എന്റെ കൈയിലുള്ളത് വാക്കിന്റെ
നിലാപ്പക്ഷിയെങ്കിലുമിടയ്ക്കിടെ-
വരാറുണ്ടമാവാസി.
ഇരുളിന് ദുര്ഭൂതങ്ങളിടയ്ക്ക്
തേരും തെളിച്ചിടവിട്ടിടവിട്ട്
വരുമ്പോള്‍ മൗനത്തിന്റെ
ഗുഹയില്‍ ഒളിയ്ക്കുവാന്‍
ഞാനോടിപ്പോകും മുന്‍പേ!
വിളിയ്ക്കും പിന്നില്‍ നിന്ന്
കവിത, സമുദ്രത്തിന് തിരയെ-
ഞങ്ങള്‍ മെല്ലെ കടന്നു പോകാറുണ്ട്
കനലിന് സൂര്യന് താഴും സാന്ധ്യ-
വാനത്തില്‍ നിന്നുമൊരു
നക്ഷത്രം തൂക്ക് വിളക്ക്
കൊളുത്തിത്തരും മുന്നില്‍
എങ്കിലും എന്നും വീണ്ടും
ഭ്രാന്തസങ്കടങ്ങള് തന് വന്കയ-
മതില്പ്പെട്ട് വലയാറുണ്ടേയിന്നും.
ധ്യാനമൗനത്തില് നിന്നുമൊരു
പാതിയില്‍ ഞാനീ പ്രാണനെ-
ശ്രമപ്പെട്ട് ചിറകില്‍ കൊരുക്കവെ!
ഇടയാറുണ്ടാപ്പക്ഷി കൂട്ടില്‍ -
നിന്നിറങ്ങുവാന്‍ മടി കാണിയ്ക്കും-
മിഴിപൂട്ടിയങ്ങിരുന്നിടും.
എത്രമേലായാസാമാണിതേ-
പോലെഴുത്തിന്റെ സ്നിഗ്ദ്ധമാം
ധ്യാനസ്ഥലവാസമെന്നാകില് പോലും
അറിയാതെയറിയാതെ വാക്കുകള്‍
മുന്നില്‍ വന്ന് വിളിയ്ക്കും നേരം
പോകാതിരിക്കാനാവുന്നില്ല..
ഞാനതേ, നിലാപ്പക്ഷി പോലൊരു
ശരറാന്തല്ദീപവും കൊളുത്തിപ്പോം
ആകാശസഞ്ചാരിണി!
മേഘങ്ങള്‍ മുടിത്തുമ്പില്‍, കണ്ണിലോ
സ്വപ്നക്കൂട്, ഭൂമിയോ ഞാന്‍
തൂവുന്ന കണ്ണിരു കൈയേറ്റുന്നോള്

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
രാജു തോമസ്
2021-03-03 20:04:07
കവിത നന്നായിട്ടുണ്ട് , പതിവുപോലെ. എങ്കിലും, അതെല്ലാം കേകയായിത്തന്നെ മര്യാദയ്ക്ക് എഴുതിയിരുന്നെങ്കിലെന്ന്! പുതിയ ഓരോ എഴുത്തുരീതി! ഇവിടെ ഇങ്ങനെ എഴുതിയതുകൊണ്ട് പ്രത്യേകിച്ച് ഗുണമെന്തുണ്ടായി? ഛന്ദോമുക്തമാണെന്നു ധരിച്ചോട്ടെ എന്നാകും!