Image

സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ

Published on 28 February, 2021
സലിൻ മാങ്കുഴിയുടെ കഥകൾ. സന്തോഷ് ഇലന്തൂർ

സലിൻ മാങ്കുഴിയുടെ കഥകൾ വായിക്കുമ്പോൾ  മനസ്സിൽ എത്തുന്നത് സി. രാധാകൃഷ്ണൻ സാറിന്റെ വാക്കുകളാണ്. ഒരു കിണർ കുഴിച്ച് ചെല്ലുന്ന പോലെയാണ് സലിൻ മാങ്കുഴിയുടെ കഥകൾ. ആദ്യം അൽപ്പം മേൽമണ്ണും ചരലും അതിന് കീഴെ ഒരിത്തിരി കളിമണ്ണ് പിന്നെ ചെല്ലുന്തോറും പ്രതീക്ഷിക്കാത്ത അടരുകൾ .അതിൽ അനന്തകാലത്തെ നിക്ഷേപങ്ങൾ ഉണ്ട്. അതിൽ നിന്ന് കിട്ടുന്ന പുരാവസ്തുക്കൾ കൃത്രിമമായി ഉണ്ടാക്കിയതല്ല. അസലുകളാണ്. ഇതാ ആ അസലുകളായ പതിനൊന്നു കഥകൾ ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച കഥാസമാഹരമായ 'പേരാൾ'. ചരിത്രത്തെയും സങ്കല്പത്തെയും സമകാലിക സംഭവങ്ങളെയും സൂക്ഷ്മ നിരീക്ഷണത്തിലൂടെ ഈ കഥകളിൽ വിളക്കിചേർത്തിരിക്കുന്നു. ഓരോ കഥയ്ക്കും ഓരോ ഘടനയും ക്രാഫ്റ്റും. അസൂയാവഹമായ വിഷയ വ്യത്യസ്ഥത. പച്ചയായ ജീവിതവും ഭ്രമകല്പനകളും ചേർന്ന് കഥകൾ അസാധാരണവും ഊഷ്മളവും തീവ്രവുമായ അനുഭവം സൃഷ്ടിക്കുന്നു.
.അവതാരിക: ഡോ.എം. ലീലാവതി
 ആസ്വാദനം: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
പoനം: ഡോ.സുധീർ കിടങ്ങൂർ. ഈ മൂന്ന് പ്രമുഖരുടെ ആഴത്തിലുള്ള നിരീക്ഷണങ്ങൾ ഈ കഥാസമാഹരത്തിന് കിട്ടിയ വലിയ അനുഗ്രഹം.
അക്ഷരാനുഗ്രഹം കിട്ടിയ കഥകളിലേക്ക് എൻ്റെ യാത്ര.

ആദ്യ കഥയായ' പേരാളിൽ'ഗുരുവിന്റെ ചിത്രത്തിന് മുമ്പിൽ വിളക്കു തെളിയിച്ച ശേഷം  ദൈവ ദശകം ഈണത്തിൽ ചൊല്ലുന്ന പ്രകാശൻ സ്നേഹസമ്പന്നനും സൽഗുണവാനുമാണ്. ഭാര്യയോടും മകനോടുമൊപ്പം ഉറങ്ങാൻ കിടന്ന ആ പ്രകാശനെ ഒരു ദിവസം പുലർന്നപ്പോൾ കാണാനില്ലെന്നു പറഞ്ഞാൽ എങ്ങനെ പൊരുത്തപ്പെടാനാകും. ആ കാണാതെപോക്കിലെ പൊരുത്തക്കേടുകളിലേക്കും തുടർന്നുള്ള അന്വേഷണത്തിലേക്കും കഥ നമ്മെ കൊണ്ടുപോകുന്നു. ഓരോയിടത്തും ഓരോ പേരിലറിയപ്പെടുന്ന  പ്രകാശനെക്കുറിച്ച് പിന്നെ ചുരളഴിയുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്.അന്വേഷകനായ ബാലനെക്കാളും വായനക്കാരനാണ് ശരിക്കും നിസ്സഹായാവസ്ഥയിൽ എത്തുന്നത്. ശ്വാസമടക്കി മാത്രം വായിക്കാവുന്ന കഥ.എല്ലാ ദുഃഖവും ആഗ്രഹങ്ങൾ നൽകുന്ന ദുരിതമാണെന്ന ബോധോദയം തീവ്ര വേദനയുടെ മുൾമുനയിൽ നിൽക്കുന്ന ബാലനുണ്ടാകുന്നത് ആശ്വാസമായല്ല. എല്ലാ ആശ്വാസവും കെടുമ്പോഴുള്ള ചിത്തഭ്രമം കൊണ്ടാണ്. വ്യക്തികളിൽ നിന്നു വേർപെട്ട പേരുകൾ അയാളെ വലയം ചെയ്യുന്നു. നിത്യജീവിതത്തിലെ ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളിലൂടെ വളരുന്ന സംഭ്രമിപ്പിക്കുന്ന കഥയ്ക്ക് കണ്ണുകളെ നിറപ്പിയ്ക്കുന്ന കരുണയും ഉണ്ട്. സ്വന്തം പേര് പോലും ഓർത്തെടുക്കാൻ പറ്റാത്ത നിസ്സഹായതയെ ഹൃദയസ്പർശിയായ  വായനാനുഭവമാക്കുന്നു. സമാഹാരത്തിലെ  ആദ്യ കഥയായ 'പേരാൾ ' മികച്ച സൃഷ്ടി തന്നെയാണ്.

പാർട്ടി പിളർന്നു.
ഇന്റൻസീവ് കെയർ യൂണിറ്റിലെ നിലാവിൽ വൈറ്റൽ സൈൻ മോണിറ്ററിൽ നിന്നുയരുന്ന ശബ്ദത്തിനു താഴെകിടന്ന എഴുപത്തിയാറുകാരനായ സുധാകരന്റെ തലച്ചോറിലേക്ക് ഓക്സിജൻ മാസ്‌കിലൂടെ ഓർമകൾ ജാഥ യായി വന്നു .ആ ഓർമ്മകളുടെയും ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കഥയാണ് ഒളിവു ജീവിതം. പാർട്ടി എന്ന ആവേശവും പ്രതീക്ഷയും ഒരു പിൻതിരിപ്പൻ്റെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നു. വിപ്ളവ ചിന്തകളിൽ നിന്ന് പാരമ്പര്യത്തിലേക്കും സാമുദായിക ചിന്തയിലേക്കും സ്വന്തം ജീവിതം എന്ന ഇത്തിരി വട്ടത്തിലേക്കും ഒരുങ്ങിയ സുധാകരൻ്റെ ജീവിതത്തിലൂടെയാണ് കഥ അനാവരണം ചെയ്യുന്നത്. മൂന്നു സഖാക്കളും പീറ്റർ ( കുന്തക്കാരൻ പത്രോസ്?) എന്ന സഖാവുമൊക്കെ നമ്മെ പലതും ഓർമ്മിപ്പിക്കുന്നു. വിപ്ളവബോധം ഒരിക്കലും കെട്ടടങ്ങില്ലെന്ന് ഈ കഥ പറയുന്നു.

'തോറ്റവരുടെ യുദ്ധം' എന്ന കഥയിൽ പദ്മിനി ടീച്ചറുടെ അലാവുദ്ദീൻ ഖിൽജിയെ കുറിച്ചുള്ള ക്ളാസ് പതിവിന് വിപരീതമായി എവിടെ നിന്ന് ആരംഭിക്കണമെന്ന ആശയക്കുഴപ്പത്തിലാവുന്നു.അലവുദ്ദീൻ ഖിൽജിയുടെ അന്ത്യ നാളുകളിലെ ദുർഗതി നമ്മുടെ മനസ്സിൽ തൊടുമ്പോൾ  ഗിയാസുദ്ദീൻ തുഗ്ലക് വാതിൽക്കൽ വന്നു  മന്ദഹാസത്തോടെ നില്ക്കുന്നു. രണ്ട് രാജാക്കൻമാർക്കിടയിലാണ് ഒരു ചരിത്രാധ്യാപികയുടെ ജീവിതം പറയുന്നത്. സ്വന്തം ജീവിതത്തിലും ചരിത്രത്തിലും ഉണ്ടാകുന്ന വലിയ തോൽവികൾ പത്മിനി ടീച്ചറുടെ മനോഘടനയെ കീഴ്മേൽ മറിക്കുന്നു. വിജയത്തിൻ്റെയും തോൽവിയുടെയും പൊരുൾതേടുന്ന കഥയുടെ ക്രാഫ്റ്റ് അത്യന്ത്യ സൂക്ഷ്മതയോടെയാണ് കഥാകാരൻ തീർത്തിരിക്കുന്നത്.

ദാമ്പത്യ ജീവിതം വേർപിരിയാൻ ഒത്തുചേരുന്ന കുടുംബകോടതിയാണ്  മധുര നാരങ്ങ എന്ന കഥാപരിസരം. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രേമലേഖനം, പൂവമ്പഴം എന്നീ കഥകളിലെ കഥാപാത്രങ്ങളാണ് ഇവിടെ പുനരവതരിക്കുന്നത്. സ്നേഹത്തിൽ പൊതിഞ്ഞ ആർദ്രതയുടെ നനവുള്ള കഥ, സ്നേഹത്തെക്കുറിച്ച് പല പുതിയ ചോദ്യങ്ങളും ചോദിക്കുന്നു. കാലാനുസൃതമായി ജീവിത സങ്കല്പത്തിലുണ്ടാകുന്ന വീക്ഷണമാണ് മധുരനാരങ്ങയിൽ വിശകലനം ചെയ്യുന്നതും ചോദ്യം ചെയ്യുന്നത്.

പമ്പ സൂപ്പർ ഫാസ്റ്റ് എന്ന കഥയിലൂടെ സമകാലിക 
രാഷ്ട്രീയവും മതവും പൊതുസമൂഹങ്ങളിൽ സൃഷ്ടിച്ച ആശങ്കകൾ കൈകാര്യം ചെയ്യുന്നു. വിശ്വാസികളുടെ പോർവിളികളാൽ ഇരായാക്കപ്പെട്ട പൂർണിമ എന്ന ഒരു സാധാരണ സ്ത്രീയുടെയും അവരുടെ രണ്ട് പെൺമക്കളുടെയും ജീവിതം ഈ കഥ ഹൃദയസ്പർശിയായി പറയുന്നു. സമൂഹത്തിൽ നടക്കുന്ന പൊള്ളത്തരങ്ങൾ തുറന്നു കാട്ടുകയും ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് ഇത്രയും ശക്തമായ ഒരു കഥ വന്നതായി ഓർമ്മിക്കുന്നില്ല.

പ്രശസ്ത സംവിധായകനായ സി.പി.ജോസഫ് മരിച്ചു കിടന്നു. ജോസഫിൻ്റെ ജീവിത കഥ പറയുന്ന 'പാതാളപ്പു വ് ' ആരംഭിക്കുന്നത് നായകൻ്റെ മരണത്തിൽ നിന്നാണ്.  സിനിമാ മേഖലയിലെ ചൂഷണങ്ങൾ കഥ തുറന്നു കാട്ടുന്നു. ഈ കഥയിലെ നായിക സിനിമാ നടിയായിരുന്ന അന്നയ്ക്കു ഭർത്താവിൻ്റെ മരണത്തിൽ  ദു:ഖമോ ഒരു തുള്ളി കണ്ണുനീർ പോലുമോ വരാത്തത് എന്താണെന്ന ചോദ്യവും ഉത്തരവുമാണ് കഥ. വായനക്കാരനെ സിനിമയുടെ മായിക ലോകത്തിലൂടെ കൊണ്ട് പോകുന്ന മികച്ച ക്രൈം തില്ലർ.

'മധ്യേയിങ്ങനെ ഒഴുകിയും ഒഴുകാതെയും' എന്ന കഥയിലെ അശോകനുമായി പുഴ മുറിച്ചു  അക്കരെ ഇക്കരെ നീന്തിയവരുടെ  ജീവിതത്തിലേക്ക് വായനക്കാരനെയും കൊണ്ട് പോകുന്നു. ഒരു സ്ത്രീ കുറ്റവാളിയുടെ ജീവിതമാണ് കേന്ദ്രം.അതിൽ പെട്ടു പോകുന്ന പോലീസുകാരായ ഒരച്ഛനും മകനും ഉൾപ്പെടെ നിരവധി പേർ. പകയും ചതിയും കൊലയും ഉൾപ്പെടുന്ന ഗ്രാമീണ ജീവിതത്തിൻ്റെ മറ്റൊരു മുഖം.  മുന്തിരി ഇട്ടു വാറ്റിയ പട്ട ചാരായത്തിൻ്റെ മണമുള്ള ഈ കഥ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നു.
 
മൂന്ന് ചോദ്യങ്ങളുടെ പിന്നിലിരുന്ന മൂന്നു മനുഷ്യരുടെ നിശ്ശബ്ദത ആ കുടുംബത്തിൻ്റെ അതുവരെയൂള്ള നീരൊഴുക്കിനെ അണക്കെട്ടി നിർത്തി. നിശ്ശബ്ദതയുടെ മൗനം മുറിച്ച്  വായനയിലേക്ക്  പോകുമ്പോൾ സോളമൻ്റെ പ്രണയഗീതം കേട്ടുകൊണ്ടൊരു വായനാനുഭവം.
മരണം നമ്മെ വേർപിരിക്കും വരെ... എന്ന കഥ ദാമ്പത്യ ജീവിതത്തിൻ്റെ ചേർച്ചയില്ലായ്മയെ കവിത്വത്തോടെ, മനോഹര ഭാഷയിലൂടെ അവതരിപ്പിക്കുന്നു.

'പടം 'എന്ന കഥയിൽ കൂർപ്പിച്ച പെൻസിലിനും വെള്ള പേപ്പറിനും മധ്യേ ആർട്ടിസ്റ്റ് രവി ചിന്തിച്ചിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയവും ചരിത്രത്തെ വളച്ചൊടിക്കലും പറയുന്ന പൊളിറ്റിക്കൽ കഥയാണ് പടം. 

വാട്സ് ആപ്പിലെ മെസേജും നോക്കി പഞ്ചൻ്റ് ഗന്ധം ശ്വസിച്ചു കെമിസ്ട്രി ലാബിൽ ഇരുന്ന രാധിക ദു:ഖഭരിമായ ഓർമ്മകളാൽ നനഞ്ഞു. ആ ഓർമ്മകൾ അണ്' 'എൻ്റെ പ്രണയാന്വേഷണങ്ങൾ' എന്ന കഥ . സന്ധ്യാകാശത്തു മഴവില്ല് തെളിയുന്നതുപോലെ മനോഹരമായ കഥ.

അവസാന കഥ  'നൈറ്റ് വാച്ചർ'. പകൽ മുഴുവൻ ഉറക്കം തൂങ്ങിയും രാത്രിയിൽ അലഞ്ഞു തിരിഞ്ഞും വർഷങ്ങളായി നൈറ്റ് വാച്ചറായി 
ജോലി ചെയ്യുന്ന ഗിൽബർട്ടിൻ്റെ സങ്കീർണ്ണ ജീവിതത്തിലേക്ക്
നമ്മൾ പോകുമ്പോൾ ഉടൽ തണുത്തു സ്തംഭിച്ചു പോകും. ചരിത്രവും മരണാനന്തര ജീവിതവും നക്സൽ വർഗ്ഗീസും മഹാരാജാവും മാറുമറയ്ക്കൽ സമരവും എട്ടുവീട്ടിൽ പിള്ളമാരുമൊക്കെ കടന്നു വരുന്ന ഗംഭീരൻ കഥ. ഈ കഥയെ അവതാരികയിൽ ലീലാവതി ടീച്ചർ പ്രത്യേകമായി എടുത്തു പറഞ്ഞിട്ടുണ്ട്.

ആധുനീക സമൂഹത്തിന്റെ മാനുഷീക മൂല്യങ്ങളും
മനുഷ്യൻ നേരിടുന്ന പ്രതിസന്ധികളും ജീവിതത്തിൽ ഉണ്ടാകുന്ന ഏകാന്തതയും വിഷാദങ്ങളും
മനുഷ്യൻ നേരിടുന്ന ചൂഷണങ്ങളും രാഷ്ട്രീയ സമരങ്ങളും ചതിയും കൊലയും ലൈംഗികതയുമൊക്കെ  ഈ കഥകളിൽ പ്രേമേയമാക്കിയിരിക്കുന്നു. കഥയുടെ വഴിൽ വ്യത്യസ്ഥത പുലർത്തുന്ന രചനകൊണ്ടു ചുറ്റും കാണുന്ന ജീവിതങ്ങൾ സത്യസന്ധമായി അവിഷ്കരിച്ചിരിക്കുന്നു. ഇത് എഴുത്തുകാരന്റെ വിജയംആണ്.ചിന്തോദ്ദീപകമായ ഈ കഥാ സാമാഹാരം സാഹിത്യ സ്നേഹികളും എഴുത്തുകാരും ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്. വായനയെ ധന്യമാക്കിയ ഈ കഥകൾ  ജീവിതത്തിൻ്റെ നേർക്ക് പിടിച്ച കണ്ണാടിയാണ്.
.
(പേരാൾ.
കഥാസമാഹാരം.
പ്രസാധകർ.ലിപി പബ്ളിക്കേഷൻസ്.
കോഴിക്കോട്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക