Image

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 05 March, 2021
കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍
ഫ്‌ലോറിഡ: ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ ആഭിമുഖ്യത്തില്‍  കോവിഡ് മിഥ്യയും യാഥാര്‍ഥ്യങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പുത്തന്‍ അറിവുകളുടെയും അനുഭവ സാക്ഷ്യങ്ങളുടെയും സംഗമവേദിയായി മാറി. കോവിഡിനേയും  വാക്‌സീനുകളെയും പറ്റിയുണ്ടായിരുന്ന ഒരുപാട് തെറ്റായ അറിവുകളും ധാരണകളുമാണ് വെര്‍ച്വല്‍ ആയി നടന്ന മീറ്റിംഗിലൂടെ  പുതിയ പുതിയ അറിവുകളിലൂടെയും ആശയങ്ങളിലൂടെയും ദുരീകരിക്കപ്പെട്ടത്. വാക്‌സീനെക്കുറിച്ചുണ്ടായിരുന്ന ഒരുപാട് തെറ്റിദ്ധാരണകള്‍  മാറിയ സെമിനാറില്‍ ഈ വിഷയത്തില്‍ ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള മെഡിക്കല്‍ -ഗവേഷണ രംഗത്തെ പ്രഗത്ഭരായ പാനലിസ്റ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഫ്‌ലോറിഡയിലെ പ്രമുഖ പീഡിയാട്രീഷന്‍ (ശിശു രോഗ വിദഗ്ധന്‍) ഡോ. ജോസഫ് പ്ലാച്ചേരില്‍, പ്രമുഖ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധന്‍ ഡോ.ലിന്‍സേ ജോണ്‍, പ്രമുഖ ഇന്റെര്‍ണല്‍ മെഡിസിന്‍ വിദഗ്ദ്ധയും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണുമായ ഡോ.കല ഷഹി, ഫൈസര്‍ ബയോ എന്‍ ടെക്ക് (Pfizer Bio NTech ) ലെ സയന്റിസ്റ്റും ഫൈസര്‍ കോവിഡ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ളവരില്‍ ഒരാളുമായ ബിനു കൊപ്പാറ എന്നിവരായിരുന്നു പാനലിസ്റ്റുകള്‍. ഫ്‌ലോറിഡയിലെ പ്രമുഖ  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകൂടിയായ ജോമോന്‍ ജോണ്‍ ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍. 

ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സെക്രെട്ടറി ഡോ. സജിമോന്‍ ആന്റണി പ്രസംഗിച്ചു. ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് കിഷോര്‍ പീറ്റര്‍ വട്ടപ്പറമ്പില്‍ സ്വാഗതവും ഫൊക്കാന ട്രഷറര്‍ സണ്ണി മറ്റമന നദിയും പറഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്,സെക്രെട്ടറി സജി പോത്തന്‍,ഫൊക്കാന മുന്‍ പ്രസിഡണ്ട് കമാണ്ടര്‍ ജോര്‍ജ് കൊരുത്, ഫൊക്കാന  ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍, കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

ലോക്ക് ഡൗണ്‍ മൂലം വൈറ്റമിന്‍ ഡി അളവു കുറയുന്നവര്‍ക്ക് കോവിഡ് ഗുരുതരമാകുന്നു: ഡോ ജോസഫ് പാച്ചേരില്‍ 

വൈറ്റമിന്‍ 'ഡി (D)' യുടെ അളവ് കുറവ് അനുഭവപ്പെടുന്നര്‍ക്ക് കോവിഡ് 19 ന്റെ ബാധിച്ചാല്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥ സംജാതമാകുന്നതായി പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ടെന്ന്  ഫ്‌ലോറിഡയിലെ പ്രമുഖ പീഡിയാട്രീഷന്‍ (ശിശു രോഗ വിദഗ്ധന്‍) ഡോ. ജോസഫ് പ്ലാച്ചേരില്‍ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളുകളില്‍ പോലും പോകാന്‍ കഴിയാതെ വീടുകളുടെ അകത്തളങ്ങളില്‍ കഴിഞ്ഞു വരുന്ന കുട്ടികളില്‍ വൈറ്റമിന്‍ 'ഡി'യുടെ അളവ് ഗണ്യമായി കുറഞ്ഞു വരുന്നതായിട്ടാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനു പരിഹാരം കാണാന്‍ കുട്ടികളുമൊത്ത് വൈകുന്നേരങ്ങളില്‍ മാതാപിതാക്കള്‍ പാര്‍ക്കുകളിലോ ആളൊഴിഞ്ഞ സ്ട്രീറ്റുകളിലോ നടക്കാന്‍ പോകുന്നത് അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് മഹാമാരി കുട്ടികളെ മാനസികമായും ശാരീരീരികമായും ഒരുപാട് രോഗങ്ങള്‍ക്ക് അടിമയാക്കിയിട്ടുണ്ട്. കുട്ടികളുടെ സാമൂഹികമായ ബുദ്ധി വികാസം (oscial skill) മുരടിക്കുന്നതിനൊപ്പം മാനസികമായ പല വൈകല്യങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ചില കുട്ടികളില്‍  ജന്മനായുള്ള പല മാനസികമായ പ്രശ്‌നങ്ങളും മുന്‍കാലങ്ങളില്‍ മറ്റു പല സാഹചര്യങ്ങളാല്‍ സന്തുലിതമായി പോകാറുണ്ടായിരുന്നു. ഉദാഹരണത്തിന് സ്‌കൂളുകളിലൂടെയും  ആരാധനാലയങ്ങളിലൂടെയും ഉണ്ടാകുന്ന സാമൂഹിക ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, സാമൂഹികപരമായ മറ്റു ഇടപെടലുകള്‍, മറ്റു ആക്റ്റിവിറ്റികള്‍ എന്നിവ മൂലം അവരുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അവര്‍ പോലുമറിയാതെ വഴിമാറി പോകാറുണ്ടായിരുന്നു. - അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ ഏതാണ്ട് ഒരു വര്‍ഷക്കാലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതിനാല്‍ പല കുട്ടികളുടെയും സാമൂഹികവും ബൗദ്ധികവുമായ വളര്‍ച്ച മുരടിച്ചുപോകുന്ന അവസ്ഥയില്‍ എത്തി. അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളും മനസികോല്ലാസങ്ങളുമൊക്കെ കോവിഡ് 19 മൂലമുണ്ടായ നിയന്ത്രണങ്ങള്‍ മൂലം നിഷേധിക്കപ്പെട്ടതിനാല്‍ കുട്ടികളില്‍ ഉറങ്ങിക്കിടന്ന മാനസിക പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ സങ്കീര്‍ണമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാനസിക പിരിമുറുക്കം മുതല്‍ കടുത്ത മാനസിക രോഗങ്ങള്‍ക്കുവരെ കുട്ടികള്‍ അകപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ പ്രാക്ടീസിനിടയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ  സൈക്യട്രിക്ക്  റഫെറെന്‍സ് നല്‍കേണ്ടി വന്നത് ഇക്കഴിഞ്ഞ വര്‍ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ലോക്ക് ഡൗണ്‍ എങ്കില്‍ കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുമായിരുന്നു 

കോവിഡ് മഹാമാരി 20 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു വന്നതെങ്കില്‍ കുട്ടികളെ സംബന്ധിച്ച് ഒരു പാട് നല്ല ഫലങ്ങളും ലോക്ക് ഡൌണ്‍ കാലങ്ങളില്‍ ഉണ്ടാകുമായിരുന്നുവെന്നു ഡോ. ജോസഫ് പാച്ചേരില്‍ പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മില്‍ നല്ല ഊഷ്മളമായ ബന്ധം സ്ഥപിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയമായിരുന്നു ഇത്. മാതാപിതാക്കള്‍ക്ക് കുട്ടികളുമായി അടുത്തിടപഴകാനും കൂടുതല്‍ സമയം ചെലവഴിക്കാനും ഇത് സംഭവിച്ചത് 20  വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നുവെങ്കില്‍ കഴിയുമായിരുന്നു. 

ഇന്ന് ഇന്റെര്‍നെറ്റിന്റെ വലയില്‍ കുരുങ്ങി മാതാപിതാക്കളും കുട്ടികളും അവരവരുടെ ലാപ്‌ടോപ്പുകളിലും ഐഫോണുകളിലും സമയം ചെലവഴിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ തമ്മില്‍ വീട്ടിനകത്തുള്ള ആശയവിനിമയം പോലും ഫോണുകള്‍ വഴിയായി മാറി. കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കും നേരമില്ലാതായി. കോവിഡ് ഉയര്‍ത്തിയ ആരോഗ്യവും സാമ്പത്തികവും സാമൂഹികപരവുമായ പ്രതിസന്ധികള്‍ മൂലം മാതാപിതാക്കളും മാനസിക പിരിമുറുക്കത്തിന്റെ നാടുവിലായിരിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയങ്ങള്‍ക്ക് അടിമകളാകാന്‍ നിര്‍ബന്ധിതരാകുകയാണ്.- ഡോ. ജോസഫ് ചൂണ്ടിക്കാട്ടി.

സ്‌കൂളുകളില്‍ വെര്‍ച്ച്വല്‍ ക്ലാസുകള്‍ ആയതോടെ ഇടക്കിടയ്ക്ക് തോന്നുമ്പോഴെല്ലാം ഭക്ഷണം കഴിക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നതിനാല്‍ നല്ലൊരു ശതമാനം കുട്ടികളിലും അമിതവണ്ണം (OBESITY) ഉണ്ടാകുന്നുള്ളതായി കാണുന്നു. ഇത്തരം അനാരോഗ്യകരമായ ഭക്ഷണരീതി കുട്ടികളില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള പലരോഗങ്ങളിലേക്കും നയിക്കുന്നു. ഇത് അവരുടെ ശാരീരികമായ രോഗങ്ങള്‍ക്ക് പുറമെ മാനസികമായ രോഗങ്ങളിലേക്ക് നയിക്കാനും കാരണമാകുന്നുണ്ട്.- അദ്ദേഹം വ്യക്തമാക്കി.
 
അമിത വണ്ണം, മാനസിക സമ്മര്‍ദ്ദം, മാനസിക രോഗങ്ങള്‍ എന്നിവ കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും വ്യാപകമാകുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ ഇന്റെര്ണല്‍  മെഡിസിന്‍ വിദഗ്ധയും ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണുമായ ഡോ. കല ഷഹി പറഞ്ഞു. ഒരു പാട് രോഗികളെ ഇക്കാലയളവില്‍  താനും സൈക്കിയാട്രിക്ക് റെഫെറെന്‍സ് നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ധരാളം കാര്യങ്ങള്‍ കോവിഡ് മൂലം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ തങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ ചില വിട്ടുവീഴ്ച്ചകള്‍ നടത്തിയാല്‍ പഹരിക്കാവുന്നതേയുള്ളുവെന്ന് ചര്‍ച്ചയുടെ മോഡറേറ്റര്‍ ആയിരുന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകൂടിയായ ജോമോന്‍ ജോണ്‍ പറഞ്ഞു. അവരുടെ ജന്മദിനാഘോഷങ്ങള്‍, ഗ്രാജുവേഷന്‍ പാര്‍ട്ടി തുടങ്ങിയ കുട്ടികളുടെ ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ആഘോഷങ്ങള്‍ ഈ അവസരത്തില്‍ സൂം മീറ്റിംഗ് പോലുള്ള വെര്‍ച്ച്വല്‍ മീറ്റിംഗുകള്‍ വഴി അവരുടെ കൂട്ടുകാരെയും പതിവ് ഗസ്റ്റുകളെയുമൊക്കെ ക്ഷണിച്ചു കൊണ്ട്  കേക്ക് കട്ടിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്താല്‍ അത്തരം ആഘോഷങ്ങളുടെ ഒരു ഫീല്‍ നില നിര്‍ത്താന്‍ കഴിയുമെന്നും ജോമോന്‍ കൂട്ടിച്ചേര്‍ത്തു.

16 വയസിന് മുകളിലുള്ള  കുട്ടികള്‍ക്ക് വാക്‌സീന്‍ ഉടന്‍; 16 -12 ഇടയിലുള്ളവര്‍ക്ക് ഓഗസ്റ്റ് 1 നു ലഭ്യമാകും 

മുതിര്‍ന്ന കുട്ടികള്‍ക്കുള്ള വാക്‌സീനിനു എഫ്.ഡി.ഐ അംഗീകാരം ലഭിച്ചതായി ഡോ. ജോസഫ് പാച്ചേരില്‍ പറഞ്ഞു. ഫൈസര്‍ വാക്‌സീന്‍ 16 വയസിനു മുകളിലും മഡേണ 18 വയസിനും മുകളിലുള്ള കുട്ടികള്‍ക്കാണ് വാക്‌സീന്‍ ലഭ്യമാക്കുന്നത് . ഇവ ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങും. അടുത്ത ഘട്ടമായ 18-12 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സീനിന്റെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിച്ചു. ഇതിനായി 2800 കുട്ടികളെ റിക്രൂട്ട് ചെയ്തു കഴിഞ്ഞു.മെയ്- ജൂണ്‍ മാസത്തോടെ പരീക്ഷണം പൂര്‍ത്തിയാകും.  ഓഗസ്റ്റ് ഒന്നു മുതല്‍  ഇവര്‍ക്കുള്ള വാക്‌സീന്‍ ലഭ്യമായി തുടങ്ങും. - അദ്ദേഹം വ്യക്തമാക്കി.

6 മാസം മുതല്‍ 12 വയസു വരെയുള്ള കുട്ടികളുടെ വാക്‌സീന്‍ പരീക്ഷണവും അതിനു പിന്നാലെ ആരംഭിക്കും. ഈ പ്രായത്തിലുള്ള കുട്ടികളുടെ പ്രായത്തിനനുസരിച്ച് ഡോസിലും വ്യതിയാനം ഉണ്ടാകും. മുതിര്‍ന്നവര്‍ക്ക് 5 ml ആണ് വാക്‌സീന്‍ നല്‍കുന്നതെങ്കില്‍ 12 വയസില്‍ താഴെയുള്ളവര്‍ക്ക് വയസിനു ആനുപാതികമായി ഡോസ് കുറച്ചായിരിക്കും നല്‍കുക. നേര്‍ പകുതി ഡോസ് ആയിരിക്കും ഇവര്‍ക്ക് നല്‍കുക. 6 മാസം വരെ പ്രായമുള്ള മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ വാക്‌സീന്‍ എടുത്തിട്ടുണ്ടെങ്കില്‍ അവരുടെ മുലപ്പാലില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് വാക്‌സീന്‍ തന്നെ ലഭ്യമായികിട്ടും.- ഡോ ജോസഫ് പാച്ചേരില്‍ പറഞ്ഞു.
അനാഫലിക്‌സ് റിയാക്ഷന്‍ ഉണ്ടായത് ഒരു മില്യണില്‍ 4.5 പേര്‍ക്ക് : ഡോ.ലിന്‍സേ ജോണ്‍

കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ ആര്‍ക്കും തന്നെ കാര്യമായ പാര്‍ശ്യ ഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രമുഖ ഇന്‍ഫക്ഷ്യസ് ഡിസീസ് വിദഗ്ദ്ധന്‍ ഡോ.ലിന്‍സേ ജോണ്‍ പറഞ്ഞു. വാക്‌സീന്‍ നല്‍കിയ ശേഷം സാധാരണ 15 മിനിറ്റ് നേരം മാത്രമാണ് നിരീക്ഷണ സമയം. എന്തെങ്കിലും പാര്‍ശ്യഫലങ്ങള്‍ ഉണ്ടാകുകയാണെന്നില്‍ ഈ സമയത്തിനകം സംഭവിക്കും. അതേസമയം മറ്റു വാക്സിനുകള്‍ സ്വീകരിച്ചപ്പോള്‍ അലര്‍ജിക്ക് റിയാക്ഷന്‍ ഉണ്ടായിട്ടുള്ളവരെ  30- 45 മിനിറ്റ് വരെ നിരീക്ഷണത്തിനു വിധേയമാക്കും. 

ചൊറിച്ചില്‍, ശരീരം ക്രമാതീതമായി നീരുവയ്ക്കും വിധം പെട്ടെന്നുണ്ടാകുന്ന റിയാക്ഷന്‍ അഥവാ അനാഫലിക്‌സ് റിയാക്ഷന്‍ (anaphylaxis reaction) ഉണ്ടാകുന്ന രോഗികളെയും കൂടുതല്‍ നേരം നിരീക്ഷണവിധേയമാക്കും. എന്നാല്‍ MRNA വാക്സിനുകള്‍ സ്വീകരിച്ചവരില്‍ ഒരു മില്യണ്‍ ആളുകളില്‍ 4.5 പേര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ എന്തെങ്കിലും കാര്യമായ പാര്‍ശ്യഫലങ്ങള്‍ ഉണ്ടായിട്ടുള്ളുവെന്നാണ് ലഭ്യമായിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുത്തിവയ്പ്പ് നടത്തുന്ന സൈറ്റില്‍ (കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് ) ചെറിയ നിറ വ്യത്യാസം ഉണ്ടാകും. ചിലരുടെ സൈറ്റില്‍ തടിപ്പ്  ഉണ്ടായേക്കാം. 70-80 ശതമാനം ആളുകളില്‍ ആദ്യ ഡോസില്‍ ചെറിയ തോതില്‍ വേദന ഉണ്ടാകാം. രണ്ടാം ഡോസില്‍ കുത്തിവയ്പ്പ് നടത്തിയ ഭാഗത്ത് പലര്‍ക്കും കൂടുതല്‍ വേദന അനുഭവപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് 24-48  മണിക്കൂര്‍ വരെ നേരിയ പനി തലവേദന,  (കാര്യമായ കുളിരു അനുഭവപ്പെടുക (Chill) തല കറക്കം, ഛര്‍ദില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ടൈലനോള്‍, മോര്‍ട്രീന്‍ എന്നിവ കൊണ്ട് മാറാവുന്ന അസ്വസ്ഥകള്‍ മാത്രമാണുണ്ടാകുക.

ബ്ലഡ് തിന്നര്‍ ഉപയോഗിക്കുന്നവര്‍ക്ക് വാക്‌സീന്‍ എടുക്കാം

ബ്ലഡ് തിന്നര്‍ (blood Thinner) ഉപയോഗിക്കാറുള്ളവര്‍ക്ക്  വാക്‌സീന്‍ എടുക്കുന്നതുകൊണ്ട് ഒരു ദോഷവും ഉണ്ടാകാറില്ലെന്ന് ഡോ. അത്തരം സാഹചര്യത്തില്‍ കുത്തിവയ്പ്പ് എടുത്ത ശേഷം അവിടെ കൈ വിരല്‍ കൊണ്ട് കുറച്ച് അധികം നേരം നന്നായി അമര്‍ത്തിവച്ചാല്‍ മതി. കുത്തിവയ്പ്പ് മസിലില്‍ ആയതിനാല്‍ (intramuscular) ആണ് കൈവിരല്‍ കൊണ്ട് അവിടെ അമര്‍ത്തുമ്പോള്‍ രക്തം പൊടിയുന്നത് നില്‍ക്കും. 

ചിലരില്‍ ലിംഫ് നോഡുകളില്‍ പ്രത്യേകിച്ച് കക്ഷത്തില്‍ വേദന അനുഭവപ്പെട്ടേക്കാം.ഇത്തരം സാഹചര്യത്തില്‍ കോവിഡ് വാക്‌സീന്‍ എടുത്തവര്‍ മാമ്മോഗ്രാം ചെയ്യണമെങ്കില്‍ 7  ആഴ്ച്ച വരെ കാത്തിരിക്കണം. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ വാക്‌സീന്‍ എടുക്കുന്നതിന് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തണം. കോവിഡ് വന്നവര്‍ ചികിത്സ കഴിഞ്ഞ് 90 ദിവസം വരെ കാത്തിരിക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തകള്‍ കണ്ടു ആരും വാക്സിന്‍ എടുക്കാതിരിക്കരുതെന്നും ഡോ. ലിന്‍സേ ജോണ്‍ നിഷ്‌കര്‍ഷിച്ചു. 

വാക്‌സീന്‍ വന്ധ്യതയുണ്ടാക്കില്ല;കോവിഡ് വൈറസ് വന്ധ്യതയ്ക്ക് കാരണമായേക്കും : ബിനു കൊപ്പാറ 

കോവിഡ് വാക്‌സീന്‍ വന്ധ്യതയ്ക്കു കാരണമാകുമെന്ന രീതിയിലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള  പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഫൈസര്‍ ബയോ എന്‍ ടെക്ക് (Pfizer Bio NTech ) ലെ സയന്റിസ്റ്റും ഫൈസര്‍ കോവിഡ് വാക്‌സീന്റെ ക്ലിനിക്കല്‍ ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ളവരില്‍ ഒരാളുമായ ബിനു കൊപ്പാറ പറഞ്ഞു. 

കോവിഡ് വാക്‌സീന്‍ മൂലം ആര്‍ക്കും വന്ധ്യതയുണ്ടാകില്ല എന്നാല്‍ കോവിഡ് വൈറസ് ബാധിച്ചാല്‍ വന്ധ്യത സംഭവിച്ചേക്കാമെന്നും ബിനു ചൂണ്ടിക്കാട്ടി. അതുകൊണ്ട് വന്ധ്യത വരുമെന്ന് ഭയപ്പെട്ടിരിക്കുന്നവര്‍ കോവിഡ് ബാധിച്ചാല്‍ വന്ധ്യത ഉണ്ടായേക്കാവുന്ന സാധ്യത മുന്നില്‍ കണ്ട് വാക്‌സീന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

വന്ധ്യത മാത്രമല്ല കോവിഡ് പല വൈകല്യങ്ങള്‍ക്കും കാരണമാകും: ഡോ. കല ഷഹി 

കോവിഡ് വൈറസ് ബാധയുടെ അനന്തരഫലമായി വന്ധ്യത മാത്രമല്ല പല വൈകല്യങ്ങളും സംഭവിക്കാമെന്ന് ഡോ.കല ഷഹി പറഞ്ഞു. കോവിഡ് വൈറസ് മനുഷ്യ കോശങ്ങളെ നശിപ്പിക്കുക വഴി പല അന്തരകീയവയവങ്ങളിലെയും കോശങ്ങളെ നശിപ്പിക്കാറുണ്ട്. പ്രത്യേകിച്ച് രക്തധമനികളെയാണ് ഇത് സാധാരണയായി കൂടുതല്‍ നശിപ്പിക്കുക. ടെസ്റ്റിസിലേക്കുള്ള ഞരമ്പുകളുടെയും രക്തധമനികളുടെയും കോശങ്ങളെ നശിപ്പിക്കുമ്പോള്‍ ഈ രക്ത ധമനികളിലൂടെ രക്തത്തിന്റെ ഒഴുക്ക് ദുര്‍ബലപ്പെടുന്നു. 

മാത്രമല്ല കോവിഡ് വൈറസ് ശ്വാസ കോശത്തെയോ കരളിനെയോ തലച്ചോറിനേയോ ബാധിച്ചാലും അത് വന്ധ്യത കാരണമാകുന്ന പാര്‍ശ്യ ഫലങ്ങള്‍ക്ക് കാരണമായേക്കാം. ഈ അവയവങ്ങളിലൂടെയുള്ള രക്തധമനികള്‍ക്ക് ക്ഷതമേറ്റാല്‍ റെസ്റ്റോസ്റ്റീറോണ്‍ ഉദ്പാദനത്തെ പ്രതികൂലമായി ബാധിക്കുക വഴിയും വന്ധ്യതയ്ക്കു കാരണമാകാം. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം തെറ്റായ വിവരങ്ങള്‍ക്ക് വശംവദരാകാതെ ലഭ്യമായ വാക്‌സീന്‍ സ്വീകരിക്കാന്‍ തയ്യാറാക്കുകയാണ് വേണ്ടതെന്നും ഡോ. കല വ്യക്തമാക്കി.

കോവിഡ് വാക്‌സീന്‍ മാത്രമല്ല മറ്റെല്ലാ വാക്‌സീനുകളെയും വന്ധ്യതയുമായി ചില ക്ഷുദ്ര ശ്കതികള്‍ ബന്ധപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായിയെന്ന് ഡോ. ജോസഫ് പാച്ചേരില്‍ വ്യക്തമാക്കി. കേരളത്തിലെ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടയാളുകളുടെ ജനസംഖ്യ കുറയ്ക്കാന്‍ വേണ്ടി വാക്സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്ക പോലുള്ള രാജ്യങ്ങള്‍ വാക്‌സീനുകളില്‍ വന്ധ്യതയ്ക്കു കാരണമാകുന്ന ചില മരുന്നുകള്‍ ചേര്‍ക്കാറുണ്ടെന്ന് ചില കുപ്രചാരണങ്ങള്‍ക്ക് വലിയ വിലയാണ് നല്‍കേണ്ടി വന്നത്. 

ആറു വര്‍ഷം മുന്‍പ് ഇത്തരം പ്രചാരങ്ങളെ തുടര്‍ന്ന് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച പല കുഞ്ഞുങ്ങളിലും മന്ത്, മലേറിയ, തുടങ്ങിയ രോഗങ്ങള്‍ കണ്ടു തുടങ്ങിയെന്നും ഡോ. ജോസഫ് പറഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് ഇവരെ വാക്‌സിനേറ്റ് ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MRNA വാക്‌സീനുകള്‍ ജനിതകമാറ്റം വന്ന വൈറസുകളെയും പ്രതിരോധിക്കും

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെ പൂട്ടാനും ഫൈസര്‍ പോലുള്ള MRNA വാക്‌സീനുകള്‍ക്ക് കഴിയുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതായി ബിനു കൊപ്പാറ പറഞ്ഞു. എല്ലാ വാക്സിനുകളുടെയും പൊതുവായ പ്രവര്‍ത്തന ഫലം (efficay) 50 ശതമാനമാണ്. എന്നാല്‍ ഫൈസര്‍, മഡേണ തുടങ്ങിയ വാക്‌സീനുകളുടെ 94 ശതമാനമാണ്. ജോണ്‍സണ്‍ ആന്‍ഡ് ആന്‍ഡ് ജോണ്‍സണ്‍ 70 ശതമാനവുമാണ്. 

ഇത്രയേറെ പ്രവര്‍ത്തന ഫലമുണ്ടായിട്ടുള്ള ഒരു വാക്‌സീന്‍ ഇതിനു മുന്‍പ് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഗര്‍ഭിണികള്‍ നിരബന്ധമായും വാക്‌സീന്‍ എടുക്കണമെന്ന് ബിനു നിര്‍ദ്ദേശിച്ചു. അങ്ങനെ വരുമ്പോള്‍ അമ്മയില്‍ നിന്ന് ലഭിക്കുന്ന മുല പാലിലൂടെ ഗര്‍ഭസ്ഥ ശിശുവിന് വാക്‌സീന്‍ ലഭ്യമാകും.

കോവിഡുമായി ജീവന്മരണ പോരാട്ടം നടത്തിയ അനുഭവവുമായി ഡോ കല ഷഹി 

2020 വര്‍ഷം കോവിഡ് വര്‍ഷമായി ചരിത്രം സാക്ഷ്യപ്പെടുത്തുമെന്നു പറഞ്ഞ ഡോ കല ഷഹി താന്‍ കോവിഡുമായി നടത്തിയ ജീവന്‍ മരണ പോരാട്ടത്തെക്കുറിച്ചു വിശദീകരിച്ചു. കോവിഡ് വരുക എന്ന് പറയുന്നത് ഒരു തമാശയായി കാണരുതെന്ന് പറഞ്ഞ ഡോ. കല താന്‍ അനുഭവിച്ച യാതനകളും വേദനകളും വിശദീകരിച്ചു. രണ്ട് അര്‍ജന്റ് കെയര്‍ സെന്ററുകളില്‍ ജോലി ചെയ്യ്തപ്പോള്‍ എല്ലാ വിധ തയാറെടുപ്പുകളോടെയുമാണ് ജോലി ചെയ്തത്. 

എല്ലാ സുരക്ഷാ സംവീധാനത്തോടെയും ദിവസേന നിരവധി കോവിഡ് രോഗികളുമായി അടുത്തിടപഴകിയെങ്കിലും തനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഒരു മാളില്‍ ഷോപ്പിംഗിനു പോയതാണ് എല്ലാത്തിനും കാരണമായത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ തനിക്ക് ശരീര വേദനയും പനിയും അനുഭവപ്പെട്ടു. പിന്നീട് ശക്തമായ ശ്വാസ തടസം ഉണ്ടായി. 

ശ്വാസം വലിക്കാന്‍ കഠിനമായ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ ആംബുലന്‍സ് വിളിച്ച് ഇ ആറില്‍ പോയി. പോകും വഴി താന്‍ തന്റെ ജീവിതത്തിന്റെ അവസാന യാത്രയായിരിക്കും ഇതു എന്ന് വരെ ചിന്തിച്ചിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് ഒരു തമാശകളിയല്ല. കണ്‍മുന്‍പില്‍ വാക്സിന്‍ ലഭ്യമാണെങ്കില്‍ ഉടന്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ നിരാകരിക്കുക വഴി ജീവിതം അപകടത്തിലാക്കരുതെന്നും ഡോ.കല ഉത്ബോധിപ്പിച്ചു.

എല്ലാവരും വാക്‌സീന്‍ എടുത്തെങ്കില്‍ മാത്രമേ സമൂഹത്തില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റി ഉണ്ടാകുകയുള്ളൂ.സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ വാര്‍ത്തകളില്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രമെ വിശ്വസിക്കാന്‍ പാടുള്ളൂ.

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍ കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി  ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക