഹത്തിനുമൊപ്പം , ഡോളറും മൽസരിക്കാൻ ശ്രമിച്ചു നോക്കി. മെലാമെൻ പാത്രങ്ങൾക്കൊപ്പം കോണിങ് വെയർ പാത്രങ്ങളും ടൈലു പതിച്ച പുതുസിങ്കിൽ കുളിക്കാനിറങ്ങി.
അമേരിക്കയിൽ ടാങ്ങില്ലേ, പാലുപൊടി കിട്ടില്ലേ എന്നൊക്കെ ചില അമ്മമാർ മറ്റ് അടുക്കളകൾ കണ്ടു പരിഭവിച്ചു. കന്നുകാലി ഫാമുകൾ സമ്യദ്ധമായുള്ള അമേരിക്കൻ ഭൂഖണ്ഡത്തിൽ മായംചേർക്കാത്ത പാലിനും സമ്യദ്ധിയുണ്ടായിരുന്നു. കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ പാല് സുലഭമായതുകൊണ്ട് പാൽപാടി അമേരിക്കയുടെ മാർക്കറ്റിൽ ഒളിഞ്ഞു കിടന്നു.
- നിങ്ങളെന്താണ് പേർഷ്യക്കാരെപ്പോലെ എല്ലാ വർഷവും വരാത്തത് ?
നാട്ടുകാർ അമേരിക്കക്കാരോട് ചോദിച്ചു.
ടാക്സില്ലാത്ത ഗൾഫുവരുമാനത്തിനോടു മൽസരിക്കാൻ അമേരിക്കൻ ശമ്പളത്തിന് എളുപ്പമായിരുന്നില്ല. പോരെങ്കിൽ ഒരു കുടുംബത്തിന്റെ ടിക്കറ്റ് നാലുമാസത്തെ ശമ്പളമാണു തിന്നു തീർക്കുന്നത്. അമേരിക്കയിലെ മലയാളിക്കു വീടുവാങ്ങണം , വെറുതെ പോകുന്ന വാടക, വീടിന്റെ സ്വാതന്ത്ര്യം അങ്ങനെ പല കാരണങ്ങളുണ്ട് അവർക്കു വീടു വാങ്ങുന്നതിന് . പിന്നെ വീടുള്ള മലയാളികളുടെയിടയിൽ അതില്ലാത്തയാൾ ചെറുതായിപ്പോവില്ലേ - എല്ലാത്തിലും പ്രധാനവും എന്നാൽ ആരും പരസ്പരം പറയാതിരുന്നതുമായ കാരണം.
കേരളത്തിലെ വീട് ആ വീടോളം ആവില്ല എന്ന് അമേരിക്കൻ കുട്ടികൾക്കു തോന്നി. ചുറ്റും പുൽത്തകിടിയുള്ള വീട്. വീടിനു പിന്നിൽ ഊഞ്ഞാലും സ്ലൈഡും പാർക്കു പോലെ. കളിക്കാൻ കൂട്ടുകാർ. പൊടിയും ചെളിയുമില്ലാത്ത വൃത്തിയുള്ള മുറികൾ. നനയാത്ത തറയുള്ള കുളിമുറികൾ. അമേരിക്കയിൽ സ്കൂൾ അവധിക്കാലത്ത് പുറത്തെ ചൂട് കേരളത്തിലേതുപോലെയായി. അമേരിക്കയിൽ വളർന്ന കുട്ടികൾക്ക് എത്ര ശ്രമിച്ചിട്ടും കേരളം സ്വർഗ്ഗമാണെന്നു തോന്നിയില്ല. എല്ലാ വർഷവും വരാത്തതു കൊണ്ട് അമേരിക്കയും കേരളവുമായുള്ള അകൽച്ച കൂടിക്കൊണ്ടിരുന്നു.
പൊള്ളിക്കുന്ന ചൂടും അപ്പാർട്ട്മെന്റിലെ ഞെരുക്കവും ഗൾഫിലെ കുട്ടികൾക്കു കേരളത്തിലെ ജീവിതം സ്വർഗ്ഗമാക്കി. അവർ അവധിക്കാലം വരാൻ കാത്തിരുന്നു.
ഗൾഫുനാടുകളിലെ കുട്ടികൾ ഇന്ത്യൻ സ്കൂളിൽ പോയി. മറ്റ് ഇന്ത്യക്കാരോടൊപ്പം അറബികളെ മറുപക്ഷത്തു ചേർത്തു. നാട്ടിലേതിനേക്കാൾ അംഗബലമുള്ള മലയാളം പള്ളികളിൽ എല്ലാ ആഴ്ചയും പോയി. ആചാരങ്ങളും ചൊല്ലലുകളും ഹൃദിസ്ഥമായി. അവർ ഒന്നോ രണ്ടോ മുറിയുടെ ഞെരുക്കത്തിൽ വർഷം കടത്തിവിട്ടു. സ്കൂൾ അടക്കുമ്പോഴേക്കും 100 ഡിഗ്രി ചൂടിൽ അവരുടെ ലോകം ചുട്ടുപഴുത്തു. മുറിക്കുള്ളിൽ പുഴുക്കം. അവർക്ക് ജനലുകളും വലിയ മുറികളുമുള്ള കേരളത്തിലെ വീടുകളും പരന്നുകിടക്കുന്ന എയർക്കണ്ടീഷൻഡ് പറമ്പും വിശാലമായ പുഴയും സ്വർഗ്ഗമായി.
കാനഡയിലെ സ്കൂളിൽ , കളിക്കളത്തിൽ, ഷോപ്പിങ് സെന്ററിൽ യൂറോപ്യൻ തൊലിയുടെ വെളുവെളുപ്പ് തുളുമ്പിപ്പതഞ്ഞൊഴുകി. അതിനിടയിൽ ചെളിപോലെ, തെറ്റുപോലെ അങ്ങിങ്ങായി ഇന്ത്യൻ കിടാങ്ങൾ പതുങ്ങിപ്പതുങ്ങി നടന്നു. വൈകുന്നേരം രണ്ടു മണിക്കൂർ മാത്രം വീട്ടിൽ കേൾക്കുന്ന മലയാളം അവരെ മലയാളിയാക്കിയില്ല. ഡാഡിമാരും മമ്മിമാരും ഓവർ ടൈം ചെയ്തു. കേരളത്തിൽ അവരുടെയൊക്കെ വീടുകളിൽ കല്യാണം കഴിപ്പിക്കുവാൻ അനിയത്തിമാരുണ്ടായിരുന്നു. പുതുക്കിപ്പണിയാനാഞ്ഞു നിൽക്കുന്ന വീടുകളുണ്ടായിരുന്നു. അവരെക്കാത്ത് കേരളത്തിനു പുറത്ത് പ്രൊഫഷണൽ കോളജുകളുണ്ടായിരുന്നു.
അമേരിക്കയിലും കാനഡയിലും ആരോഗ്യ വകുപ്പിൽ ആശുപത്രി ജോലികൾക്ക് എപ്പോഴും ഒഴിവുണ്ട്. കൂടിയ ശമ്പളവും. യൂണിയൻ നൽകുന്ന ജോലി സംരക്ഷണം. നേഴ്സുമാരും ലാബുകാരും ഭാഗ്യനക്ഷത്രക്കാരായി തിളങ്ങി. ഓവർ ടൈം ചെയ്യാൻ ധാരാളം അവസരം. ആഴ്ചയിൽ അഞ്ചു ദിവസമാണു ജോലി. രണ്ടുദിവസംകൂടി ജോലി ചെയ്താൽ ഒരു മോർട്ട്ഗേജ് പെയ്മെന്റ് അല്ലെങ്കിൽ നാട്ടിലേക്കയയ്ക്കാൻ മേദസ്സുള്ള ഡ്രാഫ്റ്റ്.
- ഇതിനൊക്കെയല്ലേ അമേരിക്കയിൽ വന്നത്. പണമുണ്ടാക്കാനല്ലെങ്കിൽ നാട്ടിൽ നിന്നാൽ മതിയായിരുന്നില്ലേ ?
കുട്ടികൾ, അവർക്ക് ബേബിസിറ്റർ വേണമല്ലോ. കുഞ്ഞിനെ നോക്കാനൊരു മദാമ്മ . കുഞ്ഞിനെ താരാട്ടാൻ അമ്മൂമ്മയില്ലല്ലോ. തോളത്തു വെച്ചു ലാളിക്കാൻ അപ്പൂപ്പനില്ലല്ലോ. പിന്നെ കുട്ടികൾ ടി.വിക്കു മുന്നിൽ , ഉറങ്ങുന്ന മമ്മിയെ ശല്യപ്പെടുത്താതെ.
ഓരോ സെയിലും അവർ ജാഗ്രതയോടെ നോക്കി. ഓരോ പെനിയും എണ്ണി കണക്കുകൂട്ടി. നൂറു പെനി എന്നാൽ ഒരു ഡോളർ. ഒരു ഡോളർ എന്നാൽ ഏഴു രൂപ അല്ല ഒൻപത് പിന്നെ പതിന്നാല് രൂപ. അങ്ങനെ .. അങ്ങനെ ... ഡോളറിന്റെ മൂല്യം കൂടുകയോ രൂപയുടെ മൂല്യം കുറയുകയോ ചെയ്തു കൊണ്ടിരുന്നത് അമേരിക്കൻ മലയാളിക്ക് സന്തോഷത്തിന്റെ വാർത്തയായി.
പലർക്കും ആവശ്യങ്ങൾ വാരിപ്പുതച്ച് എഴുത്തുകൾ വന്നു. ചില കത്തുകൾ ആവശ്യങ്ങളൊന്നും വിളിച്ചു പറഞ്ഞില്ല. എന്നാലും വേണ്ടതൊക്കെ എത്തിക്കേണ്ടത് പുറത്തുപോയവരുടെ ചുമതലയല്ലേ. അമേരിക്കയിലെ സുഖവാസത്തിൽ വീടു മറക്കരുത്. കൂടപ്പിറപ്പുകളെ മറക്കരുത്.
നാട്ടിലേക്കൊന്നു പോകണം. നാട്ടിൽ പോകുമ്പോൾ .. വരുന്ന നാൾ മുതൽ ഓരോരുത്തരും കണക്കുകൂട്ടുന്നു. സമ്പാദ്യം മുഴുവനും ഒഴുകിപ്പോകുന്ന ഒരു ആഗ്രഹമാണത്. എന്നാലും ഒഴിവാക്കാവുന്ന ആഗ്രഹമല്ല. പോകണമെങ്കിൽ എന്തൊക്കെ ഒരുക്കണം. കിട്ടാവുന്നതിൽ വലിയ പെട്ടികൾ വേണം. എവിടെയാണ് സെയിലുള്ളത്? എന്തെല്ലാം സാധനങ്ങൾ വാങ്ങണം. എവിടെയാണ് റിഡക്ഷൻ സെയിലുള്ളത് ? പാവകൾക്കും കളിപ്പാട്ടങ്ങൾക്കും പണം കളയാൻ മടിയുണ്ടായിട്ടും മലയാളികൾ അനിയത്തിമാരുടെയും അനിയൻമാരുടെയും മക്കൾക്കു വേണ്ടി പാവകളെ വാങ്ങി, കീ കൊടുത്തു തിരിയുന്ന കാറും , വില കൂടിയ മാർക്കറുകളും വാങ്ങി. അവരുടെ മക്കൾ അൽഭുതത്തോടെ, ആരാധനയോടെ പെട്ടിക്കുചുറ്റും നിന്നു . തൊടരുത്, ബിന്ദുമോൾടെ പാവയെ ചീത്തയാക്കരുത് എന്നൊക്കെ അമ്മമാരുടെ വിലക്കുകൾ കേൾക്കാതെ അവർ സാധനങ്ങളൊക്കെ തൊട്ടും തലോടിയും നോക്കി.
എത്ര കെഞ്ചിയാലും വാങ്ങിത്തരാത്ത സാധനങ്ങളാണല്ലോ ഇന്ത്യയ്ക്കു കൊണ്ടുപോകുന്നത് എന്നോർത്തു സങ്കടപ്പെട്ടു. പ്ലെയിനിൽ കയറാനായി കുട്ടികൾക്കു പ്രത്യേകം ഷൂസു വാങ്ങി. ഇന്ത്യയിലെ അപ്പച്ചനെയും അമ്മച്ചിയെയും ആടിനെയും പശുവിനെയും സ്വപ്നംകണ്ട് അവരുറങ്ങി. ബാക്ക് യാർഡിലെ കോക്കനട്ട് ട്രീയിൽ കയറി കോക്കനട്ട് പറിക്കുന്നതും ബനാന ട്രീയിൽ നിന്നും ബനാന തിന്നുന്നതും പരസ്പരം പറഞ്ഞു രസിച്ചു.
ബോംബെയിൽ പ്ലെയിനിറങ്ങിയപ്പോഴേ ചൂടുകൊണ്ട് കുട്ടികൾ വിയർത്തു. ചെളിയും മണവും അവരെ ഛർദ്ദിപ്പിക്കുമെന്ന മട്ടിലാക്കി.
- ലെറ്റ് അസ് ഗോ ബാക്ക് നൗ 
അവർ കരഞ്ഞു.
- കേരളത്തിൽ ചെന്നോട്ടെ. അവിടെ ആറുണ്ട്. നമ്മക്കു സ്വിമ്മിംഗിനു പോകാം കേട്ടോ.
നീലനിറത്തിലുള്ള വെള്ളവും അടിയിൽ പഞ്ചാരമണലും സ്വപ്നം കണ്ട് അവർ കേരളത്തിലെത്താൻ തിടുക്കപ്പെട്ടു.
പൊളിഞ്ഞ സീറ്റുള്ള ടാക്സിയും ചൂടും അമേരിക്കൻ കുട്ടികളെ തളർത്തി. ഡാഡിയും മമ്മിയും എപ്പോഴും വർണിച്ചു കൊണ്ടിരുന്ന അവരുടെ വീടുകൾ കണ്ടപ്പോൾ കുട്ടികൾക്ക് നിരാശ തോന്നി. കാർപ്പെറ്റില്ല , നിലത്തു നിറയെ പൊടി , ഭിത്തിയിലൂടെ ഓടിപ്പോകുന്ന പഴുതാര, ആരെയും ഗൗനിക്കാതെയിരിക്കുന്ന കൂറ്റൻ ചിലന്തി , കാലു നിവർത്തി അങ്ങോട്ടുമിങ്ങോട്ടും പോകുന്ന ചെറിയ ചിലന്തികൾ, മുൻകാലിൽ പൊങ്ങി തല ഉയർത്തിനോക്കി ഇപ്പോൾ ചാടും എന്നു ഭയപ്പെടുത്തുന്ന പല്ലികൾ. അങ്കലാപ്പോടെ ചുറ്റുപാടുകൾ കണ്ടിരുന്ന അവരുടെ ശരീരത്തിൽ ഈച്ചകൾ അനുവാദമില്ലാതെ വന്നിരുന്നു.
രാത്രിയായതും ലൈറ്റിനു ചുറ്റും ചിറകുള്ള പലതരം ജീവികൾ ചുറ്റിക്കറങ്ങാൻ തുടങ്ങി. അവയിൽ ചിലതൊക്കെ അവരുടെ മേത്തേക്കും മേശപ്പുറത്തേക്കുമായി വീണു. കുട്ടികൾ ഭയന്നുവിറച്ചു.
ഫോർ വീക്സ് ... ഓ മൈ ഗോഡ്... ഫോർ വീക്സ് ഓഫ് ദിസ് !!
ഇടയ്ക്കു കറന്റു പോയി. ഇരുട്ടിൽ പല്ലിയോ എട്ടു കാലിയോ വന്നു കടിക്കുന്നതോർത്ത് അവർ വാവിട്ടു കരഞ്ഞു.
- ഉയ്യോ അമേരിക്കേന്നു വന്നോരിങ്ങനെ പേടിച്ചാലോ ?
വീട്ടിലുള്ളവർ പരിഹസിച്ചു. ഫ്രിഡ്ജിൽനിന്നും കുറച്ചു ജൂസും പാലും കുട്ടികൾ കൊതിച്ചു. കുടത്തിലെയും അലുമിനിയക്കലത്തിലെയും വെള്ളം അവർക്ക് ഓക്കാനമുണ്ടാക്കി. തുരുമ്പും ചെളിയും പിടിച്ച ഫ്രിഡ്ജു തുറക്കാനവർക്ക് അറപ്പുതോന്നി. തുറന്നപ്പോൾ അതിലിരിക്കുന്ന പാത്രങ്ങളും പച്ചക്കറികളും അവരെ കൂടുതൽ ഒറ്റപ്പെടുത്തി.
- ഹൗ മെനി മോർ ഡേസ് ലെഫ്റ്റ്?
അവർ അച്ഛനമ്മമാരോടു കാലത്തും വൈകുന്നേരവും ചോദിച്ചുനോക്കി.
കുളിമുറി കണ്ട് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞു.
- നോ വേ...
ദേ ഇവിടെ ഇരിക്ക് , ഇങ്ങനെ എന്നൊക്കെ പറഞ്ഞ് അമ്മമാർ അവരെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.
ഇനി കാനഡയിൽ ചെന്നിട്ടേ കക്കൂസിൽ പോവൂ എന്ന് പലരും വാശിപിടിച്ചു. എക്സ് - ലാക്സ് എന്ന വയറിളക്കുന്ന ചോക്ലേറ്റിൽ കുട്ടികളുടെ കടുംപിടുത്തം ഒഴിഞ്ഞു പോയി.
ദിവസങ്ങൾ കഴിഞ്ഞതും കുട്ടികൾ അതും ശീലമാക്കി. എന്നാലും കക്കൂസിലിരുന്നുകൊണ്ട് വീട്ടിൽ ചെന്നിട്ട് ഇതൊക്കെയൊന്നു സാധിക്കുന്നതും ഷവറിൽ കുളിക്കുന്നതും അവർ സ്വപ്നംകണ്ടു.
കൊതുകും ചെറിയ ഈച്ചകളും അവരുടെ കൈകളിലും കാലുകളിലും കടിച്ചു ചൊറിയാക്കി. ഇനി ഒരു ദിവസം കൂടി ഇവിടെ നിൽക്കാനാവില്ലെന്ന് കുട്ടികൾ ഡാഡിമാരോടും മമ്മിമാരോടും പറഞ്ഞു. കഷ്ടപ്പെട്ടെടുത്ത അവധി. ടിക്കറ്റിന്റെ ചെലവ്. ഒരു ചൊറി അതിനു മുകളിൽ കയറാനോ !
ഡാഡിമാർക്കും മമ്മിമാർക്കും എല്ലാത്തിനും ഒരേ ഉത്തരമായിരുന്നു.
- സാരമില്ല !
പുഴയിലെ വെള്ളത്തിനു നീലനിറമില്ലായിരുന്നു. പോകുന്ന വഴി നിറയെ ചെളിയും പുല്ലും നിറഞ്ഞിരുന്നു. കുട്ടികൾക്ക് പുഴയിലിറങ്ങാൻ മടിയായി. പക്ഷേ, ഇറങ്ങിക്കഴിഞ്ഞപ്പോൾ ഉൽസാഹമായി.
വീട്ടിലെ കുട്ടികൾ പേരയ്ക്കയും പഴുത്തമാങ്ങയും കൊടുത്തു. പതുക്കെപ്പതുക്കെ കുട്ടികൾ തമ്മിലിണങ്ങി.
യൂ, നീ എന്നൊക്കെ ഇംഗ്ളീഷുകാർ മലയാളത്തെയും മലയാളത്തുകാർ ഇംഗ്ളീഷിനെയും തൊട്ടുകളിച്ചു നോക്കി. അടിച്ചേച്ചോട്ടം സാറ്റുകളി പലതും അവർ പഠിച്ചു.
പശുവിനെയും ആടിനെയും കോഴിയേയും ഓടിച്ചു കളിച്ചു. അവരെന്തു ചെയ്താലും വീട്ടിലുള്ളവർ വഴക്കുപറയില്ല. ചിരിക്കുകയേ ഉള്ളു. എന്നിട്ടും രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ നാളെ ഉറക്കമുണരുമ്പോൾ കാനഡയിൽ ആയിരുന്നെങ്കിലെന്ന് അവർ സ്വപ്നം കണ്ടു.
സാരിക്കടകളിൽ കാത്തിരുന്നു കുട്ടികൾക്കു മടുത്തു.
ഫാന്റാ അവർക്കിഷ്ടപ്പെട്ടു. ഫാനിനടിയിൽ ചൂടുകാറ്റു കൊണ്ട് അവർ സാരികളിൽ പിടച്ചുവലിച്ചു. അതിഷ്ടപെടാതിരുന്നിട്ടും കടക്കാർ പരാതിപ്പെട്ടില്ല.
വീടുകളിൽ നിന്നും വീടുകളിലേക്ക് അവർ കാറിൽ പോയി. പെട്ടിയിൽ നിന്നുമെടുത്ത ഫോറിൻമണമുള്ള സാധനം , അതിനു കൂട്ടായി ബേക്കറിയിൽ നിന്നും ഒരു കിലോയുടെ കേക്ക്. അമേരിക്കയിൽ നിന്നും വിരുന്നു വന്നവർ പൊതിയുമായി ബന്ധുവീടുകൾ കയറിയിറങ്ങി. അമ്മായിമാർക്കു സന്തോഷമായി.
- എന്നാലും നീ എന്നെ മറന്നില്ലല്ലോ!
മറന്നു പോയവർക്ക് ഉള്ളിൽ നൊന്തു.
- എത്ര എടുത്തുകൊണ്ടു നടന്നിട്ടുള്ളതാ ഞാൻ! ചൊറിപിടിച്ചു നടന്ന ചെറുക്കനു കാശുവന്നപ്പം നമ്മളെയൊന്നും വേണ്ട!
കുട്ടികളോടു പലരും ഒരേ ചോദ്യം തന്നെ ചോദിച്ചു.
- വാട്ടീസ് യുവർ നെയിം ?
- വാട്ട് ക്ളാസ്സ് ആർ യൂ ഇൻ?
രുചിയില്ലാത്ത പാലു കുടിക്കാൻ നിർബന്ധിച്ചു. പോരുമ്പോൾ അവരൊക്കെ തുപ്പലു കൂട്ടി ഉമ്മ കൊടുത്തു.
കാനഡയ്ക്കു പുറപ്പെട്ടപ്പോൾ കുട്ടികൾക്കു വിഷമം തോന്നി. ഇവരെയൊക്കെ കൂടെ കൊണ്ടുപോകണമെന്നു തോന്നി. എത്ര നല്ല മനുഷ്യരാണു കേരളത്തിലുള്ളത്. ഒരിക്കലും വഴക്കു പറയില്ല. ഏറ്റവും നല്ല സാധനങ്ങൾതന്നെ അവർക്കു കൊടുക്കും. കളിയിൽ ജയിപ്പിക്കും. ചോദിക്കുന്നതെന്തും കൊടുക്കും. ഡാഡിയും മമ്മിയും വേണ്ടെന്നു പറഞ്ഞാലും. അവർക്ക് കാനഡയിലെ വീട്ടിൽ താമസിക്കണം. എന്നാൽ കേരളത്തിലെ ബന്ധുക്കളെയും വേണം.
                                  തുടരും ...

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

View More