Image

ജനുവരിക്കാറ്റ് (കവിത-മേരി ബിനോയ്‌)

Published on 18 March, 2021
ജനുവരിക്കാറ്റ് (കവിത-മേരി ബിനോയ്‌)

ആർദ്രമെൻ മാനസ മിന്നൊഴുകിയെത്തുന്നു...
മാന്തളിർ വിരിച്ചയാമൺപാതയിൽ..
മെല്ലെ...
മെല്ലെ പതിഞ്ഞയെൻ കാലടികൾ നോവിക്കാതിളം
തളിരിനിടയിൽ കുത്തി നടന്നതും
മണ്ണിൻ നനുത്ത മാറിൻ ഈർപ്പവും പേറി
ദുർഗ്ഗതന്നരുകിലണഞ്ഞതും...
തൊഴുകൈയ്യോടെ നിന്നെൻ
മനം കുളിർത്തതും....

മെല്ലെ പടിയിറങ്ങി.
താഴ് വരയാറ്റിൻ കരയിലിരുന്നാമ്പൽ
പൂവിൻ ശോണിമ കണ്ടതും..
ഋതുക്കളായ് ഓർമ്മയിൽ സൂക്ഷിച്ച
ദ്രവിച്ച സ്വപ്നങ്ങളുണർന്നതും...
പുതുമയാർന്നവയൊന്നായ് വീണ്ടും മെനഞ്ഞെടുത്തതും.

നിറയും മനസ്സിൻ നിറ-
ദീപമായ് തെളിയും സായംസന്ധ്യയും...
ഇന്നുമെനിൽ പെയ്തു നിൽക്കും
മഴച്ചാറലിൻ സംഗീതവും
രാപ്പാടി തൻ മൂളലും....
കൺചിമ്മി നിൽക്കും നക്ഷത്രങ്ങളും...
പിന്നെ,
ഓടി മറഞ്ഞവയും...
ഉള്ളിൽ മണിയറയ്ക്കുള്ളിൽപ്പാടിയാടി നടന്ന പാടങ്ങളും
പുസ്തക താളുകൾക്കുള്ളിൽ
മറന്ന മയിൽപ്പീലികളും...
കടം വാങ്ങിയ ചോക്കട്ട കല്ലുമനയും...
തടി മഷി കുഞ്ഞുങ്ങളും.
മഞ്ചാടിമുത്തു കൊരുത്ത മൊഞ്ചുള്ള മാലയും..
പിന്നെ കൊഴിഞ്ഞു പോയോരോ ദിനങ്ങളും...

ഒച്ചയുണ്ടാക്കി ചിരിച്ചിങ്ങെത്തും...
ജനുവരിക്കാറ്റേ നിൻ കൈകളിൽ തട്ടിയെൻ
മുടികൾ ചിന്നിയതും പാവാട തൻകുത്തഴിഞ്ഞ്
വഴിയിൽ നഗ്നയായ് തീർന്നതും..
കുട്ടികൾ പൊട്ടിച്ചിരിച്ചതും..
മിഴിനീരിനാൽ കരിമഷി പടർന്നെൻ
മുഖം കരുവാളിച്ചതും
മറന്നില്ല കാറ്റേ....
പിന്നെന്തിനീ മറവിൽ തൻ
കരിമ്പടത്തിനുള്ളിലൂടെത്തി നീയെന്നെ
വട്ടം പുണരുന്നു ചിരിക്കുന്നു
ഇനിയും പരിഹസിക്കയാണോ....?

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക