Image

പുരാതന കിന്നരം (കവിത : രമണി അമ്മാൾ )

Published on 10 March, 2021
പുരാതന കിന്നരം (കവിത : രമണി അമ്മാൾ )
മാമ്പഴം ചെത്തിപ്പൂളുന്നേരം 
മെത്തപ്പൂളെനിക്ക്,
കോടാലിപ്പുളെനിക്ക്, 
മാങ്ങാണ്ടിയെനിക്കെന്നു
കൈ നീട്ടി ഞങ്ങൾ
ചുറ്റും കൂടുമ്പോൾ...
മെത്തപ്പൂളു ചെറുതാക്കി,
കോടാലിപ്പൂളു വലുതാക്കി, മാങ്ങാണ്ടിയിലല്പം 
ദശയും  നിലനിർത്തി, 
എത്ര വിദഗ്ധമായമ്മ പങ്കുവയ്ക്കൽ നടത്തി..

മീനിൻ 
വാൽക്കഷണമേ 
വേണ്ടൂവൊരാൾക്ക്
നടുക്കഷണം മതി മറ്റൊരാൾക്ക്.
ഇനിയൊരാൾക്കോ..!
മീൻ നെടുകേ കീറീട്ട്
കുറുകെ മുറിച്ച്..
വാലെന്നോ തലയെന്നോ
ഇടഭാഗമെന്നോ 
തിരിച്ചറിയാപ്പാകത്തിൽ
വറുത്തെടുത്ത്
എത്ര വിദഗ്ദമായമ്മ 
പങ്കുവയ്ക്കൽ നടത്തി..

സ്നേഹവും കരുതലുമതുപോലെ.. !
ആർക്കുമധികമാവാതെ
ആർക്കും തരിയും കുറഞ്ഞു പോവാതെ 
തല്ലും തലോടലും
ഒരേ കയ്യാലളന്ന്
പരാതിയില്ലാതെ 
പങ്കുവയ്ക്കാനീ ഭൂവിൽ 
അമ്മയോളംപോന്ന മറ്റൊരാളുണ്ടോ..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക