Image

കവിതയില്‍ നിന്ന് കൈതൊട്ടുണര്‍ത്തിടാം (രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)

Published on 23 March, 2021
കവിതയില്‍ നിന്ന് കൈതൊട്ടുണര്‍ത്തിടാം (രമ പ്രസന്ന പിഷാരടി, ബംഗളൂരൂ)

കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം

യുഗയുഗങ്ങളെ സൂര്യനെ, ഭൂമിയെ

കുളിരു തൂവും നിലാവിൻ്റെ ചില്ലയെ

ഇരുളിലാഴും തമോഗർത്തപാളിയെ

ഇടയിലോടും പ്രകാശവർഷങ്ങളെ

ഗ്രഹപഥങ്ങളെ വിസ്ഫോടനങ്ങളെ

പുനർജനിയുടെ ദൈവകണങ്ങളെ

തിരികൾ വയ്ക്കുന്ന നക്ഷത്രകന്യയെ!

പ്രകൃതിയെ, പ്രപഞ്ചത്തിൻ്റെ  വ്യാപ്തിയെ,

ജനനരൂഢമൂലങ്ങളെ പ്രാണൻ്റെ  

മൊഴികളെ, ആത്മസങ്കീർത്തനങ്ങളെ

 

കവിതയില്‍ നിന്ന് മെല്ലെയുണര്‍ത്തിടാം

ഗഗനനീലിമ ഗന്ധര്‍വ്വയാമങ്ങള്‍

മിഴിയിലിന്ദ്രനീലം ചേര്‍ത്തൊഴുകുന്ന

കടല്‍, സമുദ്രങ്ങള്‍ചക്രവാളത്തിന്റെ

നിറുകയില്‍ പൂത്തുണരും പുലരികള്‍.

ഭ്രമണ പാതകള്‍ സാന്ധ്യവാനത്തിന്റെ

കവിളിലെ ചോന്നസിന്ദൂരരേഖകള്‍

നവ വസന്തം, കൊടുംവേനലറുതികള്‍

മഴകളെക്കടന്നെത്തുംശരത്ക്കാലം

ഇലപൊഴിയുന്നകാലത്തിനപ്പുറം

തണുതണുപ്പിന്റെ ശൈത്യശൈലാചലം

കുളിരുമാതിരക്കാലം ധനുര്‍മാസ-

വഴിയിലെ  വീണ പൂവിന്റെ മന്ത്രണം.

 ശ്രുതികള്‍ ചേര്‍ക്കുന്ന മാര്‍ഗഴി സന്ധ്യകള്‍

സ്വരമുണര്‍ത്തുന്ന സംഗിതരാവുകള്‍

 

കവിതയില്‍ നിന്ന് വായിച്ചെടുത്തിടാം

യവന സംസ്കൃതി ഇതിഹാസകാവ്യങ്ങള്‍

മധരമാം ഗീതകങ്ങള്‍  നിലാവിന്റെ പുഴകള്‍

സിംഫണി വയലിന്‍ കിനാവിന്റെ  മിഴി-

കളുള്ള ഗീതാഞ്ജലിദിവ്യമാം പ്രണയ

കല്പന, പ്രാര്‍ഥന ലോകത്തിനിരുളു

മായ്ക്കും വെളിച്ചംവിളംബരം.

 

കവിതയിലൂടെ കണ്ടങ്ങിരുന്നിടാം

അതിരുകള്‍ യുദ്ധസംഘര്‍ഷഭൂമികള്‍

നെടിയ മുള്‍വേലി  ഗന്ധകത്തോപ്പുകള്‍

ചിറകില്‍ സ്വപ്നം മരിച്ച  വിണ്‍പക്ഷികള്‍

ചിറകൊതുക്കി പറക്കുന്ന മിഗ്ഗുകള്‍

ഗിരികളെ തൊട്ടുരുമ്മുന്ന  തേജസ്സ്!

ഉലയിലഗ്‌നി നീറ്റുന്നോരു യാത്രകള്‍

അതിരില്‍ സംഘര്‍ഷയുദ്ധകാലത്തിലെ

മുറിവിലെന്നുംമരിക്കുന്ന സൈനികര്‍

ഇരുളിനെ കീറിയെന്നുംപറക്കുന്ന നെടിയ

ലോഹപ്പറവകള്‍ ആകാശഗതി കടന്നു

ബഹിര്‍ ഗ്രഹ ലോകത്തിലറിവ്  നേടി

നടക്കുന്ന യാത്രികര്‍

 

കവിതയില്‍ നിന്ന് കൈതൊട്ടെടുത്തിടാം

മനന മണ്ഡപം മൗനസഞ്ചാരങ്ങള്‍

അലകടല്‍ പോലെ ശബ്ദപ്രവേഗങ്ങള്‍

സിരകളെ ഭ്രമിപ്പിക്കുന്നവാദ്യങ്ങള്‍

മധുര സപ്തസ്വരങ്ങള്‍താളത്തിന്റെ

 ലയവുമാ തനിയാവര്‍ത്തനങ്ങളും

മിഴിയടച്ചുതുറക്കും പുരാണത്തി-

നിതളിലെശ്വാസനിശ്വാസവേഗങ്ങള്‍

ഒഴുകുമാലിലത്തളിരിലമുന്നിലായ്

കുറുകിനീങ്ങുന്ന വെളളരിപ്രാവുകള്‍

പ്രണയമോതുന്ന മൈനകള്‍, ചുറ്റിലും

മധുരഗാനം പൊഴിക്കും കുയിലുകള്‍

വെറുതെ പാടിത്തിമിര്‍ക്കും ചകോരങ്ങള്‍,

കരയിലക്കിളി,തുമ്പികള്‍, തുമ്പകള്‍

വെളുവെളുപ്പിന്റെവൈശാഖ കമ്പളം

വഴിയിലെ  മാന്തളിര്‍പ്പൂസുഗന്ധങ്ങള്‍.

തൊടിയിലേറുന്നഅണ്ണാറക്കണ്ണന്മാര്‍

കരകളില്‍ നിന്ന് വന്‍ കര തേടുന്ന

പുതിയ ദേശാടനക്കിളിക്കൂട്ടങ്ങള്‍

ഫണമുയര്‍ത്തുന്ന സര്‍പ്പദോഷക്കളം

മകുടിയൂതുന്ന കാലസഞ്ചാരങ്ങള്‍

 

കവിതയില്‍ നിന്ന് കൈതൊട്ടെടുത്തിടാം

മഴമുകിലിനെ  ഇന്ദ്രഗര്‍വ്വങ്ങളെ

പൊഴിയുമായിരം ചെമ്പകപ്പൂക്കളെ

മഴനിലാവിന്റെ മൗനസംഗീതത്തെ

പ്രണയഗന്ധര്‍വ്വസ്വപ്നയാമങ്ങളെ

ഇതള്‍ വിരിക്കുന്ന നീലോല്പലങ്ങളെ

ജപതപസ്സിന്റെ കല്പയാമങ്ങളെ

കിളികള്‍ പാടുന്നപുലര്‍കാലസന്ധ്യയെ

ചിരികളാകുന്ന പൂവിന്‍ ദലങ്ങളെ

നിറമൊരായിരം പാകിക്കിളിര്‍പ്പിച്ച

പ്രകൃതിതന്‍ ജന്മവര്‍ണ്ണഖനികളെ

അതിരുകള്‍ ഭൂപടം നീര്‍ത്തിയുണരുന്ന

പലപലേ ദേശ ഭൂഖണ്ഡമണ്ഡലം

കടലിടുക്കുകള്‍ മഞ്ഞു മലകളും

ഹരിതകാനനംപര്‍വ്വതസാനുക്കള്‍

മഴയിലാകെ നനഞ്ഞുകുതിര്‍ന്നുകൊണ്ടു-

യിരുണര്‍ത്തുന്നതാഴ്വാരഭൂമികള്‍

 

കവിതയില്‍ നിന്ന് കൈതൊട്ടുണര്‍ത്തിടാം

നദികളെ , കോടിതീര്‍ഥക്കടലിനെ

ജപമുഖങ്ങളെധ്യാനസ്ഥലങ്ങളെ!

അഴിമുഖങ്ങളെ ആകാശമൊക്കെയും

ജടപടര്‍ത്തുന്ന വന്യമേഘങ്ങളെ.

ഗയകളെ, ഹിമവാന്റെ ശിരസ്സിലെ

ഹിമകണങ്ങളെ മാനഗ്രാമത്തിനെ.

അലയടിക്കും സമുദ്ര തീരങ്ങളെ

അഴിമുഖങ്ങളെചക്രവാളങ്ങളെ.

മണല്‍ മരുഭൂമി, ആദിമഗോത്രങ്ങള്‍

ഇരുള്‍ വനങ്ങള്‍ വനാന്തരഭൂമികള്‍

തളിരു നുള്ളുന്ന തേയിലക്കാടുകള്‍

ഉറവകള്‍, ഉള്‍വനത്തിന്റെ

ഗൂഢമാം വഴിയറിയും അരുവി, നദീമുഖം

ജലതരംഗശ്രുതി കേട്ട് നില്‍ക്കുന്ന

മലനിരകള്‍ ഘനശ്യാമമേഘങ്ങള്‍

 

കവിതയില്‍ നിന്ന്‌മെല്ലെയുണര്‍ത്തിടാം

മിഴികളൊപ്പുന്ന കര്‍ഷകനോവുകള്‍

നെടിയ ദാരിദ്രമുപ്പുനീര്‍ക്കടലിന്റെ

കഥ. ഋണം, ആത്മത്യാഗം നിരാശകള്‍

മരണഗന്ധം തളിച്ചു കിളിര്‍പ്പിച്ച

പുതിയ മണ്ണിന്‍ വിനാശസത്യങ്ങളെ.

കവിതയില്‍ നിന്ന് കണ്ടങ്ങിരുന്നിടാം

ചിറകു നീര്‍ത്തും കഴുകന്റെ കണ്ണുകള്‍

പതിയെ നീങ്ങുന്ന ജീവന്‍, ഒടുവിലെ

നിലവിളി, നീണ്ട മൗനം, നിശ്ശൂന്യത

മൃതി നിവേദിച്ച  ചിത്രം, പലായന-

വഴികള്‍ നീറുന്ന നിത്യമുറിവുകള്‍.

 

കവിതയില്‍ നിന്ന് മെല്ലെയുണര്‍ത്തിടാം

കൊടിമരങ്ങളെ ഉല്‍സവസന്ധ്യയെ

കനലുതൂവുന്ന തീവെട്ടി, കത്തുന്ന

മിഴികളുള്ള തെയ്യങ്ങള്‍ത്രിസന്ധ്യകള്‍

മിഴിതുറന്ന് ജപിക്കുന്ന താരകള്‍

ജപപദത്തിന്‍ പ്രദക്ഷിണപാതകള്‍

കലകളെല്ലാം മിഴാവ് കൊട്ടുന്നൊരു

നെടിയ മണ്ഡപം കല്‍ശിലാരൂപങ്ങള്‍

കവിതയില്‍ നിന്ന് മെല്ലെയുണര്‍ത്തിടാം

ബലി പെരുനാള്‍ കുരിശിന്റെ നൊമ്പരം

സ്മൃതിയുണര്‍ത്തും പുരാതനദര്‍ഗകള്‍

വ്രതജപകാല ദാനങ്ങള്‍ ഭൂമിതന്നതിരു-

തേടുന്ന ആത്മീയയാത്രകള്‍

 

കവിതയിൽ നിന്നു മെല്ലെ കടഞ്ഞിടാം

പഴയതായ യുഗങ്ങൾ പുരാണങ്ങൾ

ശിലകൾ, ദൈവരൂപങ്ങൾ അരൂപികൾ,

യവനഗാനങ്ങൾ ഏജിയൻ കടലിൻ്റെ

തിരകൾ, ഭൂചലനങ്ങൾ നദീതീരവഴികൾ

സംസ്കൃതി കാലപ്രയാണങ്ങൾ

കവിതയിൽ നിന്ന് കൈതൊട്ടെടുത്തിടാം

പഴയ സ്വാതന്ത്ര്യ പത്മസുമുദ്രകൾ

നെടിയ നൂറ്റാണ്ടിൻ സങ്കടപ്പുഴകളെ

പഴയ ചർക്കയിൽ നിന്നുമുണരുന്ന

പുതിയ നേരിൻ സ്വദേശീയമുദ്രകൾ

നെടിയ ലോകയുദ്ധങ്ങൾ, വാനത്തിലെ

  വലിയലോഹപ്പുതപ്പിട്ട പക്ഷികൾ 

 

കവിതയില്‍ കണ്ണു  നീരായുണര്‍ത്തിടാം

അടിമകളെയളന്ന ദേശങ്ങളെ

അലകടല്‍ത്തിര യ്ക്കപ്പുറം രാവിന്റെ

ഇരുള്‍ മറയിലായ് വിറ്റ ജന്മങ്ങളെ

മരണനോവിന്റെ തീക്കനല്‍ പകലിനെ

രുധിരമിറ്റുന്ന ഹോമകാലങ്ങളെ

 

കവിതയില്‍ നിന്ന്  മെല്ലെയുണര്‍ത്തിടാം

ജനനഗര്‍ഭ  ഗൃഹത്തിന്റെ വിസ്മയം

മിഴിതുറക്കുന്ന പ്രാണന്റെ സ്പന്ദനം

പിറവി തന്‍ മാന്ത്രിക സ്പര്‍ശമത്ഭുതം

ചിരികളാകുന്ന ബാല്യത്തിനോര്‍മ്മകള്‍

മധുരകൗമാര സ്വപ്നയാത്രാവഴി

പ്രണയ യൗവ്വനം ചുംബിച്ചുണര്‍ത്തുന്ന

കവിളിലെ പനിനീര്‍പ്പൂവിനിതളുകള്‍

ഇരുള്‍ കുടിച്ച നിലാപ്പുഴയ്ക്കപ്പുറം

വിരഹമാകുന്ന  സൂര്യാഗ്‌നി ജ്വാലകള്‍

അധികനോവിന്റെതീക്ഷ്ണ മദ്ധ്യാഹ്നങ്ങള്‍

വഴിപിരിയുന്ന  സായാഹ്നസന്ധ്യകള്‍

ഇരുളിലാടിക്കളിക്കും വിളക്കിന്റെ

തിരികള്‍ പോലുള്ള അസ്തമയങ്ങളും.

 

കവിതയില്‍ നിന്ന് കൈയാലെടുത്തിടാം

ചെറിയ പുല്‍ക്കൊടിപ്രാണികള്‍, ഉത്പത്തി-

കഥകള്‍, തന്മാത്ര, പൂവിന്‍ പരാഗങ്ങള്‍

നിമിഷബന്ധ സമയം ചെറു ത്രുടി

കിളി പൊഴിശക്കുന്ന തൂവലാകാശത്ത്

സ്വയമുയരുന്ന അപ്പൂപ്പന്‍ താടികള്‍

വിജനമേകം സമാധിയില്‍ നിന്ന്

പൂപ്പിറവിപോലുള്ള ചിത്രശലഭങ്ങള്‍

മനനമൗനം, അദൃശ്യമാം ദൃശ്യതയ്ക്കു-

ണരുവാന്‍ ശ്വാസ നിശ്വാസമര്‍മ്മരം

 

കവിതയില്‍ നിന്ന് കൈതൊട്ടെടുത്തിടാം

ജനന സത്യത്തെ ഗര്‍ഭഗൃഹങ്ങളെ

അധികനോവിനെആധിയെ, സങ്കട-

ച്ചിമിഴിനെ മാതൃഹൃദയമുറിവിനെ

വഴിപിരിയുന്ന പാതയെ, വാര്‍ദ്ധക്യ-

മുറികളില്‍ തട്ടി വീഴും മനസ്സിനെ!

 

കവിതയില്‍ നിന്ന്  കൈതൊട്ടെടുത്തിടാം

നിറമിഴികളെ ചിരികളെ, മൗനത്തെ

കവിതയില്‍ അടയാളങ്ങളാക്കിടാം

വ്രണിത ജീവന്റെ നീള്‍മുറിപ്പാടിനെ

മിഴിയിലെ കണ്ണുനീരിന്‍ കടലിനെ

ചിരികളെ, ചിത്രവര്‍ണ്ണശലഭത്തെ

കവിതയില്‍ ചേര്‍ത്തു വച്ചിടാം ഭൂമിയെ

ഗ്രഹഗ്രഹാന്തര യാത്രയെ, സൂര്യനെ

യുഗയുഗങ്ങളെ നൂറ്റാണ്ടുറങ്ങുന്ന

ശിലലിഖിതങ്ങള്‍ ഭാഷകള്‍,സംസ്കൃതി

കവിതയില്‍ മുദ്രതീര്‍ത്തു  സൂക്ഷിച്ചിടാം

അണുകണങ്ങളെ ദിവ്യലോകങ്ങളെ

എഴുതിയാലും മതിവരാതെന്നുമേ

മിഴിയിലത്ഭുതം പാകുന്ന ലോകത്തെ

എഴുതി നിര്‍ത്തിയ വരികളെ, മന്ത്ര-

മാര്‍ന്നരികിലെത്തുന്ന കാറ്റിന്‍ സ്വരങ്ങളെ

വരികളില്‍ വന്നു വീര്‍പ്പുമുട്ടുന്നൊരു

മതിവരാത്ത പ്രപഞ്ച സത്യങ്ങളെ!

 

കവിതയില്‍ കണ്ട് കണ്ടങ്ങിരുന്നിടാം

സഫലമായോരു യാത്രതന്നോര്‍മ്മകള്‍

കവിതയിലുണ്ട് പുതുവഴി, വിസ്മയ

ച്ചിറകുകള്‍, വാക്ക് തേടുന്ന  പ്രാവുകള്‍

പുതു കുതിപ്പിന്റെ മാന്‍ പേടക്കുട്ടങ്ങള്‍,

ക്ഷണികതയുടെ   കരിയിലപ്പൊട്ടുകള്‍.

 

കവിതയില്‍ നിന്ന്  കൈതൊട്ടുയര്‍ത്തിടാം

ഇടറി വീഴുന്ന ഭൂമിയെ  തിരയേറി വരു-

മൊരാഴക്കടലിനെ, ബ്രഹ്മാണ്ഡമുറി-

വുമായി  വരുന്ന പ്രളയത്തെ,

തണുതണുപ്പിന്റെ ശൂന്യകാലങ്ങളെ

ഹിമയുഗത്തിന്റെ ധ്യാനരൂപങ്ങളെ,

ശിലകളില്‍ നിന്ന് വീണ്ടും തുടങ്ങുന്ന

പുതുയുഗത്തിന്റെ അര്‍ദ്ധവൃത്തങ്ങളെ

ജനി മൃതി, ചിത, യാത്രാമൊഴി നീണ്ട

പകലിരവ്  പ്രപഞ്ചസഞ്ചാരങ്ങള്‍

യുഗയുഗാന്തര സ്മൃതികള്‍ ആത്മാവിന്റെ

അതിനിഗൂഢസഞ്ചാരം  അനന്തത.......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക