-->

America

കോർപ്പറേറ്റ് ഗോഡസ്സ് - നോവൽ ആരംഭിക്കുന്നു..

Published

on

ഏറെ പ്രത്യേകതകളുളള ദിവസം, പറഞ്ഞറിയിക്കാൻ കഴിയാത്ത നിർവൃതി. തൻ്റെ ന്യൂസ് ചാനൽ ഇന്ന് മൂന്ന് വർഷം തികയ്ക്കുകയാണ്.
സ്വയം പ്രശംസിക്കാൻ തോന്നുന്ന നിമിഷങ്ങൾ ...
തെളിഞ്ഞ ആകാശം. ആകാശത്തുനിന്നും ഇളംനീല നിറമുള്ള മേഘത്തുണ്ടുകൾ താഴേയ്ക്കിറങ്ങിവരുന്നതു പോലെ. ചിങ്ങപ്പുലരി കൂടിയാണിന്ന്. കർക്കിടകത്തിന്റെ മൂടലും, മഴയും മാറി. കേരളക്കരയെ പൂക്കളുടെ സൗരഭ്യത്താൽ മത്തുപിടിപ്പിക്കുന്ന ചിങ്ങ നാളുകൾ...
തരംഗം TV ചാനലിന്റെ കോർപ്പറേറ്റ് കെട്ടിടത്തിനു ചുറ്റും പുൽത്തകിടി. അങ്ങിങ്ങായി ചെറിയ കുളങ്ങളിൽ പല നിറത്തിലുള്ള ആമ്പലുകൾ
പുഞ്ചിരിപൊഴിക്കുന്നു.
വെള്ളയും വയലറ്റും നിറമുള്ള ആമ്പലുകളാണു കൂടുതലും..
എങ്ങും ഉത്സാഹത്തിമിർപ്പുകളുടെ അലയൊലികൾ.
ഓണം, ഇങ്ങെത്തിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേകത അന്തരീക്ഷത്തിൽ സൃഷ്ടിക്കാൻ കഴിയും, എല്ലാ മുഖങ്ങളിലും സന്തോഷം പകർന്നു കൊടുക്കാനും...
ഒരു സ്ത്രീ, മേധാവിയായിട്ടുളള ന്യൂസ് ചാനൽ കേരളത്തിൽ തുടങ്ങാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഭൂരിപക്ഷവും പ്രതികൂലമായാണ് സംസാരിച്ചത്. അവരുടെ എതിർപ്പുകളാണ് യഥാർത്ഥത്തിൽ ഇങ്ങനെയൊരു സംരംഭം തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചത്.
വെല്ലുവിളികളാണല്ലോ നമ്മെ വളർത്തുന്നത്.

വെള്ളിയാഴ്ചകളിൽ വൈകുന്നേരം ഏഴുമുതൽ ഒൻപതുവരെയുള്ള
" നിങ്ങൾ അറിയാത്ത ഞാൻ " എന്ന ടോക്ക് ഷോയാണ് തരംഗം ന്യൂസ് ചാനലിന്റെ പ്രധാന ഹൈലൈറ്റ്..
TRP റേറ്റിംഗിൽ വളരെ മുന്നിൽ നിൽക്കുന്ന പ്രോഗ്രാം .
ഇന്നതിന്റെ നൂറാമത്തെ എപ്പിസോഡാണ് . അതിഥിയായി എത്തുന്നത്
യുവ വ്യസസായ പ്രമുഖൻ, ഇന്ത്യൻ സിവിൽ സർവിസിൽ ആദ്യ ശ്രമത്തിൽ തന്നെ IPS വാങ്ങി സ്വന്തം നാട്ടിൽ Deputy Superintendent of Police ആയി തുടക്കംകുറിച്ചയാൾ. പിതാവിന്റെ മരണത്തോടെ ജോലി വേണ്ടെന്നുവെയ്ക്കുകയും വ്യസായത്തിലേക്കു തിരികെയെത്തുകയും ചെയ്തു. സ്വന്തമായി മദ്യനിർമ്മാണശാലയുണ്ട്. കൂടാതെ, കെട്ടിട നിർമ്മാണം, സിമന്റ് ഫാക്ടറി തുടങ്ങിയ ബിസിനസ്സു തലങ്ങൾ വേറെയും...മഹാദേവ് ഗ്രൂപ്പിനില്ലാത്ത വ്യവഹാരങ്ങൾ ഒന്നും തന്നെയില്ല.
ഇതൊന്നും തനിക്കു ചേരുന്ന പണിയല്ലായെന്നു പറഞ്ഞു മാറി നിന്ന ഗിരിധർ മഹാദേവൻ കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് തന്റേതുമാത്രമായ ഒരു അടയാളം, ബിസിനസ്സ് ലോകത്തു കോറിയിട്ടു.
അടുത്തുവരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥി കൂടിയാണ് ഗിരിധർ. ഇയാളെപ്പറ്റി ഇതുവരെ ഒരപവാദവും കേട്ടിട്ടില്ല.. സദാചാരനിഷ്ഠയിൽ നിന്നും വ്യതിചലിക്കാത്ത സവിശേഷ വ്യക്തിത്വം.

പതിവായി ഈ പ്രോഗ്രാം നടത്തുന്നത് അലക്സായിരുന്നു.
അഭിമുഖ സംഭാഷണങ്ങളിലെ സിംഹം , വാക്ചാതുര്യംകൊണ്ട് എല്ലാവരേയും തൻ്റെ മുന്നിൽ ഉത്തരംമുട്ടിക്കുന്നയാൾ..

പക്ഷെ, ഇന്ന് മഹാഗൗരി, തരംഗം ചാനലിന്റെ സി.ഇ.ഒ. ആണ് ടോക്ക് ഷോ നയിക്കുവാൻ പോകുന്നത്. .

മഹാഗൗരി കസേരയിൽ ഒന്നമർന്നിരുന്നു.
എഴുതിവെച്ച ചോദ്യങ്ങളിൽ ഒന്നുകൂടി കണ്ണോടിച്ചു . പതിവുള്ള പാശ്ചാത്യ വസ്ത്രധാരണം മാറ്റി തനി മലയാളമങ്കയെപ്പോലെ കസവുകരയുള്ള ബാലരാമപുരം കൈത്തറി സാരി, ചുവപ്പും പച്ചയും ഇടകലർന്ന ഡിസൈനർ ബ്ലൗസ്, കാതിൽ വലിപ്പമുള്ള ജിമിക്കി, നീണ്ട പൊട്ടും ചന്ദനക്കുറിയും ...
പക്ഷെ അവൾക്കു ചന്ദനത്തിന്റെ നിറമായതുകൊണ്ടു ചന്ദനം എടുത്തുകാണിക്കുന്നില്ല. കഴുത്തിൽ ഒന്നും ഇടാൻ തോന്നിയില്ല. നഗ്നമായ നീണ്ടകഴുത്ത് ഒരു ഭംഗിയാണ്. ഈ കണ്ഠനാളത്തിൽ നിന്നും നഗ്നസത്യങ്ങൾ മാത്രം പുറത്തു വരട്ടെ. സഹപ്രവത്തകർ കരുതിയത്, മൂന്നാം വാർഷികത്തിന്റെ ഒരുക്കമാണിതെന്നാണ്.

അതല്ല , ഇന്ന്, ഈ രാത്രി ഗിരിധർ മഹാദേവൻ ഉറങ്ങാൻ പാടില്ല. അയാളുടെ ചിന്തകളിൽ ഈ ദിവസം എന്നും ഉണ്ടാവണം.
ന്യൂസ് മോങ്ങേഴ്സ് കഥകൾ മെനയണം,
TRP റേറ്റിംഗ് കഴിഞ്ഞ പ്രോഗ്രാമിനെ മറികടക്കണം.
തിങ്കളാഴ്ച രാത്രി ഇത് പുനഃപ്രക്ഷേപണം ചെയ്യുമ്പോൾ വീണ്ടും ജനം കാണണം. മനസ്സു പതുക്കെ പറഞ്ഞു
" അതിമോഹം ആണെങ്കിൽ ക്ഷിമിക്കണേ ഭഗവാനെ "
"ആഗ്രഹിക്കാമല്ലോ, അതിനെന്താ കുഴപ്പം ?"

ഭിത്തിയിൽ പിടിപ്പിച്ചിരുന്ന CCTV യിൽ അയാൾ വന്നിറങ്ങുന്നതു കാണാം. മുൻപിലും , പിൻപിലും വണ്ടികൾ. കൂടെ അംഗരക്ഷകരായ തോക്കുധാരികൾ.
പുതിയ മിഡ്നൈറ്റ് ബ്ളൂ
ബി. എം. ഡബ്ള്യു..
വാതിൽ തുറന്നുകൊടുക്കുന്ന സെക്യൂരിറ്റി,
ജനസേവകനാവാൻ പോകുന്ന ഓരാളിന് ഇത്രയധികം അകമ്പടിയോ? ജീവിക്കാൻ ഇവർക്കൊക്കെ ഇത്രയും കൊതിയോ ?
ഇന്റർകോമിൽ മഹാഗൗരി PRO , രൂപിണിയെ വിളിച്ചു.
" അയാളെത്തി, ഒന്ന് പോയി സ്വീകരിക്കൂ ,
ഞാൻ ഇപ്പോൾ വരുന്നില്ല , ഇന്റർവ്യൂ സമയത്ത് മാത്രം അയാളെന്നെ കണ്ടാൽ മതി "
VIP റൂമിൽ എല്ലാ സൗകര്യങ്ങളും ഉണ്ടല്ലോ ? ടേക്ക് ഗുഡ് കെയർ ഓഫ് ഹിം"
സമയം 6 .55 കൗണ്ട് ഡൗൺ ആരംഭിക്കുന്നു . അവൾ പതുക്കെ എഴുന്നേറ്റു, സാരി നേരെയാക്കി. ഗീത വന്നു ടച്ചപ്പ് ചെയ്തു.
ഗീതയുടെ കണ്ണുകളിൽ തന്നോടുളള ആരാധന നിഴലിച്ചു.
തൻ്റെ സ്റ്റൈലിസ്റ്റാണ്. കഴിഞ്ഞ മൂന്നു വർഷമായി കൂടെയുണ്ട്..അവളുടെ കൈകളാൽ മഹാഗൗരി കൂടുതൽ സുന്ദരിയായിരിക്കുന്നു. ഇന്നത്തെ പ്രോഗ്രാം കഴിയുമ്പോൾ, സ്ത്രീകൾ ഈ വേഷവിധാനത്തെപ്പറ്റി ഉറപ്പായിട്ടും സംസാരിക്കും..

പതുക്കെ.... പതുക്കെ, അവൾ കൂടിക്കാഴ്ച്ചക്കുള്ള ഫ്ലോറിലേക്കു നടന്നു .

വലതുവശത്തുനിന്നും മഹാഗൗരിയും ഇടതുവശത്തുനിന്നും ഗിരിധർ മഹാദേവനും...വെളിച്ചം എല്ലായിടത്തും നിറഞ്ഞു .
സ്ത്രീ, എന്ന സങ്കോചം മാറ്റിവെച്ച് കൈനീട്ടി ഹസ്തദാനം ചെയ്യുകയാണ് സാധാരണ പതിവ് .
പക്ഷേ ഇന്ന് അതുണ്ടായില്ല. ഒരു നമസ്കാരത്തിൽ ഒതുക്കിയ അഭിവാദ്യം. .

" നിങ്ങൾ അറിയാത്ത ഞാൻ " എന്ന ടോക്ക് ഷോയിലേക്കു ഏവർക്കും
സുസ്വാഗതം. ഞങ്ങളുടെ, അല്ല, നിങ്ങളുടെ, അതുമല്ല, നമ്മുടെ ഈ ചാനൽ മൂന്നു വർഷങ്ങൾ തികയ്ക്കുന്ന, ഈ സുദിനത്തിൽ, ശ്രീ ഗിരിധർ മഹാദേവനെ നമ്മുടെ അതിഥിയായി കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. ഇദ്ദേഹത്തിന് ഒരു മുഖവുരയുടേയും ആവശ്യമില്ല, എന്നിരുന്നാലും നമുക്കറിയാൻ പാടില്ലാത്ത അദ്ദേഹത്തിൻ്റെ സ്വന്തം കാര്യങ്ങൾ ഈ വേദിയിൽ അദ്ദേഹം നമ്മളുമായി പങ്കുവെക്കും "
സ്വാഗതം , ശ്രീ ഗിരിധർ.
നമുക്ക്, ഇരുന്നു സംസാരിക്കാം "
പ്രസന്നവദനനായി ഗിരിധർ തലയാട്ടി സോഫയിൽ ഇരുന്നു. എതിരെയുള്ള സോഫയിൽ മഹാഗൗരിയും .
"താങ്കളുടെ കുടുംബ പശ്ചാത്തലം ഒന്നു വിവരിക്കാമോ, എല്ലാവർക്കും അറിയാം, എങ്കിലും , "
ഗിരിധർ സംസാരിച്ചുതുടങ്ങി;
" ഇന്ന് ഇവിടെ വരാൻ സാധിച്ചത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു ,
ശ്രീ അലക്സിന് പകരം, ചാനലിന്റെ CEO തന്നെ നേരിട്ട്, എന്നെക്കുറിച്ച് ചോദിച്ചറിയാൻ വന്നതും, ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയുമായി വേദി പങ്കിടാൻ സാധിച്ചതും എൻ്റെ ഭാഗ്യമായി ഞാൻ കരുതുന്നു. "
അയാൾ അവളെ കണ്ണുകൊണ്ട് ആവാഹിച്ചതുപോലെ തോന്നി .
"ഞാൻ ജനിച്ചതും, വളർന്നതും നമ്മുടെ തലസ്ഥാന നഗരിയിൽ. അച്ഛൻ മഹാദേവൻ, അമ്മ ലളിതാംബിക, രണ്ടുപേരും ഇന്നില്ല. ഒരു സഹോദരി ചിത്ര, കുടുംബസഹിതം അമേരിക്കയിൽ.
പഠനം,
പത്തുവരെ വീടിനടുത്തുളള കോൺവെന്റ് സ്കൂളിൽ. കോളേജ് പഠനം ചെന്നൈയിൽ, സിവിൽ സർവീസ് കോച്ചിങ്ങ്
ഡൽഹിയിലായിരുന്നു.
ആദ്യ പോസ്റ്റിങ്ങ് തിരുവന്തപുരത്തു തന്നെ കിട്ടി. പക്ഷേ അച്ഛന്റെ മരണശേഷം ജോലി രാജിവെക്കേണ്ടി വന്നു "
" ഇത്രയും , കഷ്ടപ്പെട്ട് പഠിച്ച ജോലി വേണ്ടെന്നു വെച്ചപ്പോൾ വിഷമം തോന്നിയില്ലേ ?"

" തീർച്ചയായും, പക്ഷേ, സാഹചര്യങ്ങൾ ചിലപ്പോൾ നമ്മളെക്കൊണ്ട് ഇഷ്ടമുള്ള പലതും വേണ്ടെന്നു വെപ്പിക്കും "
" വിവാഹിതനാണോ ?"
" ആയിരിന്നു , ഇപ്പോൾ, അല്ല "
പെട്ടെന്നാണ് അവൾ ആ ചോദ്യം ചോദിച്ചത്.
" വണ്ടി ഓടിക്കുമോ ?"
" തീർച്ചയായും , എൻ്റെ ഇരുപതുകളിൽ കാർ റേസിംഗ് ഒരു പാഷൻ ആയിരിന്നു.
ഇഷ്ടവിനോദം എന്നുതന്നെ പറയാം"
" നമ്മുടെ സ്റ്റുഡിയോയിലേക്ക് വന്നത് സ്വയം കാറോടിച്ചാണോ ?"
" സിറ്റിയിൽ ഞാൻ ഇപ്പോൾ കാർ ഓടിക്കാറില്ല. ഡ്രൈവർ ആണ് ഓടിച്ചത്"
" ഡ്രൈവറുടെ പേരെന്താ ?"
" പേര് ...,.ഗിരി"
ഗിരിധർ
ഒന്ന് അസ്വസ്ഥനായെന്നു തോന്നി.
കിരീടം വെയ്ക്കാത്ത രാജാക്കന്മാർ ചോദ്യം ചെയ്യപ്പെടുമ്പോൾ അവർക്കു തോന്നുന്ന ഒരു ചേതോവികാരം മുഖത്തു കാണപ്പെട്ടു .
" കമ്പനിയിൽ കുറെ ഡ്രൈവേഴ്സ് ഉണ്ട് , ഒരാളായിരിക്കില്ല ദിവസേന വരുന്നത് "
ശരി , ദേ നോക്കൂ ആരാണ് , നിങ്ങളോട് സംസാരിക്കാൻ വന്നിരിക്കുന്നതെന്ന് "
പുറകിലുള്ള വലിയ സ്ക്രീനിൽ ഒരാൾ വന്നു..
" ഹായ്.. ഗിരി , ഞാൻ പീറ്റർ , എന്നെ ഓർമ്മയുണ്ടോ ? ഒന്നാം ക്ളാസുമുതൽ പത്താം ക്ലാസ്സു വരെ നമ്മൾ ഒന്നിച്ചായിരുന്നു "
മഹാഗൗരി അയാളെ തന്നെ ശ്രദ്ധിയ്ക്കുകയായിരുന്നു, പീറ്ററിനെ അയാൾ തിരിച്ചറിഞ്ഞിട്ടില്ല,
എന്നാലും ,
" പീറ്റർ സുഖമായിരിക്കുന്നുവോ ? "
" സുഖം, ഗിരി നമ്മുടെ നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയാണെന്നറിഞ്ഞതിൽ സന്തോഷം.
എല്ലാ ഭാവുകങ്ങളും "
അയാൾ വല്ലാതെ വിയർക്കാൻ തുടങ്ങി, മേശമേലിരുന്ന ഗ്ലാസിൽ നിന്നും വെള്ളമെടുത്തു കുടിച്ചു. പതുക്കെ അയാൾ നെഞ്ചിൽ കൈവെച്ചു, കൈയിലേക്കു വേദന പടരുന്നപോലെ. ഹൃദയമിടിപ്പ് ക്രമരഹിതമായി.
എന്നാലും സമചിത്തത കൈവിടാതെ അയാളിരിന്നു .
" ഇപ്പോൾ തനിയെ ആണ് ജീവിതം, എന്നല്ലേ പറഞ്ഞത് "?
" അതെ "
" വീട്ടിലെ കാര്യങ്ങളൊക്കെ ആരാണ് നോക്കുന്നത് ?"
ഇവളെന്താ... എന്നെ ഇവിടെ വിളിച്ചുവരുത്തിയത് അടുക്കളക്കാര്യം അന്വേഷിക്കാനാണോ ? അയാളോർത്തു .
"സി.ഇ.ഒ. എന്നൊക്കെ പറഞ്ഞപ്പോൾ കഴമ്പുള്ള ഇന്റർവ്യൂ ഞാൻ പ്രതീക്ഷിച്ചു "

" ചാരിറ്റി ബിഗിൻസ് അറ്റ് ഹോം എന്നല്ലേ പറയുന്നത് ?' സാമൂഹിക പ്രവർത്തനം തുടങ്ങുന്ന സമ്പന്നർ, അവരുടെ സാമൂഹിക പ്രതിജ്ഞാബദ്ധത ജനം അറിയുന്നത് നല്ലതാണെന്നു തോന്നി .
നമ്മളുടെ പ്രോഗ്രാമിന്റെ പേരും അങ്ങനെയല്ലേ...
" നിങ്ങൾ അറിയാത്ത ഞാൻ"
നമ്മുടെ ക്രൂ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ എത്തിയിട്ടുണ്ട്.

" കൂടെ നിൽക്കുന്നവരെ ഞങ്ങൾക്കൊന്നു പരിചയപ്പെടുത്തൂ "

പെട്ടെന്നാണ് ഗിരിധർ , നെഞ്ചിൽ കയ്യമർത്തിക്കൊണ്ടു കുഴഞ്ഞുവീണത് .

എല്ലാം പെട്ടെന്നായിരുന്നു. ആംബുലൻസ് വന്ന് അയാളെ ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം ചാനൽ ക്രൂവും പോയി. എല്ലാം ലൈവായി സംപ്രേഷണം തുടർന്നുകൊണ്ടിരുന്നു.

 

ഗിരിധർ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ, അയാളുടെ മുൻകാല

വൈദ്യപരിശോധനയും, ചികിത്സാസംബന്ധിയായ വിവരങ്ങളും അറിയാൻ വേണ്ട ഏർപ്പാടുണ്ടാക്കിയിരുന്നു.

കാരണം, ഈ ഇന്റർവ്യൂവിന്റെ അസുഖകരമായ സമാപ്തി, ചോദ്യങ്ങൾ കൊണ്ട് അയാളെ ബുദ്ധിമുട്ടിച്ചതിനാലാണെന്ന പരാതി ഉറപ്പായും

അനുയായികളും അഭ്യുദയകാംക്ഷികളും ഉന്നയിക്കും.. .അയാൾക്ക് നേരെത്തെ തന്നെ അസുഖം ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്കണം.

ആശുപത്രിയിൽ നിന്നും അപ്പോഴപ്പോഴുള്ള വിവരങ്ങൾ സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. ഭാഗ്യത്തിന് സിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ്, ചാനൽ പ്രോഗ്രാം പ്രൊഡ്യൂസറുടെ ഭർത്താവായിരിന്നു., ഗിരിധർ അപകടഘട്ടം തരണം ചെയ്തുവെന്നും, നേരെത്തെതന്നെ അവിടെ ചികിൽസയിലായിരുന്നുവെന്നുമുള്ള കാര്യങ്ങൾ പുറത്തായപ്പോൾ മഹാഗൗരിക്കു സമാധാനമായി.

സ്റ്റെന്റ് രണ്ടെണ്ണം ഇടേണ്ടി വന്നു . നാലുദിവസങ്ങൾക്കകം വീട്ടിൽ പോകാമെന്നുള്ള വാർത്ത വന്നപ്പോൾ മഹാഗൗരി വീട്ടിലേക്കു മടങ്ങാനൊരുങ്ങി.

ഗിരിധറിൽ നിന്നും തത്ക്കാലം മറ്റു വിഷയങ്ങളിലേക്ക് ചാനൽ മാറി ..

പക്ഷെ ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ വലിയ ചർച്ചക്ക് വഴിതെളിച്ചു.

ആരാണ് മഹാഗൗരി ?എന്തിനാണ് സി. ഇ. ഒ ആയ

അവരുതന്നെ അഭിമുഖസംഭാഷണം നടത്തിയത് ?

ഒരുപാട് ചോദ്യങ്ങൾ ....

ഗൗരിയും ഗിരിയും പണ്ട് കമിതാക്കൾ ആയിരിന്നുവെന്നുവരെ ജനം ചിന്തിച്ചുകൂട്ടി. പക്ഷെ ആർക്കും ഒരുത്തരവും കിട്ടിയില്ല.

വെറും പതിനഞ്ചു മിനിറ്റ് നടത്തിയ സംഭാഷണം ക്ഷണനേരം കൊണ്ട് വൈറൽ ആയി , സമൂഹമാധ്യമം അവരെ വിലയിരുത്തി, ചിലർ ഗൗരിയെ കുറ്റപ്പെടുത്തി. കൂടതൽപേരും ഹൃദയസ്തംഭനത്തെ അയാളുടെ

തന്ത്രമായി വ്യാഖ്യാനിച്ചു .

വീട്ടിൽ ചെന്നുകയറിയതും ചിറ്റ ഓടി വന്നു ,

" കണ്ണമ്മാ.. എന്താ പതിവില്ലാതെ നീ ഇന്റർവ്യൂ ചെയ്തത് ?"

" പഴയ പണിയല്ലേ , മറന്നോ എന്നൊന്ന് നോക്കിയതാ .."

" അയാൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ അറിയാമായിരുന്നു വിവരം. അയാൾക്കായിട്ടു ഞാനൊരു നെയ് വിളക്ക് നേർന്നു. ഇത്രനേരവും ഞാൻ പ്രാർത്ഥിക്കുകയായിരിന്നു ."

" അയാൾക്കായിട്ടു ചിറ്റ എന്തിനാ പ്രാർത്ഥിക്കുന്നത് ? , ജനം മുഴവനും കണ്ടതല്ലേ നടന്നത് ."

" അതൊക്കെ ശരിയാ കണ്ണമ്മാ , എന്തോ പ്രാർത്ഥിക്കാൻ തോന്നി , എൻ്റെ കുട്ടിയല്ലേ അയാളെ ഇന്റർവ്യൂ ചെയ്തത് അതാണ് പേടി വന്നത് "

" കാപ്പി കുടിക്കുന്നോ അതോ അത്താഴം വേണോ ?"

" ഒരു കാപ്പി മതി , കഞ്ഞി പിന്നെ കുടിക്കാം"

അവൾ മുറിയിലേക്ക് പോയി, സാരി മാറി, വയലറ്റ് ബോർഡറുള്ള വെള്ള പട്ടുപാവാടയും വയലറ്റ് ബ്ലൗസുമിട്ടു,. പ്രായം മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നാലും... സന്തോഷത്തിന്റെ ദിവസങ്ങളിൽ, അവൾ പട്ടുപാവാട ധരിക്കും.. പിന്നെ ഇടതു കാലിൽ ഒരു കൊലുസ്സും...

കൊലുസ്സുകളിൽ ഒരെണ്ണം കുറേ വർഷങ്ങൾക്കു മുൻപേ കളഞ്ഞു പോയതാണ്.

ഒറ്റക്കാലിലാണെങ്കിലും അതിടുമ്പോൾ നന്ദയെ ഓർമിക്കും... മറന്നിട്ടില്ല, മറക്കില്ല , മറന്നിട്ടു വേണ്ടേ ഓർക്കാൻ ?

അവൾ തന്നെ ഇറുക്കി ചുറ്റിപിടിച്ചിരിക്കുന്നതു പോലെ.

പത്താംക്ലാസിൽ നല്ല മാർക്കുവാങ്ങി ജയിച്ചപ്പോൾ അവളുടെ കാലിൽ കിടന്ന ഒരുപാട് മണികളുള്ള കൊലുസ്സൂരി, തന്റെ കാലിൽ ഇട്ടുതന്നതാണ്.

നന്ദയെപ്പറ്റി ഓർമ്മിക്കുമ്പോൾ കൈയ്യിൽ കത്തിക്കൊണ്ടിരിക്കുന്ന ഒരു മെഴുകുതിരി പിടിക്കുന്നപോലെയാണ്. എപ്പോഴോ ഉരുകിത്തീർന്നു. തൻ്റെ കൈ അത് പൊള്ളിച്ചു. വെളിച്ചം എപ്പോഴേ അണഞ്ഞു കഴിഞ്ഞു. ഇരുട്ടിൽ അതിന്റെ ശേഷിപ്പ് ...നെഞ്ചോട് ചേർത്തുവെച്ചു . വിട്ടുകൊടുക്കാൻ വയ്യാതെ ....

 

താഴേക്ക് ഇറങ്ങിവന്നപ്പോൾ ചിറ്റ ചോദിച്ചു

" എന്താ ഇന്ന് സന്തോഷമോ അതോ സങ്കടമോ ?"

സമ്മിശ്രം .

നിനക്കാ ഗിരിധറിനോടു എന്തെങ്കിലും വൈരാഗ്യം ഉണ്ടോ ?"

" അങ്ങനെ തോന്നിയോ ?"

" ഉം "

" അത് വെറും തോന്നലാണു

കേട്ടോ .."

അവൾ ചിറ്റയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ടു മുകളിലേക്ക് പോയി .

ചിറ്റയുടെ കാപ്പി എനിക്ക് എനർജി തന്നു,

കുറച്ചു പണികൂടിയുണ്ട്, തീർത്തിട്ട് വരാം "

അച്ഛനും അമ്മയും മരിച്ചതിനു പിറകേ, കുട്ടികളില്ലാത്ത ചിറ്റയുടെ, ഭർത്താവും പോയി. . നാട്ടിലേക്ക് താമസം മാറിയപ്പോൾ മുതൽ ചിറ്റയാണ് കൂട്ട്. രണ്ടുപേർക്കും അത് നല്ലതായി .

"ദേ , ആ കമ്പ്യൂട്ടറിൽ കുത്തിക്കൊണ്ട് അവിടെത്തന്നെ ഇരുന്നുകളയരുത്., കഞ്ഞി തണുത്തുപോവും , ചുട്ടരച്ച ചമ്മന്തിയുണ്ട് "

" ചിറ്റ കഴിച്ചിട്ട് കിടന്നോ. ഞാൻ എടുത്തു കഴിച്ചോളാം.. "

മുറിയിൽ ചെന്നതും സെക്രട്ടറി ബ്രിന്ദയുടെ മെസ്സേജ് വന്നു

 

" ഗിരിധറിനെ മുറിയിലേക്ക് കൊണ്ടുവന്നു , അയാൾക്ക് ക്ഷീണമുണ്ട് പക്ഷെ അപകടനില തരണം ചെയ്തു ..
         തുടരും...

Facebook Comments

Comments

  1. Joy Abraham

    2021-03-13 13:52:00

    തുടക്കം അതീവഹൃദ്യം , ഒരു സസ്പെൻസോടെ നോവൽ ആരംഭിച്ചത് നന്നായി , തുടർവായനയ്ക്കു പ്രേരിപ്പിക്കുന്ന ഘടകം . ഭാവുകങ്ങൾ , പുഷ്പ്പം

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കൊ (കവിത: വേണുനമ്പ്യാർ)

ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)

മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)

സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)

ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)

പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)

മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)

മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)

കനലെരിയുമ്പോൾ (രേഖ ഷാജി)

ക്വാറന്റൈൻ (കവിത: ശിവൻ)

അമ്മ (കവിത: സുഭദ്ര)

ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)

ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )

അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)

അമ്മ (കവിത: ഡോ.എസ്.രമ )

അമ്മ (ജയശ്രീ രാജേഷ്)

വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)

അമ്മ നിലാവ് (രേഖ ഷാജി)

നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)

നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 45

അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9

നാടുകാണി (കവിത: മുയ്യം രാജന്‍)

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -10: കാരൂര്‍ സോമന്‍)

View More