Image

ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -1 (ബോട്സ്വാനയിലെ ദിവസങ്ങൾ-ജിഷ.യു.സി)

Published on 21 March, 2021
ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -1 (ബോട്സ്വാനയിലെ ദിവസങ്ങൾ-ജിഷ.യു.സി)
വർഷങ്ങളായി കാത്തിരുന്ന ആ യാത്രയുടെ തലേന്നാൾ ഉറക്കമേ വന്നില്ല .ഇരുണ്ട ഭൂഖണ്ഡമെന്ന ആഫ്രിക്ക ആദ്യം സാമൂഹ്യപാഠപുസ്തകത്തിലൂടെയും പിന്നീട് അനിയത്തിയുടേയും കുടുംബത്തിൻ്റെയും  വിവരണങ്ങളിലൂടെയും   മോഹിപ്പിച്ചു കൊണ്ടിരുന്നതായിരുന്നു

"എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് ദാസാ"
സിനിമയിലെ ഡയലോഗ് കടമെടുത്ത് മനസ്സിൽ പറഞ്ഞു

 ബോട്സ്വാന എന്ന കൊച്ചു രാജ്യത്തിലെ ഗാബറോൺ എന്ന സ്ഥലത്തേക്കാണ് ഞങ്ങൾക്കു പോകേണ്ടത് .അനിയത്തിദിവ്യയും കുടുംബവും  വർഷങ്ങളായി അവിടെയാണു താമസം .

എല്ലാ വർഷവും വന്നു മടങ്ങുമ്പോൾ ഞങ്ങൾ അടുത്ത വർഷം വരാം എന്നു പറഞ്ഞിരുന്ന  ആ യാത്ര അങ്ങനെ ആരംഭിച്ചു.

നെടുമ്പാശ്ശേരിയിൽനിന്ന്മുംബൈ , മുംബൈയിൽനിന്ന് അഡിസബാബ,  അഡിസബാബയിൽനിന്ന്  ഗാബറോൺ.

പഞ്ഞിക്കെട്ടുപോലുള്ള മേഘപാളികൾക്കിടയിലൂടെയുള്ള യാത്ര ഒന്നു രണ്ടു മണിക്കൂറിൽ കൂടുതൽ ആസ്വദിക്കാൻ വലിയ സുഖംതോന്നിയില്ല .കൊച്ചിയിൽനിന്ന് മുംബൈ.  മുംബൈയിൽനിന്ന് ഏതാണ്ട്ആറ്മണിക്കൂര്‍ വേണം അഡിസബാബയിലേക്ക് .അഡിസബാബയിൽനിന്ന് നാലു മണിക്കൂർ യാത്ര . ചുരുക്കിപ്പറഞ്ഞാൽ ഒരു രാത്രിയും ഒരു പകലും ഞങ്ങൾ ഭൂമിക്കു മുകളിലായിരുന്നു .

കടലിനു മുകളിലൂടെ ഭൂഖണ്ഡങ്ങൾ പിന്നിട്ട് ആഫ്രിക്കൻഭൂഖണ്ഡത്തിൽ...

വിശ്വാസം വരാൻ നുള്ളി നോക്കി. യാത്രക്കാരും ഭാഷയും വേഷവും മാറിമാറി വന്നു.
അവസാനം അഡിസ ബാബയിൽനിന്ന് ഗാബറോൺ  (അവർ ഹബറോണി എന്നാണ് ഉച്ചരിക്കുന്നത് .) എത്താറായി . അപ്പോഴാണ് വിമാനത്തിൽ ഒരു അറിയിപ്പ് . അടുത്ത എയർപോർട്ട് വിക്ടോറിയ ഫാൾസ് .
ലോകാത്ഭുതങ്ങളിലൊന്നായ  വിക്ടോറിയ വെള്ളച്ചാട്ടം . ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം!
സിംബാബ്‌വെയുടെ  മണ്ണിൽ ഊന്നിയ വിമാനത്തിലിരുന്ന് ഞങ്ങൾ ആ കാഴ്ച കണ്ടു.

സാംബസി നദിയുടെ മടിത്തട്ടിലെ സുന്ദരി . വിക്ടോറിയ .
ദൂരക്കാഴ്ച ഇത്ര മോഹിപ്പിക്കുന്നെങ്കിൽ അടുത്തു കണ്ടാലോ ?
അതാ ദൂരെ ആകാശത്തെ ചുംബിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്നു .

അവിടെ ഇറങ്ങി ആ സൗന്ദര്യംഅടുത്തു കാണാൻ കൊതി തോന്നി .
പക്ഷേ എങ്ങനെ ?

വീണ്ടും വിമാനം പറന്നു. താഴെ മൊട്ടത്തലകൾ പോലെ അവിടവിടെയായി കാടുകൾ  ഇരുണ്ട പച്ചനിറത്തിൽ കാണാൻ തുടങ്ങി . ഇവിടുത്തെ മനുഷ്യരുടെ തലമുടിയെ ഓർമ്മിപ്പിക്കുന്ന കുറിയ മരങ്ങൾ നിറഞ്ഞ കാടുകൾ. കുന്നും മലയും വിരളം .പരന്ന ഉപരിതലങ്ങൾ. പാറക്കെട്ടുകൾ. ഇടക്കിടെ കാണുന്ന ജല സ്രോതസ്സുകൾ. കാഴ്ചകൾ തെളിഞ്ഞുവന്നു.
അവസാനം ഞങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കാലുകുത്തി.

എയർപോർട്ടിലെ ആതിഥേയർ വിനയാന്വിതരായി.
Good  morning  madam
How are you ?
എന്ന് ഒറ്റ ശ്വാസത്തിൽ ഉരുവിട്ടുകൊണ്ട് ഞങ്ങളെ നിറഞ്ഞ ചിരിയോടെ  സ്വാഗതംചെയ്തു .

ആഫ്രിക്കയിൽ ഇത്ര സുന്ദരിമാരോ? കൊള്ളാമല്ലോ .
നീണ്ട വലിയ നീലക്കണ്ണുകൾ , വില്ലുപോലെ വളഞ്ഞ പുരികക്കൊടികൾ , ചായം തേച്ച ചുണ്ടുകൾ , തലയിൽ പ്രത്യേക രീതിയിൽ കെട്ടിയ തലമുടി, നിറഞ്ഞപുഞ്ചിരി ...
കറുത്ത വർഗ്ഗക്കാർ (കറുമ്പൻമാർ)എന്ന് ഇവരെ പറഞ്ഞാലും ഈ പെൺകിടാങ്ങൾ
 എണ്ണക്കറുപ്പിലെ
ഏഴഴകികൾ തന്നെ.
മനസ്സിൽ വിരിഞ്ഞ രണ്ടു വരി കവിതയിലൂടെ ഞാൻ അവരെ നോക്കി ചിരിച്ചുകൊണ്ട്  തിരിച്ച് അഭിവാദ്യം ചെയ്തു.
എയർപോർട്ടിൽ ഒരു വശത്ത് ബോട്സ്വാന ഫ്ലാഗ് കാറ്റിൽആടിയുലഞ്ഞു . ഉള്ളിൽ ആഫ്രിക്കൻ ആനക്കൊമ്പുകൾകൊണ്ട് തീർത്ത ഒരാന..
വിസ്മയങ്ങൾക്കായി കണ്ണും കാതും കൂര്‍പ്പിച്ചുകൊണ്ട്  ഞങ്ങള്‍  അങ്ങനെ ആഫ്രിക്കൻ മണ്ണിലെത്തി ...
ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -1 (ബോട്സ്വാനയിലെ ദിവസങ്ങൾ-ജിഷ.യു.സി)ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -1 (ബോട്സ്വാനയിലെ ദിവസങ്ങൾ-ജിഷ.യു.സി)ഇരുണ്ട ഭൂഖണ്ഡത്തിലേക്കൊരു യാത്ര -1 (ബോട്സ്വാനയിലെ ദിവസങ്ങൾ-ജിഷ.യു.സി)
Join WhatsApp News
നന്ദിനി 2021-03-22 03:39:20
നമ്മുടെ മണ്ണിൽ നിന്നും പുറപ്പെട്ടു ആഫ്രിക്കൻ മണ്ണിലേക്കെത്തിയവരെ വായനയോടൊപ്പം ഞാനും സഞ്ചരിച്ചു ശേഷമുള്ള കഥ കേൾക്കാൻ തിരക്കായി പെട്ടെന്ന് എഴുതു.
Savitha 2021-03-24 14:05:30
👏👏👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക