Image

മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ

Published on 19 March, 2021
മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ
ജനനി മാസികയുടെ ഓൺലൈൻ പതിപ്പ് ഉദ്ഘാടനം  ചെയ്ത്  സക്കറിയ നടത്തിയ പ്രസംഗം ശ്രദ്ധേയമായി.

'അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി പതിനായിരക്കണക്കിന് മലയാളികൾ ചിതറിക്കിടപ്പുണ്ടെന്ന് അറിയാം. എങ്കിലും, രാഷ്ട്രീയ-മത നിരപേക്ഷമായി ഒരു മാസിക ഇതുപോലെ കേരളത്തിൽ പോലും  കൊണ്ടുനടക്കാൻ കഴിയുമോ എന്ന് സംശയമാണ്. അമേരിക്കയിലെ പ്രവാസികൾക്ക് വേണ്ടി കഴിഞ്ഞ 21 കൊല്ലങ്ങളിലേറെയായി ധൈര്യപൂർവം ജനനി  മാസിക മുടക്കമില്ലാതെ അച്ചടിച്ചത് അഭിനന്ദനം അർഹിക്കുന്നു. കോവിഡ് മൂലം    ഒരു വര്‍ഷം മുടങ്ങിപ്പോയ മാസിക, ഡിജിറ്റൽ രൂപത്തിൽ പുനരാരംഭിക്കുന്നതിന്റെ വേദിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം. 

നാട്ടിൽ വിട്ടിട്ടുപോന്ന ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശമാകാം, നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. ഏത് പ്രതിസന്ധിയിലും മലയാളി എന്ന സ്വത്വത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനമായാണ് ഞാൻ ഇതിനെ മനസ്സിലാക്കുന്നത്.

മതം-ജാതി-രാഷ്ട്രീയം ഇവയാണ് നല്ലവരായ മലയാളികളുടെ മനസ്സിൽ പോലും വിദ്വേഷത്തിന്റെ വിഷം കുത്തിനിറയ്ക്കുന്നത്. ഓരോ മതത്തിന്റെയും അടിസ്ഥാനപ്രമാണങ്ങൾ പരിപാവനവും പരിശുദ്ധവും മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ളതുമാണ് .രാഷ്ട്രീയ പാർട്ടികൾക്കായാലും കൃത്യമായ പ്രത്യയ ശാസ്ത്രങ്ങളുണ്ട്. അതെങ്ങനെ വേണമെങ്കിലും നമുക്ക് സ്വീകരിക്കാം, തിരഞ്ഞെടുക്കാം. കാര്യങ്ങൾ സുതാര്യമാണ്. അവർ എങ്ങനെ ഭരണകൂടം രൂപീകരിക്കും,  ഭരണം കാഴ്ചവയ്ക്കും എന്നുള്ളത്  പിനീടുള്ള കഥ. ഞാൻ ജാതിവ്യവസ്ഥയിൽപ്പെടുന്ന ആളല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അത് ക്രിസ്ത്യാനിയായി ജനിച്ചതുകൊണ്ടല്ല.

മാധ്യമങ്ങൾ അവരുടെ നിസ്സഹായതകൊണ്ടോ നിലനിൽപ്പിനു വേണ്ടിയോ മത-രാഷ്ട്രീയ താല്പര്യങ്ങൾക്ക് വിധേയപ്പെടുന്നതാണ് ഇവിടെ കാണുന്നത്. ഉടമകളുടെ കോർപ്പറേറ്റ് താല്പര്യങ്ങളും ഒരു ഘടകമായിരിക്കാം. പല തരത്തിലാണ് അവർ വാർത്തകളെ സമീപിക്കുന്നത്. തലച്ചോറിൽ വിദ്വേഷത്തിന്റെ മാലിന്യങ്ങൾ സുനാമിപോലെ കയറ്റിവിടുന്നതിൽ നിന്ന് സ്വയം പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്.

കോവിഡിന്റെ കാലം പിന്നിട്ടാലും, അച്ചടിച്ച കടലാസ് ആയിരിക്കില്ല ഇനിയങ്ങോട്ട് മാധ്യമങ്ങളുടെ പ്രതലം എന്നാണ് തോന്നുന്നത്. കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ ഒക്കെ സ്‌ക്രീനിൽ വാർത്തകൾ പ്രത്യക്ഷപ്പെടുന്നതും വായിക്കുന്നതും നമ്മളുടെ ശീലമായി മാറുകയാണ്.

ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക ശക്തികളിലൊന്നായ അമേരിക്കയ്ക്ക് കീഴ്‌വഴങ്ങാതെയും അത് നമ്മെ വിഴുങ്ങാൻ അനുവദിക്കാതെയും നിലനിൽക്കണമെങ്കിൽ  മനഃപൂർവ്വമായ  ശ്രമവും തീരുമാനവും പ്രവാസികളുടെ ഭാഗത്തു നിന്ന് വേണം. അന്യനാട്ടിൽ കുടിയേറുന്നവർക്ക്, അവിടേക്ക് ആഴ്ന്നിറങ്ങി അവിടത്തെ  അടിസ്ഥാന ഘടകങ്ങൾ തങ്ങളിലേക്ക് സ്വാംശീകരിച്ചെങ്കിലേ നിലനിൽപ്പുള്ളൂ. അത് അറിഞ്ഞുകൊണ്ടുതന്നെയാണ്, യാതൊരു ഗുണവുമില്ലെന്ന് വേണമെങ്കിൽ തോന്നാവുന്ന മലയാളിത്തം വേരുകളിൽ നിലനിർത്താൻ പ്രവാസികൾ ശ്രമിക്കുന്നത് എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തലമുറയിൽപ്പെട്ട കുഞ്ഞുങ്ങളോട് മലയാളഭാഷ പഠിക്കണമെന്നോ പുസ്തകങ്ങൾ വായിക്കണമെന്നോ മലയാള സിനിമ കാണണമെന്നോ പറഞ്ഞാൽ, ന്യായമായും 'എന്തിന് ' എന്ന ചോദ്യം അവരുടെ മനസ്സിൽ ഉണ്ടാകും. സത്യത്തിൽ, ഒരാൾ ജീവിക്കുന്ന സമൂഹത്തിൽ ആവശ്യമുള്ള ഭാഷ അറിഞ്ഞിരിക്കുകയേ വേണ്ടൂ. അങ്ങനെ നോക്കുമ്പോൾ, ഒന്നാം തലമുറക്കാരായ പ്രവാസികളുടെ ഗൃഹാതുരത്വത്തിൽപ്പെട്ട ഒന്നായ മാതൃഭാഷ നിലനിർത്തുക എന്നതിന് വേണ്ടി അവർ നടത്തുന്ന യജ്ഞങ്ങളായിരിക്കാം സാഹിത്യപരമായത്  ഉൾപ്പെടെ എല്ലാം.

ആർട്ടിക് വലയത്തിന്റെ അപ്പുറത്തൂടെ ഡ്രൈവ്  ചെയ്ത് ചില മലയാളി  സുഹൃത്തുക്കളുടെ കൂടെ പോകുമ്പോഴും, കാറിൽ നിന്ന് ഒഴുകുന്നത് ഒ.എൻ.വി യുടെയോ വയലാറിന്റെയോ ദേവരാജൻ മാസ്റ്ററുടെയോ ഗാനങ്ങളായിരിക്കും. ഇത് ആ തലമുറയുടെ നൊസ്റ്റാൾജിയയാണ്. അവരുടെ മക്കൾ അത് ആസ്വദിക്കണമെന്നില്ല. ഇപ്പോൾ, ജനനി പോലൊരു പ്രസിദ്ധീകരണം തുടങ്ങിയതും മുന്നോട്ട് കൊണ്ടുപോകുന്നതും കേരളത്തിൽ നിന്ന് പുറപ്പെട്ടുപോയ തലമുറയുടെ ഗൃഹാതുരത്വം കൊണ്ടാണ്. അടുത്ത തലമുറ ഇത് ഏറ്റെടുക്കുമോ എന്നതിനുള്ള ഉത്തരം പറയേണ്ടത് നിങ്ങളാണ്. 

ഓസ്‌ട്രേലിയയിൽ മലയാളത്തോട് പണ്ടില്ലാതിരുന്ന തരത്തിലൊരു സ്നേഹവും ആദരവും ഇപ്പോഴത്തെ തലമുറയുടെ ശ്രമഫലമായി ഉണ്ടാകുന്നു എന്ന് മനസ്സിലാകുന്നത് പ്രതീക്ഷ പകരുന്ന ഒന്നാണ്. ഗൾഫ് നാടുകളിലും  ഭാഷാപ്രവർത്തനങ്ങൾ വളരെ ശക്തമാണ്. അമേരിക്കയിൽ അങ്ങനെ നടക്കുന്നുണ്ടോ എന്നറിഞ്ഞുകൂടാ.

16 വയസ്സുവരെ സ്‌കൂളിലെ മലയാള പുസ്തകത്തിൽ നിന്ന് പഠിച്ച മലയാളം വച്ച് ഞാൻ ഒരു എഴുത്തുകാരനായത് വായനാശീലം കൊണ്ടാണ്. ആ തലമുറയിൽ പെട്ട ആളുകളിലെല്ലാം പാഠ്യേതരമായ കലാ-സാംസ്കാരിക തലങ്ങളിലേക്ക് എത്തിനോക്കാനുള്ള മനസ്സുണ്ടായിരുന്നു. ഒരു പക്ഷേ, കേരളത്തിൽ ഒരു 50 വർഷക്കാലയളവിൽ ഉണ്ടായ സാമ്പത്തിക ഞെരുക്കമാകാം മാതാപിതാക്കൾ അവരുടെ മക്കളെ പ്രൊഫഷണലുകളാക്കാൻ തുനിഞ്ഞിറങ്ങുന്ന സ്ഥിതി സൃഷ്ടിച്ചത്. ഡോക്ടറോ എൻജിനീയറോ ആകുക എന്ന ഒറ്റ ലക്ഷ്യത്തിൽ  മത്സരിക്കാൻ പടക്കുതിരകളാക്കി ഒരു തലമുറയെ മാറ്റിവിട്ടു എന്ന് വേണം പറയാൻ. 

ഭാഷാപരമായും സാംസ്കാരികപരമായും 'മനുഷ്യത്വ വികാസം' വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവരിലേക്ക് എത്തിയിട്ടില്ല. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് നേരെ എഞ്ചിനീയറിംഗ് കോളജിൽ പോയ കുട്ടിക്ക്, ചുറ്റുമുള്ള ലോകവുമായി ഒരു ബന്ധവുമില്ല. പാഠപുസ്തകങ്ങളല്ലാതെ ഒന്നും വായിക്കാൻ സമയവുമില്ല. പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ചിന്തിക്കാതെ പറയാൻ കഴിയാത്ത രീതിയിലാണ് അവന്റെ രാഷ്ട്രീയ ബോധം

പണം സമ്പാദിക്കാൻ സമർത്ഥരായ മക്കളെ വാർത്തെടുക്കാൻ മാതാപിതാക്കൾ പരവേശപ്പെട്ടപ്പോൾ, 'മനുഷ്യപ്പറ്റ് ' എന്ന സ്വഭാവ സവിശേഷത ഇല്ലാതെ പോയെന്നാണ് ഞാൻ വിലയിരുത്തുന്നത്. മാധ്യമങ്ങളുടെ ജാതീയവും രാഷ്ട്രീയ പ്രേരിതവുമായ നിലപാടുകൾ ചില അവസരങ്ങളിൽ ആളുകളെ മതതീവ്രവാദത്തിലേക്ക് പോലും നയിച്ച അവസരങ്ങളുണ്ട്. കേൾക്കുന്നതൊക്കെ അന്ധമായി വിശ്വസിക്കുന്നതിനപ്പുറം യാഥാർഥ്യം മനസ്സിലാക്കാനോ സ്വന്തമായി നിലപാടുകൾ എടുക്കാനോ പുതിയ തലമുറയ്ക്ക് വിവേകം ഇല്ലാതാകുന്നുണ്ട്. നവോത്ഥാന കാലത്തെ വാഗ്‌ദാനങ്ങൾ കേട്ട് പ്രതീക്ഷയോടെ കയറി വന്ന മലയാളികൾ, വീണ്ടും ജാതീയതയുടെ ജീർണിച്ച അവസ്ഥയിലേക്ക് തരംതാഴ്ന്നുപോകുന്നത് കാണുമ്പോൾ തോന്നുന്ന ദുഃഖംകൊണ്ടാണ് ഇതൊക്കെ പറഞ്ഞുപോകുന്നത്.

ജനനി പോലുള്ള മാസികകൾ, അടുത്ത തലമുറയിൽകൂടി നമ്മുടെ സംസ്കാരം നിലനിർത്താൻ ആകട്ടെ എന്ന് ആശംസിക്കുന്നു.' ഉദ്ഘാടനകർമ്മം നിർവഹിച്ചുകൊണ്ട് സക്കറിയ പറഞ്ഞു.

മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ  മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ  മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ  മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ  മനുഷ്യപ്പറ്റില്ലാത്ത തലമുറയെ കേരളത്തിൽ സൃഷ്ടിക്കുന്നു: സക്കറിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക